റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് അതിരടി. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ തന്നെ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ സിനിമയിലെ ഒരു സർപ്രൈസ് കാമിയോയും വലിയ ചർച്ചയായി മാറിയിരുന്നു.
ചിത്രത്തിന്റെ രണ്ടാം പകുതിയിൽ മഞ്ഞ നിറത്തിലുള്ള ബി.എം.ഡബ്ല്യു കാറിലെത്തി എത്തുന്ന കഥാപാത്രം പ്രേക്ഷകരിൽ വലിയ കൗതുകം സൃഷ്ടിച്ചിരുന്നു. ആരാണ് ആ കഥാപാത്രമെന്ന് കുറച്ച് ദിവസങ്ങളോളം അണിയറപ്രവർത്തകർ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ ആ സസ്പെൻസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സോഷ്യൽ മീഡിയ റീലുകളിലൂടെയും വാഴ 2 എന്ന ചിത്രത്തിലൂടെയും ശ്രദ്ധ നേടിയ ഹാഷിർ ആയിരുന്നു ചിത്രത്തിലെ ആ അതിഥി വേഷത്തിലെത്തിയത്.
ഇപ്പോഴിതാ ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ കാമിയോനെ കുറിച്ച് സംസാരിക്കുകയാണ് അരുൺ. ചിത്രത്തിൽ എത്തുന്ന എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ടെന്നും, ആ കാമിയോയുടെ സൂചനകൾ ആദ്യ പകുതിയിൽ തന്നെ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘സെക്കൻഡ് ഹാഫിൽ വരുന്ന ആ കാമിയോയെക്കുറിച്ചുള്ള കാര്യങ്ങൾ നമ്മൾ ഫസ്റ്റ് ഹാഫിൽ തന്നെ കൊടുക്കുന്നുണ്ട്. ആ യെല്ലോ ബി.എം.ഡബ്ല്യു തുടക്കം മുതലേ കോളേജിൽ കാണിക്കുന്നുണ്ട്. അതിനകത്ത് ആരാണ് ഉള്ളതെന്ന് മാത്രം അറിയില്ല,’ എന്നാണ് സംവിധായകൻ പറഞ്ഞത്.
കാമിയോ രഹസ്യമായി സൂക്ഷിക്കാൻ അണിയറപ്രവർത്തകർ എടുത്ത ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. ‘ആ രംഗങ്ങൾ എല്ലാം രാത്രിയിലാണ് ഷൂട്ട് ചെയ്തത്.
സിനിമയിൽ കാണുന്നതുപോലെ തന്നെ പുള്ളിക്കാരൻ അതിഗംഭീരമായി ചെയ്തു. വന്ന് കയ്യിന്നങ്ങ് ഇട്ട് ആ സീനിനെ വേറെ റേഞ്ചിൽ എത്തിച്ചു. അതിൽ വണ്ടി പോകുന്ന ശബ്ദം പോലും പുള്ളി തന്നെ കയ്യിന്നിട്ടതാണ്,’ എന്നും അരുൺ അനിരുദ്ധൻ പറഞ്ഞു.
ചിത്രത്തിലെ ഈ സർപ്രൈസ് എൻട്രിയും ഹാഷിറിന്റെ പ്രകടനവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.
സിനിമ കണ്ട പ്രേക്ഷകർ ഈ രംഗത്തിന് പ്രത്യേക കയ്യടി നൽകുകയും നിരവധി റീലുകളും ട്രോളുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. മികച്ച ആക്ഷനും തമാശയും സസ്പെൻസും ചേർന്ന ചിത്രമായി ‘അതിരടി’ ഇപ്പോഴും വിജയകരമായി മുന്നേറുകയാണ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.