വാഴ 2ഉം നിതിൻ രാജിന്റെ ആത്മഹത്യയും നമ്മളോട് പറയുന്നതെന്ത്?
DISCOURSE
വാഴ 2ഉം നിതിൻ രാജിന്റെ ആത്മഹത്യയും നമ്മളോട് പറയുന്നതെന്ത്?
അരുൺ എയ്ഞ്ചല
Thursday, 16th April 2026, 9:32 pm
ഇന്നും നമ്മുടെ ക്ലാസ്സ് മുറികൾ ജനാധിപത്യത്തിന് വാതിൽ തുറന്ന് കൊടുത്തിട്ടുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. അധികാരം നഗ്‌നമായ രീതിയിൽ പ്രവർത്തിക്കുന്ന ഇടങ്ങളാണ് ഇന്നും അവ. ഒരുതരം ഗോത്രനീതി പുലരുന്ന ഇടം എന്ന് പറയുമ്പോൾ നെറ്റി ചുളിക്കേണ്ട | അരുണ്‍ ഏയ്ഞ്ചല എഴുതുന്നു

നിങ്ങൾക്ക്  ചെറുപ്പത്തിൽ, വളരെയാഴത്തിൽ മുറിവേറ്റിട്ടുണ്ടോ? മനസ്സ് കൊണ്ടോ, ശരീരം കൊണ്ടോ, ഒരിക്കലെങ്കിലും?  ഒരിക്കൽ മുറിവേറ്റവർക്ക് ഞാനീ പറയുന്ന കാര്യം പെട്ടന്ന് മനസ്സിലാകും.

പണ്ട് പണ്ട്, എന്ന് വച്ചാൽ ഏതാണ്ട് മൂന്ന് പതിറ്റാണ്ടിനും മുൻപ് , കണക്കൊട്ടും അറിയാൻ വയ്യാത്ത ഒരു കുഞ്ഞുണ്ടായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കണക്കിന്റെ ക്ലാസ് ടെസ്റ്റിൽ തോറ്റതിന്റെ പേരിൽ എഴുന്നേൽപ്പിച്ച് നിറുത്തി അത്രയും കുട്ടികളുടെ മുന്നിൽ വച്ച് “നിൻ്റെ അപ്പനേം അമ്മേനേം പറയിപ്പിക്കാൻ വേണ്ടിയാണോ നീയിങ്ങോട്ട് വരുന്നത് ” എന്നലറിയ  ടീച്ചറിൻ്റെ ശബ്ദമോർത്ത് അവനിപ്പോളും ഇടയ്‌ക്ക് ഞെട്ടിയുണരാറുണ്ട്.

Photo ChatGPT

കണക്കറിയാത്തതിൻ്റെ പേരിൽ ആ കുഞ്ഞ് നേരിട്ട അപമാനങ്ങൾക്ക് പക്ഷെ കണക്കുണ്ടായിരുന്നില്ല. ഇന്നും ഉറക്കത്തിലാ കാഴ്ച്ചകൾ കണ്ണിന് മുന്നിൽ എത്താറുണ്ട്. എഴുന്നേറ്റ് ചുറ്റും നോക്കുമ്പോൾ ഇപ്പോളാ കുഞ്ഞ് കുട്ടിയല്ലല്ലോ താൻ എന്നോർത്ത് അവൻ സമാധാനിക്കും.

അന്നൊക്കെ ചൂരലിന് നല്ല തല്ല് കിട്ടുമ്പോൾ, കണ്ണു നിറഞ്ഞ് ഇപ്പോൾ പുറത്ത് ചാടുമെന്ന് കരുതുന്ന വെള്ളത്തുള്ളികളെ അവൻ പിടിച്ചു നിർത്തുമായിരുന്നു. അപ്പോളൊക്കെയാ കുഞ്ഞ് അഭയത്തിനായി ചുറ്റും നോക്കും, കുട്ടികളുടെ പേടിച്ചരണ്ട കണ്ണുകൾ തന്നെയായിരുന്നു ചുറ്റും.

Photo ChatGPT

ടീച്ചർ  പുറത്തിറങ്ങിപ്പോകാൻ ആജ്ഞാപിക്കും. അവരുടെ കണ്ണിൽ ശിക്ഷ ആയിരുന്നുവെങ്കിലും അവനതൊരു രക്ഷപ്പെടലായിരുന്നു. പരോൾ കിട്ടിയ ജയിൽപ്പുള്ളിയെപ്പോലെയായിരുന്നു അപ്പോളവൻ്റെ മനസ്സ്.  ഇപ്പോൾ ഓർത്ത് നോക്കുമ്പോൾ, അക്ഷരങ്ങൾ ഡാൻസ് കളിക്കുന്നു എന്ന് മറുപടി പറഞ്ഞ താരെ സമീൻ പർ സിനിമയിലെ ഇഷാനെ ഓർമ്മ വരുന്നു. 

താരെ സമീൻ പർ എന്ന ചിത്രത്തില്‍ നിന്നും

കഴിഞ്ഞ ദിവസം വാഴ 2 കണ്ടിരുന്നപ്പോളാണ് ഈ  ഓർമകൾ ഒന്നൊന്നായി മനസ്സിലേക്ക് കയറി വന്നത്. ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് എന്ന ടാഗ്‌ ലൈനോട് നൂറ് ശതമാനം നീതി പുലർത്തുന്ന രീതിയിലാണ് വിപിൻ ദാസ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വിമർശനത്തിനതീതരായ ‘വിശുദ്ധ പശുക്കൾ’ എന്ന് യാഥാസ്ഥിതിക സമൂഹം കരുതുന്ന അദ്ധ്യാപകർ സ്വയം കയറി ഇരിക്കുന്ന വ്യാജ രൂപക്കൂടിനെ നിലത്തെറിഞ്ഞുടച്ചിട്ടുണ്ട് തിരക്കഥാകൃത്ത്.

വാഴ 2 പോസ്റ്റർ. Photo: IMDb

ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരുകൾ ശ്രമിച്ചിട്ടും ഒട്ടും മാറാതെ നിൽക്കുന്ന ചില സ്‌കൂളുകളും, തല്ലിയാലേ നന്നാകൂ എന്ന് ചിന്തിക്കുന്ന ചില അധ്യാപകരേയും കാണിച്ചു തരുന്നുണ്ട് വാഴ 2. കൗമാരത്തിനും യൗവനത്തിനും ഇടയിലെവിടെയോ നിൽക്കുന്ന കുട്ടികളിലുടെയാണ് സിനിമ സഞ്ചരിക്കുന്നത്.

ഈ സിനിമ ആളുകളിലേക്കെത്തുന്ന കാലത്ത് തന്നെയാണ് അധ്യാപകരുടെ ജാതി അധിക്ഷേപത്തിൽ മനംനൊന്ത് കണ്ണൂർ, അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ വാർത്ത പുറത്ത് വരുന്നത്.  ഈ പ്രശ്നങ്ങളെ രണ്ടായി തിരിക്കാമെന്ന് തോന്നുന്നു.

നിതിൻ രാജ്

1. വിദ്യാർത്ഥികൾ എന്ത് കൊണ്ട് അക്രമാസക്തരാകുന്നു? 

2. ശിക്ഷിക്കാനും, അധിക്ഷേപിക്കാനും അധികാരമുള്ള അധ്യാപക സ്ഥാനങ്ങൾ ഉണ്ടാക്കുന്ന ദ്രോഹങ്ങൾ 

വിദ്യാർത്ഥികൾ എന്ത് കൊണ്ട് അക്രമാസക്തരാകുന്നു എന്നൊരു ചോദ്യം വരുമ്പോൾതന്നെ പെട്ടെന്ന് കിട്ടുന്ന ചില ഉത്തരങ്ങളുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം, സിനിമയുടെ സ്വാധീനം എന്നിങ്ങനെ പോകുന്നു ആ ഉത്തരങ്ങൾ.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടും 15-29 വയസ്സ് പ്രായമുള്ള കുട്ടികൾക്കും, യുവാക്കൾക്കും ഇടയിൽ പ്രതിവർഷം ഏകദേശം 1,93,000 നരഹത്യ നടക്കുന്നു. ഇത് ആഗോളതലത്തിൽ എല്ലാ വർഷവും നടക്കുന്ന മൊത്തം നരഹത്യകളുടെ 40% ആണ്. അപ്പോൾ ഇത് നമ്മുടെ രാജ്യത്തെ മാത്രം പ്രശ്‌നമല്ല. പ്രശ്‌നത്തിനൊരു സാർവത്രികമായ സ്വഭാവമുണ്ട്.

മയക്കുമരുന്ന്, സിനിമ എന്നിവയിലേക്ക് മാത്രം ഇതിന്റെ കാരണങ്ങൾ കൂട്ടിക്കെട്ടുമ്പോൾ ഒരു പരിക്കും ഏൽക്കാതെ രക്ഷപ്പെടുന്നത് സത്യത്തിൽ രക്ഷിതാക്കളും, അധ്യാപകരും, കുറ്റകൃത്യത്തിന്റെ തിരക്കഥ വരെ പശ്ചാത്തലസംഗീതമിട്ട് കൊഴുപ്പിച്ചു, സവിസ്തരം വിളമ്പുന്ന മുഖ്യധാരാ മാധ്യമങ്ങളും, ഭരണസംവിധാനവും ഒക്കെയാണ്. അതുകൊണ്ട് തന്നെ ഈ ബോധ്യം അങ്ങനെ തന്നെ നിലനിർത്തുന്നതിൽ നമുക്കൊക്കെ അബോധപൂർവമായെങ്കിലും പങ്കുണ്ടെന്ന് പറയാതെ വയ്യ.

ഒരു കുട്ടി പിറന്നുവീഴുന്നത് മുതൽ അവൻ/അവൾ കാണുന്നതും, സാമൂഹ്യ ജീവിതത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചെടുക്കുന്നതും അയാളുടെ അച്ഛനും അമ്മയും അടങ്ങിയ കുടുംബം എന്ന സംവിധാനത്തിൽ നിന്നായിരിക്കും. അവിടെ ഒരു ജനാധിപത്യ സമൂഹത്തിൽ ഒരു നല്ല ഇടപെടൽ നടത്താൻ ഉതകുന്ന ഒരു വ്യക്തിയായിത്തീരുക എന്നതിനുള്ള എന്തെങ്കിലും അറിവുകൾ എല്ലാവർക്കും കിട്ടുന്നുണ്ടോ എന്നതാണ്.

Photo ChatGPT

ചില കുട്ടികൾക്ക് കിട്ടുന്നുണ്ടാകും. പക്ഷെ , ഇപ്പോളും എത്ര കുടുംബങ്ങളിൽ താൻ പറയുന്നത് അനുസരിക്കാത്ത ഭാര്യയെ മർദിച്ച് തന്റെ വഴിക്ക് കൊണ്ടുവരുന്ന ഭർത്താവുണ്ട്, എത്ര മാതാപിതാക്കൾ ഇപ്പോഴും കുട്ടികളെ നല്ല തല്ല് കൊടുത്ത് നന്നാക്കാം എന്ന് ആത്മാർഥമായി വിശ്വസിക്കുന്നുണ്ട്.

വാഴ സിനിമയിലെ, മക്കളെ ഗൾഫിലേക്ക് കയറ്റി അയച്ച്  നാട്ടിൽ സുഖജീവിതം നയിക്കുന്ന അച്ഛൻ്റെ കഥാപാത്രം ഫിക്ഷനിൽ മാത്രമുള്ളതല്ല. വളരെ ശാന്തം ആണെന്ന് പുറമെ തോന്നുന്ന കുടുംബങ്ങളിൽ പോലും പാസ്സീവ് അഗ്രെഷൻ കൊണ്ട് കാര്യങ്ങൾ നേടിയെടുക്കുന്നവരുണ്ട്.

കുട്ടികൾ നമ്മളൊക്കെ കരുതുന്നതിനേക്കാൾ നിരീക്ഷണപാടവം ഉള്ളവരാണ്. രക്ഷിതാക്കൾ പറഞ്ഞു കൊടുക്കുന്നതാവില്ല അവർ ചെയ്യുക, മറിച്ച് രക്ഷിതാക്കൾ ചെയ്യുന്ന കാര്യം കണ്ടും കേട്ടും പലപ്പോഴും അനുകരിച്ചുമാണ് കുട്ടികൾ വളരുക.

ഇവിടെയൊക്കെ വലിയൊരു കുഴപ്പം മുളപൊട്ടുന്നുണ്ട്, അവിടെ വളരുന്ന കുഞ്ഞിന്റെയുള്ളിൽ. താൻ പറഞ്ഞാൽ കേൾക്കുന്നില്ലാത്തവരെ അനുസരിപ്പിക്കാനുള്ള മാർഗം ശാരീരിക ബലപ്രയോഗവും മർദനവും, അഗ്രെഷനും ഒക്കെയാണെന്ന് സ്വന്തം കുടുംബത്തിൽ നിന്ന് കുട്ടികൾ പഠിച്ചു തുടങ്ങുകയാണ്.

ജന്റിൽ പേരെന്റിങ് എന്നൊന്നുണ്ട്, നമ്മൾ രക്ഷിതാക്കളിൽ എത്ര പേർക്കതറിയാം, അറിയാമെങ്കിൽ തന്നെ, എത്ര പേരത് പ്രാവർത്തികമാക്കുന്നുണ്ട്?

രക്ഷിതാക്കൾക്ക് കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സാധിക്കാത്ത അവസ്ഥകളും ഉണ്ടാകാം. സാമൂഹ്യമായ, സാമ്പത്തികമായ പിന്നോക്കാവസ്ഥയൊക്കെ കുഞ്ഞുങ്ങളെ വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കാത്ത അവസ്ഥയും ഉണ്ടാക്കിയേക്കാം. അത് വേറെ തന്നെ അഡ്രസ്സ് ചെയ്യപ്പെടേണ്ട ഒരു സാമൂഹ്യ പ്രശ്‌നമാണ്.

ഇങ്ങനെയുള്ള വിവിധങ്ങളായ സാഹചര്യങ്ങളിൽ നിന്നാണ് കുട്ടികൾ സ്‌കൂളുകളിലേക്ക് എത്തുന്നത്. അവർ എത്തുന്നത് വാഴ 2-ലെപ്പോലെ തല്ലി നന്നാക്കാം എന്ന് കരുതുന്ന മുജീബ് സാറമ്മാർ ( വിജയ് ബാബുവിൻ്റെ കഥാപാത്രം) ഭരിക്കുന്ന ഒരു സ്‌കൂളിലേക്കാണെങ്കിലോ?

വാഴ 2ല്‍ വിജയ് ബാബു

പഠനം മാത്രമല്ലല്ലോ സ്‌കൂളിങ്ങിൻറെ ലക്ഷ്യം. കുട്ടികളുടെ മാനസിക വികാസം ഒക്കെ സാധ്യമാകുന്നുണ്ടോ നമ്മുടെ സ്‌കൂളുകളിൽ? ചെറിയ ക്ലാസുകളിൽ ആണെങ്കിലും ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂളുകളിൽ ആണെങ്കിലും കുട്ടികളുടെ മാനസിക വൈകാരിക പ്രശ്‌നങ്ങൾ അധ്യാപകരോട് തുറന്ന് പറയാനുള്ള സാഹചര്യം നമ്മുടെ എത്ര സ്‌കൂളുകളിൽ ഉണ്ടെന്ന് ഒന്ന് ആലോചിച്ച് നോക്കുക.

ഇനി പറഞ്ഞാലും അങ്ങനെയുള്ള സാഹചര്യങ്ങൾ മനഃശാസ്ത്രപരമായി പരിഹരിക്കാൻ ശാസ്ത്രീയ പരിശീലനം ലഭിച്ചവരല്ല നമ്മുടെ അധ്യാപകർ, അതവരുടെ കുഴപ്പവുമല്ല (ബി.എഡിന് പഠിച്ച ചൈൽഡ് സൈക്കോളജിയൊക്കെ പലപ്പോഴും ഏട്ടിലെ പശുവാണ്). ഇനി ചിലയിടങ്ങളിൽ കൗൺസിലർ ഉണ്ടെങ്കിലും, അവരോട് കാര്യങ്ങൾ സ്‌കൂളിൽ പാട്ടാവില്ല എന്ന വിശ്വാസത്തിൽ പറയാനാവില്ല എന്ന് കുട്ടികൾ പറയുന്നു (വ്യക്തിപരമായി കുട്ടികൾ സംസാരിച്ചിട്ടുണ്ട്).

ഈ പറഞ്ഞ കൗൺസിലർമാർ അധ്യാപകരിൽ ഒരാളോ, ആ സ്റ്റാഫ് കൂട്ടായ്മയുടെ ഒരു ഭാഗമോ ആയിരിക്കുന്നിടത്തോളം കുട്ടികൾ ഉന്നയിക്കുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുക സാധ്യമാണെന്ന് കരുതാനാവില്ല.

ആരോഗ്യ വകുപ്പിന്റെയോ, വനിതാ ശിശുക്ഷേമ വകുപ്പിന്റെയോ കീഴിലുള്ള വിദഗ്ധരെയോ, അല്ലെങ്കിൽ മനഃശാസ്ത്ര ചികിത്സ നടത്താൻ യോഗ്യത ഉള്ളവരെ താത്കാലിക അടിസ്ഥാനത്തിലെങ്കിലും സബ് ജില്ലാ തലത്തിൽ സൈക്കോളജിസ്റ്റ് ആയി നിയമിച്ചാൽ (ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഒരു സ്‌കൂളിൽ അവരുടെ സേവനം ലഭ്യമാകുന്ന തരത്തിൽ) ചെറിയ പ്രായത്തിൽ കുട്ടികളിൽ കാണപ്പെടാറുള്ള Anxiety Disorder, ADHD, Depression, Mood Disorders, Conduct Disorders തുടങ്ങിയ പല കാര്യങ്ങളും നേരത്തെ തിരിച്ചറിയാനും ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സയ്ക്ക് നിർദേശം നൽകാനും അവർക്ക് സാധിച്ചേക്കും.

ഇവരുടെ റിപ്പോർട്ടിങ് അതോറിറ്റി ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ (DCP) ഓഫീസർ ആയാൽ ഒന്നുകൂടി ഫലപ്രദമായിരിക്കും. ഇവയിൽ പലതും തിരിച്ചറിയപ്പെടാതെയോ ചികിൽസിക്കപ്പെടാതെയോ പോയാൽ ഭാവിയിൽ കുട്ടിയുടെ വ്യക്തിത്വത്തെ തന്നെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയുണ്ടാകും.

ഇങ്ങനെയൊരു സംവിധാനം നിലവിലില്ലാത്തതുകൊണ്ട് ഇന്ന് ADHD (Attention-Deficit/Hyperactivity Disorder) ഉള്ള അതിൽത്തന്നെ Inattentive തരം അഭിമുഖീകരിക്കുന്ന കുട്ടി സ്‌കൂളിൽ അശ്രദ്ധയുള്ള വിദ്യാർത്ഥിയാണെന്ന് ചാപ്പയടിക്കപ്പെടുന്നു.

Hyperactive അല്ലെങ്കിൽ Impulsive തരം അഭിമുഖീകരിക്കുന്ന കുട്ടി പലപ്പോഴും ”പ്രോബ്ലം ചൈൽഡ്” എന്ന രീതിയിലും മാറ്റി നിർത്തപ്പെടുന്നു.

താരേ സമീൻ പർ എന്ന വിഖ്യാത സിനിമയിൽ ഡിസ്ലെക്‌സിയ ഉള്ള കുട്ടിയെ അധ്യാപകരോ, സ്വന്തം മാതാപിതാക്കൾ തന്നെയും ആദ്യഘട്ടത്തിൽ വേണ്ട രീതിയിൽ തിരിച്ചറിയാതെ പോകുന്നത് ചിത്രീകരിച്ചിരിക്കുന്നത് പലപ്പോഴും യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന ഒന്നാണ്.

താരേ സമീൻ പർ

കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ Conduct Disorders ഉള്ള കുട്ടികൾ വളർന്നു വരുമ്പോൾ ഗുരുതരമായ പേഴ്സണാലിറ്റി ഡിസോർഡേഴ്സിലേക്കും എത്തിച്ചേരാനുള്ള സാധ്യതകളുണ്ട്. ഇങ്ങനെ കുട്ടികൾക്ക് പറയാൻ ഒരു ഇടം ഒരുക്കുന്നതിലൂടെ കുട്ടികൾ കുറ്റകൃത്യങ്ങളിലേക്ക് പോകുന്നത് തടയാൻ മാത്രമല്ല, അവർ ചൂഷണം ചെയ്യപ്പെടുന്നത് തിരിച്ചറിയാനും നിയമപരമായ നടപടികളിലേക്ക് നീങ്ങാനും വഴിയൊരുങ്ങും.

കുട്ടികൾക്കിടയിൽ കൂടി വരുന്ന ലഹരി ഉപയോഗവും വാഴ 2 നമ്മുടെ മുന്നിലേക്ക് വയ്ക്കുന്നുണ്ട്. അത് തീർച്ചയായും അഡ്രസ് ചെയ്യപ്പെടേണ്ടതാണ്. ഒരു കാലത്ത് കുട്ടികൾക്ക് വളരെ എളുപ്പം ലഭിക്കുമായിരുന്ന ലഹരി മദ്യവും സിഗരറ്റും ആയിരുന്നെങ്കിൽ ഇന്നത് കഞ്ചാവും രാസ ലഹരികളും ആയിരിക്കുന്നു.

എല്ലാം ലഹരി എന്ന് പറയുമെങ്കിലും, രാസ ലഹരിയും മറ്റും എത്രത്തോളം അധികം അപകടകരമാണ് എന്നതും ആളുകളെ അതിന് അടിമപ്പെടുത്തുന്നതും, ആണെന്നതുമുള്ള വസ്തുത കാണാതിരുന്നു കൂടാ.

സ്‌കൂൾ കുട്ടികൾക്കിടയിൽ അടക്കം സുലഭമായി വിനിമയം ചെയ്യപ്പെടുന്ന ഇവയുടെ ലഭ്യത കുറയ്ക്കാനുള്ള കർശന നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. ഇതിനൊക്കെ വീരപരിവേഷം നൽകി കാണിക്കുന്ന സിനിമകളും (അതു മാത്രമല്ല കാരണം) കൗമാരക്കാർക്കിടയിൽ ലഹരിയിലേക്ക് എത്താനുള്ള കാരണമായേക്കാം.

വർഷങ്ങൾക്കു മുൻപ് ഇടുക്കി ഗോൾഡ് എന്ന സിനിമ ഇറങ്ങിയപ്പോൾ ഇപ്രകാരം ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്നത് വിമർശനങ്ങളൊന്നുമില്ലാതെ ഏറെക്കുറെ നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു.

ഇടുക്കി ഗോൾഡ്

സർക്കാർ അനുവദിച്ചിരിക്കുന്ന മദ്യം പോലെയുള്ള ലഹരി പതിനെട്ട് വയസ്സ് തികഞ്ഞവർ ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ലെങ്കിലും റെസ്‌പോൺസിബിൾ ഡ്രിങ്കിങ് എന്നൊന്ന് ഉണ്ടെന്ന് അവരെയും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നു.

സ്ഫടികം സിനിമയിലെ ചാക്കോ മാഷിനെയും, ത്രീ ഇഡിയറ്റ്‌സ് ലെ ”ലൈഫ് ഈസ് എ റേസ്” എന്നാക്രോശിക്കുന്ന വൈറസിനെയും നമ്മൾ കണ്ടിട്ടുണ്ട്. സിനിമയിലല്ലേ, സാരമില്ല. പക്ഷെ സത്യത്തിൽ ഞെട്ടിച്ചത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശാരീരിക ശിക്ഷകൾ വേണമെന്ന് പറയുന്ന, അധ്യാപകർ കൈയ്യിലൊരു ചെറുചൂരൽ കരുതട്ടെ എന്ന് പറയുന്ന ഹൈക്കോടതിയും, ചാനൽ ഫ്‌ളോറിൽ വന്നിരുന്നു ചെറിയ അടി ഒക്കെയാകാം എന്ന് പറയുന്ന ജനാധിപത്യ വാദികളായ ചില മാഷുമ്മാരും ടീച്ചർമാരുമാണ്.

ആത്മരതിയുടെ ആഘോഷമായ മധുരച്ചൂരൽ എന്നൊരു പങ്തി പോലുമുണ്ട് മാതൃഭൂമി ആഴ്ചപതിപ്പിൽ! ഇക്കഴിഞ്ഞ പ്രാവശ്യവും, എസ്.എസ്.എൽ.സി പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് ഒരു കുഞ്ഞ് ആത്മഹത്യ ചെയ്തിരുന്നു. ആരാണ് ഇതിന് കാരണക്കാർ? മേൽപ്പറഞ്ഞ ടീമുകളെല്ലാം ഏറിയും കുറഞ്ഞുമൊക്കെ ഇത്തരം ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ട്.

ഇന്നും നമ്മുടെ ക്ലാസ്സ് മുറികൾ ജനാധിപത്യത്തിന് വാതിൽ തുറന്ന് കൊടുത്തിട്ടുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. അധികാരം നഗ്‌നമായ രീതിയിൽ പ്രവർത്തിക്കുന്ന ഇടങ്ങളാണ് ഇന്നും അവ. ഒരുതരം ഗോത്രനീതി പുലരുന്ന ഇടം എന്ന് പറയുമ്പോൾ നെറ്റി ചുളിക്കേണ്ട.

ചോദ്യം ചെയ്യപ്പെടാത്ത അധികാരശക്തിയായി, അധ്യാപകൻ നിൽക്കുന്നു. ചോദ്യം ചെയ്യുന്നവൻ/ ചെയ്യുന്നവൾ ഗോത്രത്തിൽ നിന്നും പുറത്താകുന്നു, ഇവിടെ ക്ലാസ്സിൽ നിന്നും പുറത്താകുന്നു. അധികാരത്തെ ചോദ്യം ചെയ്യുന്നതിനെ ചോദ്യം ചെയ്യാതിരിക്കാൻ, ഉപാധികളേറെയുണ്ട് ഇന്റേർണൽ മാർക്ക് അതിലൊരെണ്ണം മാത്രം.

അധ്യാപകരുടെ അധിക്ഷേപത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത നിതിൻ രാജിൻ്റെ, സഹപാഠിയുടെ മരണാനന്തര ചടങ്ങുകൾക്ക് പോകാൻ അനുമതി ചോദിച്ചപ്പോൾ, പോകാം ” at your own risk” എന്നു പറയുന്ന അധ്യാപകരെ എന്താണ് ചെയ്യേണ്ടത്?

പി.എച്ഡി. ചെയ്യുന്ന കുട്ടികൾ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നത് അനുജത്തിയാണ്. റിസർച്ച് ഫെല്ലോസ് തയ്യാറാക്കിക്കൊടുക്കുന്ന പേപ്പറുകൾ സ്വന്തം പേരിൽ ഇന്റർനാഷണൽ ജേർണലുകളിൽ പ്രസിദ്ധീകരിക്കുക എന്നതൊക്കെയാണ് പല ഗൈഡുകളുടേയും വിനോദം.

‘ജയിലുകളെയും മാനസിക സ്ഥാപനങ്ങളെയും പോലെ തന്നെ സ്‌കൂളുകളും സാമൂഹിക ധർമങ്ങൾ നിർവഹിക്കുന്നു – ആളുകളെ നിർവചിക്കുക, തരംതിരിക്കുക, നിയന്ത്രിക്കുക, എന്നിവ.’ മിഷേൽ ഫൂക്കോ പറയുന്നതാണ്.

മിഷേൽ ഫൂക്കോ. Photo: Wikipedia

എന്താണ് നമ്മുടെ സ്‌കൂളുകളിൽ നടക്കുന്നത്. പഠനം, സോഷ്യലൈസേഷൻ എന്നിങ്ങനെയുള്ള ചുട്ടുവച്ചിരിക്കുന്ന മറുപടികൾ അല്ലാതെ ഒന്നാലോചിച്ച് നോക്കൂ. Every child is a born rebel എന്ന് പറയാറുണ്ട്. നമ്മുടെ വ്യവസ്ഥാപിതമായ മതിലുകൾ പൊളിക്കാതിരിക്കുവാൻ കുട്ടികളെ പരുവപ്പെടുത്തുന്ന, മെരുക്കിയെടുക്കുന്ന ഇടങ്ങളാണ് പലപ്പോളും നമ്മുടെ സ്‌കൂളുകൾ.

വ്യവസ്ഥ ആവശ്യപ്പെടുന്ന, അച്ചടക്കമുള്ള, അതായത് നിലവിലെ സംവിധാനങ്ങളെ പൊളിക്കാത്ത ഒരു വ്യക്തിയെ ഉണ്ടാക്കിയെടുക്കുകയാണ് വിദ്യാലയങ്ങൾ, കലാലയങ്ങൾ ഒക്കെ ചെയ്യുന്നത്. ഇവിടങ്ങളിലെ കരിക്കുലവും, ബോധന രീതികളും, അലിഖിത നിയമങ്ങളും വഴിയാണ് ഇത് സാധ്യമാകുന്നത്.

അധ്യാപകൻ/വിദ്യാർത്ഥി എന്നിങ്ങനെ ഹയറാർക്കിയിൽ അധിഷ്ഠിതമായ സംവിധാനങ്ങൾ വിദ്യാർത്ഥിയിലേക്ക് എത്തുന്നു. ഇത്രയും സ്‌കൂളുകൾ ഉണ്ടായിട്ടും ലോകത്ത്  ഒരു ഭഗത് സിങ്, അല്ലെങ്കിലൊരു ചെ ഗുവേര ഒക്കെ ഉണ്ടാകുന്നുണ്ട് എന്നതാണ് അത്ഭുതം. ഇങ്ങനെയുള്ള രീതികളെ മാറ്റിത്തീർക്കുന്ന ചെറിയ ഇടപെടൽ പോലും വലിയ എതിർപ്പിന് കാരണമാകാറുണ്ട്. 

കേരളത്തിൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയും, പി.ജെ. ജോസഫ് വിദ്യാഭാസ മന്ത്രിയും ആയിരിക്കുമ്പോൾ ആരംഭിച്ച പദ്ധതിയായിരുന്നു ഡി.പി.ഇ.പി.

ഇ.കെ. നായനാർ | പി.ജെ. ജോസഫ്

ലോകബാങ്ക് നിർദേശത്തിൽ ഉള്ള പദ്ധതി ആയിരുന്നുവെങ്കിലും, ഒട്ടേറെ വിയോജിപ്പുകൾ നിലനിൽക്കുമ്പോളും അത് അന്നുവരെ നിലനിന്നിരുന്ന ചാക്കോ മാഷ് ടൈപ്പ് ആധിപത്യത്തെ ഒന്നുലച്ചു എന്നതും പുനർനിർവചിക്കാൻ ശ്രമിച്ചു എന്നതും യാഥാർഥ്യമാണ്.

അതുകൊണ്ട് തന്നെ യഥാസ്ഥിതിക അധ്യാപക സമൂഹത്തിൽ നിന്നും വ്യാപകമായ എതിർപ്പിനും കാരണമായിരുന്നു. എങ്കിലും ഇടത് അധ്യാപക സംഘടനകൾ നവീകരണത്തെ പിന്തുണച്ചു. പിന്നീട് സർവശിക്ഷാ അഭിയാനും ഒടുവിലായി രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാനും വന്നു.

സർവശിക്ഷാ അഭിയാന്‍

ഇപ്പോളും ഫൂക്കോ പറയുന്ന അവസ്ഥ മാറ്റമില്ലാതെ തുടരുന്നു. അച്ചം എന്നാൽ ഭയം എന്നൊരു അർത്ഥമുണ്ട്. ഭയത്തിൽ നിന്നുണ്ടാകുന്ന അടക്കമായ അച്ചടക്കം ശീലിപ്പിക്കുന്ന, ജയിലുകൾ തന്നെയായി വിദ്യാലയങ്ങൾ നിലനിൽക്കുന്നു.

“നമ്മൾ ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്നതെല്ലാം – ഒരു സ്‌കൂൾ ക്രമത്താൽ, ബൗദ്ധിക നിയമങ്ങളാൽ അടിമകളാക്കപ്പെടുന്നു, അത് നമ്മൾ അതിന്മേൽ അടിച്ചേൽപ്പിക്കുന്നു.

പഠിക്കേണ്ട നിയമങ്ങൾ, അവ എങ്ങനെ പഠിക്കണം, ഏത് പ്രായത്തിൽ എന്നിവ ഞങ്ങൾ നിർവചിക്കുന്നു. അവകാശങ്ങളില്ലാത്ത ഒരേയൊരു ജനസംഖ്യയാണ് ശിശു ജനസംഖ്യ. അവഗണിക്കപ്പെട്ട പൗരനാണ് കുട്ടി. ഇതിനെക്കുറിച്ച് ചിന്തിക്കുക, ഈ ജനതയുടെ പ്രതികാരത്തെ ഭയപ്പെടുക. കാരണം നമ്മൾ ശ്വാസംമുട്ടിക്കുന്നത് അവന്റെ ആത്മാവിനെയാണ്.

നമ്മൾ അടിച്ചമർത്തുന്നത് മനസ്സിന്റെ സജീവമായ ശക്തികളെയാണ്, വ്യക്തിയെ കൊല്ലാതെ നശിപ്പിക്കാൻ കഴിയാത്ത ശക്തികളെയാണ്, അക്രമത്തിലേക്കോ നാശത്തിലേക്കോ നയിക്കുന്ന, അല്ലെങ്കിൽ രോഗത്തിന്റെ മേഖലയിലേക്ക് വഴുതിവീഴുന്ന ശക്തികളെയാണ്, ഡോ. സ്റ്റെർൺ നന്നായി വ്യക്തമാക്കിയതുപോലെ,” കുട്ടികളുടെ ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് മരിയ മോണ്ടിസോറി 1950കളിൽ പറഞ്ഞ കാര്യങ്ങളാണ് ഇവ.

മരിയ മോണ്ടിസോറി

നമുക്കിപ്പോളും കുട്ടികളുടെ ജനാധിപത്യത്തേക്കുറിച്ച് ചിന്തിക്കാൻ പോലുമാകുന്നുണ്ടോ എന്നതാണ് ചോദ്യം. ഇനി ശാരീരിക ശിക്ഷകൾ കുട്ടികളെ എങ്ങനെയൊക്കെയാണ് ബാധിക്കുക എന്ന് നോക്കാം.

ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കമ്മിറ്റി ശാരീരികമായ ശിക്ഷയെ നിർവചിക്കുന്നത്, ബലപ്രയോഗം ഉപയോഗിച്ച് വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള ഏതൊരു ശിക്ഷയേയും ആണ്, അത് എത്ര നിസ്സാരമാണെങ്കിലും.

”കുട്ടികളെ കൈകൊണ്ടോ ഉപകരണം കൊണ്ടോ അടിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. എന്നാൽ കുട്ടികളെ ചവിട്ടുക, എറിയുക, നുള്ളുക, മുടി വലിക്കുക, കുട്ടികളെ അസ്വസ്ഥമായ സ്ഥാനങ്ങളിൽ നിർത്തുക, കത്തിക്കുക, പൊള്ളിക്കുക എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ, ക്രൂരവും തരംതാഴ്ത്തുന്നതുമായ മറ്റ് ശാരീരികമല്ലാത്ത ശിക്ഷാ രീതികളും ഇതിൽ ഉൾപ്പെടുന്നു. കുട്ടിയെ താഴ്ത്തിക്കെട്ടുന്ന, അപമാനിക്കുന്ന, ബലിയാടാക്കുന്ന, ഭീഷണിപ്പെടുത്തുന്ന, ഭയപ്പെടുത്തുന്ന അല്ലെങ്കിൽ പരിഹസിക്കുന്ന ശിക്ഷകളും ഇതിൽ ഉൾപ്പെടുന്നു.

Photo: ChatGPT

ശാരീരിക ശിക്ഷയും മറ്റ് ക്രൂരമോ അപമാനകരമോ ആയ ശിക്ഷാരീതികളും പല സാഹചര്യങ്ങളിലും നടക്കുന്നു. വീട്ടിലും കുടുംബത്തിലും, സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നീതിന്യായ വ്യവസ്ഥകളിലും – കോടതികളുടെ ശിക്ഷയായും ശിക്ഷാ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും – ബാലവേലയുടെ സാഹചര്യങ്ങളിലും, സമൂഹത്തിലും ഇവ ഉൾപ്പെടുന്നു.

ഒരു ഗവേഷണ സംഘം ശാരീരിക ശിക്ഷയെ ആരോഗ്യപരവും പെരുമാറ്റപരവുമായ നിരവധി പ്രതികൂല ഫലങ്ങളുമായി ബന്ധപ്പെടുത്തുന്നു, ഇതിൽ മോശം മാനസികാരോഗ്യം, വൈജ്ഞാനിക വികസനം, വിദ്യാഭ്യാസ ഫലങ്ങൾ, വർദ്ധിച്ചുവരുന്ന ആക്രമണം, സാമൂഹിക വിരുദ്ധ പെരുമാറ്റം എന്നിവ ഉൾപ്പെടുന്നു.

ഇത് കുടുംബ ബന്ധങ്ങളെ തകർക്കും, കുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കുന്നതിനുപകരം, സംഘർഷം പരിഹരിക്കുന്നതിനുള്ള സ്വീകാര്യമായ മാർഗമാണ് അക്രമമെന്ന് ഇത് അവരെ പഠിപ്പിക്കുന്നു.

കുട്ടിക്കാലത്ത് ശാരീരിക ശിക്ഷ ലഭിച്ച മുതിർന്നവർ, ഇരയായോ കുറ്റവാളിയായോ അടുത്ത പങ്കാളിയുടെ അക്രമം ഉൾപ്പെടെയുള്ള അക്രമത്തെ സ്വീകരിക്കാനോ അനുഭവിക്കാനോ സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, കൂടാതെ മറ്റ് അക്രമപരവും കുറ്റകൃത്യപരവുമായ പെരുമാറ്റങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ട്.

അതുകൊണ്ട് എല്ലാത്തരം ശാരീരിക ശിക്ഷകളും അവസാനിപ്പിക്കുന്നത് കുട്ടികൾക്കെതിരായ എല്ലാ അക്രമങ്ങളും അവസാനിപ്പിക്കുന്നതിന് മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ സമൂഹത്തിലുടനീളമുള്ള അക്രമം കുറയ്ക്കുന്നതിനും പ്രധാനമാണ്.”

എന്നാൽ ഇവിടെ, നമ്മുടെ സമൂഹത്തിൽ എന്താണ് നടക്കുന്നത്? അനുസരണ പഠിപ്പിക്കാനെന്ന പേരിൽ, ശാരീരിക ശിക്ഷകളും, പാസ്സീവ് അഗ്രെഷനും വീട്ടിൽ നിന്നും, സ്‌കൂളിൽ അധ്യാപകരിൽ നിന്നും അനുഭവിക്കുന്ന കുട്ടി ഒന്നാമതായി കടുത്ത ട്രോമയിലൂടെ പോകേണ്ടി വരുന്നു, തൽഫലമായി കുട്ടിയുടെ മാനസിക ആരോഗ്യം തന്നെ ബാധിക്കപ്പെടുന്നു.

രണ്ടാമതായി ആളുകളെ അനുസരിപ്പിക്കാനുള്ള വഴി ശാരീരികവും മാനസികവുമായ അക്രമമാണെന്ന് കുട്ടി ചെറുപ്പത്തിലേ തെറ്റിദ്ധരിക്കപ്പെടുന്നു അല്ലെങ്കിൽ തെറ്റായി മനസിലാക്കുന്നു. മോണ്ടിസോറി പറയുന്നത് പോലെ യാതൊരു ജനാധിപത്യ അവകാശങ്ങളും ഇല്ലാത്ത കുട്ടികളുടെ പ്രശ്‌നങ്ങൾ വേണ്ട രീതിയിൽ അഡ്രസ്സ് ചെയ്യപ്പെടാതെ പോകുന്നു.

‘നന്നാവാൻ വേണ്ടിയാണ് തല്ലുന്നത്’ എന്ന സമർത്ഥമായ കള്ളം കേട്ടു വളർന്നവരാണ് നമ്മൾ. എന്നാൽ അതാണോ വാസ്തവം? അങ്ങിനെ കരുതി കുട്ടികളെ ശിക്ഷിക്കുന്ന ഒരു വിഭാഗം അധ്യാപകർ ഉണ്ടായിരിക്കാം, എന്നാൽ അപ്പോളും അതുകൊണ്ട് പ്രയോജനമില്ലെന്നോർക്കുക.

മനുഷ്യന് ഡിസ്‌പ്ലേസ്‌മെന്റ് എന്നൊരു ഡിഫെൻസ് മെക്കാനിസം ഉണ്ടെന്ന് സൈക്കോളജി പറയുന്നു. നെഗറ്റീവ് ചിന്തകളും, ഇമ്പൾസുകളും തന്നെക്കാൾ താരതമ്യേന ദുർബ്ബലനായ ഒരു വ്യക്തിയിലേക്ക് തിരിച്ചു വിടുന്നതിനെയാണ് ഇങ്ങനെ പറയുന്നത്.

ഉദാഹരണമായി ബോസിന്റെ കയ്യിൽ നിന്നും വഴക്ക് കിട്ടിയ വ്യക്തിക്ക്, ബോസിനോടുള്ള ദേഷ്യം അവിടെ പ്രകടിപ്പിക്കാൻ അവിടെയുള്ള അധികാരശ്രേണി തടസ്സമാകുന്നു, അപ്പോൾ അയാളാ ദേഷ്യം വീട്ടിൽ തീർക്കുന്നു. നമ്മളീ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നൊക്കെ പറയുന്ന പോലെയുള്ള ഒരു സംഗതി.

ചുറ്റും നിന്നും ഒരുപാട് പ്രഷർ കിട്ടുന്ന അവസ്ഥ ആളുകൾക്കുണ്ട്, അത് വീട്ടിൽ നിന്നാകാം, മേലുദ്യോഗസ്ഥരിൽ നിന്നാകാം അങ്ങിനെ പലയിടത്തു നിന്നുമാകാം. ഇതൊക്കെ സമൂഹത്തിൽ മറ്റെല്ലാവരും എന്ന പോലെ അധ്യാപകർക്കും ബാധകമാണ്.

പക്ഷെ ഇവിടെ അധ്യാപകരുടെ കാര്യത്തിൽ ഉള്ള ഒരു വ്യത്യാസം എന്നത് അവർക്ക് ഈ ദേഷ്യം ഒക്കെ തീർക്കാൻ ഏറ്റവും ദുർബ്ബലമായ, അവകാശങ്ങൾ ഹനിക്കപ്പെട്ട ഒരു വിഭാഗം തന്നെയുണ്ട്, അവരാണ് വിദ്യാർത്ഥികൾ.

ഇങ്ങനെയുള്ള ഒരു അതിക്രമം സ്ഥാപനവത്കരിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. മാതാപിതാക്കൾക്കും ഇപ്രകാരം ദേഷ്യം തീർക്കാനുള്ള ഉപാധിയായി അവരുടെ കുട്ടികൾ മാറുന്നു. എന്നിട്ട് ചെയ്യുന്ന അതിക്രമത്തെ ഉദാത്തവത്കരിക്കുകയും കൂടി ചെയ്യുമ്പോളാണ്, ഒന്നേ ഉള്ളെങ്കിൽ ഉലക്കയ്ക്കടിച്ചു വളർത്തണം എന്നൊക്കെയുള്ള പഴഞ്ചൊല്ലുകൾ ഉണ്ടായിത്തീരുന്നത്.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ 2022 ലെ റിപ്പോർട്ട് അനുസരിച്ച്, 13,044 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. 10 വർഷത്തിനിടയിൽ (2013-2022), വിദ്യാർത്ഥി ആത്മഹത്യകൾ 64% വർധിച്ചു, 1,03,961 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

അധികാരത്താൽ നിയന്ത്രിതമായ സംവിധാനമായി വിദ്യാഭ്യാസം ഇന്നും തുടരുന്നു. ഇക്കഴിഞ്ഞ ദിവസം എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിനു ശേഷം ഹരിപ്പാട് ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു.

എല്ലാ വിധത്തിലുള്ള അധികാരവും വിദ്യാർത്ഥികളിൽ പ്രയോഗിച്ച ശേഷവും അവരെ (പ്രായപൂർത്തി ആയവരെയും) ഇൻഫന്റലൈസ് ചെയ്യുകയും, ജനാധിപത്യ അവകാശങ്ങൾ ഹനിക്കുകയും ചെയ്യുകയാണ് ഈ കാലത്തും. ഇതിലൂടെ മാനസികാരോഗ്യം തകർന്നാണ് പല വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറത്ത് വരുന്നത്.

’10 മുതൽ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലും, കൗമാരക്കാരിലും 7 ൽ ഒന്നിൽ കൂടുതൽ ആൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനസികാരോഗ്യ അവസ്ഥകളിൽ പകുതിയും കുട്ടിക്കാലത്താണ് ആരംഭിക്കുന്നത്, പക്ഷേ മിക്ക കേസുകളും കണ്ടെത്തപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുന്നു.” എന്ന് യൂണിസെഫ് പറയുന്നു.

എല്ലാ അധികാരങ്ങളും കുട്ടികളിൽ പ്രയോഗിച്ചു, അവരെ മറ്റൊന്നാക്കി നിർത്തിയതിനു ശേഷം, അവരുടെ മാനസികാരോഗ്യം തകർത്തതിന് ശേഷം, പുതിയ തലമുറയെ, ജെൻ സി-യേയും, ജെൻ ആൽഫയേയും കുറ്റം പറയുകയാണ് പഴയ തലമുറ ചെയ്യുന്നത്. എന്നാണ് മാതാപിതാക്കളും അധ്യാപകരും ഉടമസ്ഥാവകാശം കാണിക്കാതെ കുട്ടികളോട് ഇടപെടുക എന്നതാണ്.

സംഘടിക്കാൻ പഠിക്കേണ്ടതുണ്ട്. കുട്ടികൾ അങ്ങനെ പഠിച്ചു വന്നൊരു കാലം കേരളത്തിനുണ്ടായിരുന്നു. സംഘടിക്കാനുള്ള വിദ്യാർത്ഥിയുടെ അവകാശം തല്ലിയുടച്ചു കളഞ്ഞത് 2003ൽ എ.കെ. ആന്റണി മന്ത്രിസഭയുടെ സ്‌കൂൾ രാഷ്ട്രീയ നിരോധനമായിരുന്നു.

A.K. Antony condoles the death of Thennala Balakrishna Pillai

എ.കെ. ആന്റണി

സ്‌കൂളുകൾ അരാഷ്ട്രീയവത്കരിക്കപ്പെട്ടു. രാഷ്ട്രീയം ഇറങ്ങിപ്പോയിടത്തേക്ക്, ജാതി, മത സംഘടനകൾ വിദ്യാലയങ്ങളിൽകയറി വന്നെന്നും തന്റെ തീരുമാനം തെറ്റായിരുന്നുവെന്നും പതിറ്റാണ്ടിന് ശേഷം 2015ൽ എ.കെ. ആന്റണി കുമ്പസാരം നടത്തി.

അപ്പോഴേക്കും വൈകിപ്പോയിരുന്നു. സോജൻ ഫ്രാൻസിസ് കേസിൽ ക്യാമ്പസിൽ രാഷ്ട്രീയം നിരോധിക്കാൻ മാനേജ്‌മെന്റിന് അധികാരമുണ്ടെന്നു പറഞ്ഞ കോടതി അരാഷ്ട്രീയതയ്ക്ക് വളം വച്ചു കൊടുത്തെങ്കിൽ, 2006ലെ ക്യാമ്പസ് രാഷ്ട്രീയ നിരോധനത്തോടെ അവകാശബോധം കുട്ടികളിലുണ്ടാക്കുന്ന സംഘടനാ സംവിധാനങ്ങളെ നീതിന്യായ വ്യവസ്ഥ, കുഴി വെട്ടി മൂടി.

കലാലയങ്ങളിൽ സമരവും രാഷ്ട്രീയവും വേണ്ട എന്ന് 2017ലും ആവർത്തിച്ച ഹൈക്കോടതി, 2024 ആയപ്പോളേക്കും യാഥാർഥ്യബോധത്തിലേക്കെത്തുകയും ”കലാലയ രാഷ്ട്രീയം നിരോധിക്കാനാകില്ലെന്നും അതിലെ മോശം പ്രവണതകളാണ് തടയേണ്ടതെന്നും” പരാമർശിക്കുകയും സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു.

Disputed land in Munambam; High Court orders owners to pay tax

കേരള ഹൈക്കോടതി

സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ഖാദർ കമ്മറ്റിയും സ്‌കൂളിലെ സംഘടനാ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതെയെക്കുറിച്ച് പറഞ്ഞിരുന്നു.അങ്ങനെ രാഷ്ട്രീയം നിലനിൽക്കുന്ന ഒരു ക്യാമ്പസിൽ അധ്യാപകരുടെ തോന്നിയവാസവും ലഹരി മാഫിയയുടെ വിളയാട്ടവും നടക്കില്ല എന്നുള്ളതാണ്.

ഇവിടുത്തെ യുവജന പ്രസ്ഥാനങ്ങൾക്കും ഇതിൽ ഫലപ്രദമായി ഇടപെടേണ്ട ബാധ്യതയുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയാൻ ജാഗ്രതാ സമിതികൾ രൂപീകരിക്കുമെന്ന് ഡി.വെെ.എഫ്.ഐ പറഞ്ഞിരിക്കുന്നു. എ.ഐ.വൈ.എഫും, യൂത്ത് കോൺഗ്രസ്സും, യൂത്ത് ലീഗും, ഒക്കെ ലഹരിക്കെതിരെ കർമപദ്ധതികളുമായി മുന്നോട്ട് വരേണ്ടതുണ്ട്.

DYFI Opposes RSS's Christmas celebration in schools stand

ഡി.വെെ.എഫ്.ഐ

പുതുതലമുറയെ മുഴുവൻ അപകടകാരികളായി ചിത്രീകരിക്കുന്ന ഒരു ബോധ്യം പൊതുബോധത്തിൽ ഉണ്ടായിവരുന്നുണ്ട്. വാർത്താമാധ്യമങ്ങൾക്ക് വലിയ പങ്കുള്ള ഒന്നാണത്. അല്ലെങ്കിലും പണ്ടെല്ലാം നല്ലതായിരുന്നു എന്ന ലൈനിൽ, ഒരു തലമുറയെ ആവശ്യമില്ലാതെ ഇങ്ങനെ ചാപ്പയടിക്കുന്നത് ഒരിക്കലും ഒരു നല്ല ഫലം ഉണ്ടാക്കില്ല. കുട്ടികളെ കൂടി വിശ്വാസത്തിലെടുത്തു, അവരുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിയുള്ള പദ്ധതികളെ ലഹരിക്കെതിരെ വിജയം കാണുകയുള്ളൂ.

എന്താണ് ഇതിനൊരു പരിഹാരം എന്ന് വാഴ 2ൽ അൽഫോൺസ് പുത്രൻ അവതരിപ്പിച്ച ഡി.വൈ.എസ്.പിയുടെ കഥാപാത്രം പറയുന്നുണ്ട്. കുട്ടികളെ കളിക്കാൻ വിടുക എന്നുള്ളതാണ് അത്. തികച്ചും ശാസ്ത്രീയമായ ഒരു വശമതിനുണ്ട്.

അൽഫോൺസ് പുത്രൻ വാഴ 2ൽ

ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് നിയന്ത്രണ, കുറ്റകൃത്യ പ്രതിരോധ ഓഫീസ് (UNODC) ന്റെ 2021ലെ ദോഹ പ്രഖ്യാപനത്തിന്റെ ഭാഗമായി സമാധാനത്തിനുള്ള ഒരു മാർഗമായി കായിക വിനോദങ്ങളെ അടിസ്ഥാനമാക്കി ഒരു ആഗോള യുവജന കുറ്റകൃത്യ പ്രതിരോധ സംരംഭം ആരംഭിച്ചിരുന്നു. ഇതിൽ ഇന്ത്യ അംഗമാണെന്ന് മാത്രമല്ല, സൗത്ത് ഏഷ്യ റീജിയണൽ ഓഫീസും ഇന്ത്യയിലാണുള്ളത്.

കായികവിനോദങ്ങൾക്ക് സാമൂഹ്യവിരുദ്ധ പെരുമാറ്റം, അക്രമം, കുറ്റകൃത്യം മയക്കുമരുന്ന് ഉപയോഗം എന്നിവയിലേക്ക് യുവാക്കൾ എത്തിച്ചേരുന്നത് തടയാനാവും എന്ന് യു.എൻ.ഒ.ഡി.സി പറയുന്നു.

ഇനി നമുക്ക് നമ്മുടെ നാട്ടിലേക്ക് വരാം. നമ്മുടെ കുട്ടികൾക്ക് ആഴ്ചയിൽ ഒരു പി.ടി പീരിയഡ് ആണുള്ളത്. അതുതന്നെ മറ്റു വിഷയങ്ങളുടെ അധ്യാപകർ കടം വാങ്ങിയില്ലെങ്കിൽ ലഭിക്കുന്നത്. 5 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾ ഒരു ദിവസം കുറഞ്ഞത് 60 മിനിറ്റ് കായികപ്രവർത്തനങ്ങളിൽ ഏർപ്പടണം എന്ന് ഡബ്ല്യൂ.എച്ച്.ഒ പറയുന്ന സ്ഥലത്താണ് ഇത് എന്ന് മനസ്സിലാക്കണം.

അതും പ്ലസ് ടു കുട്ടികൾക്ക് ആഴ്ചയിൽ പോലും അങ്ങനെയൊരു സംവിധാനമില്ല. തന്റെ ശരീരത്തേക്കുറിച്ചും മറ്റുമായി വളരെയധികം മാനസികസംഘർഷം കുട്ടികൾ അനുഭവിക്കുന്ന കൗമാര കാലത്ത് തങ്ങളുടെ ഊർജ്ജം സൃഷ്ടിപരമായി ഉപയോഗിക്കാൻ ഉതകുന്ന ഒരു മാർഗം തന്നെയാണ് സ്‌പോർട്‌സ്.

എന്നാൽ 16, 17 വയസ്സുള്ള കുട്ടികളെ അതായത് പ്ലസ് വൺ, പ്ലസ് ടു കുട്ടികൾക്ക് ഈ മാർഗമ ഇല്ലാതായിട്ട് വർഷങ്ങളായി. ഇതും കുട്ടികൾക്കിടയിൽ ഉള്ള അക്രമവാസനയ്ക്ക് ഒരു കാരണമായി കാണേണ്ടതുണ്ട്.

സോവിയറ്റ്-അഫ്ഗാന്‍ യുദ്ധത്തിൽ അഭയാർത്ഥികളായി പാകിസ്ഥാനിലെത്തിയ മനുഷ്യർക്ക്, 1992 ലോകകപ്പ് വിജയത്തോടെ പാകിസ്ഥാൻ ഒരു ലഹരി പകർന്ന് നൽകി, ക്രിക്കറ്റ് എന്ന ലഹരി! ജീവിതത്തിലേക്ക് തിരികെ നടക്കാൻ ‘വസ്തുഹാര’ കളായ ആ പാവം മനുഷ്യർക്ക് പ്രതീക്ഷ നൽകിയ ലഹരിയായിരുന്നു അത്.

1992 ലോകകപ്പുമായി പാക് നായകന്‍ ഇമ്രാന്‍ ഖാന്‍

‘ഞങ്ങൾ അത് ചെയ്യണമായിരുന്നു അല്ലെങ്കിൽ മരിക്കണമായിരുന്നു, കാരണം ഞങ്ങളിൽ പലരും ദരിദ്ര കുടുംബ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരുന്നു, ഞങ്ങൾക്ക് പിന്നോട്ട് പോകാൻ കഴിഞ്ഞില്ല, മുന്നോട്ട് പോകാൻ മാത്രമേ കഴിഞ്ഞുള്ളൂ. അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം, സന്തോഷത്തിനുള്ള പ്രധാന കാരണം ക്രിക്കറ്റാണ്,’ 2015 ക്രിക്കറ്റ് ലോകകപ്പിൽ ടീമിനെ നയിച്ച മുഹമ്മദ് നബി പറയുന്നു.

മുഹമ്മദ് നബി

അപ്പോൾ ഐക്യരാഷ്ട്ര സഭ പറയുന്നത് ഒരു ഹൈപൊതെസിസ് അല്ല, നമുക്ക് മുന്നിൽ ജീവിക്കുന്ന തെളിവുകളുണ്ട്, കായിക വിനോദങ്ങൾക്ക് മനുഷ്യനെ സൃഷ്ടിപരതയിലേക്ക് നയിക്കുന്ന ഔഷധമായി പ്രവർത്തിക്കാനാകും എന്നുള്ളതിന്.

കുട്ടികളുടെ കായികമായ അഭിരുചികളെ കൂടി പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സിലബസ്സിലും മാറ്റം വരേണ്ടതുണ്ട്. ഞങ്ങളുടെ നാട്ടിൽ ഇത്രയധികം നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് എന്ന് പറയുന്ന അതേ പ്രാധാന്യത്തോടെ തന്നെ ഞങ്ങളുടെ നാട്ടിൽ വളരെയധികം കളിസ്ഥലങ്ങളുണ്ട് എന്ന് പറയുന്ന രീതിയിലേക്ക് നാം മാറേണ്ടതുണ്ടെന്ന് തോന്നുന്നു.

അങ്ങനെയെങ്കിൽ കത്തി താഴെ ഇടെടാ എന്ന് ഒരു സിനിമയിൽ തിലകന്റെ കഥാപാത്രം പറയുന്ന പോലെയൊന്നും വേണ്ടി വരില്ല. കത്തി ഉപേക്ഷിച്ച് കുട്ടികൾ തന്നെ പന്തെടുക്കും എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. പക്ഷെ അതിന് വേണ്ടി നമ്മളെല്ലാവരും നല്ല പണിയെടുക്കേണ്ടതുണ്ട്, ഭരണകൂടവും മാധ്യമങ്ങളും രാഷ്ട്രീയ സംഘടനകളും എല്ലാം.

ഒരു  കുട്ടിയെ ജാതി അധിക്ഷേപം നടത്തിയ ഒരധ്യാപകൻ/ അധ്യാപിക പിന്നീട് സർവീസിൽ ഉണ്ടായിരിക്കില്ല എന്ന കനത്ത ശിക്ഷാനടപടികൾ ഉണ്ടാകത്തക്ക രീതിയിൽ  പുതിയ നിയമനിർമാണം ആവശ്യമെങ്കിൽ അതും സർക്കാർ ചെയ്യേണ്ടതുണ്ട്.

വാഴ സിനിമയിൽ അധ്യാപകരുടെ തേജോവധം സഹിക്ക വയ്യാതെ കെട്ടിടത്തിൽ നിന്നും ചാടാൻ ഒരുങ്ങുന്ന പെൺകുട്ടിയെ കാണിക്കുന്ന ഒരു സീനുണ്ട്. “കൊക്കിലൊതുങ്ങുന്നത് കൊത്തിയാൽ മതിയെന്ന്” ലോകഗുരു ചമയുന്ന അമൃതാനന്ദമയി അപമാനിച്ചു വിട്ടതിന് ശേഷം തിരുവനന്തപുരത്ത് പരീക്ഷാ കൺട്രോളറുടെ ഓഫീസിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത രജനി എസ്. ആനന്ദിനെ ഓർമിപ്പിക്കുന്നുണ്ട് ആ രംഗം.

രജനി എസ് ആനന്ദ്‌

പ്രാഥമികമായി ചെയ്യേണ്ടത് മുജീബ് സാറിനെപ്പോലെയുള്ള അധ്യാപകർ ആക്രമി ചാപ്പയടിച്ചു മാറ്റി നിർത്തിയിരിക്കുന്ന ജെൻ സിയെയും ജെൻ ആൽഫയെയും ഒക്കെ ചേർത്തുപിടിക്കുക എന്നതാണ്. അജു വർഗീസ് അവതരിപ്പിച്ച മനോജ് സാറിനെപ്പോലെയുള്ള ചുരുക്കം ചില ടീച്ചർമാർ ഇപ്പോളും അവശേഷിക്കുന്നുണ്ട് എന്നതാണ് ആശ്വാസം.

ഈ ലേഖനത്തിൻ്റെ തുടക്കത്തിൽ പറഞ്ഞ, സ്‌കൂൾ കാലത്ത്  അധ്യാപകരാൽ അധിക്ഷപിക്കപ്പെട്ട കുട്ടി ഞാൻ തന്നെയാണ്. പറഞ്ഞതത്രയും നടന്ന കാര്യങ്ങൾ തന്നെയാണ്.  തിരിച്ചറിയപ്പെടാതിരുന്ന ADHD ആയിരുന്നു പ്രശ്‌നം.

പക്ഷെ ഒരിക്കലുമെൻ്റെ പ്രശ്‌നം എന്താണെന്ന് ആരും ചോദിച്ചിട്ടുണ്ടായിരുന്നില്ല, തല്ലിയും, ദേഷ്യപ്പെട്ടും, അധിക്ഷേപിച്ചും, ഡസ്കിന് മുകളിൽ കയറ്റി നിർത്തിയും ഒക്കെ  നന്നാക്കിയെടുക്കാൻ ആയിരുന്നു എല്ലാവർക്കും തിടുക്കം.

അതിന് അധികാരം ലഭിച്ചവരായിട്ടാണ് ടീച്ചർമാർ സ്വയവും സമൂഹത്തിലെ ഒരു വിഭാഗവും അവരെ പരിഗണിക്കുന്നത്. ആ പ്രിവിലേജിൽ കയറി നിന്നാണ് അവരിൽ പലരും കുട്ടികളെ ജാതീയമായും അല്ലാതെയും അധിക്ഷേപിക്കുന്നത്.

കൂലി വാങ്ങി ചെയ്യുന്ന ഒരു ജോലി മാത്രമാണ് അധ്യാപനം. വാങ്ങുന്ന ശമ്പളത്തിന് പണിയെടുക്കുക, അതായത്‌ പഠിപ്പിക്കുക. അതിൽ കൂടുതലൊന്നും അധ്യാപകർ ചെയ്യേണ്ടതില്ല. പിള്ളേരുടെ മുടിവെട്ടിക്കാനും പ്രണയം മണത്തറിയാൻ മൊസാദ് ചമയാനും ഒന്നും അവർ ശ്രമിക്കേണ്ടതില്ല.

ഇതറിയാവുന്ന, give respect and take respect എന്ന് പറയുന്ന ഒരു തലമുറ ഇവിടെ വളർന്ന് വരുന്നുണ്ട്. അവകാശ ബോധവും അഭിമാനവും ഉള്ളത് കൊണ്ടാണ് ആ ജെൻ സീ, ജെൻ ആൽഫാ കുട്ടികളെ ഇവർ അഹങ്കാരികൾ എന്ന് പറയുന്നത്.

യൂണിയൻ സർക്കാർ ലോക്‌സഭയിൽ വച്ച കണക്കുകൾ പ്രകാരം 2014നും 2021നും ഇടയിൽ രാജ്യത്തെ സെൻട്രൽ യൂണിവേഴ്സിറ്റികളിലും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്ന ആത്മഹത്യകളിൽ 55 ശതമാനവും പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരായിരുന്നു.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജ്  നിറത്തിൻ്റേയും  അച്ഛൻ്റെ തൊഴിലിൻ്റെയും പേരിലൊക്കെ കോളേജിൽ അദ്ധ്യാപകരാൽ നിരന്തരം പരസ്യമായി അപമാനിക്കപ്പെട്ടതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

2026ൽ നിൽക്കുന്നു എന്ന് നമ്മൾ പറയുമ്പോൾ അവിടുത്തെ വകുപ്പുമേധാവി എം.കെ.റാം ജീവിക്കുന്നത് ദ്വാപരയുഗത്തിലാണെന്ന് പറയേണ്ടി വരും.

എം.കെ.റാം

പറഞ്ഞു വരുമ്പോൾ സംഗതി പുരാണമാണ്. മഹാഭാരതത്തിലെ കഥയാണ്. ഹസ്തിനപുരത്തിൽ രാജകുമാരന്മാരുടെ വിദ്യാഭ്യാസത്തിന് ശേഷം നടന്ന അഭ്യാസപ്രകടനത്തിനിടയിൽ  അർജുനന്റെ അതേ കഴിവുകൾ തനിക്കുണ്ടെന്ന് തെളിയിക്കാൻ കർണൻ മുന്നോട്ടുവന്നു. എന്നാൽ നിൻ്റെ അച്ഛനാരാണ് എന്ന്   ചോദിച്ച കൃപാചാര്യർ, കർണ്ണൻ ഒരു സൂതപുത്രനായതിനാൽ  അർജ്ജുനനുമായി മത്സരിക്കാൻ അർഹതയില്ലെന്ന് പ്രഖ്യാപിച്ചു.

അപമാനിച്ചത് അധ്യാപകൻ അല്ല, അതുക്കും മേലെയുള്ള ആചാര്യനാണ്. ഇതേ കാര്യമല്ലേ രാമൻ്റെ പേരും പേറി നടക്കുന്ന ശവംതീനിയായ  എം. കെ. റാമും നിതിനെ അപമാനിച്ച മറ്റ് അധ്യാപകരും ചെയ്തത്?

നടന്നത് ജാതിക്കൊലയാണ്, മുഖ്യ പ്രതിയുടെ പേര് റാം. റാം എന്നാൽ രാമൻ. അയാളിലൂടെയും നിതിനെ അപമാനിച്ച മറ്റു അധ്യാപകരിലുടെയും പ്രവർത്തിക്കുന്ന ബോധ്യങ്ങളെയാണ് ജാതിയിൽ അടിസ്ഥാനമാക്കിയ ഹിന്ദുത്വ എന്ന് പറയുന്നത്. 

” ചിലയാളുകളെ സംബന്ധിച്ച് എല്ലായ്‌പ്പോഴും ജീവിതം എന്നതുതന്നെ ഒരു ശാപമാണ്. എൻ്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എൻ്റെ കുട്ടിക്കാല ഏകാന്തതയിൽ നിന്നും മോചനം നേടാൻ എനിക്ക് കഴിഞ്ഞില്ല. ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടി മാത്രമാണ് ഞാൻ. 

ഈ നിമിഷം എനിക്ക് വേദന തോന്നുന്നില്ല. ഞാൻ ദു:ഖിതനുമല്ല. ഞാൻ വെറും ശൂന്യമാണ്. എന്നെക്കുറിച്ച് പോലും ഉത്കണ്ഠയില്ല. അത്തരമൊരവസ്ഥ ദയനീയമാണ്. അതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്.

എൻ്റെ സംസ്‌കാര ചടങ്ങുകൾ നിശബ്ദവും ലളിതവും ആകട്ടെ. ഞാൻ പെട്ടെന്ന് വന്നു എന്ന് മാത്രം കരുതുക. എനിക്ക് വേണ്ടി കണ്ണീർ പൊഴിക്കരുത്. ജീവിച്ചിരിക്കുന്നതിനേക്കാൾ മരണത്തിലാണ് ഞാൻ സന്തോഷവാനായിരിക്കുകയാണെന്ന് അറിയുക.

“നിഴലുകളിൽ നിന്നും നക്ഷത്രങ്ങളിലേക്ക്”

അവസാനമായി ഒരിക്കൽ കൂടി

ജയ് ഭീം” 

രോഹിത് വെമുല

രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പിലെ ഭാഗങ്ങളാണ് മുകളിൽ കൊടുത്തിട്ടുള്ളത്. കേരളത്തിൽ ഒരിക്കലത് രജനി എസ്. ആനന്ദ് ആയിരുന്നു, ഇപ്പോൾ നിതിൻ രാജ്. പേരുകൾ മാത്രമാണ് മാറുന്നത്, വ്യവസ്ഥിതി തുടരുന്നു…

മാറ്റം വന്നത് നമ്മുടെ മനോഭാവത്തിലാണ്.

“ഒരു നഗരത്തിൽ അനീതി ഉണ്ടായാൽ അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ സന്ധ്യമയങ്ങും  മുൻപ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്,” എന്ന ബ്രഹ്ത്തിന്റെ വാക്കുകൾ അന്വർത്ഥമാക്കും വിധം രജനി എസ്. ആനന്ദിന്റെ രക്തസാക്ഷിത്വം കേരളത്തിലെ യുവത്വത്തെയാകെ തെരുവിലിറക്കിയിരുന്നു.

 

പ്രതിഷേധത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം തെരുവുകൾ നിന്ന് കത്തി എന്നതായിരുന്നു യാഥാർഥ്യം. ഇപ്പോഴാവട്ടെ കണലണഞ്ഞിട്ടില്ല എന്ന് തിരിച്ചറിയാൻ മാത്രമാകുന്ന പ്രതിഷേധങ്ങൾ.

2004ൽ നിന്ന് 2026ലെത്തുമ്പോൾ ഒരു സംശയം ബാക്കിയാകുന്നു. ആരാണ് നമ്മെ വരിയുടച്ചു അടിമകളാക്കിയത്?

 

Content Highlight: Arun Angella writes about Vazha 2, Nithin’s death in Kannur, and the actions of teachers

 

അരുൺ എയ്ഞ്ചല
ഫോട്ടോ ജേര്‍ണലിസ്റ്റ്