കൃഷ്ണപ്രഭയും അഭിഷാദും അറിയാന്‍; ഒരു വിഷാദ രോഗി എഴുതുന്നത്
DISCOURSE
കൃഷ്ണപ്രഭയും അഭിഷാദും അറിയാന്‍; ഒരു വിഷാദ രോഗി എഴുതുന്നത്
അരുൺ എയ്ഞ്ചല
Tuesday, 14th October 2025, 5:47 pm
ഓരോ 15 മിനിട്ടിലും നാല് പേര്‍ ആത്മഹത്യ ചെയ്യുന്ന ഇന്ത്യ പോലെ ഒരു രാജ്യത്തിരുന്നാണ് ജോലിയൊന്നും ഇല്ലാത്തവര്‍ക്ക് ഉണ്ടാകുന്ന ഒന്നാണ് ഡിപ്രഷന്‍ എന്ന് കൃഷ്ണപ്രഭ പറയുന്നത്. അപ്പോള്‍ ഈ പ്രസ്താവന ഒരു സെലിബ്രിറ്റിയുടെ ഉത്തരവാദിത്തമില്ലായമ എന്നതില്‍ നിന്ന് മാറി മരണവീട്ടിലെ ഫലിതം പോലെ അശ്ലീലമായ ഒന്നായിത്തീരുന്നു | അരുണ്‍ ഏയ്ഞ്ചല എഴുതുന്നു

നിങ്ങള്‍ എപ്പോളെങ്കിലും ചുഴികളില്‍ പെട്ടുപോയിട്ടുണ്ടോ? ബ്ലൂസ്, ഡിപ്രെഷന്‍ എന്നൊക്കെ വിളിക്കപ്പെടുന്ന ചുഴികളില്‍. ഒരിക്കല്‍ പെട്ടുപോയവര്‍ക്കറിയാം, കയറി വരിക അത്ര എളുപ്പമല്ലെന്ന്.

ചുഴി തന്നെയാണത്. കയറി വരാന്‍ ശ്രമിക്കുമ്പോളൊക്കെ കൂടുതലായി താഴ്ന്ന് പോവുന്നതായാണ് തോന്നുക. ചുറ്റും ചേര്‍ത്തുപിടിക്കാന്‍ ആളുണ്ടെങ്കില്‍ പോലും ഉപേക്ഷിക്കപ്പെട്ടു എന്നൊക്കെയാണ് ചിലപ്പോള്‍ തോന്നുക. മോട്ടിവേഷന്‍ മെസേജുകളൊക്ക നമ്മുടെ ശവപ്പെട്ടിയില്‍ അടിക്കുന്ന ആണികളായി തോന്നും. ഇതൊക്കെ ആരിലും സംഭവിക്കാവുന്ന കാര്യങ്ങളാണ്.

എന്താണ് ഡിപ്രഷന്‍?

ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഡിപ്രഷന്‍ എന്നത് ഒരു വ്യക്തി, സ്ഥായിയായ വിഷാദത്തിലേക്ക് പോകുന്ന അവസ്ഥയാണ്. ഒന്നിലും താത്പര്യം ഇല്ലാതിരിക്കുക, ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെയിരിക്കുക, ഒന്നിലും സന്തോഷം കണ്ടെത്താനാവാതിരിക്കുക, ജീവിച്ചിരിക്കുന്നതില്‍ തന്നെ അര്‍ത്ഥമില്ല എന്ന് തോന്നുക… ഇതിനെ മേജര്‍ ഡിപ്രെസ്സീവ് ഡിസ്ഓര്‍ഡര്‍ അല്ലെങ്കില്‍ ക്ലിനിക്കല്‍ ഡിപ്രെഷന്‍ എന്ന് പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് മുതിര്‍ന്നവരില്‍ 5.7 ആളുകള്‍ ഡിപ്രഷനിലൂടെ കടന്ന് പോകുന്നു. പുരുഷന്‍മാരില്‍ 4.6 ശതമാനവും സ്ത്രീകളില്‍ 6.5 ശതമാനവും ഡിപ്രഷനിലൂടെ കടന്ന് പോകുന്നു. പുരുഷന്‍മാരെ അപേക്ഷിച്ച് 1.5 മടങ്ങ് കൂടുതലാണ് സ്ത്രീകളിലെ ഡിപ്രഷന്റെ നിരക്ക്.

ലോകവ്യാപകമായി 10 ശതമാനത്തോളം വരുന്ന ഗര്‍ഭിണികളായ സ്ത്രീകളും ന്യൂ മദേര്‍സും ഡിപ്രഷനിലൂടെ കടന്ന് പോകുന്നു. 2021ലെ കണക്കനുസരിച്ച് പ്രതിവര്‍ഷം ഏകദേശം 7,27,000 ആളുകള്‍ ആത്മഹത്യ ചെയ്യുന്നു. 15 മുതല്‍ 29 വരെ പ്രായമുള്ള ചെറുപ്പക്കാര്‍ക്കിടയിലെ മരണങ്ങളില്‍ മൂന്നാമത്തെ പ്രധാന കാരണമാണ് ആത്മഹത്യ.

2008ല്‍ ഇന്ത്യയുടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു കണക്ക് പുറത്ത് വിടുകയുണ്ടായി. ഇന്ത്യയില്‍ ഒരു വര്‍ഷം ശരാശരി 1,20,000 പേര്‍ ആത്മഹത്യ ചെയ്യുന്നു എന്നും അതില്‍ ഭൂരിഭാഗവും ഡിപ്രഷനോ, മറ്റ് ഇമോഷണല്‍ ഡിസോര്‍ഡറുകളോ ഉള്ളവര്‍ ആണെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.

2021ല്‍ അത് 1,64,033 ആയും 2022ല്‍ അത് 1,70,924 ആയും ഉയര്‍ന്നു. ഇന്ത്യയില്‍ ഓരോ 15 മിനിറ്റിലും 4 പേര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. ലോകാരോഗ്യ സംഘടന ആത്മഹത്യയെ ഒരു പൊതു ആരോഗ്യ പ്രശ്‌നമായാണ് കാണുന്നത്.

ഇങ്ങനെയൊരു രാജ്യത്തിരുന്നാണ് ജോലിയൊന്നും ഇല്ലാത്തവര്‍ക്ക് ഉണ്ടാകുന്ന ഒന്നാണ് ഡിപ്രഷന്‍ എന്ന് കൃഷ്ണപ്രഭ പറയുന്നത്. അപ്പോള്‍ ഈ പ്രസ്താവന ഒരു സെലിബ്രിറ്റിയുടെ ഉത്തരവാദിത്തമില്ലായമ എന്നതില്‍ നിന്ന് മാറി മരണവീട്ടിലെ ഫലിതം പോലെ അശ്ലീലമായ ഒന്നായിത്തീരുന്നു.

കൃഷ്ണപ്രഭ

ഇതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രമുഖ മൊട്ടിവേഷണല്‍ സ്പീക്കറായ അഭിഷാദ് ഗുരുവായൂര്‍ തന്റെ ഒരു സെഷനില്‍ ”സ്ത്രീകള്‍ക്ക് എന്തിനും ഏതിനും മൂഡ് സ്വിങ്ങാണ്. ബ്രേക്ഫാസ്റ്റിന് ഇന്നെന്താണെന്ന് ചോദിച്ചാലും മൂഡ് സ്വിങ്ങാണ്. അപ്പോ ഇന്ന് കഴിക്കാനൊന്നുമില്ലേ, അപ്പോഴും മൂഡ് സ്വിങ്ങാണ്. പുരുഷന്മാര്‍ക്ക് ഒരു സ്വിങ്ങുമില്ല. നമുക്ക് എല്ലാ മാസവും ഇ.എം.ഐ അടയ്ക്കാനും സ്വിങ്ങില്ല. പോയി പണിയെടുക്കുക. ഇവരുടെ സ്വിങ്ങിനുവേണ്ടി വേറെയും പണിയെടുക്കണം.”എന്ന് പറഞ്ഞത് വിവാദമായിരുന്നു.

അഭിഷാദ് ഗുരുവായൂര്‍

പുരുഷന്മാരുടെ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നായിരുന്നു അഭിഷാദ് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിച്ചതെന്നറിയുന്നു. എന്തായാലും റിപ്പോര്‍ട്ടര്‍ ലൈവ് അത് സ്റ്റോറിയാക്കി. സന്ദര്‍ഭാനുസരണം ഇത് തികച്ചും ന്യായമായ കാര്യമായി തോന്നാമെങ്കിലും അപ്പോഴേക്കും സമൂഹത്തിലെ മീസോജണിസ്റ്റുകള്‍ അതാഘോഷിച്ചു തുടങ്ങിയിരുന്നു.

 

എന്താണിതിലെ വാസ്തവം? എവിടെയാണിതിന്റെ തുടക്കം?

പ്യൂബേര്‍ട്ടി പിരീഡില്‍ (Puberty Period) അതായത്, ഒരു കുട്ടിയുടെ ശരീരം ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെയും മറ്റും കടന്ന്, ലൈംഗികമായ വളര്‍ച്ച പ്രാപിക്കുന്ന സമയം. ആ സമയത്ത് കുട്ടിയുടെ തലച്ചോറിലെ ഒരു ഭാഗമായ ഹൈപ്പൊതലാമസ്, ഗോണഡോട്രോപിന്‍-റിലീസിംഗ് ഹോര്‍മോണ്‍ (GnRH) എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നു.

അവരുടെ ഹൈപ്പോതലാമസ് GnRH-നെ തലച്ചോറിലെ പിറ്റിയൂട്ടറി ഗ്ലാന്‍ഡിലേക്ക് അയയ്ക്കുന്നു. GnRH നിങ്ങളുടെ കുട്ടിയുടെ പിറ്റിയൂട്ടറി ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് രണ്ട് ഹോര്‍മോണുകള്‍ കൂടി, ല്യൂട്ടിനൈസിംഗ് ഹോര്‍മോണ്‍ (LH), ഫോളിക്കിള്‍-സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ (FSH) എന്നിവ പുറത്തുവിടുന്നു.

ഈ ഹോര്‍മോണുകള്‍ ലൈംഗികാവയവങ്ങളിലേക്ക് സഞ്ചരിക്കുന്നു, അണ്ഡാശയങ്ങളിലേക്കോ വൃഷണങ്ങളിലേക്കോ. ഇത് കുട്ടിയുടെ ലൈംഗിക ഗ്രന്ഥികള്‍ ലൈംഗിക ഹോര്‍മോണുകളായ ഈസ്ട്രജന്‍ അല്ലെങ്കില്‍ ടെസ്റ്റോസ്റ്റിറോണ്‍ പുറത്തുവിടാന്‍ തുടക്കമിടുന്നു.

ഈ സന്ദേശവാഹക ഹോര്‍മോണുകള്‍ പ്രായപൂര്‍ത്തിയാകുന്നതിന്റെ സൂചനകള്‍ ആരംഭിക്കുന്നതിന് കാരണമാകുന്നു. സാധാരണയായി പെണ്‍കുട്ടികളുടെ ശാരീരികമായ പ്രായപൂര്‍ത്തിയാകല്‍ സാധാരണയായി 8നും 13നും ഇടയില്‍ ആരംഭിക്കുകയും 15 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ളപ്പോള്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നു.

ആണ്‍കുട്ടികളിലാവട്ടെ, പെണ്‍കുട്ടികളേക്കാള്‍ ഏകദേശം രണ്ട് വര്‍ഷം വൈകി സാധാരണയായി 9നും 14നും ഇടയില്‍ ആരംഭിക്കുകയും 16 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ളപ്പോള്‍ അവസാനിക്കുകയും ചെയ്യുന്നു.

ഓരോ കുട്ടിയും വ്യത്യസ്തരാണ്, അതിനാല്‍ ഈ പ്രായങ്ങള്‍ വ്യത്യാസപ്പെടുകയും ചെയ്യാം. ഇത് ശരീരികമായ പ്രായപൂര്‍ത്തിയാകല്‍ മാത്രമാണ്. നമ്മളെ ചിന്തിക്കാനും ആസൂത്രണം ചെയ്യാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും തീരുമാനങ്ങള്‍ എടുക്കാനും ആത്മനിയന്ത്രണം പാലിക്കാനുമൊക്കെയുള്ള പ്രാപ്തി നല്‍കുന്നത് മസ്തിഷ്‌കത്തിലെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സാണ്.

ഇത് പൂര്‍ണ വളര്‍ച്ചയെത്തുമ്പോളാണ് യഥാര്‍ത്ഥത്തില്‍ മാനസികമായും ഒരാള്‍ പക്വത നേടുന്നുള്ളൂ. ഇതാവട്ടെ സംഭവിക്കുന്നത് ഇരുപതു വയസ്സിനും മുപ്പതു വയസ്സിനും മധ്യേയുമാണ്.

ഒരു കുട്ടി പ്രായപൂര്‍ത്തിയാകുമ്പോള്‍ ലൈംഗിക ഹോര്‍മോണുകളുടെ വര്‍ധനവ്, സാമൂഹിക സമ്മര്‍ദങ്ങള്‍ക്കൊപ്പം, മാനസികാവസ്ഥയെ ബാധിക്കുന്ന പെരുമാറ്റം, വൈകാരിക പൊട്ടിത്തെറികള്‍, കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ എന്നിവയ്‌ക്കൊക്കെ സാധ്യതയുണ്ട്.

കുട്ടി അവരുടെ വ്യക്തിത്വത്തിലും സാമൂഹിക ജീവിതത്തിലും വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. അവര്‍ക്ക് ആത്മവിശ്വാസ പ്രശ്‌നങ്ങള്‍ ഉണ്ടാകാം അല്ലെങ്കില്‍ ആഗ്രഹം, ആശയക്കുഴപ്പം, ഭയം എന്നിങ്ങനെ അവരുടെ ലൈംഗികതയുമായി ബന്ധപ്പെട്ട നിരവധി വ്യത്യസ്ത വികാരങ്ങള്‍ അനുഭവപ്പെടാം.

എന്നാല്‍ ചിലരില്‍ ഇത് ഉത്കണ്ഠ, വിഷാദം, മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍ അല്ലെങ്കില്‍ ആക്രമണോത്സുകത എന്നിവയുടെ ലക്ഷണങ്ങള്‍, വൈകാരികമോ പെരുമാറ്റപരമോ ആയ ഗുരുതരമായ പ്രശ്‌നങ്ങളിലേക്കും ഒരു മെന്റല്‍ ഹെല്‍ത്ത് പ്രൊഫഷണലിന്റെ സഹായം കൂടി ആവശ്യമായ അവസ്ഥ വരുന്നു.

ഈയൊരു ഘട്ടം പരിശോധിച്ചാല്‍, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ്, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഏകദേശം 5 ശതമാനം എന്ന നിരക്കില്‍ ഡിപ്രെഷന്‍ നിരക്ക് തുല്യമാണ്. പ്രായപൂര്‍ത്തിയാകുന്നതോടെ, സ്ത്രീകളിലെ നിരക്ക് ഇരട്ടിയാകുന്നു, അതേസമയം പുരുഷന്മാര്‍ ഏകദേശം അതേ നിരക്കില്‍ തുടരുകയും ചെയ്യുന്നു.

ഇവിടുന്നങ്ങോട്ട് കാര്യങ്ങള്‍ അടിമുടി മാറുന്നു. ഡിപ്രെഷന്‍ ആരിലും സംഭവിക്കാവുന്ന കാര്യമാണ്, എന്നാല്‍ ഇവിടെ പെണ്ണിനായി റിസേര്‍വ് ചെയ്ത് വെച്ചിരിക്കുന്ന ചില സംഗതികളുണ്ട് കേട്ടോ.

മാസാമാസം വരുന്ന മെനുസ്ട്രല്‍ സൈക്കിളുകള്‍ സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലിന് കാരണമാകുന്നു. ചിലരില്‍ ഉണ്ടാവുന്ന PMS അഥവാ പ്രി മെന്‍സ്ട്രുല്‍ സിന്‍ഡ്രോം, (ആര്‍ത്തവത്തിന് മുമ്പുള്ള ദിവസങ്ങളിലോ ആഴ്ചകളിലോ പല സ്ത്രീകളും അനുഭവിക്കുന്ന ശാരീരികവും വൈകാരികവുമായ ലക്ഷണങ്ങള്‍) മുതല്‍ കുറച്ചു കൂടി ഗൗരവമായ PMDD അഥവാ പ്രി മെന്‍സ്ട്രുല്‍ ഡിസ്‌ഫോറിക് ഡിസ്ഓര്‍ഡര്‍ തുടങ്ങി, Peripartum Depression വരെ. പ്രെഗ്‌നന്‍സി ടൈമിലും (Pre Natal) കുഞ്ഞുണ്ടായതിന് ശേഷവും (Post Partum) ഒക്കെ ഉണ്ടാകാവുന്ന വിഷാദ അവസ്ഥകളാണ് Peripartum Depression.

ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ആഗോളതലത്തില്‍ ഏകദേശം 10 ശതമാനം ഗര്‍ഭിണികളും പ്രസവിച്ച 13 ശതമാനം സ്ത്രീകളും മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ ഇത് ഗര്‍ഭകാലത്ത് 15.6 ശതമാനവും പ്രസവശേഷം 19.8 ശതമാനവുമാണ്.

ഗര്‍ഭിണികളിലും പ്രസവാനന്തര സ്ത്രീകളിലും ആത്മഹത്യ മരണത്തിന് ഒരു പ്രധാന കാരണമാണ്. ഗര്‍ഭകാലത്തും പ്രസവത്തിനു ശേഷമുള്ള ആദ്യ വര്‍ഷത്തില്‍ മിക്കവാറും എല്ലാ സ്ത്രീകളും മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു. എന്നാല്‍ ദാരിദ്ര്യം, കുടിയേറ്റം, കടുത്ത സമ്മര്‍ദം, അക്രമത്തിന് വിധേയമാകല്‍ (ഗാര്‍ഹിക, ലൈംഗിക, ലിംഗാധിഷ്ഠിത), സംഘര്‍ഷ സാഹചര്യങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, കുറഞ്ഞ സാമൂഹിക പിന്തുണ എന്നിവ സാധാരണയായി ഇവയുടെ തീവ്രത വര്‍ധിപ്പിക്കുന്നു.

അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്റെ കണക്കനുസരിച്ച് 4% അപ്പന്മാരും പോസ്റ്റുപാര്‍ട്ടം ഡിപ്രെഷനിലൂടെ കടന്ന് പോവുന്നുണ്ട്.

തീ പിടിച്ചേ എന്ന് പറയുന്ന അവസ്ഥയിലായിരിക്കും ചിലപ്പോള്‍ ഗര്‍ഭകാലത്ത് ഒരു പെണ്ണ് ചെന്ന് നില്‍ക്കുക. ഹോര്‍മോണുകളുടെ വേലിയേറ്റവും വേലിയിറക്കവും അവളെ വല്ലാതെ ഉലച്ചുകളയുന്ന ഒരു കാലമാണ്. മുന്‍പ് ഡിപ്രെഷനിലൂടെ കടന്നു പോയവരോ, ന്യൂറോട്ടിക്, സൈക്കോട്ടിക് പ്രശ്‌നങ്ങളുടെ ഒരു ഫാമിലി ഹിസ്റ്ററിയോ ഉണ്ടെങ്കില്‍ ഈ അവസ്ഥകളിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

ഒട്ടും ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നത് ഗര്‍ഭ കാലത്തു ഉണ്ടാവുന്ന Antenatal or Prenatal Depression എന്ന് വിളിക്കപ്പെടുന്ന വിഷാദ അവസ്ഥകള്‍ ആണെന്ന് തോന്നുന്നു. കുഞ്ഞിന് ജന്മം നല്കുന്നതിനെക്കുറിച്ചും പേരെന്റിങ്ങിനെ കുറിച്ചുമെല്ലാം അകാരണമായ ഭയം, ഇമോഷണലി അണ്‍സ്‌റ്റേബിളാവുക, ഭാവിയെക്കുറിച്ചു പ്രതീക്ഷയില്ലാത്ത അവസ്ഥ വരിക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ തള്ളിക്കളയേണ്ട കാര്യങ്ങളല്ല. അമ്മയുടെ മാനസിക അവസ്ഥകളെക്കുറിച്ചുള്ള സൂചകങ്ങളാണ് ഈ ലക്ഷണങ്ങള്‍.

 

എന്താണ് പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ്?

ഓരോ 1,000 പ്രസവങ്ങളിലും 1-2 പേരെ പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് ബാധിക്കുന്നു. ഈ ഘട്ടത്തില്‍ ന്യൂ മദര്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്ന് പോകുന്നു. കുഞ്ഞിനേയും സ്വയവും അപകടം വരുത്തുന്ന ചിന്തകള്‍ ഉണ്ടാവുക, കുഞ്ഞ് possessed ആണെന്ന് കരുതുക, ആത്മഹത്യാ പ്രവണത കാണിക്കുക, കുഞ്ഞിനെ കൊല്ലാന്‍ ശ്രമിക്കുക എന്നിവ പോസ്റ്റ് പാര്‍ട്ടം സൈക്കോസിസിന്റെ ലക്ഷണങ്ങളാവാം.

ആത്മഹത്യാ സാധ്യതയും ശിശുഹത്യ സാധ്യതയും ഉള്ള ഒരു മാനസികാവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്. വളരെ പെട്ടെന്ന് വൈദ്യസഹായം തേടിയില്ലെങ്കില്‍ ഒരുപക്ഷെ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ തന്നെ നഷ്ടമായേക്കാം.

ഇത്രയുമൊക്കെ അനുഭവിക്കുന്ന ആളുകള്‍ക്ക് കുറച്ചല്ല, കുറച്ചധികം പരിഗണന തന്നെ വേണം. നമ്മുടെ ഭരണഘടനയിലൊക്കെ പറയുന്ന പ്രൊട്ടക്ടീവ് ഡിസ്‌ക്രിമിനേഷന്റെ (Protective Discrimination) മറ്റൊരു വേര്‍ഷന്‍ ആയി വേണമെങ്കില്‍ ആ പരിഗണനയെ കരുതിക്കോളൂ.

ഇത് വിവാദമായപ്പോള്‍ അഭിഷാദ് ഗുരുവായൂര്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്തിരുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ ഇകഴ്ത്തിക്കാണിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല എന്നും പുരുഷന്മാര്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിഗണന കിട്ടുന്നില്ല, അതിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് താന്‍ ചെയ്തതെന്നുമാണ് അഭിഷാദിന്റെ വിശദീകരണം.

ആ വീഡിയോയില്‍ തന്നെ, സ്ത്രീകള്‍ അനുഭവിക്കുന്ന മൂഡ് സ്വിങ്‌സും മറ്റും തമാശയായി ചിത്രീകരിച്ചു, അത് പാടില്ല എന്നത് മനസിലാക്കുന്നു എന്നും അഭിഷാദ് പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ നല്ലതാണ്. ഇതൊരു തിരിച്ചറിവാണ്. സാധാരണ ആളുകള്‍ ഇങ്ങനെയൊരു ഏറ്റുപറച്ചില്‍ ഒന്നും നടത്താറില്ല. പലരും ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് ലൈനില്‍ ഇരിക്കാറാണ് പതിവ്.

ഡിപ്രെഷന് വര്‍ഷങ്ങളായി മരുന്ന് കഴിക്കുന്ന, തെറാപ്പി എടുക്കുന്ന, ADHD-യുമായി ജീവിതം കൊണ്ടു പോകാന്‍ അത്യാവശ്യം ബുദ്ധിമുട്ടി ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതിന്റെയൊക്കെ ഒരു എപ്പിസോഡില്‍ നിന്ന സമയത്ത്, ആ അവസ്ഥകളെ നിസ്സാരമായി കാണുന്ന ചില എഴുത്തുകള്‍, ആളുകളുടെ പറച്ചിലുകള്‍ ഒക്കെ ട്രിഗര്‍ ചെയ്തിട്ടുണ്ട്.

‘R u ok’ എന്നൊരു മെസ്സേജും, നീ ഏത് സമയത്ത് വേണമെങ്കിലും വിളിച്ചോ, തിരക്കാണേല്‍ ഞാന്‍ തിരിച്ചു വിളിച്ചോളാം (വളരെ സാധാരണം എന്ന് പലര്‍ക്കും തോന്നാവുന്ന മെസ്സേജുകള്‍) എന്നൊക്കെ പറഞ്ഞ മനുഷ്യരുടെ കരുതലും മെഡിക്കേഷനും തെറാപ്പിയും ഒക്കെ ആത്മഹത്യയുടെ വക്കില്‍ നിന്ന് ജീവിതം തിരികെപ്പിടിക്കാന്‍ സഹായമായിട്ടുണ്ട്.

പിന്നീട്, അതൊക്കെ ഒരു പക്ഷെ ഹീലിങ്ങിന്റെ, സുഖപ്പെടുത്തലിന്റെ മാലാഖയായ റാഫേലിന്റെ സാന്നിധ്യമായിരുന്നുവെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ഒരു കംമിങ് ഔട്ട് പോലെ ഇപ്പോള്‍ ഈ എഴുത്ത് സാധ്യമാക്കിയത് പോലും ഡോ. ഷിംന അസീസിന്റെ കുറിപ്പാണ്.

കാരണം, ഇതനുഭവിക്കുന്ന ഒരാള്‍, കൃഷ്ണപ്രഭയുടെയും, അഭിഷാദിന്റെയും വീഡിയോ കണ്ടാല്‍ പലപ്പോളും ട്രിഗറാവുകയാണ് ചെയ്യുക. ഒരുപാട് പേര്‍ ശ്രദ്ധിക്കുന്ന ഒരു മോട്ടിവേഷണല്‍ സ്പീക്കറിന്, ഒന്ന് ശ്രമിച്ചാല്‍ വളരെയധികം ആളുകളിലേക്ക് മെന്റല്‍ ഹെല്‍ത്ത് അവെയര്‍നെസ്സ് എത്തിക്കാന്‍ സാധിക്കും. അതിനും കൂടി ശ്രമിക്കുമെന്ന് കരുതുന്നു.

 

Content highlight: Arun Angela writes about depression

 

അരുൺ എയ്ഞ്ചല
ഫോട്ടോ ജേര്‍ണലിസ്റ്റ്