കംഗാരു കോടതിയും, നടി ആക്രമിക്കപ്പെട്ട കേസും; നീതിയും ന്യായവും ഇറങ്ങിപ്പോയ ദുഷിച്ച വ്യവസ്ഥിതിയും
DISCOURSE
കംഗാരു കോടതിയും, നടി ആക്രമിക്കപ്പെട്ട കേസും; നീതിയും ന്യായവും ഇറങ്ങിപ്പോയ ദുഷിച്ച വ്യവസ്ഥിതിയും
അരുൺ എയ്ഞ്ചല
Friday, 12th December 2025, 1:41 pm
പല നീതിപീഠങ്ങളും കംഗാരു കോര്‍ട്ടുകളായി മാറുന്ന കാലത്ത് മാധ്യമക്കോടതികള്‍ നീതി നല്‍കുന്നു എന്ന തോന്നലിലേക്ക് ജനങ്ങളെത്തുന്നു എന്നത് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആശ്വാസം നല്‍കുന്നുണ്ട്. പക്ഷെ അതില്‍ ഒട്ടും അഭിമാനിക്കാന്‍ സാധിക്കുന്നില്ല, കാരണം ഇന്നാട്ടിലെ ജുഡീഷ്യല്‍ വ്യവസ്ഥയുടെ അപചയമാണ് ആ തോന്നലിലേക്ക് മനുഷ്യനെ എത്തിക്കുന്നത് | അരുണ്‍ ഏയ്ഞ്ചല ഡൂള്‍ന്യൂസിലെഴുതുന്നു

എന്തായിരുന്നു കേസ്?

2017 ഫെബ്രുവരി 17ന് രാത്രിയില്‍ തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് പോകുമ്പോള്‍ ആറ് പുരുഷന്മാര്‍ നടിയെ തട്ടിക്കൊണ്ടുപോയി. പള്‍സര്‍ സുനി എന്നയാള്‍ സ്വന്തം കാറിനുള്ളില്‍ തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ചു. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഭക്ഷണം എത്തിക്കുന്ന ട്രാവലറിലേക്ക് മാറ്റിയും പീഡനം തുടര്‍ന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. രാത്രി തന്നെ നടിയെ കൊച്ചിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു.

നടന്‍ ലാലിന്റെ വീട്ടില്‍ നടി അഭയം തേടി. പോലീസ് സ്ഥലത്തെത്തുകയും അന്നുതന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.അന്നത്തെ തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ് അതിജീവിതയ്ക്ക് നല്‍കിയ പിന്തുണയും എടുത്തു പറയത്തക്കതായിരുന്നു.

തൃശൂരില്‍ നിന്ന് നടിയുടെ വാഹനം ഓടിച്ച ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി തൊട്ടടുത്ത ദിവസം തന്നെ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പള്‍സര്‍ സുനി എന്ന എന്‍.എസ്. സുനില്‍ ആണ് മുഖ്യപ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

Actress attack case: Accused one to six found guilty

പള്‍സര്‍ സുനി

ഫെബ്രുവരി 18ാം തിയതി തന്നെ നടിയുടെ രഹസ്യമൊഴി കളമശ്ശേരി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്ത് ഒന്നാം പ്രതിയാക്കി.

മറ്റ് നിരവധി പ്രതികളെ അറസ്റ്റ് ചെയ്തു. പ്രാഥമിക മൊഴികളിലും ഫോറന്‍സിക് തെളിവുകളിലും ആക്രമണം റെക്കോര്‍ഡ് ചെയ്തത് സുനിയല്ല, മറിച്ച് മറ്റൊരാള്‍ ബ്ലാക്ക് മെയ്‌ലിങ്ങിനായി ഉപയോഗിച്ചതാണെന്നാണ് സൂചന ലഭിച്ചു.

കാര്‍ യാത്രയ്ക്കിടെ സുനി അതിജീവിച്ചയാളോട് താന്‍ ഒരു ‘ക്വട്ടേഷന്‍’ അല്ലെങ്കില്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞിരുന്നു.

ആക്രമണം ഒരു ഒറ്റപ്പെട്ട കുറ്റകൃത്യമല്ലെന്നും അതിജീവിച്ചയാളെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷകര്‍ തന്നെ കണ്ടെത്തിയിരുന്നു. അഴ്ചകള്‍ക്കുള്ളില്‍, പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്ത് പുറത്തു വന്നു. കത്തില്‍ സുനില്‍ ദിലീപിനോട് തന്റെ പ്രതിഫലം ആവശ്യപ്പെട്ടു.

പൾസർ സുനി ‌| ദിലീപ്

തുടര്‍ന്ന് മൊഴികള്‍, ഫോണ്‍ രേഖകള്‍, നിരവധി പ്രതികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവയിലൂടെ അന്വേഷണം പുരോഗമിക്കുകയും ഒടുവില്‍ 2017 ജൂലൈ പത്തിന് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്തു.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍ ബി, വിജീഷ് വി.പി, വടിവാള്‍ എന്ന സലിം എച്ച്, പ്രദീപ്, ചാര്‍ളി തോമസ്, ദിലീപ് എന്ന പി. ഗോപാലകൃഷ്ണന്‍, മേസ്തിരി സനില്‍ എന്ന സനില്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 366 (തട്ടിക്കൊണ്ടുപോകല്‍), 376 ഡി (കൂട്ടബലാത്സംഗം), തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.അറസ്റ്റിനു പിന്നാലെ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം 2017 ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

2017 നവംബര്‍ 22ന് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അനുസരിച്ച് ദിലീപ് കേസിലെ എട്ടാം പ്രതിയായി. കേസില്‍ ആകെ 12 പ്രതികളും 355 സാക്ഷിമൊഴികളും ഉണ്ടായിരുന്നു.

സിനിമാ പ്രവര്‍ത്തകരായ 18 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. നൂറുകണക്കിന് സാക്ഷികളെ വിസ്തരിക്കുകയും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും ചെയ്തു.

2020 ജനുവരി 30ന് വിചാരണ ആരംഭിച്ചു. വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന് 2018 ജനുവരിയില്‍ ആക്രമിക്കപ്പെട്ട നടി ആവശ്യമുന്നയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ സെഷന്‍സ് ജഡ്ജ് ആയിരുന്ന ഹണി എം. വര്‍ഗീസിനെ കേസിനായി ഹൈക്കോടതി നിയമിച്ചു. 2020 ജനുവരി 30നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.

ഹണി എം. വര്‍ഗീസ്. Photo: Reddit

കേസിലെ നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും വിചാരണ, പ്രത്യേക കോടതിയുടെ അടച്ചിട്ട മുറിയില്‍ ആരംഭിക്കുകയും ചെയ്തു.

നടിയെയാണ് ആദ്യം വിസ്തരിച്ചത്. വാദത്തിനിടെ നടീനടന്‍മാര്‍ അടക്കം 28 സാക്ഷികള്‍ കൂറുമാറി. ശക്തമായ സമ്മര്‍ദ്ദത്തിനിടയിലും മഞ്ജു വാര്യര്‍, ഗീതു മോഹന്‍ ദാസ്, ബാലചന്ദ്രകുമാര്‍, കുഞ്ചാക്കോ ബോബന്‍, രഞ്ജു രഞ്ജിമാര്‍, റിമി ടോമി എന്നിവര്‍ കൂറു മാറാതെ അതിജീവിതയ്‌ക്കൊപ്പം നിന്നു.

അന്ന് അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു, ബിന്ദു പണിക്കര്‍, ഭാമ, സിദ്ദീഖ്, നിര്‍മാതാവ് രഞ്ജിത്ത്, കാവ്യ മാധവന്‍, നാദിര്‍ഷ തുടങ്ങിയ പ്രമുഖര്‍ കോടതിയില്‍ മൊഴി മാറ്റി. ഒടുവില്‍ ഡിസംബര്‍ എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അന്തിമ വിധി പറഞ്ഞു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരുന്നത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന കാരണത്താല്‍ കേസില്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ വെറുതെ വിട്ടു.

 

ആരാണ് വിധി പറഞ്ഞ ഹണി എം വര്‍ഗീസ്?

ഈ ജഡ്ജിയില്‍ നിന്ന് നീതി ലഭിക്കില്ല എന്നും, കോടതിയിലെ വിചാരണ വേളയിലെ ജഡ്ജിയുടെ ഇടപെടലുകള്‍ തന്നെ വീണ്ടും ട്രോമയിലാക്കും വിധമാണെന്നും അതുകൊണ്ട് വിചാരണ മറ്റൊരു ജഡ്ജിന്റെ കീഴിലേക്ക് മാറ്റണമെന്നും അതിജീവിത പരാതി പറഞ്ഞ ജഡ്ജായിരുന്നു ഹണി എം വര്‍ഗീസ്.

ജഡ്ജിയുടെ നടപടികളില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്നും പിന്മാറിയത്. അതിജീവിതയുടെ വിശ്വാസ്യത തകര്‍ക്കും വിധമായിരുന്നു ജഡ്ജിന്റെ ചോദ്യങ്ങളെന്ന് പ്രോസിക്യൂഷനും ആരോപിച്ചിരുന്നു.

നടിയെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദുരുപയോഗം ചെയ്യപ്പെട്ടു. ഇത് ശാസ്ത്രീയമായി കണ്ടെത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ട് ജഡ്ജി രണ്ട് വര്‍ഷത്തോളം മറച്ചുവെച്ചു.

‘ജഡ്ജി ഹണി എം. വര്‍ഗീസ് കേസ് പരിഗണിച്ചാല്‍ തനിക്ക് നീതി ലഭിക്കില്ല’ എന്നായിരുന്നു അതിജീവിത നേരത്തെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്.

‘ഇപ്പോള്‍വനിതാ ജഡ്ജിയുടെ കീഴില്‍ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ല. കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വേദനാജനകമായ കാര്യമാണത്. മെമ്മറി കാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടാകുമെന്ന് സംശയിക്കണം. ദൃശ്യങ്ങള്‍ പ്രചരിക്കുമോ എന്ന് പേടിയുണ്ട്. ഇത് വനിതാ ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ല’ അതിജീവിത രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

എന്നാല്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതി ഹര്‍ജി തള്ളി.

തുടര്‍ന്ന് 2020 ഡിസംബറില്‍, കേസില്‍ വിചാരണ കോടതിയിലെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജഡ്ജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും അത് ജഡ്ജിയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

വിവാദപരമായ കേസ് ആയതിനാല്‍ ജഡ്ജിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാകുമെന്നും ജഡ്ജിക്കോ കോടതിക്കോ എതിരെ സര്‍ക്കാര്‍ ഇത്തരം മോശം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

 

പുതിയ കീഴ്‌വഴക്കം? ഇരട്ടനീതി

എന്നാല്‍ 2022ല്‍ ട്വന്റി-20 പ്രവര്‍ത്തകനായ സി.കെ. ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രസ്തുത കേസ് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ കീഴില്‍ നിന്നും മാറ്റണമെന്ന് ദീപുവിന്റെ അച്ഛന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയും ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

അപ്പോള്‍, ഒരു സ്ത്രീ ആക്രമിക്കപ്പെട്ട കേസില്‍, അതും ജഡ്ജിയുടെ നടപടികളില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്നും പിന്മാറിയ കേസില്‍ ജഡ്ജിയെ മാറ്റിയാല്‍ തെറ്റായ കീഴ്‌വഴക്കം ആകുമെന്ന് ഹൈക്കോടതിയും അത് ജഡ്ജിയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് സുപ്രീം കോടതിക്കും പറയാന്‍ തോന്നുന്നതിനെയാണ് പാട്രിയാര്‍ക്കല്‍ ബോധ്യം എന്ന് പറയുക.

 

എന്ത് കൊണ്ടാണ് അവള്‍ക്കൊപ്പം എന്ന് പറയുന്നവര്‍ പലരും കോടതി നീതി നിഷേധിച്ചു എന്ന് പറയാത്തത്?

ഉത്തരം വളരെ ലളിതമാണ്. രാഷ്ട്രപിതാവിനെയും ദൈവത്തെയും പോലും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള ജനാധിപത്യ സംവിധാനത്തില്‍, ഒരു പൗരന് കോടതിയേയോ ജഡ്ജിയെയോ വിമര്‍ശിക്കാനാവില്ല എന്ന ശക്തമായ ബോധ്യം സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഇത് പ്രവൃത്തികളിലൂടെ കോടതി സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു.

ഈ വര്‍ഷം കേരളത്തില്‍ നടന്ന ഒരുദാഹരണം പറയാം. 2025 ജൂലൈയില്‍ കേരള ഹൈക്കോടതി, ജഡ്ജിമാര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ വിമര്‍ശനപരമായ പോസ്റ്റിട്ടയാള്‍ക്ക് മൂന്ന് ദിവസം തടവും 2,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ജഡ്ജിമാര്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ടെന്നും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വിധി പറയുന്നുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ട എറണാകുളം സ്വദേശി പി.കെ. സുരേഷ് കുമാറിനെയാണ് ഡിവിഷന്‍ ബെഞ്ച് ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്.

ദേവസ്വം ബെഞ്ചിലെ ജഡ്ജിയായ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ സംഘപരിവാര്‍ സ്വാധീനത്തിന് വഴങ്ങിയാണ് വിധികള്‍ പുറപ്പെടുവിക്കുന്നതെന്നും, ഇത് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ വേണ്ടിയാണെന്നുമായിരുന്നു സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അനില്‍ കെ. നരേന്ദ്രന്‍. Photo: lawyers.legalauthority.in

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ ‘വാചകമടി’ (Verbal Diarrhea) ആണെന്ന് മറ്റൊരു പോസ്റ്റും സുരേഷ് കുമാര്‍ ചെയ്തിരുന്നു.

ജില്ലയിലെ സേവാഭാരതി യൂണിറ്റിന്റെ ഉദ്ഘാടനം ഉള്‍പ്പെടെ, സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടികളില്‍ ഒരു മുതിര്‍ന്ന ജഡ്ജി പങ്കെടുക്കുന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്ന അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഇതിന് ശേഷം, വാസ്തവത്തില്‍ കോടതി സുരേഷ് കുമാറിനെ വൈരനിര്യാതന ബുദ്ധിയോടെ വേട്ടയാടുന്നതാണ് കണ്ടത്. 13 മാസം കൊണ്ട് 22 സിറ്റിങ്ങ്, മൂന്ന് ഡിവിഷന്‍ ബെഞ്ചുകള്‍ ഇത്രയുമൊക്കെയാണ് ഇയാള്‍ക്ക് നേരിടേണ്ടി വന്നത്. ‘27 തവണ അപ്പിയറന്‍സ്, ഫയലിങ്, തിരുത്തല്‍ ഒക്കെയായി ഹൈകോടതിയില്‍ കയറി ഇറങ്ങി. ജോലി പോയി, വിസ കാന്‍സല്‍ ആയി, സാമ്പത്തികമായി തകര്‍ന്നു,’സുരേഷ് കുമാര്‍ പറയുന്നു.

ഈ കേസുകളെല്ലാം അദ്ദേഹം സ്വയം വാദിക്കുകയായിരുന്നു. ഇതിന് മുന്‍പും സുരേഷ് കുമാറിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് വന്നിട്ടുണ്ട്. രണ്ടാം കോടതി അലക്ഷ്യ കേസില്‍ മൂന്ന് ദിവസം ജയില്‍ ശിക്ഷയും രണ്ടായിരം രൂപ ഫൈനും ഇമ്മീഡിയറ്റ് ഇഫക്ടില്‍ ശിക്ഷ നടപ്പാക്കുകയാണുണ്ടായത്. അപ്പീല്‍ നല്‍കാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ജൂലൈ 16നാണ് സുരേഷിന് മൂന്ന് ദിവസത്തെ തടവും 2,000 രൂപ പിഴയും ഹൈക്കോടതി വിധിച്ചത്.

ജസ്റ്റിസ് രാജ വിജയരാഘവന്‍ വി, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയേയും രാഷ്ട്രപിതാവിനെയും ദൈവങ്ങളെയും വരെ വിമര്‍ശിക്കാവുന്ന നാട്ടില്‍, ജഡ്ജിയെ വിമര്‍ശിച്ചതിനു ജുഡീഷ്യല്‍ സംവിധാനം ഒരു സാധാരണക്കാരന്റെ എങ്ങനെ ജീവിതത്തെ തകര്‍ത്തു കളഞ്ഞു എന്നതാണ് സുരേഷ് കുമാറിന്റെ അനുഭവം നമുക്ക് കാട്ടിത്തരുന്നത്.

ക്രിമിനല്‍ കോടതിയലക്ഷ്യക്കേസിന്റെ പ്രത്യേകത, അതില്‍ പരാതിക്കാരനും പരാതിക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നതും ഒരേ സംവിധാനം തന്നെയാണെന്നുള്ളതാണ്.

‘ഇത് കോടതിക്കെതിരായ കേസാണ്. കോടതിക്കും അതിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്കുമെതിരെ വാദിച്ചുകൊണ്ട് ഒരു അഭിഭാഷകനും അവരുടെ കരിയര്‍ തകര്‍ക്കാന്‍ ആഗ്രഹിക്കില്ല. സൗജന്യ നിയമോപദേശത്തിനുള്ള വ്യവസ്ഥ ഞാന്‍ ആക്സസ് ചെയ്താലും, അവര്‍ എന്നെപ്പോലെ കേസില്‍ ശ്രദ്ധ കേന്ദ്രീകരിക്കില്ല,’ എന്ന് സുരേഷ്‌കുമാര്‍ പറഞ്ഞിരുന്നു.

കൊലപാതകം ചെയ്ത ആളുകള്‍ക്ക് പോലും സൗജന്യ നിയമോപദേശത്തിനുള്ള വ്യവസ്ഥയുള്ള രാജ്യത്ത് കോടതിയലക്ഷ്യക്കേസില്‍ ഫലത്തില്‍ അതും നിഷേധിക്കപ്പെടുന്നു.

സത്യത്തില്‍ എവിടുന്നാണ് കോടതിയലക്ഷ്യത്തിന്റെ ഉത്ഭവം?

ഒരു കോടതിയെയും അതിലെ ഉദ്യോഗസ്ഥരെയും അനുസരിക്കാതിരിക്കുകയോ അനാദരവ് കാണിക്കുകയോ ചെയ്യുക എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കുകളായ Contemptuous Curiae എന്നതില്‍ നിന്നാണ് Contempt of Court എന്ന പ്രയോഗമുണ്ടായത്.

രാജാക്കന്മാരുടെ ദൈവദത്തമായ അധികാരം എന്ന യൂറോപ്യന്‍ ആശയത്തിലാണ് ഇതിന്റെ വേരുകള്‍. രാജാവിന്റെ ഈ അധികാരങ്ങളില്‍ ഇടപെടുന്നത് ഒരു ദൈവിക പ്രക്രിയയെ തടസ്സപ്പെടുത്തുന്നതായി കണക്കാക്കപ്പെട്ടിരുന്നു.

Photo: Gemini

”രാജാവിനെ അപമാനിക്കുകയോ, രാജസഭയെ വഞ്ചിക്കുകയോ, (രാജാവിനെതിരെ) ദുഷ്ടശ്രമങ്ങള്‍ നടത്തുകയോ, ബ്രാഹ്‌മണരുടെ അടുക്കളകളുടെ പവിത്രത അവഗണിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയുടെയും നാവ് ഛേദിക്കപ്പെടും.” എന്ന് അര്‍ത്ഥശാസ്ത്രവും പറയുന്നു. അപ്പോള്‍ ഇവിടെയും സമാന നിയമങ്ങള്‍ ഉണ്ടായിരുന്നു.

ആധുനിക കാലത്ത് 1926 ലാണ് ഇന്ത്യയില്‍ ആദ്യമായി കോടതിയലക്ഷ്യ നിയമങ്ങള്‍ നിലവില്‍ വന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇത് 1952ലെ കോടതിയലക്ഷ്യ നിയമത്തിന് വഴി മാറി. പിന്നീട് എച്ച്.എന്‍. സന്യാല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി 1971ല്‍ കോടതിയലക്ഷ്യ നിയമം നിലവില്‍ വന്നു.

ഇപ്പോള്‍ നിലവിലുള്ള നിയമം ഇതാണ്. നിയമമനുസരിച്ചു സിവില്‍ കോടതിയലക്ഷ്യവും ക്രിമിനല്‍ കോടതിയലക്ഷ്യവുമുണ്ട് .

‘ഒരു കോടതിയുടെ ഏതെങ്കിലും വിധി, ഉത്തരവ്, നിര്‍ദ്ദേശം, ഉത്തരവ്, റിട്ട് അല്ലെങ്കില്‍ മറ്റ് നടപടിക്രമങ്ങള്‍ എന്നിവയോട് മനഃപൂര്‍വ്വം അനുസരണക്കേട് കാണിക്കല്‍ അല്ലെങ്കില്‍ കോടതിക്ക് നല്‍കിയ പ്രതിജ്ഞയുടെ മനഃപൂര്‍വ്വമായ ലംഘനം.’ എന്നിവ സിവില്‍ കോടതിയലക്ഷ്യത്തില്‍ വരുന്നു.

Photo: Gemini

‘ഏതെങ്കിലും കോടതിയുടെ അധികാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതോ താഴ്ത്തുന്നതോ പ്രവണത കാണിക്കുന്നതോ, അല്ലെങ്കില്‍ ഏതെങ്കിലും ജുഡീഷ്യല്‍ നടപടിക്രമങ്ങളുടെ ശരിയായ ഗതിയില്‍ മുന്‍വിധികള്‍ സൃഷ്ടിക്കുന്നതോ ഇടപെടുന്നതോ പ്രവണത കാണിക്കുന്നതോ, അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തില്‍ നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതോ ആയ എന്തെങ്കിലും പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതും, ജുഡീഷ്യറിയോടോ അല്ലാതെയോ നടത്തിയ തെറ്റായ പ്രസ്താവനകളും ജഡ്ജിമാര്‍ക്കെതിരായ പക്ഷപാതം പോലുള്ള ആരോപണങ്ങളൊക്കെയാണ് ക്രിമിനല്‍ കോടതിയലക്ഷ്യത്തില്‍ വരുന്നത്.

 

ജഡ്ജിമാര്‍ വിശുദ്ധ പശുക്കളാണോ? എന്ത് കൊണ്ട് ജഡ്ജിമാര്‍ വിമര്‍ശിക്കപ്പെടുന്നു?

സംഘപരിവാറിന് അത്ര പ്രിയമില്ലാത്ത, എസ്.സി, എസ്.ടി അതിക്രമങ്ങള്‍ തടയുന്നതിനുള്ള ആക്ട് നേര്‍പ്പിച്ച സുപ്രീം കോടതിയിലെ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ വിരമിച്ച അതേ ദിവസം 2018 ജൂലൈ 6ന്, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ടു.

കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്രയെ, 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിനുശേഷം, സുപ്രീം കോടതി കൊളീജിയം സുപ്രീം കോടതിയിലേക്ക് നിയമിച്ചു.

ജസ്റ്റിസ് അരുണ്‍ മിശ്ര. Photo: Article 14/x.com

ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ സമര്‍പ്പിച്ച രണ്ട് പ്രഥമ വിവര റിപ്പോര്‍ട്ടുകളില്‍ നീതിയുക്തവും വിശ്വസനീയവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ഹര്‍ജി 2015 ഒക്ടോബര്‍ 13 ന് ദത്തു-മിശ്ര ബെഞ്ച് തള്ളി. കേസില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) പ്രസിഡന്റ് അമിത് ഷായെയും മറ്റ് നിരവധി പേരെയും പ്രതികളാക്കണമെന്ന ഭട്ടിന്റെ ഹര്‍ജിയും കോടതി തള്ളി.

സഞ്ജീവ് ഭട്ട്. Photo: Sanjiv Bhatt/Facebook.com

ഗോധ്ര ട്രെയിന്‍ തീപിടുത്തത്തില്‍ 57 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മുസ്‌ലിങ്ങള്‍ക്കെതിരായ പ്രതികാര ആക്രമണങ്ങള്‍ക്ക് അന്നത്തെ മുഖ്യമന്ത്രി പച്ചക്കൊടി കാണിച്ചതായി ഭട്ട് ആരോപിച്ചു.

ഭട്ട് ശുദ്ധമായ കൈകളോടെയല്ല കോടതിയില്‍ വന്നതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. ജസ്റ്റിസ് മിശ്ര, വിരമിച്ച് ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍പേഴ്സണായി നിയമിതനായി. പ്രത്യേകം ശ്രദ്ധിക്കുക ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍!

ജസ്റ്റിസ് അശോക് ഭൂഷണ്‍ 2021 ജൂലൈ 4ന് വിരമിച്ചു. അയോധ്യയിലെ ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള വഴിയൊരുക്കിയ വിധി പറഞ്ഞ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍. 2021 നവംബര്‍ 8ന് ജസ്റ്റിസ് ഭൂഷണ്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെയര്‍പേഴ്സണായി നിയമിതനായി.

അശോക് ഭൂഷണ്‍. Photo: Wikipedia/Wikimedia Commons

ജസ്റ്റിസ് ഹേമന്ത് ഗുപ്ത 2022, ഒക്ടോബര്‍ 16ന് വിരമിച്ചു. ബസവരാജ് ബൊമ്മൈ നയിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ 2022 ഫെബ്രുവരി 5ന് ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ കോളേജില്‍ പോകാന്‍ അനുവദിക്കില്ലെന്ന വിവാദ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

കേസ് സുപ്രീം കോടതിയുടെ രണ്ടാംഗ ബെഞ്ചില്‍ എത്തിയപ്പോള്‍ ക്ലാസ് മുറികളില്‍ മതചിഹ്നം ധരിക്കാന്‍ അനുവദിക്കുന്നത് മതേതര വിരുദ്ധമാണെന്നും ഹിജാബ് ധരിക്കേണ്ടത് ഇസ്‌ലാം മതത്തിന്റെ അനിവാര്യമായ മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിവച്ചുകൊണ്ട് ഹേമന്ത് ഗുപ്ത നിലപാടെടുത്തു.

ജസ്റ്റിസ് ഹേമന്ത് ഗുപ്ത. Photo: Wikipedia

അതേ ബെഞ്ചിലെ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ഹൈക്കോടതിയുടെ വിധി തള്ളി. പരസ്പര വിരുദ്ധ നിലപാടുകള്‍ ഒരേ ബെഞ്ചില്‍ നിന്നു വന്നതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വിഷയം ചീഫ് ജസ്റ്റിസിന് വിട്ടു.

വിരമിച്ചതിന് രണ്ട് മാസത്തിന് ശേഷം, ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ ന്യൂദല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിന്റെ ചെയര്‍മാനായി കേന്ദ്രം നിയമിച്ചു.

ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ 2023 ജനുവരി 4ന് വിരമിച്ചു. അയോധ്യ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലും കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന നിയമം ചോദ്യം ചെയ്തുള്ള ഹരജികള്‍ തള്ളിയ ബെഞ്ചിലും ഇദ്ദേഹമുണ്ടായിരുന്നു. വിരമിച്ച അടുത്ത മാസം തന്നെ 2023 ഫെബ്രുവരി 12 ന് ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചു.

ജസ്റ്റിസ് എസ്. അബ്ദുൾ നസീർ. Photo: Wikipedia

ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് 2019 നവംബര്‍ 17നാണ് വിരമിക്കുന്നത്. അയോദ്ധ്യ ബാബറി മസ്ജിദ് വിധി പറഞ്ഞത് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു. റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിന് രണ്ടുതവണ ക്ലീന്‍ ചിറ്റ് നല്‍കിയ ബെഞ്ചിന് നേതൃത്വം നല്‍കിയതും ഇദ്ദേഹമായിരുന്നു.

രഞ്ജന്‍ ഗൊഗോയ്. Photo: Wikipedia/Wikimedia Commons

വിരമിച്ചു വെറും നാല് മാസങ്ങള്‍ക്ക് ശേഷം, 2020 മാര്‍ച്ച് 19ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. മേല്‍പ്പറഞ്ഞ എല്ലാവരും സുപ്രീം കോടതി ജഡ്ജുമാരാണ്. ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേരും വിരമിച്ചതിനു ശേഷം ഉന്നത പദവികളില്‍ നിയമിക്കപ്പെട്ടു. ഇത്രയും സുപ്രീം കോടതിയുടെ കാര്യമാണ്.

ഹൈക്കോടതികളും ഇതില്‍ നിന്ന് മുക്തമല്ല. 2008ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുമായി ബന്ധപ്പെട്ട് Cash At Judge’s Door Scam’ എന്നറിയപ്പെട്ട ഒരു സംഭവം നടന്നു.

2008 ഓഗസ്റ്റ് 13ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് നിര്‍മല്‍ജിത് കൗറിന്റെ വസതിയില്‍ 15 ലക്ഷം രൂപ എത്തുന്നു. അവര്‍ പോലീസില്‍ അറിയിച്ചു. ഓഗസ്റ്റ് 16 പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ഓഗസ്റ്റ് 22ന് ജസ്റ്റിസ് നിര്‍മല്‍ യാദവിന് വേണ്ടിയായിരുന്നു പണം നല്‍കിയതെന്നും അത് ജസ്റ്റിസ് കൗറിന്റെ വീട്ടില്‍ തെറ്റായി എത്തിച്ചുവെന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റ് 26ന് ചണ്ഡീഗഡ് ഭരണകൂടം കേസ് സി.ബിയ.ഐക്ക് കൈമാറി.

സ്റ്റിസ് നിര്‍മല്‍ യാദവ്. Photo: High Court of Uttarakhand/ highcourtofuttarakhand.gov.in

സമാന്തരമായി, ജഡ്ജിമാരുടെ പങ്ക് അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ് മൂന്ന് ജഡ്ജിമാരുടെ കമ്മിറ്റി രൂപീകരിച്ചു. ഡിസംബര്‍ 12ന് കമ്മിറ്റി റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിനു സമര്‍പ്പിച്ചു. കെ.ജി. ബാലകൃഷ്ണന്‍ ആയിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ്. ഡിസംബറില്‍ ജസ്റ്റിസ് യാദവിനോട് അവരുടെ ഭാഗം വിശദീകരിക്കാന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

2009 ജനുവരിയില്‍ ജഡ്ജിമാരുടെ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് യാദവ് ചീഫ് ജസ്റ്റിസിന് കത്തെഴുതി. നവംബര്‍ 5ന് ജസ്റ്റിസ് യാദവ് കുറ്റവിമുക്തയാക്കപ്പെട്ടു.

പക്ഷെ ‘പണം കൈമാറിയ സമയത്ത് ജസ്റ്റിസ് നിര്‍മല്‍ജിത് കൗറിന്റെ വസതിയില്‍ ഉണ്ടായിരുന്ന ഒരു സുപ്രീം കോടതി ജഡ്ജിയെയും ഹൈക്കോടതി ജഡ്ജിയെയും ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ചോദ്യം ചെയ്യണം’ എന്ന് ജസ്റ്റിസ് യാദവ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അങ്ങനെയൊരു അന്വേഷണം ഉണ്ടായില്ല.

2025 മാര്‍ച്ച് 14 രാത്രി ദല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപ്പിടുത്തം ഉണ്ടായി, അദ്ദേഹം വീട്ടിലില്ലായിരുന്നു. ഫയര്‍ ഫോഴ്സ് തീയണയ്ക്കാന്‍ എത്തിയപ്പോള്‍ ഒരു മുറി മുഴുവന്‍ നോട്ടുകെട്ടുകള്‍ ശ്രദ്ധയില്‍പെട്ടു. സംഗതി പുറത്തറിഞ്ഞു, സുപ്രീം കോടതി കൊളീജിയം കൂടി.

ജസ്റ്റിസ് യശ്വന്ത് വര്‍മ. Photo: Allahabad High Court/ highcourtofuttarakhand.gov.in

ഈ സംഭവവികാസങ്ങള്‍ ദുഃഖകരമാണെന്ന് കൊളീജിയം അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സ്ഥലംമാറ്റം ശുപാര്‍ശ ചെയ്യാന്‍ ഏകകണ്ഠമായി തീരുമാനിച്ചു. അലഹബാദ് ഹൈക്കോടതിയില്‍ നിന്നാണ് യശ്വന്ത് വര്‍മ വരുന്നത്. അങ്ങോട്ടേക്ക് തിരിച്ചയക്കുക എന്ന കടുത്ത ശിക്ഷ നടപ്പാക്കും എന്നറിയുന്നു.

ഇപ്പോളും കണ്ടെടുത്ത തുക എത്രയുണ്ടെന്ന് അറിയില്ല. നാളെ യഥാര്‍ത്ഥ തുകയുടെ വിവരം ഒന്നും പുറത്ത് വരുമെന്നും കരുതാന്‍ വയ്യ.

പക്ഷെ ഇത്രയും നാള്‍ യശ്വന്ത് വര്‍മ പുറപ്പെടുവിച്ച വിധിന്യായങ്ങളെക്കുറിച്ച് ഒന്നോര്‍ത്തു നോക്കൂ, ഈ നോട്ടുകെട്ടുകളുടെ സ്മരണയില്‍ ആയിരിക്കില്ലേ അയാള്‍ പല വിധിന്യായങ്ങളും എഴുതിയത്. അതില്‍ നീതിയുടെ കണികയെങ്കിലും ഉണ്ടാകുമോ? ഈ വിധികള്‍ പുനപരിശോധിക്കപ്പെടുമോ?

2021ല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വാദം കേള്‍ക്കവേ, ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായിരുന്ന പുഷ്പ ഗനേഡിവാല, പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമ കുറ്റകൃത്യമായി കണക്കാക്കണമെങ്കില്‍, ‘ലൈംഗിക ഉദ്ദേശത്തോടെയുള്ള ചര്‍മ്മ സമ്പര്‍ക്കം’ ഉണ്ടായിരിക്കണമെന്ന് പറയുകയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈകള്‍ പിടിച്ച് കുറ്റാരോപിതനായ വ്യക്തിയുടെ പാന്റിന്റെ സിപ്പ് അഴിക്കുന്നത് നിയമത്തിലെ ‘ലൈംഗികാതിക്രമ’ത്തിന്റെ നിര്‍വചനത്തില്‍ പെടില്ലെന്നും വിധിച്ചു.

ജസ്റ്റിസ് പുഷ്പ ഗനേഡിവാല

തുടര്‍ന്ന് 2022 ഫെബ്രുവരി 12-ന് അഡീഷണല്‍ ജഡ്ജി സ്ഥാനത്തില്‍ നിന്ന് ഗനേഡിവാലയെ ജില്ലാ സെഷന്‍സ് ജഡ്ജിയായി തരംതാഴ്ത്തി. അവര്‍ പിന്നീട് രാജി വച്ചു.

2025 മാര്‍ച്ചില്‍, പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ചാലിലൂടെ വലിച്ചിഴക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ ചുമത്താന്‍ തക്കതായ കുറ്റമല്ലെന്ന് അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര വിധിച്ചു. 2023ല്‍ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്ന് വിധിച്ചതും ഇതേ ജഡ്ജിയായിരുന്നു.

ജഡ്ജ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര. Photo: Allahabad High Court/ highcourtofuttarakhand.gov.in

2025 മാര്‍ച്ച് 6ന് വന്ന ലൈംഗികാതിക്രമ കേസില്‍, മോചിതനായാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇരയെ വിവാഹം കഴിക്കണമെന്ന വ്യവസ്ഥയില്‍ അലഹാബാദ് ഹൈക്കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൃഷന്‍ പഹലായിരുന്നു കേസ് പരിഗണിച്ചത്.

2021 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍, പ്രതിയോട് ഇരയെ വിവാഹം കഴിക്കുമോ എന്നും വിവാഹം കഴിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാവും എന്ന് പറഞ്ഞത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ ഇങ്ങനെ നിലപാടെടുത്താല്‍ ആരോടാണ് പരാതി പറയുക.

ജസ്റ്റിസ് എസ്.എ. ബോബ്ഡെ. Photo: Wikipedia

അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് 2024 ഡിസംബര്‍ 10ന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വിവാദ പരാമര്‍ശം നടത്തി.

”ഇത് ഹിന്ദുസ്ഥാനാണ്. ഇവിടെ രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ ഇഷ്ടത്തിന് അനുസരിച്ചേ രാജ്യം പ്രവര്‍ത്തിക്കൂ. മുസ്‌ലിങ്ങള്‍ ബഹുഭാര്യാത്വവും മുത്തലാഖും പിന്തുടരുന്നവരാണ്. അവരുടെ കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ മൃഗങ്ങളെ കൊല്ലുന്നത് കണ്ടാണ് വളരുന്നത്.

ഹിന്ദുക്കളെ ചെറുപ്പം മുതലേ നന്മയെയും ദയയെയും കുറിച്ച് പഠിപ്പിക്കുന്നുണ്ട്. മുസ്‌ലിങ്ങള്‍ രാജ്യത്തിന് അപകടമാണ്. അവര്‍ രാജ്യത്തിനെതിരാണ്. രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണ്. അവരെ കരുതിയിരിക്കണം,” എന്നായിരുന്നു ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞത്.

ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്. Photo: Allahabad High Court/ highcourtofuttarakhand.gov.in

ഓക്‌സിജന്‍ പുറത്തുവിടുന്ന മൃഗമാണ് പശുവെന്നും അതിനാല്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഇദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

അമിത് ഷാ മുഖ്യപ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ ഷെയ്ക്കിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ വിചാരണയ്ക്ക് നേതൃത്വം നല്‍കിയ ജഡ്ജി ജസ്റ്റിസ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ 2014 ഡിസംബര്‍ 1 ന് ഹൃദയാഘാതം മൂലം മരിച്ചു.

ജസ്റ്റിസ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ

ലോയ മരിക്കുന്ന സമയത്ത് ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റായിരുന്നു അമിത് ഷാ. ജസ്റ്റിസ് ലോയയുടെ ഷര്‍ട്ടിന്റെ കോളറില്‍ രക്തക്കറ കണ്ടതായും മരണം അന്വേഷിക്കാന്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും, അതുണ്ടായില്ല.

കേരളത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഫ്‌ളക്സ് ബോര്‍ഡും കൊടിതോരണങ്ങളും ഉപയോഗിക്കുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ച സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും വച്ചിരുന്നു. സാധാരണയായി എല്ലാ പാര്‍ട്ടികളും ചെയ്യുന്ന കാര്യമാണ്. പക്ഷെ കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറയുകയുണ്ടായി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. Photo: Wikipedia

പക്ഷെ ഒരു വിഭാഗത്തിന് നേരേ പ്രത്യേകിച്ച് സി.പി.ഐ.എമ്മിന് എതിരെയാണ് സാധാരണയായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രൂക്ഷമായി പ്രതികരിക്കാറുള്ളത്.

2025 ജൂലൈയില്‍ ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് അഭിഭാഷകന്‍ വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞിരുന്നു.

ജസ്റ്റിസ് എന്‍. നഗരേഷ്. Photo: District Court Palakkad/ palakkad.dcourts.gov.in

ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതമാതാ എന്നൊരു ആശയം ഇല്ലെന്നുമോര്‍ക്കുക. മീഡിയവണ്‍ വാര്‍ത്താ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച കേരള ഹൈക്കോടതി ബെഞ്ചിലും ഇദ്ദേഹം ഉണ്ടായിരുന്നു.

 

കോടതികള്‍ വിമര്‍ശനത്തിന് അതീതമാണോ?

മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ വേണം കോടതിക്കെതിരായ വിമര്‍ശനങ്ങളെ കാണേണ്ടത്. 2020ല്‍ ജുഡീഷ്യറിയെ വിമര്‍ശിച്ചുകൊണ്ടുള്ള രണ്ട് ട്വീറ്റുകളുടെ പേരില്‍ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി കേസെടുത്തു.

പ്രശാന്ത് ഭൂഷണ്‍. Photo: Wikipedia

‘ഭാവിയില്‍ ചരിത്രകാരന്മാര്‍ കഴിഞ്ഞ 6 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഔപചാരിക അടിയന്തരാവസ്ഥ ഇല്ലാതെ പോലും ഇന്ത്യയില്‍ ജനാധിപത്യം എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് കാണുമ്പോള്‍, ഈ നാശത്തില്‍ സുപ്രീം കോടതിയുടെ പങ്കിനെയും പ്രത്യേകിച്ച് അവസാനത്തെ 4 ചീഫ് ജസ്റ്റിസുമാരുടെ പങ്കിനെയും അവര്‍ പ്രത്യേകം അടയാളപ്പെടുത്തും’ എന്നതായിരുന്നു ആദ്യ ട്വീറ്റ്.

‘നാഗ്പൂരിലെ രാജ്ഭവനില്‍ ഒരു ബി.ജെ.പി നേതാവിന്റെ 50 ലക്ഷംവിലവരുന്ന മോട്ടോര്‍ സൈക്കിളില്‍ ചീഫ് ജസ്റ്റിസ് മാസ്‌കോ ഹെല്‍മെറ്റോ ഇല്ലാതെ സഞ്ചരിക്കുന്നു, സുപ്രീം കോടതിയെ ലോക്ക്ഡൗണ്‍ മോഡില്‍ നിര്‍ത്തി പൗരന്മാരുടെ മൗലികാവകാശം നിഷേധിക്കുന്ന സമയത്ത്,’ എന്നതായിരുന്നു രണ്ടാമത്തെ ട്വീറ്റ്.

അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഒരു ബൈക്കില്‍ ഇരിക്കുന്നതിന്റെ ചിത്രം സഹിതമായിരുന്നു ട്വീറ്റ്. കോടതി ശ്രീ ഭൂഷണില്‍ നിന്ന് നിരുപാധികം മാപ്പ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു.

 

പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി കുറ്റക്കാരനാണെന്ന് വിധിക്കുകയും ഒരു രൂപ പിഴയൊടുക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.

രാജ്യത്തെ വിവിധ കോടതികളിലായി തീര്‍പ്പാകാതെ കിടക്കുന്ന കേസുകളുടെ എണ്ണം നാല് കോടി അറുപത്തഞ്ച് ലക്ഷത്തിന് മുകളിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഇന്ത്യയിലാണെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു.

ഈയവസ്ഥയിലും കോടതികളില്‍ കൊളോണിയല്‍ അവശേഷിപ്പായ മധ്യവേനലവധി ഉണ്ടെന്നോര്‍ക്കുക. പ്രശാന്ത് ഭൂഷണ്‍ ഉയര്‍ത്തിയത് പോലെയുള്ള കാമ്പുള്ള വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അതിനെ കോടതിയലക്ഷ്യം കൊണ്ട് നേരിടുകയും ഉന്നയിച്ച വിഷയങ്ങളിലേക്ക് പോകാതിരിക്കുകയും ചെയ്യുന്നതാണ് പ്രശ്‌നം.

‘ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി സംഘപരിവാര്‍ തേടാവുന്ന വഴികളിലൊന്ന് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായും വ്യാഖ്യാനിച്ചുകൊണ്ട് ജുഡീഷ്യറിയിലൂടെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നതാണ്’ എന്ന് ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ മുന്‍ വൈസ് ചാന്‍സലറും ഇപ്പോള്‍ സുപ്രീം കോടതി അഭിഭാഷകനുമായ ഡോ. ജി മോഹന്‍ ഗോപാല്‍ പറയുന്നു.

അദ്ദേഹം പറയുന്നതനുസരിച്ചു പല കോടതികളിലൂടെയും രാജ്യത്ത് നടക്കുന്നത് ഹിന്ദുരാഷ്ട്രത്തിന്റെ ശിലാസ്ഥാപനമാണ്.

സംഘപരിവാറിനനുകൂലമായ വിധികള്‍ പറഞ്ഞ ജഡ്ജുമാര്‍, വിരമിച്ച ശേഷം എങ്ങനെയാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഉന്നത സ്ഥാനങ്ങളിലും, ഗവര്‍ണര്‍ പദവികളിമെത്തുക? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കുക, വിമര്‍ശിക്കാനാവുക, എന്നതാണ് ജനാധിപത്യത്തിന്റെ സവിശേഷത. ഈ പശ്ചാത്തലത്തില്‍ എങ്ങനെയാണ് കോടതികള്‍ വിമര്‍ശനത്തിന് അതീതമാകുന്നത്.

കോടതിയലക്ഷ്യത്തിന് ഒരാളെ ശിക്ഷിക്കുമ്പോള്‍, അത് കേവലമൊരാളിലേക്ക് മാത്രം ഒതുങ്ങുന്നില്ല, മറിച്ചു മറ്റുള്ളര്‍ക്ക് ജുഡീഷ്യറിയെ വിമര്‍ശിച്ചാല്‍ ഇതാവും അനന്തരഫലം എന്ന സന്ദേശം കൂടി നല്‍കുന്നുണ്ട്.

ജനങ്ങളില്‍ ഭയം നിറയ്ക്കുകയാണോ കോടതിയുടെ ജോലി? വിമര്‍ശിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമ്പോള്‍ അത് ആര്‍ട്ടിക്കിള്‍ 19 1 (a) ഉറപ്പ് തരുന്ന മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാകുന്നു.

ഹിന്ദുത്വയ്ക്ക് അനുകൂലമായി മാത്രമാണോ കോടതികള്‍ തീരുമാനമെടുക്കുന്നത്?

അല്ല, കോടതികള്‍ ഹിന്ദുത്വ തീവ്രവാദത്തിന് മാത്രമല്ല വഴങ്ങുന്നത് എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് മുകളില്‍ പറഞ്ഞ ‘Cash At Judge’s Door Scam’ ഉം 2025 മാര്‍ച്ച് 14 രാത്രി ദല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപ്പിടുത്തം ഉണ്ടായപ്പോള്‍ കണ്ടെടുത്ത മുറി മുഴുവനും ഉള്ള നോട്ടുകെട്ടുകളും കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട അതിജീവിതയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ജഡ്ജി കാരണമാകുന്നു എന്ന ആരോപണമുയര്‍ത്തി ഇറങ്ങിപ്പോയ പ്രോസിക്യൂട്ടര്‍മാരും.

എന്താണ് ഈ കേസ് കൊണ്ടു വന്ന മാറ്റങ്ങള്‍?

ഇപ്പോള്‍ സെഷന്‍സ് കോടതിയില്‍ നിന്ന് നീതിപൂര്‍വമല്ലാത്ത ഒരു വിധി വന്നിരിക്കുന്നു. അപ്പോളും എട്ട് വര്‍ഷം അതിജീവിത നടത്തിയ പോരാട്ടം വെറുതെയാകുന്നില്ല. മലയാള സിനിമയിലെ ആണധികാരകോട്ടകള്‍ തകരുന്നതിന് തുടക്കമായത് അവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ നിന്നായിരുന്നു.

ഒരുപാട് സ്ത്രീകള്‍ക്ക് തങ്ങള്‍ ഏറ്റ പീഡനങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ കരുത്തു നല്‍കുകയാണ് അവര്‍ ഈ ചെറുത്തു നില്‍പ്പിലുടെ ചെയ്തത്.

ഡബ്ല്യൂ.സി.സി എന്ന സ്ത്രീകൂട്ടായ്മ പിറവികൊണ്ടു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റി രൂപം കൊണ്ടു. ഷൂട്ടിങ് സെറ്റുകളില്‍ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മറ്റികള്‍ ആരംഭിച്ചു.

Photo: WCC/Facebook.com

മലയാള സിനിമയും ഒരു പരിധി വരെ കേരള സമൂഹവും അവഗണിച്ചിരുന്ന ജെന്‍ഡര്‍ കോണ്‍ഷ്യസ്‌നെസ്സ് എന്ന സംഗതി ഈ പോരാട്ടങ്ങളിലുടെ മലയാളി സൈക്കിളിലേക്ക് അടര്‍ത്തി മാറ്റാനാവാത്ത വിധം വന്നു ചേര്‍ന്നു.

അതിന് വേണ്ടി സ്വന്തം കരിയര്‍ തന്നെ വിലയായി നല്‍കി ഡബ്ല്യൂ.സി.സിയിലുടെ പാര്‍വ്വതി തിരുവോത്തും, റീമാ കല്ലിങ്കലും, രമ്യ നമ്പീശനും ഒക്കെ നടത്തിയ പോരാട്ടം സമാനതകളില്ലായിരുന്നു. ഇന്ന് എ.എം.എം.എയുടെ തലപ്പത്ത് സ്ത്രീകള്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനും വലിയൊരു കാരണമായിത്തീര്‍ന്നത് ഇവരുടെ പോരാട്ടങ്ങളായിരുന്നു.

മാധ്യമങ്ങളുടെ ജാഗ്രത

ഈ കേസ് മറവിയിലേക്ക് പോവാതിരിക്കാന്‍ മാധ്യമങ്ങള്‍ കാണിച്ച ജാഗ്രത വളരെ വലുതായിരുന്നു. അവരെ നയിച്ചത് നികേഷ് കുമാര്‍ മേധാവിയായിരുന്ന റിപ്പോര്‍ട്ടര്‍ ചാനലും, ധന്യ രാജേന്ദ്രന്‍ മേധാവിയായ ദി ന്യൂസ് മിനിറ്റും, അപര്‍ണ്ണ സെന്നും റോഷിപാലും ഒക്കെയായിരുന്നു.

നികേഷ് കുമാര്‍ | ധന്യ രാജേന്ദ്രന്‍. Photo: Facebook.com

എന്നും അവള്‍ക്കൊപ്പം നിന്നവര്‍. സര്‍ക്കാരും അതിജീവിതയ്ക്കൊപ്പം ഉറച്ചു നിന്നു. മേല്‍ക്കോടതികള്‍ ഉണ്ടെങ്കിലും നിയമവ്യവസ്ഥ നിരാശപ്പെടുത്തുന്നു.

പക്ഷെ ഒരു കാര്യം പറയട്ടെ, അയാള്‍ക്കിനിയൊരിക്കലും പഴയ ജനപ്രിയ നായകനാവാന്‍, പഴയ സ്ഥാനം ജനമനസ്സുകളില്‍ നേടാന്‍ ആവില്ല. മനസ്സില്‍ നീതിബോധമുള്ള ഒരു കൂട്ടം മനുഷ്യര്‍ ഇവിടെയുണ്ട്. അത് കൊണ്ട് മാത്രം സാധ്യമായ ഒരു കാര്യമാണത്.

മലയാള സിനിമ അടക്കിഭരിച്ച അധികാര സ്ഥാനത്തു നിന്നയാള്‍ ഭ്രഷ്ടനാക്കപ്പെട്ടു. അധികാരം ലഹരിയായി നുണയുന്ന ഒരു പുരുഷന്, അതൊരു വലിയ ശിക്ഷയാണ്. ജനങ്ങള്‍ നല്‍കിയ ശിക്ഷ.

പക്ഷെ ഇന്നാട്ടിലെ നീതിന്യായ വ്യവസ്ഥയില്‍ നിന്നും കൂടി, മേല്‍ക്കോടതിയില്‍ നിന്നെങ്കിലും അവര്‍ക്കു നീതി ലഭിക്കേണ്ടതുണ്ട്. വിധി കേട്ടതിന് ശേഷം ദിലീപ് ആദ്യം ചെയ്തത് മുന്‍ ഭാര്യ മഞ്ജു വാര്യരെ ടാര്‍ഗറ്റ് ചെയ്യുക എന്നതായിരുന്നു, അയാള്‍ക്കെതിരെ നിന്ന ആളുകളുടെ സുരക്ഷയിലും മാധ്യമങ്ങള്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.

വിധി കേട്ടതിന് ശേഷം ആര്‍ത്തട്ടഹസിച്ചെത്തുന്ന ആണ്‍കൂട്ടം റിപ്പോര്‍ട്ടര്‍ ചാനലിന്റെ റോഷിപാലിന് നേര്‍ക്ക് പാഞ്ഞെടുക്കുന്നത് നമ്മള്‍ ഇന്നലെ കണ്ടിരുന്നു. ആ വൃത്തികെട്ട ആണ്‍കൂട്ടത്തെ നോക്കി, എന്നും അവള്‍ക്കൊപ്പമാണ് എന്ന് റോഷിപാല്‍ പറയുമ്പോള്‍ അത് ഇന്നുവരെ അവരുടെ ഒപ്പം നിന്ന സകല മനുഷ്യര്‍ക്കും, മുഴുവന്‍ മാധ്യമങ്ങള്‍ക്കും, അവളുടെ നീതിക്ക് വേണ്ടി വിശക്കുന്ന അവസാന മനുഷ്യനും വേണ്ടി ആയിത്തീരുന്നു.

റോഷിപാല്‍. Photo: R Roshipal/ Facebook.com

ഗാന്ധിയെ കൊന്ന കേസില്‍ സവര്‍ക്കറെ വെറുതെ വിട്ട, ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയെ വെറുതെ വിട്ട, കൗസര്‍ ബാനുവിന്റെ പിറക്കാത്ത കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത കാലത്ത് Riot Prompter ആയി പ്രവര്‍ത്തിച്ച വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മായാ കോട്‌നാനിയെ കുറ്റവിമുക്തയാക്കിയ, സ്റ്റാന്‍ സ്വാമിയ്ക്ക് ഒരിറ്റ് വെള്ളമിറക്കാന്‍ സ്‌ട്രോയും സിപ്പറും നല്‍കാതിരുന്ന നീതിന്യായ വ്യവസ്ഥയുള്ള നാടാണിത്.

ദിലീപിനുള്ള ശിക്ഷ ജനങ്ങള്‍ നല്‍കിയിട്ടുണ്ട്, സാമൂഹ്യ ബഹിഷ്‌കരണമാണത് അതികായനായി നിന്നിരുന്ന ഇടത്തെ അധികാര സ്ഥാനങ്ങള്‍ എല്ലാം നഷ്ടമായി. എങ്കിലും നിയമസംവിധാനത്തില്‍ നിന്ന് നീതി ലഭിക്കാതിരിക്കുക എന്നത് വലിയ തെറ്റാണ്, അക്ഷന്തവ്യമായ തെറ്റ്.

വിധി വന്നതിന് ശേഷം അയാളെ ആഘോഷിക്കാന്‍ സംഘപരിവാര്‍ ഹാന്‍സിലുകളാണ് മുന്നില്‍ നിന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞിരുന്നു. ആ പ്രയോഗം കടമെടുത്താല്‍ രാജ്യത്തെ വിവിധ കോടതികളിലായി തീര്‍പ്പാകാതെ കിടക്കുന്നത് നാല് കോടിഅറുപത്തഞ്ച് ലക്ഷം കേസുകളല്ല, ജീവിതങ്ങളാണ്. കേരളത്തിന്റെ ജനസംഖ്യ മൂന്നരക്കോടിയാണെന്നും ഓര്‍ക്കുക.

പല നീതിപീഠങ്ങളും കംഗാരു കോര്‍ട്ടുകളായി മാറുന്ന കാലത്ത് മാധ്യമക്കോടതികള്‍ നീതി നല്‍കുന്നു എന്ന തോന്നലിലേക്ക് ജനങ്ങളെത്തുന്നു എന്നത് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ആശ്വാസം നല്‍കുന്നുണ്ട്.

പക്ഷെ അതില്‍ ഒട്ടും അഭിമാനിക്കാന്‍ സാധിക്കുന്നില്ല, കാരണം ഇന്നാട്ടിലെ ജുഡീഷ്യല്‍ വ്യവസ്ഥയുടെ അപചയമാണ് ആ തോന്നലിലേക്ക് മനുഷ്യനെ എത്തിക്കുന്നത് എന്നുള്ളതാണ്.

അടഞ്ഞ കോടതി മുറിക്കുള്ളില്‍ അതിജീവിതയ്ക്ക് നീതി നിഷേധിക്കപ്പെടുമ്പോള്‍ വേര്‍ബല്‍ റേപ്പിന് ഇരയാകുന്നത്, അപമാനിതയാവുന്നത്, കണ്ണ് കെട്ടി കൈയ്യില്‍ നീതിയുടെ തുലാസും പിടിച്ചു കൊണ്ടു നില്‍ക്കുന്ന തെമിസ് ദേവത തന്നെയാണ്, കാരണം അവരും ഒരു സ്ത്രീയാണല്ലോ!

 

Content Highlight: Arun Angela writes about Courts and Actress Attack Case

അരുൺ എയ്ഞ്ചല
ഫോട്ടോ ജേര്‍ണലിസ്റ്റ്