| Saturday, 9th May 2026, 1:40 pm

നോ പറയുന്ന സത്രീയും മലയാളിയും ആലിംഗനവും

അരുൺ എയ്ഞ്ചല

ആലിംഗനം അശ്ലീലമാണോ?

ഒരിക്കലുമല്ല. ചിരി അശ്ലീലമാണോ എന്ന് ചോദിക്കുന്നത് പോലെയുള്ള ഒരു ചോദ്യമാണിത്. ആലിംഗനം ചെയ്യപ്പെടുന്ന ആളുടെ സമ്മതം ഇല്ലെങ്കില്‍ മരണവീട്ടിലെ ചിരി പോലെ, ആലിംഗനവും അശ്ലീലമായി മാറുന്നു.

കഴിഞ്ഞ ദിവസം കെ.പി.സി.സി ആസ്ഥാനത്ത് നിയമസഭാ കക്ഷി യോഗത്തിനെത്തിയനിയുക്ത എം.എല്‍.എ ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ചമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു ചര്‍ച്ച ഉയര്‍ന്ന് വരാന്‍ കാരണം.

2026ലും കണ്‍സന്റ് എന്താണെന്ന് നേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടി വരുന്നത് ഗതികേടാണ്.ഈ വാര്‍ത്തയുടെ കമന്റ് ബോക്‌സില്‍ മലയാളിയുടെ ആണധികാര വ്യവസ്ഥ മദം പൊട്ടിയൊഴുകുന്നത് കാണാം.

എന്താണ് ആലിംഗനത്തിന് പിന്നിലെ മനശാസ്ത്രം?

മനുഷ്യനടക്കമുള്ള പ്രൈമേറ്റുകളുടെ അടിസ്ഥാനപരമായ ഒരാവശ്യമാണ് സ്പര്‍ശനം എന്നത്. ഈ ആവശ്യത്തിന്റെ ഒരു മാനിഫെസ്സ്റ്റേഷനാണ് ആലിംഗനം.

പലപ്പോളും കപട സദാചാരമൂല്യങ്ങള്‍ വച്ചു പുലര്‍ത്തുന്ന മലയാളികള്‍ക്കിടയില്‍ പി.ഡി.എ അഥവാ പബ്ലിക്ക് ഡിസ്‌പ്ലേ ഓഫ് അഫെക്ഷന്‍സ്വീകരിക്കപ്പെടുന്നില്ല. ഇത് പലപ്പോഴും ‘ടച്ച് സ്റ്റാര്‍വേഷന്’ കാരണമാകുന്നു.

എന്താണ് ടച്ച് സ്റ്റാര്‍വേഷന്‍?

സ്പര്‍ശനത്തിന്റെ അഭാവം മൂലമുണ്ടാകുന്ന ശാരീരിക വൈകാരിക അവസ്ഥയാണ് ടച്ച് സ്റ്റാര്‍വേഷന്‍ അഥവാ സ്‌കിന്‍ ഹംഗര്‍. ഈയവസ്ഥ തുടരുന്നത് ഡിപ്രഷനും ഉത്കണ്ഠയ്ക്കും കാരണമാകുന്നു.

ഇത് പലപ്പോളും ശാരീരിക സ്പര്‍ശനത്തിന് വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്തിലേക്ക് നയിക്കുന്നു. ഈയവസ്ഥ ശരീരത്തില്‍ സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെഅളവ് കൂട്ടുന്നു.

ഇത് ദീര്‍ഘകാലത്തില്‍ ഒരു വ്യക്തിക്ക് അനുഭവപ്പെട്ടാല്‍ അതിന്റെ ഫലമായി ഉയര്‍ന്ന രക്തസമര്‍ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഇത് വരെ വളരെ ശരിയാണ് കിട്ടുണ്ണിയേട്ടാ എന്ന് കിലുക്കത്തിലെ രേവതിയുടെ കഥാപാത്രം പറയുന്നത് പോലെ, ഇത്രയും ശരിയാണ്. പക്ഷെ ഇതിനെ നേരിടാനുള്ള മാര്‍ഗം ബലാത്കാരമായി ഒരാളെ അലിംഗനം ചെയ്യുക എന്നതല്ല.

ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അങ്ങനെ ചെയ്യുന്നത് ഒരു പുരുഷനാകുമ്പോള്‍, ആ പ്രവൃത്തി ഒരു ആണധികാര വ്യവസ്ഥയുടെ നഗ്നമായ പ്രകടനമായി മാറുന്നു.

എന്താണ് ആലിംഗനം ശരീരത്തോട് ചെയ്യുന്നത്?

കൃത്യമായി പറഞ്ഞാല്‍ ആറ് സെക്കന്റ് മുതല്‍ 20 സെക്കന്റ് വരെയെങ്കിലും നീണ്ട് നില്‍ക്കുന്ന ആലിംഗനം ശരീരത്തില്‍ ലവ് ഹോര്‍മോണ്‍, കഡ്‌ലിങ് ഹോര്‍മോണ്‍ എന്നിങ്ങനെയൊക്കെ അറിയപ്പെടുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിന്റെയും, നാച്ചുറല്‍ പെയിന്‍ കില്ലേഴ്സ് എന്നറിയപ്പെടുന്ന എന്‍ഡോര്‍ഫിന്റെയും റിലീസിന് കാരണമാകുന്നു.

ഇത് ശരീരത്തിലെസ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു. പ്രണയിക്കുന്നവര്‍ തമ്മില്‍ മാത്രമല്ല, സഹോദരങ്ങളോ, അടുത്ത സുഹൃത്തുക്കളോ, ഒക്കെ തമ്മിലുള്ള അശ്ലേഷം ഓക്‌സിടോസിന്‍ റിലീസിന് കാരണമാകുന്നുണ്ട്.

മനുഷ്യന്റെ ഏറ്റവും ശക്തമായ കമ്മ്യൂണിക്കേഷന്‍ ഉപാധികളിലൊന്നാണ് സ്പര്‍ശം എന്നതിനാലാണ് ഇത് സംഭവിക്കുന്നത്. Every touch is a healing touch എന്നിങ്ങനെയുള്ള പറച്ചിലുകളൊക്കെ ഉണ്ടാകാന്‍ കാരണമിതാവാം.

ഇവിടെ എന്താണ് സംഭവിച്ചത്?

കെ.പി.സി.സി ആസ്ഥാനത്ത് നിയുക്ത എം.എല്‍.എമാരെ സ്വീകരിക്കാന്‍ ചെറിയാന്‍ ഫിലിപ്പും പാലോട് രവിയും നില്‍ക്കുന്നു. അങ്ങോട്ടേയ്ക്ക് കടന്നുവരുന്ന നിയുക്ത എം.എല്‍.എ ബിന്ദു കൃഷ്ണ ചെറിയാന്‍ ഫിലിപ്പിന് വിസ്തദാനം നല്‍കാന്‍ ഒരുങ്ങുന്നു. ചെറിയാന്‍ ഫിലിപ്പാവട്ടെ ബിന്ദു കൃഷ്ണയെ ആശ്ലേഷിക്കാന്‍ ഒരുങ്ങുന്നു, അവരത് തടയുകയും ചെയ്യുന്നു.

ചെറിയാന്‍ ഫിലിപ്പ്

എന്നാല്‍ വീണ്ടും ബലമായി ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതൊരു അതിക്രമമായി, encroachment ആയി മാത്രമാണ് കാണാനാവുക. ആലിംഗനം പിടിച്ചു വാങ്ങാവുന്ന ഒന്നല്ല, അതിനെ കടന്നു പിടിക്കുക എന്ന് തന്നെയാണ് വിളിക്കാനാവുക.

ബിന്ദു കൃഷ്ണയുടെ നിലപാട്

നിയുക്ത എം.എല്‍.എ ബിന്ദു കൃഷ്ണ ഈ സാഹചര്യം വളരെ കൃത്യമായി കൈകാര്യം ചെയ്തു. അപ്പുറത്ത് ഒരു സീനിയര്‍ നേതാവ് ആണെങ്കിലും, താന്‍ പറഞ്ഞ നോ ഒരു നോ തന്നെയാണ് എന്ന് ഉറപ്പിക്കുന്ന രീതിയില്‍ തന്നെ അവര്‍ ഉറച്ചു നിന്നു. തികച്ചും അനുകരണീയമായ മാതൃക.

ബിന്ദു കൃഷ്ണ

അത്രയധികം ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് ഒരു മുതിര്‍ന്ന നേതാവ് കാണിച്ച പ്രവൃത്തിയാണ് ഇത്. ഇനി ഒന്ന് ചിന്തിച്ചു നോക്കൂ, ഈ ക്യാമറക്കണ്ണുകള്‍ ഒന്നുമില്ലാത്ത ഇടങ്ങളില്‍ എത്രമാത്രം അതിക്രമങ്ങള്‍ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ടെന്ന്.

ഫിസിക്കല്‍ ടച്ചിനേയും, ആശ്ലേഷത്തേയുമൊക്കെ മലയാളി നോര്‍മലൈസ് ചെയ്യേണതുണ്ട്, പക്ഷെ അതൊരിക്കലും ഒരു ആണധികാര വ്യവസ്ഥയുടെ കാഴ്ചപ്പാടില്‍ നിന്നാവരുത്. മറിച്ച്, സ്ത്രീയും പുരുഷനും സ്വതന്ത്രമായി ഇടപെടുന്ന ഒരു സമൂഹത്തില്‍ വളരെ ഓര്‍ഗാനിക്കായി സംഭവിക്കേണ്ട ഒന്നാണ്. അതുവരെ ചെറിയാന്‍ ഫിലിപ്പുമാരോട് നമുക്ക് നോ പറയാന്‍ ശീലിക്കാം.

Content Highlight: Arun Angela writes about Cheriyan Philip Hug Controversy

അരുൺ എയ്ഞ്ചല

ഫോട്ടോ ജേര്‍ണലിസ്റ്റ്

Latest Stories

We use cookies to give you the best possible experience. Learn more