നായാടി മുതല്‍ നമ്പൂരി വരെ എന്നൊക്കെ പറഞ്ഞു ബി.ഡി.ജെ.എസ്സിലൂടെയും, ശബരിമല സുവര്‍ണാവസരമാക്കി പ്രവര്‍ത്തിച്ചു നോക്കിയിട്ടും കേരളത്തില്‍ നിലം തൊടാന്‍ ആവാതിരിക്കുന്ന ബി.ജെ.പിയുടെ ഏറ്റവും പുതിയ തന്ത്രം, പതിയെ ശക്തി പ്രാപിക്കുന്ന വലതുപക്ഷ തീവ്രവാദി സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു ക്രിസ്ത്യാനികളില്‍ സ്വാധീനമുണ്ടാക്കുക എന്നതാണ്.
കേരളത്തില്‍ ബി.ജെ.പിയുടെ ലക്ഷ്യം എങ്ങനെ ക്രിസ്ത്യന്‍ വോട്ടുബാങ്കില്‍ സ്വാധീനമുറപ്പിക്കാം എന്നതായി മാറിയിരിക്കുന്നു. സാധാരണ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗത്തിനും ഒരു താത്പര്യവും ഇല്ലെങ്കിലും, മടിയില്‍ കനമുള്ള സഭാ പിതാക്കന്മാര്‍ ബി.ജെ.പിക്ക് ചുവപ്പ് പരവതാനി വിരിക്കുന്നു | അരുണ്‍ ഏയ്ഞ്ചല ഡൂള്‍ന്യൂസില്‍ എഴുതുന്നു
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസില്‍ വിദ്യാര്‍ത്ഥിനിയുടെ തട്ടം ഉപയോഗം വിലക്കിയതുമായി ബന്ധപ്പെട്ട സംഭവം കേരളമാകെ ചര്‍ച്ച ചെയ്യുന്ന സ്ഥിതിയുണ്ടായി. മാധ്യമങ്ങളില്‍ പലതും ഹിജാബിന് പകരം മുഖം മറയ്ക്കുന്ന നിഖാബിന്റെ ചിത്രം കൊടുത്തു ആളുകളെ തെറ്റിദ്ധരിപ്പിച്ചു.
കാസ അനുകൂലിയായ പി.ടി.എ പ്രസിഡന്റും സംഘപരിവാറും ഇതൊരു സുവര്‍ണാവസരമായിക്കണ്ടു. യൂണിഫോമില്‍ തട്ടം അനുവദിക്കാനാവില്ലെന്നും, യൂണിഫോം തീരുമാനിക്കുക സ്‌കൂളിന്റെ അവകാശമാണെന്നും ഇവര്‍ പറഞ്ഞു. എസ്.ഡി.പി.ഐ അവസരം മുതലെടുക്കാനെത്തി.
സ്ഥലം എം.പി ഹൈബി ഈഡനും, ഡി.സി.സി പ്രസിഡന്റ് ഷിയാസും ചേര്‍ന്ന് മാനേജ്മെന്റ് അനുകൂല ‘സമവായം’ ഉണ്ടാക്കി. വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കുട്ടിയുടെ അവകാശത്തിന് വേണ്ടി നിലകൊണ്ടു.
മുസ്‌ലിം ലീഗ് ആദ്യത്തെ കുറെ ദിവസം മിണ്ടാതിരുന്നു, വേറെ വഴിയില്ലാതായപ്പോള്‍ വാ തുറന്നു. തട്ടമിട്ട കുട്ടിയെ കാണുമ്പോള്‍ മറ്റു കുട്ടികള്‍ ഭയക്കുന്നുവെന്ന വംശീയ പരാമര്‍ശവുമായി സ്‌കൂള്‍ മേധാവി സിസ്റ്റര്‍ ഹെലീന ആല്‍ബി രംഗത്തെത്തി.
സെന്‍റ് റീത്താസ് സ്കൂളും പ്രിന്‍സിപ്പാള്‍ സിസ്റ്റർ ഹെലേന ആല്‍ബിയും
അടുത്ത ദിവസം തന്നെ അവര്‍ മാധ്യമങ്ങളേക്കണ്ടു ചോദ്യങ്ങളൊന്നും അനുവദിക്കാതെ ‘മന്‍ കീ ബാത്’ പോലെ തനിക്ക് പറയാനുള്ളതു മാത്രം, ഭംഗ്യന്തരേണ തട്ടമിട്ട കുട്ടിയെ അനുവദിക്കാനാവില്ല എന്ന് പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെയും പ്രതിപക്ഷനേതാവിന്റെ ഓഫീസുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അഭിഭാഷകയാണ് സ്‌കൂളിനെ പ്രതിനിധീകരിക്കുന്നത്. കുട്ടികളെ ഹിന്ദുവെന്നും മുസ്‌ലിമെന്നും വേര്‍തിരിച്ചു പറഞ്ഞ ഇവര്‍ക്കെതിരെ കോടതി രംഗത്തെത്തി, തട്ടം ധരിക്കാമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് സ്റ്റേ ഇല്ലെന്നും അറിയിച്ചു.
ഇത്രയുമായപ്പോള്‍ മേല്‍പ്പറഞ്ഞ കുട്ടിയും മറ്റൊരു കുട്ടിയും മറ്റൊരു സ്‌കൂളിലേക്ക് മാറാമെന്ന തീരുമാനത്തിലെത്തി. അവര്‍ മാറുന്നത് ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള ഔര്‍ ലേഡി കോണ്‍വെന്റ് സ്‌കൂളിലേക്കാണ്.
അപ്പോള്‍ ചെറിയ ഒരു ശതമാനം ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ മാത്രമേ തീവ്രവാദി സംഘടനയായ കാസയുടെ നിലപാട് സ്വീകരിക്കുന്നുള്ളൂ എന്ന് നമുക്ക് ബോധ്യമാകുന്നു.
കാസ
ഇവിടെ ലാറ്റിന്‍ സഭയുടെ കീഴിലുള്ള കോണ്‍ഗ്രിഗേഷന്‍ മാനേജ്‌മെന്റ് എടുത്ത തീരുമാനം ഏറ്റവുമധികം ബാധിച്ചത് ആരെയാണ്?
അത് തീര്‍ച്ചയായും ആ കുട്ടിയെതന്നെയാണ്.
ആ വിദ്യാര്‍ഥിയെ ചാരി സംഘപരിവാരവും കൃസംഘികളും മുസ്‌ലിങ്ങളെയൊന്നാകെ കുറ്റം പറഞ്ഞു, ആ കുഞ്ഞിനെ സ്ലട്ട് ഷെയിം ചെയ്യുന്നത് വരെയെത്തി കാര്യങ്ങള്‍. ഇതൊരു ചെറിയ പെണ്‍കുട്ടിക്ക് നല്‍കാവുന്ന ട്രോമയെക്കുറിച്ച് ഒന്നാലോചിക്കൂ.
ഇപ്പോള്‍ യൂണിഫോം സ്‌കൂളിന്റെ അന്തിമ തീരുമാനം എന്നൊക്കെപ്പറഞ്ഞു വാളെടുക്കുന്ന സംഘപരിവാരത്തിന്റെയും കൃസംഘികളുടെയും പൊള്ളത്തരം വെളിവാക്കാന്‍ ഉതകുന്ന ഒരു ഹൈപ്പോതെസിസ് പറയാം.
ഇവിടുത്തെ ഏതെങ്കിലുമൊരു മുസ്‌ലിം മാനേജ്മെന്റ് സ്‌കൂള്‍, യൂണിഫോം തീരുമാനിക്കുമ്പോള്‍ ഒരു ചെറിയ സ്‌കാര്‍ഫ് തലയില്‍ കെട്ടണം എന്നൊന്ന് പറഞ്ഞു നോക്കിയാല്‍ അറിയാം. ഇപ്പോള്‍ യൂണിഫോം സ്‌കൂളിന്റെ അന്തിമ തീരുമാനം എന്നൊക്കെപ്പറഞ്ഞു ക്ലാസ് എടുക്കുന്ന സകല വിഷജീവികളും രായ്ക്ക് രാമാനം ഉള്‍ട്ടയടിക്കും.
എവിടെ നിന്നാണ് യൂണിഫോമിന്റെ ഉദ്ഭവം?
ബ്രിട്ടാനിക്ക പറയുന്നതനുസരിച്ചു 1222ല്‍ ഇംഗ്ലണ്ടില്‍, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ‘കാപ്പ ക്ലോസ’ എന്ന് വിളിക്കപ്പെടുന്ന ഒരു ഓവര്‍ക്കോട്ട് ധരിക്കണമെന്ന് ഉത്തരവിട്ടപ്പോഴാണ് വിദ്യാഭ്യാസത്തില്‍ ആദ്യമായി സ്റ്റാന്‍ഡേര്‍ഡ് വസ്ത്രം ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു.
പതിനാറാം നൂറ്റാണ്ടില്‍, ഇംഗ്ലണ്ടിലാണ് ആധുനിക സ്‌കൂള്‍ യൂണിഫോമിന്റെ ഉത്ഭവം, ക്രൈസ്റ്റ്‌സ് ഹോസ്പിറ്റല്‍ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന ദരിദ്രരായ മഞ്ഞ സ്റ്റോക്കിങ്ങുകള്‍ക്കൊപ്പം പുരോഹിതന്മാര്‍ ധരിക്കുന്ന കാസോക്കുകളെ അനുസ്മരിപ്പിക്കുന്ന നീല കുപ്പായങ്ങളും ധരിച്ചിരുന്നു. ഇപ്പോഴും ഉപയോഗത്തിലുള്ള ഏറ്റവും പഴയ സ്‌കൂള്‍ യൂണിഫോമാണിത്.
എന്തിനാണ് യൂണിഫോം?
കുട്ടികള്‍ക്കിടയില്‍ ഒരു തുല്യത നിലനിര്‍ത്തുക, അതായതു സമ്പന്നനെന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസം വസ്ത്രധാരണത്തിലൂടെ തിരിച്ചറിയപ്പെടുന്നത് യൂണിഫോം തടയുന്നു.
ഇത് കുട്ടികളില്‍ ഐക്യം വളര്‍ത്തുന്നു. ഒരു പ്രൊഫഷണല്‍ ആകുമ്പോള്‍ പാലിക്കേണ്ട ഡ്രസ്സ് കോഡുകളെക്കുറിച്ച് അറിവ് നല്‍കുന്നു എന്നിവയൊക്കെയാണ് യൂണിഫോമിന്റെ ഗുണങ്ങളായി പറയുന്നത്. ഇവയില്‍ ആദ്യം പറഞ്ഞ കാര്യമാണ് ഏറ്റവുമധികം പറഞ്ഞു കേള്‍ക്കാറുള്ളത്.
എന്താണ് സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ പ്രശ്‌നം?
തട്ടം ഇട്ട് വന്ന കുട്ടിയെ അതിന് അനുവദിച്ചില്ല എന്നതാണ് പ്രശ്‌നം.
”ഈ മാസം ആദ്യം സ്‌കൂളില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ ക്ലാസ് ടൈം അല്ലല്ലോ എന്ന ധാരണയില്‍ മകള്‍ തട്ടം ഇട്ടുകൊണ്ട് പങ്കെടുത്തു. ഇതേതുടര്‍ന്ന് സ്‌കൂളിലെ അധ്യാപകര്‍ ക്ലാസ് ഇല്ലാത്ത അവസരത്തിലായിട്ടും കുട്ടിയെ തട്ടത്തിന്റെ പേരില്‍ മറ്റ് കുട്ടികളുടെ മുന്‍പില്‍ വെച്ച് പരസ്യമായി ശാസിക്കുകയും, തട്ടം അഴിപ്പിക്കുകയും ചെയ്തു. വളരെയധികം മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിലാണ് അധ്യാപകരും പ്രിന്‍സിപ്പലും കുട്ടിയോട് പെരുമാറിയത്.”
‘പി.ടി.എ പ്രസിഡന്റ് എന്നവകാശപ്പെടുന്ന ഒരു വ്യക്തി, അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് കൂടെയാണ്, അദ്ദേഹം വളരെ മോശമായാണ് ഞങ്ങളോട് സംസാരിച്ചത്.
ഈ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ഒരു സഭയുടെ യൂട്യൂബ് ചാനലില്‍ പോയി സമൂഹത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന തരത്തില്‍ അഭിമുഖം പോലും നല്‍കി. ആ സമയം ഇതൊരു പ്രശ്‌നം ആയിട്ടുണ്ടായിരുന്നില്ല. പി.ടി.എ പ്രസിഡന്റിന്റെ ഇടപെടല്‍ ആണ് കാര്യങ്ങള്‍ വഷളാക്കിയത്.”
കുട്ടിയുടെ പിതാവ് അനസ് നൈനയുടെ വാക്കുകളാണ്.
ശ്രദ്ധിക്കുക മുഖം മറയ്ക്കാത്ത ഹിജാബ് എന്ന തട്ടമാണ് കുട്ടി ഇട്ടത്. ഇത് കണ്ട് മറ്റു കുട്ടികള്‍ ഭയപ്പെടുന്നുവെന്നൊക്കെ പറയുന്ന, ശിരോവസ്ത്രം അണിഞ്ഞ ഒരു പ്രിന്‍സിപ്പാളിന്റെ മനസ്സില്‍ എത്ര മാത്രം വംശീയതയുടെ വിഷമുണ്ടാകും?
പ്രിന്‍സിപ്പാള്‍ ഹെലേന ആല്‍ബി
സുവര്‍ണാവസരമായിക്കണ്ട് പ്രശ്‌നത്തില്‍ ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ് ഇടപെടുന്നു. സ്ഥലം എം.പി ഹൈബി ഈഡനും ഡി.സി.സി പ്രസിഡന്റ് ഷിയാസും കൂടി കുട്ടിയുടെ അവകാശത്തെ ഹനിച്ചു കൊണ്ട് ‘ഒത്തുതീര്‍പ്പ് ‘ ഉണ്ടാക്കുന്നു.
വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കുട്ടിയുടെ അവകാശത്തിനൊപ്പം നിന്നു.
വി. ശിവന്‍കുട്ടി
സെന്റ് റീത്താസ് മാനേജ്മെന്റ് എന്ത് കൊണ്ടിത് ചെയ്യാന്‍ പാടില്ല?
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച മാതൃകകളില്‍ ഒന്നായി നമ്മള്‍ അഭിമാനത്തോടെ കേരളത്തെ എടുത്തു കാട്ടാറുണ്ട്. എങ്ങനെയാണ് നമുക്കീ നേട്ടം കൈവരിക്കാനായത്? കാരണങ്ങള്‍ ചരിത്രപരമാണ്.
നമ്മുടെ നാട്ടില്‍ ജാതിയില്‍ താഴ്ന്നതെന്ന് കണക്കാക്കപ്പെട്ടിരുന്ന സാധാരണക്കാരന് എഴുത്തും വായനയും പ്രാപ്യമായിരുന്നില്ല. മിഷണറിമാരുടെ ഇടപെടലോടെയാണ് സാര്‍വത്രികമായ വിദ്യാഭ്യാസം എന്ന ആശയത്തിലേക്ക് കേരളമെത്തുന്നത്.
ജര്‍മന്‍ മിഷണറിയായ അര്‍ണോസ് പാതിരിയാണ് മലയാളത്തിലെ ആദ്യ നിഘണ്ടുവും വ്യാകരണ ഗ്രന്ഥവും തയാറാക്കിയത്. ലണ്ടന്‍ മിഷന്‍ സൊസൈറ്റി (LMS), ചര്‍ച്ച് മിഷന്‍ സൊസൈറ്റി (CMS) എന്നിവ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടില്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ചര്‍ച്ച് മിഷന്‍ 1813ല്‍ കോട്ടയത്ത് ആദ്യ കോളേജ് സ്ഥാപിച്ചു, സി.എം.എസ് കോളേജ്. സ്ത്രീ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി പെണ്‍പള്ളിക്കൂടങ്ങളും സ്ഥാപിച്ചു.
സി.എം.എസ് കോളേജ്
1817ല്‍ തിരുവിതാംകൂര്‍ രാജ്ഞി ഗൗരി പാര്‍വതി ഭായ്, റസിഡന്റ് കേണല്‍ മണ്‍റോയുടെ നിര്‍ദേശപ്രകാരം ‘സംസ്ഥാനത്ത് പിന്നാക്കാവസ്ഥ ഉണ്ടാകാതിരിക്കാന്‍ ജനങ്ങളുടെ വിദ്യാഭ്യാസച്ചെലവ് മുഴുവന്‍ സംസ്ഥാനം വഹിക്കണം’ എന്ന് പ്രഖ്യാപിച്ചു.
1869ല്‍ പ്രൈമറി സ്‌കൂളുകള്‍ക്കായി കൊണ്ടു വന്ന ഗ്രാന്റ് ഇന്‍-എയ്ഡ് ഇന്നത്തെ സര്‍ക്കാര്‍ എയ്ഡഡ് സംവിധാനത്തിന്റെ ആദ്യ രൂപമായി കാണാം.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സിലബസ് പാലിച്ച് മിഷണറിമാര്‍ സ്‌കൂളുകള്‍ ആരംഭിക്കുകയും, സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റുകളുടെ അവസരം അവര്‍ പ്രയോജനപ്പെടുത്തുകയും ഇംഗ്ലീഷ് മാധ്യമത്തിലും പ്രാദേശിക ഭാഷയിലും നിരവധി സ്‌കൂളുകള്‍ തുറക്കുകയും ചെയ്തു.
ഇന്ക്ലൂസീവ്‌നെസ്സ് എന്നൊരു സംഗതിയുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുക.
ഞാന്‍ സ്‌കൂള്‍ കടന്നു പോന്നിട്ട് രണ്ട് പതിറ്റാണ്ടായിട്ടുണ്ട്. അന്നും ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ തട്ടവും, ഹിജാബും ധരിച്ചു വരുന്ന കുട്ടികളുണ്ടായിരുന്നു. ആരും തടയാറില്ലായിരുന്നു. ശ്രദ്ധിക്കേണ്ട കാര്യം ഹിജാബ് എന്നത് മുഖം മറയ്ക്കുന്ന ഒന്നല്ല എന്നതാണ്.
ചാനലുകള്‍ പലതും നിഖാബിന്റെ ചിത്രമാണ് കൊടുക്കുന്നത്. കേരളത്തില്‍ ഭൂരിഭാഗം ക്രിസ്ത്യന്‍ മാനേജ്‌മെന്റ്, എയ്ഡഡ് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദനീയവുമാണ്.
ഹിന്ദുക്കളിലോ, ക്രിസ്ത്യാനികളിലോ മതം ഒരു പ്രത്യേക വേഷം നിഷ്‌കര്‍ഷിക്കുന്നില്ല എന്നതും ഓര്‍ക്കുക. അങ്ങനെ പറയുന്ന മതങ്ങളെയും കൂടി ഉള്‍ക്കൊള്ളുന്ന ആ വേഷവിധാനം അംഗീകരിക്കുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ പലയിടത്തുമുണ്ട്.
അതിന് വലിയ ഉദാഹരണമാണ് പഞ്ചാബ്. ഇപ്പോളും ഭൂരിഭാഗം ക്രിസ്ത്യന്‍ മാനേജ്മെന്റുകളും നടത്തുന്ന സ്ഥാപനങ്ങളില്‍ ഇത് അനുവദനീയവുമാണ്.
സെന്റ് റീത്താസില്‍, വലതുപക്ഷ ക്രിസ്ത്യന്‍ തീവ്രവാദി സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ജോഷി കൈതവളപ്പില്‍ എന്ന വ്യക്തിയാണ് പി.ടി.എ പ്രഡിഡന്റ്.
1865 ല്‍ യൂറോപ്പില്‍ രൂപംകൊണ്ട കു ക്ലക്സ് ക്ലാന്‍ (കെ.കെ.കെ) എന്ന പ്രൊട്ടസ്റ്റന്റ് വലതുപക്ഷ തീവ്രവാദി ഗ്രൂപ്പിന്റെ പല ചിന്തകളും കടം കൊള്ളുന്ന, മുസ്‌ലിം വിരോധം കൈമുതലായുള്ള സംഘടനയാണ് കാസ.
കു ക്ലക്സ് ക്ലാന്‍
ആരാണ് സെന്റ് റീത്ത എന്നത് സ്‌കൂള്‍ മറക്കുന്നു
1381ല്‍ ഇറ്റലിയിലെ റോക്കാപോറീനയിലാണ് മാര്‍ഗരിറ്റ ലോട്ടി എന്ന പേരില്‍ വിശുദ്ധ റീത്ത ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ, ഒരു കന്യസ്ത്രീയാകാന്‍ ആഗ്രഹിച്ചിരുന്ന മാര്‍ഗരിറ്റയെ, പക്ഷേ മാതാപിതാക്കള്‍ പൗലോ മാന്‍സിനി എന്ന ക്രൂരനായ പുരുഷന് വിവാഹം കഴിപ്പിച്ചു കൊടുത്തു.
പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ റീത്ത ഭാര്യയും അമ്മയുമായി. റീത്തയുടെ സ്വാധീനം ഒടുവില്‍ അയാളെ ഒരു നല്ല മനുഷ്യനാക്കി മാറ്റി. പക്ഷെ മുന്‍വൈരാഗ്യം ഉണ്ടായിരുന്ന ഒരാള്‍ അയാളെ കൊലപ്പെടുത്തി.
അതിന് ശേഷം മുപ്പത്തിയാറാം വയസ്സില്‍ റീത്തയ്ക്ക് ആശ്രമത്തില്‍ പ്രവേശിക്കാന്‍ അനുവാദം ലഭിച്ചു. റീത്തയ്ക്ക് ക്രിസ്തുവിന്റെ പീഡാനുഭവത്തോട് വലിയ ഭക്തി ഉണ്ടായിരുന്നു. ഒരു ദിവസം, അവള്‍ക്ക് അറുപത് വയസ്സുള്ളപ്പോള്‍, അവള്‍ ചോദിച്ചു, ‘ദിവ്യ രക്ഷകനേ, നിന്നെപ്പോലെ എന്നെയും കഷ്ടപ്പെടുത്താന്‍ അനുവദിക്കണമേ.’
സെന്റ് റീത്ത
1457 മെയ് 22ന് അവര്‍ മരിച്ചു. 1627-ല്‍ പാപ്പാ ഉര്‍ബന്‍ എട്ടാമന്‍ റീത്തയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു, 1900 മെയ് 24-ന് പാപ്പാ ലിയോ പന്ത്രണ്ടാമന്‍ പാപ്പാ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ശ്രദ്ധിക്കുക സെന്റ് റീത്ത ശിരോവസ്ത്രം ധരിച്ചയാളാണ്. പീഡനത്തിനിരയായ സ്ത്രീകളുടെയും രോഗികളുടെയും, മുറിവേറ്റവരുടെയും, അബ്യൂസ് ഇരകളുടെ, പ്രയാസകരമായ വിവാഹജീവിതം നയിക്കുന്നവരുടെയും, അസാധ്യവുമായ കാരണങ്ങളുടെയും ഒക്കെ പേട്രനാണ്, രക്ഷാധികാരിയാണ്.
ഇവിടെ ഒരു ചെറിയ പെണ്‍കുട്ടിയെ സൈബര്‍ ലിഞ്ചിങ്ങിന് എറിഞ്ഞു കൊടുത്തത് സെയിന്റ് റീത്തയുടെ പേരിലുള്ള സ്‌കൂളിലെ പ്രിന്‍സിപ്പാളാണ്.
സിസ്റ്റര്‍ ഹെലീനാ,
നിങ്ങള്‍ ആരുടെ പേരില്‍ പ്രവര്‍ത്തിക്കുന്നുവോ, അവര്‍ പേട്രന്‍ ആയിട്ടുള്ള, അവര്‍ സംരക്ഷണ കവചമൊരുക്കുന്ന ഒരു കുട്ടിയെ, നിങ്ങള്‍ കാരണം വേര്‍ബല്‍ റേപ്പിന് ഇരയായ, അബ്യൂസിനു ഇരയായ കുട്ടിയെയാണ് നിങ്ങള്‍ വീണ്ടും വീണ്ടും വേട്ടയാടുന്നത്.
”നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും,” മത്തായി (7:12) എന്നൊരു വചനമുണ്ടെന്ന് സിസ്റ്റര്‍ മറക്കാതിരിക്കുക.
ബി.ജെ.പി നേതൃത്വത്തിന്റെ ഇടപെടല്‍
ഈ പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയില്‍ മാധ്യമങ്ങളെക്കണ്ടപ്പോള്‍ സിസ്റ്റര്‍ ഹെലീന ആദ്യം നന്ദി പറഞ്ഞത് ഷോണ്‍ ജോര്‍ജിനായിരുന്നു.
ഷോണ്‍ ജോര്‍ജ്
നായാടി മുതല്‍ നമ്പൂരി വരെ എന്നൊക്കെ പറഞ്ഞു ബി.ഡി.ജെ.എസ്സിലൂടെയും, ശബരിമല സുവര്‍ണാവസരമാക്കി പ്രവര്‍ത്തിച്ചു നോക്കിയിട്ടും കേരളത്തില്‍ നിലം തൊടാന്‍ ആവാതിരിക്കുന്ന ബി.ജെ.പിയുടെ ഏറ്റവും പുതിയ തന്ത്രം, പതിയെ ശക്തി പ്രാപിക്കുന്ന വലതുപക്ഷ തീവ്രവാദി സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു ക്രിസ്ത്യാനികളില്‍ സ്വാധീനമുണ്ടാക്കുക എന്നതാണ്.
കേരളത്തില്‍ ബി.ജെ.പിയുടെ ലക്ഷ്യം എങ്ങനെ ക്രിസ്ത്യന്‍ വോട്ടുബാങ്കില്‍ സ്വാധീനമുറപ്പിക്കാം എന്നതായി മാറിയിരിക്കുന്നു. സാധാരണ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗത്തിനും ഒരു താത്പര്യവും ഇല്ലെങ്കിലും, മടിയില്‍ കനമുള്ള സഭാ പിതാക്കന്മാര്‍ ബി.ജെ.പിക്ക് ചുവപ്പ് പരവതാനി വിരിക്കുന്നു.
സത്യം വിളിച്ചു പറയുന്ന ഫാദര്‍ പോള്‍ തേലക്കാടിനെപ്പോലെയുള്ളവരെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഒന്നായ ക്രിസ്ത്യന്‍ വിഭാഗത്തെ കൂടെ നിറുത്തി, മുസ്‌ലിം അപരവല്‍ക്കരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതൊരു ടാക്റ്റിക്‌സ് മാത്രമാണ്.
ഫാദര്‍ പോള്‍ തേലക്കാട്
2014 മുതല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ മൊത്തം അക്രമ സംഭവങ്ങളുടെ എണ്ണം ക്രമേണ വര്‍ധിച്ചുവരികയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പറയുന്നു. 2014ല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 147 അക്രമ സംഭവങ്ങളും, 2015-ല്‍ 177 ഉം, 2016-ല്‍ 208 ഉം, 2017-ല്‍ 240 ഉം, 2018-ല്‍ 292 ഉം, 2019-ല്‍ 328 ഉം, 2020-ല്‍ 279 ഉം, 2021-ല്‍ 505 ഉം, 2022-ല്‍ 599 ഉം, 2023 നവംബറില്‍ 687 ഉം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2024ല്‍ ഇത് 740ലധികമായി ഉയര്‍ന്നു. അങ്ങനെ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ ഗണ്യമായി വര്‍ധിച്ചു. ഈ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ ഒരു ദിവസം ശരാശരി രണ്ട് ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നു എന്ന് യു.സി.എഫ് പറയുന്നു.
അപ്പോള്‍ എങ്ങിനെയാണ് ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന കാസയ്ക്ക് സംഘപരിവാറുമായി കൈ കോര്‍ക്കാനാവുക എന്നതാണ്.
അപ്പോള്‍ ഇത് ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള ഒന്നല്ല മറിച്ച് മുസ്‌ലിം വിരോധത്തില്‍ അധിഷ്ഠിതമായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെന്ന് പറയേണ്ടി വരും. ഇവിടെ ഈ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതും കാസ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പി.ടി.എ പ്രസിഡന്റ് ആയിരുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ നിന്ന്, സിസ്റ്റര്‍ ഹെലീന ആല്‍ബി ബി.ജെ.പിയുടെ പുതിയ ദേശീയ നേതാവായ ഷോണ്‍ ജോര്‍ജിന് നന്ദി പറയുന്നത് നോക്കിക്കാണുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകുന്നു.
ചുറ്റും നടക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യമുണ്ട് സംഘപരിവാറിന്. ഇവിടെയും സംഭവിക്കുന്നത് അത് തന്നെയാണ്.
സെലക്റ്റീവ് ഫോബിയ
2023 ഒക്ടോബര്‍ 29ന് കളമശേരിയിലെ സാമ്‌റ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവയുടെ സാക്ഷികളുടെ പ്രാര്‍ഥനയ്ക്കിടയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും, അന്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനം നടന്നതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു.
ഹാളിലുണ്ടായ സ്ഫോടനം
ഫലസ്തീനിനെയും ഹമാസിനെയും പിന്തുണയ്ക്കുന്നവരാണ് സ്ഫോടനത്തിന് പിന്നിലെന്ന അന്നത്തെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വിദ്വേഷപ്രചാരണത്തെ ഏറ്റെടുത്തു ഹിന്ദുത്വ ഹാന്‍ഡിലുകള്‍ ആവുന്നത്ര വിഷം തുപ്പി.
ദേശീയ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. ഭൂരിഭാഗം മലയാള മാധ്യമങ്ങളും ഉത്തരവാദിത്തതോടെ സംയമനം പാലിച്ചെങ്കിലും മാതൃഭൂമിയും ന്യൂസ് 18നും മറ്റ് ചില മാധ്യമങ്ങളും വിഷജീവികളും ഈ സമയം വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ചു.
രാജീവ് ചന്ദ്രശേഖര്‍, പ്രതീഷ് വിശ്വനാഥ്, അനില്‍ ആന്റണി, സന്ദീപ് വാര്യര്‍, അനില്‍ നമ്പ്യാര്‍, ഷാജന്‍ സ്‌കറിയ, സുജയ പാര്‍വതി, മറുനാടന്‍ മലയാളി, കര്‍മ ന്യൂസ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കേസെടുത്തതായി മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പറഞ്ഞു.
ഏഷ്യാനെറ്റ്, ന്യൂസ് 18 ചാനലുകള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായി വാര്‍ത്ത കൊടുത്തു. താടിയും തൊപ്പിയുമുള്ള ഒരു ഗുജറാത്ത് സ്വദേശിയുടെ ചിത്രവും ന്യൂസ് 18 പുറത്തുവിട്ടു.
ഹമാസിനെ പിന്തുണക്കുന്നവര്‍ യഹോവായുടെ സാക്ഷികള്‍ ജൂതന്‍മാരാണെന്ന് കരുതി ആക്രമിച്ചതാകാമെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യഹോവയുടെ സാക്ഷികളെ ലക്ഷ്യമിട്ട് നടത്തിയ സ്‌ഫോടനമാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തിന് ജൂതന്മാരുമായി സാമ്യതയുണ്ടെന്നും അവരുടെയും ജൂതന്മാരുടെയും ദൈവം ഒന്നുതന്നെയാണെന്നും അവര്‍ ക്രിസ്ത്യാനികളല്ലെന്നുമെല്ലാം സെബാസ്റ്റ്യന്‍ പോള്‍ റിപ്പോര്‍ട്ടറിലെ നികേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ജനം ടി.വിയെക്കുറിച്ച് പിന്നെ പ്രത്യേകം പറയുന്നില്ല.
എറണാകുളം സ്വദേശി ഡൊമിനിക് മാര്‍ട്ടിനാണ് കേസിലെ ഏക പ്രതി. സ്‌ഫോടനം നടന്നു മണിക്കൂറുകള്‍ക്കകം ഫേസ്ബുക്ക് ലൈവില്‍ വന്ന് താനാണ് സ്ഫോടനം നടത്തിയതെന്ന് മാര്‍ട്ടിന്‍ വെളിപ്പെടുത്തി.
ഡൊമിനിക് മാര്‍ട്ടിന്‍
”ഈ പ്രസ്ഥാനം രാജ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടില്ല.
മതമെന്നാല്‍ പേടിയാണവര്‍ക്ക്. ഇതുപോലെയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അവര്‍ കണ്ണടയ്ക്കുന്നത് കൊണ്ടാണ് എന്നെപ്പോലെയുള്ളവര്‍ക്ക് ജീവന്‍ ബലി കൊടുക്കേണ്ടി വരുന്നത്,”
ഫേസ്ബുക്ക് ലൈവില്‍ ഡൊമിനിക് മാര്‍ട്ടിന്‍ പറഞ്ഞ കാര്യമാണ് ഇത്. ബി.ജെ.പിക്ക് തികച്ചും ന്യായമായി തോന്നിയിട്ടുണ്ടാകണം ഇയാള്‍ പറഞ്ഞ കാരണങ്ങള്‍. ഇയാള്‍ക്കെതിരെ യു.എ.പി.എ, സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ആദ്യം കേസെടുത്തിരുന്നത്. യു.എ.പി.എ പിന്നീട് ഒഴിവാക്കി.
12 വയസ്സുള്ള കുട്ടിയടക്കം എട്ട് പേര്‍ കൊല്ലപ്പെടുകയും അമ്പതിലധികം ആളുകള്‍ക്ക് പരിക്കേല്‍കുകയും ചെയ്ത സംഭവത്തില്‍ പ്രതി ഒരു ക്രിസ്ത്യന്‍ നാമധാരിയാണെന്ന് വെളിവായതോടെ ഇത് സുവര്‍ണാവസരം ആക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ പ്രതീക്ഷ മങ്ങി.
ഇയാള്‍ പറഞ്ഞ കാരണങ്ങള്‍ ബി.ജെ.പിക്ക് തികച്ചും ന്യായമായി തോന്നിയത് കൊണ്ടാവണം. എന്‍.ഐ.എ വന്നില്ല, കേസ് അന്വേഷണം പോലീസില്‍ തന്നെ നിന്നു. ഇപ്പോള്‍ ഈ വാര്‍ത്തയെക്കുറിച്ചുള്ള ഫോളോ അപ്പുകള്‍ പോലും ഇല്ലാതെയായി.
അതേസമയം, കോയമ്പത്തൂര്‍ ജയിലിലായിരുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട് 2005 സെപ്റ്റംബര്‍ ഒന്‍പതിന് രാത്രി 8.30നു കളമശേരിയില്‍ തമിഴ്നാട് ബസ് തട്ടിയെടുത്തു കത്തിച്ച സംഭവം ഇപ്പോളും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലാത്ത സംഭവമായിരുന്നു ഇതെന്നും അന്വേഷണം എന്‍.ഐ.എ ആയിരുന്നുവെന്നും ഓര്‍ക്കുക.
കേരളത്തില്‍ മാത്രമാണ് സംഘപരിവാര്‍ ഈയൊരു സ്ട്രാറ്റജി ഉപയോഗിക്കുന്നത്. അതിന് കുട പിടിക്കാനായി കാസയെന്ന നവനാസി സ്വഭാവമുള്ള സംഘടനയും അവരുടെ കൂടെയുണ്ട്.
ആര്‍.എസ്.എസിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും, അവരെ പോലെ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ല എന്ന ‘ഉദാരമായ’ നിലപാടാണ് കാസയുടേത്.
”ഒരു വലതുപക്ഷ ദേശീയ പാര്‍ട്ടി രൂപീകരിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. അത്തരമൊരു രാഷ്ട്രീയ ശക്തിയുടെ സ്വീകാര്യത കണ്ടെത്തുന്നതിനായി ഞങ്ങള്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്, കേരളത്തില്‍ അത്തരമൊരു പാര്‍ട്ടിക്ക് ഒരു ഇടമുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി,”എന്നും കാസ മേധാവി കെവിന്‍ പീറ്റര്‍ പറയുന്നു.
കെവിന്‍ പീറ്റര്‍
കേരളാ കോണ്‍ഗ്രസ്സിന് വീര്യം പോരാ എന്നാണ് കാസ പറയുന്നത്. അപ്പോള്‍ വീര്യമുള്ള ഒന്നായിരിക്കും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കാസ ആരംഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി. മുമ്പ് മുസ്‌ലിം ലീഗിന് തീവ്രത പോരെന്നു പറഞ്ഞു രൂപീക്കരിക്കപ്പെട്ട പാര്‍ട്ടികള്‍ എത്തിച്ചേര്‍ന്ന ഇടങ്ങള്‍ മറന്നുപോകരുത്.
അവിടെയാണ് കാസയുടെ രാഷ്ട്രീയ ബുദ്ധി. സംഘപരിവാറിനൊപ്പം നിന്ന് ഞങ്ങളെയും ബി.ജെ.പിയെയും തൊടാന്‍ ആരുണ്ടെടാ എന്ന് ചോദിക്കുകയാണ് ഏറ്റവും നല്ല അതിജീവനതന്ത്രം എന്ന് കാസ തിരിച്ചറിയുന്നു. ഒരുപടി കൂടി കടന്ന് ബി.ജെ.പി പോലും കേരളത്തില്‍ പരസ്യമായി ചെയ്യാന്‍ മടിക്കുന്ന വര്‍ഗീയ വിഷം വമിപ്പിക്കുകയും ചെയ്യുന്നു കാസ.
ചുംബനവും ചിരിയുമൊക്കെ സ്‌നേഹത്തിന്റെ സന്ദേശം വഹിക്കുന്നുവെന്നാണ് നമ്മള്‍ മനുഷ്യര്‍ കരുതുന്നത്. പക്ഷെ സ്‌നേഹത്തിന്റെ ഈ അടയാളം കൊണ്ടാണ്, മനുഷ്യപുത്രന്റെ കൈയെടുത്തു ചുംബിച്ചു കൊണ്ടാണ് യൂദാസ് സ്‌കറിയോത്ത അയാളെ കാട്ടിക്കൊടുത്തത്, ഒറ്റിക്കൊടുത്തത്.
സിസ്റ്റര്‍ ഹെലീന ആല്‍ബി പുഞ്ചിരിച്ചു കൊണ്ട് വന്നു, ആരോ പഠിപ്പിച്ചു വിട്ടത് പോലെ വന്നു ഇവിടെ തട്ടമിട്ടു കൊണ്ടു കുട്ടിക്ക് ക്ലാസ്സില്‍ ഇരുത്താനാവില്ല എന്ന് ഭംഗ്യന്തരേണ, എന്നാല്‍ സംശയലേശമന്യേ പറഞ്ഞു വെക്കുന്നു.
‘വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കല്‍ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആകുന്നു,’ (മത്തായി 7:15) എന്നൊരു വചനമുണ്ട്. സിസ്റ്റര്‍ ഹെലീന ആല്‍ബി ഈ വചനത്തെയോര്‍മിപ്പിക്കുന്നു, അവരുടെ ചിരിയാവട്ടെ, ശവം തീനിയായ ഹെയീനയെയും.
Content Highlight: Arun Angela writes about BJP trying to exploit the Thattam controversy