രാജ്യത്തെമ്പാടും വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു, ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ശവം തീനികളായ കഴുതപ്പുലികളെപ്പോലെ, കലാപങ്ങളിൽ ചിന്തിയ ചോരയിൽ നിന്ന് ബി.ജെ.പി വളർന്നു. അന്ന് അദ്വാനിയുടെ രഥയാത്രയുടെ സാരഥി ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി | അരുണ്‍ ഏയ്ഞ്ചല ഡൂള്‍ന്യൂസിലെഴുതുന്നു
ഇന്ത്യയിൽ മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിച്ച്, നിരപരാധികളുടെ ചോരയൊഴുക്കി വളർന്ന തീവ്രവാദത്തിൻ്റെ പേരാണ് ഹിന്ദുത്വ. ഇന്ത്യയെന്ന മഹാരാജ്യത്തെ ഇന്ന് കാണുന്ന വിഭജനങ്ങളിലേക്കെത്തിച്ചത് ബ്രിട്ടീഷ് ഭരണവും ഹിന്ദുത്വ തീവ്രവാദവുമായിരുന്നു.
എവിടെയാണ് വിഭജനത്തിന്റെ തുടക്കം?
ബാബരി മസ്ജിദ് എന്ന പേര് പോലും ബ്രിട്ടീഷ് ഭരണത്തിന്റെ ഒരു സൃഷ്ടിയാണ്. അവധ് എന്ന നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന മസ്ജിദ് അറിയപ്പെട്ടിരുന്നത് ജാമി മസ്ജിദെന്നായിരുന്നു.
ഈസ്റ്റ് ഇന്ത്യാ കമ്പനി വടക്കേ ഇന്ത്യയിൽ തങ്ങളുടെ പിടിയുറപ്പിച്ചതോടെ ബ്രിട്ടീഷ് കൊളോണിയൽ നയത്തിന്റെ ഫലമായാണ് 1853 ൽ വർഗീയ കലാപം ഉണ്ടായതെന്ന് അലഹബാദ് സർവകലാശാലയിലെ പ്രൊഫസറും ചരിത്രകാരനുമായ ശ്രീവാസ്തവ പറയുന്നു. അതിന് ശേഷമാണ് ബാബരി മസ്ജിദ് എന്ന പേര് ഉപയോഗത്തിലേക്ക് വരുന്നത്.
ബാബരി മസ്ജിദ് (ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായിരുന്ന സാമുവല്‍ ബോണ്‍ പകര്‍ത്തിയ ചിത്രം). Photo: Wikipedia/Wikimedia Commons
1855ൽ ഹനുമാൻ ഗഡ് ക്ഷേത്രത്തിന്റെ പേരിൽ മുസ്‌ലിങ്ങൾ ഉണ്ടാക്കിയ തർക്കത്തിൽ അന്നത്തെ നവാബ് ഹനുമാൻ ഗഡ് ക്ഷേത്രത്തിന് അനുകൂലമായ തീരുമാനമെടുത്തു. 1856 ൽ ബ്രിട്ടീഷുകാർ അവധ് പൂർണ്ണമായും പിടിച്ചടക്കി.
പ്രാദേശിക വികാരം ബ്രിട്ടീഷുകാർക്ക് എതിരായിരുന്നു. 1857ലെ കലാപത്തിന് ഇതൊരു കാരണവുമായിരുന്നു.
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള കുതിരപ്പടയും, ഹിന്ദു ഭൂരിപക്ഷമുള്ള കാലാൾ പടയും ഒന്നിച്ചു ചേർന്നുള്ള കലാപം സത്യത്തിൽ ബ്രിട്ടീഷുകാരെ ഞെട്ടിച്ചിരുന്നു. 1859ൽ മുംബൈ ഗവർണരായിരുന്ന ലോർഡ് എൽഫിൻസ്റ്റോൺ, “വിഭജിച്ചാൽ അധികാരം എന്നതായിരുന്നു പഴയ റോമൻ തത്വം, അത് നമ്മുടേതായിരിക്കും” എന്ന് പീൽ കമ്മീഷനിലൂടെ മാതൃരാജ്യത്തിനെ ധരിപ്പിച്ചു.
അങ്ങനെ ബ്രിട്ടീഷുകാർ ഔദ്യോഗികമായിത്തന്നെ നമ്മെ ഭിന്നിപ്പിച്ചു ഭരിക്കുന്നതിലേക്കെത്തി. 1857ൽ ഇതേ ഹനുമാൻ ക്ഷേത്ര പുരോഹിതന്റെ നേതൃത്വത്തിൽ ബാബരി മസ്ജിദിന്റെ ഭാഗങ്ങൾ കൈയ്യേറി ആരാധന തുടങ്ങിയിരുന്നു. ഔദ്യോഗികമായല്ലാതെ വിഭജനത്തിന്റെ വിത്ത് വിതയ്ക്കുന്ന ഒരു നരേറ്റിവ് ബ്രിട്ടീഷുകാരിവിടെ ഉണ്ടാക്കി വച്ചിരുന്നു.
ഈ രാജ്യം മുഗളൻമാരിൽ നിന്ന് പിടിച്ചെടുത്ത, ഹിന്ദുക്കളുടെ രക്ഷകരാണ് തങ്ങൾ എന്നൊരു ചിത്രം അവർ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു.അഫ്ഗാനിസ്ഥാനിലെയും പേർഷ്യയിലെയും സ്വാധീനമുറപ്പിക്കുന്നതിന് റഷ്യയുമായുള്ള ‘ഗ്രേറ്റ് ഗെയി’മിൽ 1842 ൽ ബ്രിട്ടന് കാബൂളിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.
ലോർഡ് എല്ലെൻബറോ ഇന്ത്യയുടെ ഗവർണർ ജനറലായി ചുമതലയേറ്റ സമയമായിരുന്നു അത്. എല്ലെൻബറോ അതിനെയൊരു സുവർണാവസരമായി കണ്ടു ‘The Proclamation of the Gates’ എന്ന പ്രഖ്യാപനം നടത്തി.
ഗസ്‌നിയിലെ മഹമൂദിന്റെ ശവകുടീരത്തിൽ നിന്ന് തടി വാതിലുകൾ നീക്കം ചെയ്ത് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സൈനികർക്ക് നൽകിയ ഉത്തരവായിരുന്നു അത്. 1026-ൽ ഇന്നത്തെ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടവയാണ് ഇത് എന്നൊരു വ്യാജമാണ് ബ്രിട്ടീഷുകാർ പ്രചരിപ്പിച്ചത്.
തരം പോലെ ബ്രിട്ടീഷുകാർ, അവരെപ്പോലെ സെമിറ്റിക് വിശ്വാസികളായ മുസ്‌ലിങ്ങളെയും, ഹിന്ദുക്കളെയും മാറി മാറി പ്രീണിപ്പിച്ചിരുന്നു. ഭിന്നിപ്പിന് ഒരുപാധി മാത്രമായാണ് അവർ ഇതിനെ കണ്ടിരുന്നത്. 1900 ത്തിന്റെ ആദ്യ പാദങ്ങളിൽ തന്നെ ഹിന്ദുത്വ ആ വിഭജന രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി.
“സിന്ധിന് അപ്പുറമുള്ള പ്രദേശം അഫ്ഗാനിസ്ഥാനുമായും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയുമായും സംയോജിപ്പിച്ച് ഒരു മഹത്തായ മുസൽമാൻ രാജ്യമാക്കണം. ഈ പ്രദേശത്തെ ഹിന്ദുക്കൾ ഇവിടം വിട്ടുപോകണം, അതേസമയം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ള മുസൽമാൻമാർ ഈ പ്രദേശത്ത് പോയി സ്ഥിരതാമസമാക്കണം.” എന്നായിരുന്നു ഭായ് പർമാനന്ദിൻ്റെ നിർദ്ദേശം.
1924 ൽ ലാലാ ലജ്പത്റായ് ഈ നിർദേശങ്ങൾ വ്യക്തമായി അവതരിപ്പിച്ചു. “എന്റെ പദ്ധതി പ്രകാരം മുസ്‌ലിങ്ങൾക്ക് നാല് മുസ്‌ലിം സംസ്ഥാനങ്ങൾ ഉണ്ടാകും: (1) വടക്കുപടിഞ്ഞാറൻ അതിർത്തിയിലെ പത്താൻ പ്രവിശ്യ (2) പടിഞ്ഞാറൻ പഞ്ചാബ് (3) സിന്ധ്, (4) കിഴക്കൻ ബംഗാൾ. ഇന്ത്യയുടെ മറ്റേതെങ്കിലും ഭാഗത്ത് ഒരു പ്രവിശ്യ രൂപീകരിക്കാൻ പര്യാപ്തമായ വലിപ്പമുള്ള മുസ്‌ലിം സമൂഹങ്ങൾ ഉണ്ടെങ്കിൽ, അവയും സമാനമായി രൂപീകരിക്കണം.
എന്നാൽ ഇത് ഒരു ഏകീകൃത ഇന്ത്യയല്ലെന്ന് വ്യക്തമായി മനസ്സിലാക്കണം. അതിനർത്ഥം ഇന്ത്യയെ മുസ്‌ലിം ഇന്ത്യയായും മുസ്‌ലിം ഇതര ഇന്ത്യയായും വിഭജിക്കുക എന്നതാണ്.” അദ്ദേഹം പറയുന്നു.
1923 ൽ തന്നെ സവർക്കർ തന്റെ വിവാദപുസ്തകമായ “ഹിന്ദുത്വ” എഴുതി. ഹിന്ദുമതത്തിന് പുറമെ സിഖ്, ജൈന ബുദ്ധ മതങ്ങളെ ഉൾക്കൊള്ളുന്ന, എന്നാൽ ക്രിസ്ത്യാനികളെയും മുസ്‌ലിങ്ങളെയും രണ്ടാം തരം പൗരന്മാരായിക്കാണുന്ന പ്രത്യേക തരത്തിലുള്ള ‘ഹിന്ദുരാഷ്ട്രമായിരുന്നു ’ സവർക്കർ വിഭാവനം ചെയ്തത്.
1925 ൽ നാഗ്പൂരിൽ ആർ എസ് എസ് സ്ഥാപിക്കപ്പെട്ടു. സംഘവും സവർക്കറുടെ മാതൃക പിന്തുടർന്നു. 1937 ൽ അഹമ്മദാബാദിൽ നടന്ന ഹിന്ദു മഹാസഭയുടെ പത്തൊൻപതാമത് സെഷനിൽ നടത്തിയ പ്രസംഗത്തിൽ സവർക്കർ പറയുന്നത് നോക്കുക,
“ഇന്ത്യയിൽ രണ്ട് ശത്രുതാപരമായ രാഷ്ട്രങ്ങൾ അടുത്തടുത്തായി ജീവിക്കുന്നുണ്ട്. ഇന്ത്യ ഇതിനകം തന്നെ ഒരു ഐക്യമുള്ള രാഷ്ട്രമായി ലയിച്ചുകഴിഞ്ഞുവെന്നും, അല്ലെങ്കിൽ അങ്ങനെ ചെയ്യണമെന്ന ആഗ്രഹത്താൽ അത് അങ്ങനെ ലയിപ്പിക്കപ്പെടാമെന്നും കരുതുന്നതിൽ നിരവധി ഇൻഫെന്റ് രാഷ്ട്രീയക്കാർ ഗുരുതരമായ തെറ്റ് ചെയ്യുന്നു. അതുകൊണ്ടാണ് അവർ വർഗീയ സംഘർഷങ്ങളിൽ അക്ഷമരാകുകയും അവയെ വർഗീയ സംഘടനകളുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നത്.“
”ഇന്ന് ഇന്ത്യയെ ഒരു ഏകീകൃതവും ഏകീകൃതവുമായ രാഷ്ട്രമായി കണക്കാക്കാൻ കഴിയില്ല, മറിച്ച്, ഇന്ത്യയിൽ പ്രധാനമായും രണ്ട് രാഷ്ട്രങ്ങളുണ്ട്: ഹിന്ദുക്കളും മുസ്‌ലിങ്ങളും.”
യഥാർത്ഥത്തിൽ പൊളിറ്റിക്കൽ ഹിന്ദുത്വ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ മുന്നോട്ട് വച്ച ആശയം 1940ൽ മാത്രമാണ് മുസ്‌ലിം ലീഗ് ഏറ്റെടുത്തതെന്ന് കാണാം. പക്ഷെ അവിടുന്നങ്ങോട്ട് അതിതീവ്രമായി ജിന്നയും ലീഗും ഇതിനായി പ്രയത്നിക്കുകയും ചെയ്തു.
ഒടുവിൽ 1947 ഓഗസ്റ്റിൽ, അതിന് മുൻപൊരിക്കലും ഇന്ത്യ കണ്ടിട്ടില്ലാത്ത സിറിൽ റാഡ്ക്ലിഫ്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൂടെ വിഭജനത്തിന്റെ വര വരച്ചു. 1947 ഓഗസ്റ്റ് 17 ന് പുതിയ അതിർത്തികൾ നിലവിൽ വന്നു. അതിർത്തികളിൽ നിന്ന് അങ്ങോട്ടുമിങ്ങോട്ടും ലക്ഷക്കണക്കിനാളുകൾ ഒഴുകി, രാജ്യത്ത് വലിയ കലാപങ്ങളുണ്ടായി. രണ്ട് ലക്ഷം മുതൽ ഇരുപത് ലക്ഷം വരെയാളുകൾ കൊല്ലപ്പെട്ടു, ദശലക്ഷക്കണക്കിനാളുകൾ ശരീരത്തിലും മനസ്സിലും ആഴത്തിൽ മുറിവുകളേറ്റു വാങ്ങി.
1948 ജനുവരി 30 ന് രാജ്യത്തെ മുഴുവൻ പിടിച്ചു കുലുക്കിയ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ആക്രമണമുണ്ടായി. ഹിന്ദുത്വ തീവ്രവാദി ഗോഡ്‌സെ ഗാന്ധിയെ വെടി വച്ചു കൊലപ്പെടുത്തി.
ഗാന്ധിവധം. Photo: Collections – GetArchive
മനുഷ്യനെ വിഭജിച്ചു മാത്രം വളരാൻ അറിയാവുന്ന പ്രത്യയശാസ്ത്രത്തിന് റാം ഓർ റഹിം ഏക് ഹേ എന്ന് പറഞ്ഞിരുന്ന ഗാന്ധിയെ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുമായിരുന്നില്ല. അതിന്റെ സ്വാഭാവിക പരിണിതിയായിരുന്നു ഗാന്ധിയുടെ കൊലപാതകം.
1949ൽ ഹിന്ദുത്വ, സ്വതന്ത്ര ഇന്ത്യയിൽ വീണ്ടും വിഭജനത്തിന്റെ വിത്തുകൾ പാകി. മുഗൾ ചക്രവർത്തിയായ ബാബറിന്റെ കാലത്ത് (1528 -29ൽ) നിർമിക്കപ്പെട്ട ജാമി മസ്ജിദിൽ രാമന്റെ വിഗ്രഹം സ്ഥാപിക്കുക എന്നതായിരുന്നു ഹിന്ദുത്വ ഇതിന് തിരഞ്ഞെടുത്ത വഴി.
അതിന് ശേഷം നടത്തിയ സമ്മർദങ്ങളിലൂടെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ അയോധ്യയിലെ മുസ്‌ലിം സമുദായത്തിലെ ചില അംഗങ്ങളെ അവരുടെ സ്വന്തം അവകാശവാദങ്ങൾക്കെതിരെ സത്യവാങ്മൂലം സമർപ്പിക്കാൻ ഹിന്ദുത്വ ശക്തികൾ നിർബന്ധിച്ചു. അങ്ങനെ 19 സത്യവാങ്മൂലങ്ങളാണ് സമർപ്പിക്കപ്പെട്ടത്.
ഈ സത്യവാങ്മൂലങ്ങൾ എല്ലാം 1950 ഫെബ്രുവരി 8നും ഫെബ്രുവരി 24നും ഇടയിൽ സമർപ്പിച്ചതായിരുന്നു. ഇതിൽ എട്ട് സത്യവാങ്മൂലങ്ങൾ ആ വർഷം ഫെബ്രുവരി 16 ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് സമർപ്പിച്ചത്. എല്ലാ സത്യവാങ്മൂലങ്ങളും ഏറെക്കുറെ സമാനമായിരുന്നു.
“1934 ലെ കലാപത്തിനുശേഷം മുസ്‌ലിങ്ങൾ ബാബരി മസ്ജിദിൽ നമസ്കാരത്തിനായി പോകുന്നത് നിർത്തി”, “ഹിന്ദുക്കൾ പതിവായി പൂജ നടത്തുന്നുണ്ടായിരുന്നു”, “സർക്കാർ പള്ളി ഹിന്ദുക്കൾക്ക് കൈമാറുന്നതിൽ ഹർജിക്കാരന് എതിർപ്പില്ലായിരുന്നു” എന്നിങ്ങനെ പോകുന്നു അവ.
1934 മുതൽ ബാബറി മസ്ജിദ് ഒരു ക്ഷേത്രമായിരുന്നു എന്നതിന്റെ തെളിവായി ഹിന്ദു കക്ഷികൾ വിവിധ അവസരങ്ങളിൽ ഈ സത്യവാങ്മൂലങ്ങൾ ഉപയോഗിച്ചുവരുന്നു. പക്ഷെ, 1949 ഡിസംബർ 22-23 തീയതികളിലെ രാത്രിയിലാണ് വിഗ്രഹം പള്ളിയിൽ സ്ഥാപിച്ചത്, അതിനുശേഷം മാത്രമാണ് ഹിന്ദുത്വ തീവ്രവാദികൾ ബാബരി മസ്ജിദിന്റെ നിയന്ത്രണം ഏറ്റെടുത്തത് എന്നതാണ് വസ്തുത.
നെഹ്‌റു ഈ വിഗ്രഹങ്ങൾ എടുത്തു നദിയിൽ ഒഴുക്കാനാണ് പറഞ്ഞത്. പക്ഷെ അന്നത്തെ യുപി മുഖ്യമന്ത്രി ജി.ബി. പന്ത് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞതനുസരിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് ബാബറി മസ്ജിദ് തർക്കഭൂമിയായി പ്രഖ്യാപിച്ചു, മുസ്‌ലിങ്ങളെ വിലക്കുകയും ഹിന്ദുക്കൾക്ക് ആരാധനയ്ക്ക് സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു.
ഗോവിന്ദ് വല്ലഭ് പന്ത്. Photo: Indian National Congress/inc.in
ഇവിടെയാണ് സ്വന്തന്ത്ര ഇന്ത്യയിലെ ആദ്യ മുന്ന അഥവാ ഒറ്റുകാരൻ പ്രത്യക്ഷപ്പെടുന്നത്. നിർഭാഗ്യവശാൽ അയാളൊരു മലയാളിയായിരുന്നു. കെ കെ. നായർ എന്ന അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് പിന്നീട് ജനസംഘത്തിന്റെ എം പി ആയി.
കേസിൻ്റെ നാൾ വഴി
1950 – ശിശു രാമ സീത വിഗ്രഹങ്ങളെ ആരാധിക്കാനുള്ള അവകാശത്തിനായി ഗോപാൽ സിംല വിശാരദ് ഫൈസാബാദ് ജില്ലാ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു.
1950 – അതേ വർഷം തന്നെ, പ്രാർത്ഥന തുടരാനും വിഗ്രഹങ്ങൾ സൂക്ഷിക്കാനും വേണ്ടി പരമഹംസ രാമചന്ദ്ര ദാസും ഒരു കേസ് ഫയൽ ചെയ്തു.
1959– ബാബരിയുടെ നിയന്ത്രണം കൈമാറാൻ അനുവാദം തേടി നിർമോഹി അഖാഡ മൂന്നാമത്തെ കേസ് ഫയൽ ചെയ്തു.
1981 – സ്ഥലം തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുന്നതിനും കൈവശം വയ്ക്കുന്നതിനുമായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് നാലാമത്തെ കേസ് ഫയൽ ചെയ്തു.
1985ഏപ്രിൽ – അപ്പീൽ തള്ളിക്കൊണ്ട്, CRPC 125 അനുസരിച്ച് വിവാഹമോചിതയായ മുസ്‌ലിം സ്ത്രീയ്ക്ക് ജീവനാംശം നൽകണമെന്ന ഷാ ബാനു കേസിലെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വച്ചതോടെ വിധിക്കെതിരെ രാജ്യമാകെ ഒട്ടുമുക്കാലും മുസ്‌ലിം പൗരോഹിത്യം രംഗത്ത് വന്നു.
ഷാ ബാനു
മൂന്ന് മാസം കഴിഞ്ഞപ്പോൾ ജി.എം. ബനാത് വാല എന്ന എം.പി 125 ആം വകുപ്പിന്റെ പരിധിയിൽ നിന്നും മുസ്‌ലിങ്ങളെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ ബിൽ അവതരിപ്പിച്ചു. രാജീവ് ഗാന്ധിയുടെ പിന്തുണയോടെ അന്നത്തെ ആഭ്യന്തര സഹ മന്ത്രി ആരിഫ് മുഹമ്മദ് ഖാൻ ബില്ലിനെ എതിർത്തു.
അന്ന് പുരോഗമന മുസ്‌ലിം ഉത്പതിഷ്ണുവായിരുന്നു ഖാൻ. (നമ്മുടെ ഗവർണർ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാൻ തന്നെ). കോൺഗ്രസ്സ് എതിർത്തു വോട്ട് ചെയ്തു ബിൽ പരാജയപ്പെട്ടു. പക്ഷെ ഇതോടെ മുസ്‌ലിങ്ങളിലെ പുരോഹിത വിഭാഗം വിഭാഗം ഷാ ബാനുവിനെതിരെയും കോഗ്രസ്സിനെതിരെയും തിരിഞ്ഞു.
ആരിഫ് മുഹമ്മദ് ഖാൻ. Photo: Wikipedia/Wikimedia Commons
കോൺഗ്രസിന്റെ ഉത്തരേന്ത്യയിലെ പല തിരഞ്ഞെടുപ്പ് തോൽവികൾ ഷാ ബാനു കേസുമായി രാഷ്ട്രീയ നിരീക്ഷകർ ചേർത്ത് വച്ചു. അതോടെ ആരിഫ് ഖാനെ രാജീവ് ഗാന്ധി കൈവിട്ടു. യാഥാസ്ഥിതിക മുസ്‌ലിങ്ങളെ പ്രീണിപ്പിക്കാനും സുപ്രീം കോടതി വിധിയെ മറി കടക്കാനുമായി, രാജീവ് ഗാന്ധി 1986 ഫെബ്രുവരിയിൽ മുസ്‌ലിം വനിതാ ബിൽ കൊണ്ടു വന്നു.
വിവാഹമോചിതയായ മുസ്‌ലിം സ്ത്രീയുടെ ഉത്തരവാദിത്തം ബന്ധുക്കൾക്കാണ്, അവർക്ക് ജീവനാംശത്തിനു അർഹതയില്ലെന്ന വ്യവസ്ഥ ചെയ്യുന്ന ബിൽ പാസ്സാക്കുക എന്നത് 400 എം പി മാരുടെ പിന്തുണയുള്ള രാജീവ് ഗാന്ധിക്ക് വളരെ എളുപ്പമായിരുന്നു. അപമാനിതനായ ആരിഫ് ഖാൻ രാജി വച്ചു. പൊതുസിവിൽകോഡ് പോലും കൊണ്ടു വരാൻ കഴിയുമായിരുന്ന സർക്കാർ മുസ്‌ലിം പ്രീണനം നടത്തിയെന്ന ആരോപണം ഹിന്ദുത്വ ഉയർത്തിക്കൊണ്ട് വന്നു, അതിൽ വാസ്തവവും ഉണ്ടായിരുന്നു.
1986 ഫെബ്രുവരി – യു.പിയിലെ ജില്ലാ ജഡ്ജി ബാബരി മസ്ജിദിലെ ചെറു ക്ഷേത്രം ആരാധനയ്ക്കായി തുറന്നു കൊടുക്കാൻ ഉത്തരവിട്ടു. ഇത് പ്രധാന മന്ത്രിയുടെ നിർദേശതെതുടർന്നാണെന്ന് ആരോപണമുയർന്നു. ഇന്നത്തെ കാലമല്ല, വിധി വന്നു മണിക്കൂറുകൾക്കകം താഴ് തുറന്നതും ആ ദൃശ്യങ്ങൾ പകർത്താൻ ദേശീയ ചാനൽ അവിടെ കാത്തു നിന്നിരുന്നതും ഈ ആരോപണത്തിന് ബലമേകി.
രാജീവ് ഗാന്ധി എന്ന ഒരു ഘട്ടത്തിലെ ‘സൂര്യതേജസ്സ്’ ഒരു സീസൺഡ് രാഷ്ട്രീയക്കാരൻ ആയി മാറുന്ന കാഴ്ചയായിരുന്നു അത്. 1980 കളുടെ തുടക്കം മുതൽ വി.എച്ച്.പി രാമജന്മഭൂമി പ്രശ്നം കത്തിച്ചു തുടങ്ങിയിരുന്നു. അതിന്റെ ഗുണഭോക്താവായി കോൺഗ്രസിനെ എത്തിക്കുക എന്ന ബുദ്ധിയാവണം രാജീവ് ഗാന്ധിയെക്കൊണ്ടിതു ചെയ്യിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
അതോടെ പതിറ്റാണ്ടുകളായി കുപ്പിയിലടച്ചിരുന്ന വർഗീയ വിഷജീവികളെ തുറന്നു വിട്ട അവസ്ഥയിലായി കോൺഗ്രസ് നേതൃത്വം. രാഷ്ട്രീയ നിരീക്ഷക നീരജ ചൗധരി എഴുതി,
‘മുയലിനോടൊപ്പം ഓടാനും വേട്ടപ്പട്ടികളോടൊപ്പം വേട്ട നടത്താനും മിസ്റ്റർ രാജീവ് ഗാന്ധി ആഗ്രഹിക്കുന്നു. ഒന്ന് മുസ്‌ലിം വോട്ടിനെ ലാക്കാക്കിയാണെങ്കിൽ രണ്ടാമത്തേത് അതിലും എത്രയോ വലിയ ഹിന്ദു വോട്ടിനെ ലാക്കാക്കിയാണ്. ഇരുസമുദായങ്ങളേയും പ്രീതിപ്പിക്കുക, തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കുക’-ഇതാണ് സർക്കാർന്റെ നയം. ഇതു പൊട്ടിച്ചറിയാൻ പ്രയാസമായേക്കാവുന്ന ഒരു വിഷമവൃത്തം തീർക്കും,”
നിർഭാഗ്യവശാൽ അതൊരു പ്രവചന സ്വഭാവമുള്ള നിരീക്ഷണമായിരുന്നു. 1982ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വെറും രണ്ട് സീറ്റായിരുന്നു കിട്ടിയത്. വെറും അഞ്ച് വർഷത്തെ അയോധ്യാ പ്രചാരണത്തിന് ശേഷം അത് 86 ആയി ഉയർന്നു. ബി.ജെ.പിയുടെ പുറത്ത് നിന്നുള്ള പിന്തുണയോടെ വി.പി സിങ് അധികാരത്തിലെത്തി.
വി.പി സിങ്. Photo: Wikipedia/Wikimedia Commons
പള്ളി ആരാധനയ്ക്കായി തുറന്നു കിട്ടിയതോടെ, പള്ളി പൊളിച്ചു അവിടെ ക്ഷേത്രം പണിയുമെന്നു വി.എച്ച്.പി പ്രഖ്യാപിച്ചു. മുസ്‌ലിം വനിതാ ബില്ലിലൂടെ കോൺഗ്രസ്സ് ന്യൂനപക്ഷപ്രീണനം നടത്തുന്നുവെന്നു പറഞ്ഞു ആർ.എസ്.എസ്സും വി.എച്ച്.പി വലിയ പ്രചരണം തന്നെ നടത്തി.
ഗർവ് സേ കഹോ ഹം ഹിന്ദു ഹേ എന്ന മുദ്രാവാക്യം ഉത്തരേന്ത്യയാകെ അലയടിച്ചു. 1990ൽ പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ നിയമനങ്ങളിൽ 27% സംവരണം ലഭിക്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി വി.പി. സിങ് പ്രഖ്യാപിച്ചു. ഇന്നത്തെ ഭാഷയിൽ സംഘിന് അതൊരു സുവർണ്ണാവസരമായിരുന്നു.
അവർ സംവരണ വിരുദ്ധ വികാരം ആളിക്കത്തിച്ചു. ഉത്തരേന്ത്യൻ തെരുവുകൾ നിന്ന് കത്തി. അപ്പോൾ, 1990 സെപ്റ്റംബറിൽ എൽ.കെ. അദ്വാനി എന്ന രാഷ്ട്രതന്ത്രഞ്ജനും വർഗീയവാദിയും ജനാധിപത്യ ഇന്ത്യയുടെ നെഞ്ചിൽ വർഗീയതയുടെ രഥമിറക്കി. സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് പതിനായിരം കിലോമീറ്റർ നീളുന്ന രഥയാത്ര.
തേര് തെളിച്ചത് മാറ്റാരുമായിരുന്നില്ല, ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. യാത്ര തുടങ്ങിയപ്പോൾ തന്നെ രാജ്യത്തു പല സ്ഥലത്തും വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഞാൻ യാത്ര തുടങ്ങുന്നതിനു മുൻപ് രാജ്യത്തു വർഗീയകലാപങ്ങൾ ഉണ്ടായിട്ടില്ലേ എന്നാണ് അദ്വാനി അതേക്കുറിച്ച് പ്രതികരിച്ചത്.
പത്തു സംസ്ഥാനങ്ങളിൽ കൂടി കടന്നു പോകുന്ന യാത്ര ബീഹാറിലത്തി, ലാലു പ്രസാദ് എന്ന യാദവൻ (പ്രധാനമന്ത്രി വി.പി സിങ്ങിന്റെ ആശീർവാദത്തോടെ ) തേര് തടഞ്ഞു, അദ്വാനിയെ അറസ്റ്റ് ചെയ്തു. ബി ജെ പിയുടെ പുറത്തു നിന്നുള്ള പിന്തുണയിലും കൂടിയായിരുന്നു സർക്കാർ നിന്നിരുന്നത്.
ലാലു പ്രസാദ് യാദവ്. Photo: Wikipedia/Wikimedia Commons
വാജ്‌പെയി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. വി.പി. സിങ് സർക്കാർ നിലം പതിച്ചു. പക്ഷെ അദ്വാനിയുടെ യാത്ര ലക്ഷ്യത്തിലെത്തി. ഏതാണ്ട് 75,000 വരുന്ന കർസേവകർ അയോദ്ധ്യയിലെത്തി. കർസേവകർ എന്ന വർഗിയക്കൂട്ടം പള്ളി പൊളിക്കാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി മുലായം സിങ്ങിന്റെ പോലീസ് വെടി വെച്ചു, കുറച്ചു കരസേവകർ നേരെയങ്ങു രാമരാജ്യത്തെത്തി. പള്ളി അന്ന് പൊളിക്കപ്പെട്ടില്ല.
എന്നാൽ 1991 ൽ കല്യാൺ സിങ്ങിന്റെ നേതൃത്വത്തിൽ യു പി യിൽ ബി ജെ പി സർക്കാർ അധികാരത്തിലെത്തി. 1992 ൽ സംസ്ഥാന സർക്കാരിന്റെ ആശിർവാദത്തോടെ എൽ.കെ അദ്വാനി നയിച്ച വർഗീയക്കൂട്ടം മസ്ജിദ് തകർത്തു. അന്ന് രാജ്യം ഭരിച്ചത് കോൺഗ്രസ്, നരസിംഹ റാവു പ്രധാനമന്ത്രി.
ബാബരി മസ്ജിദ് ധ്വംസനത്തെ കുറിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ പത്രവാര്‍ത്ത
രാജ്യത്തെമ്പാടും വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു, ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ശവം തീനികളായ കഴുതപ്പുലികളെപ്പോലെ, കലാപങ്ങളിൽ ചിന്തിയ ചോരയിൽ നിന്ന് ബി.ജെ.പി വളർന്നു. അന്ന് അദ്വാനിയുടെ രഥയാത്രയുടെ സാരഥി ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
രഥയാത്രയുടെ ചുക്കാൻ പിടിച്ച മോദിയെ അദ്വാനി മറന്നില്ല. 2002ൽ മോഡി മുഖ്യമന്ത്രിയായിരിക്കെ നടന്ന സംഘപരിവാർ സ്റ്റേറ്റ് സ്പോണ്‍സേർഡ് ഗുജറാത്ത് കലാപത്തിൽ പതിനായിരങ്ങൾ കൊല്ലപ്പെട്ടപ്പോൾ മോദിയുടെ കയ്യിൽ രക്തക്കറ പുരണ്ടിരിക്കുന്നു എന്ന്, Right man in wrong party എന്നൊക്കെ ആളുകൾ പറയാറുള്ള വാജ്പേയിക്ക് തോന്നിയിരുന്നു.
അടല‍്‍ ബിഹാരി വാജ്പേയി. Photo: Wikipedia/Wikimedia Commons
മോദി രാജിവെയ്ക്കണം എന്നായിരുന്നു വാജ്പേയിയുടെ തീരുമാനം. പക്ഷെ പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവിൽ വാജ്‌പേയി തന്റെ തീരുമാനം പറയുന്നതിന് മുൻപ് മോദി രാജിസന്നദ്ധത അറിയിച്ചു. മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ , അദ്വാനിയും കൂട്ടരും അതിനെ ശക്തമായി എതിർത്തു.
ചുരുക്കത്തിൽ ‘Right man in wrong party’ mute ചെയ്യപ്പെട്ടു. (മോദി രാജി വെയ്ക്കേണ്ടി വന്നാലോ ഗുജറാത്ത് സർക്കാരിനെ പിരിച്ചു വിട്ടാലോ താൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കും എന്ന് അദ്വാനി വാജ്‌പേയിയോട് ഭീഷണിമുഴക്കിയിരുന്നു എന്നാണ് അന്നത്തെ റിപ്പോർട്ടുകൾ).
എന്തായാലും അന്നത്തെ പ്രധാനമന്ത്രി വാജ്‌പെയിയുടെ തീരുമാനത്തെ മറികടന്നു ഉപപ്രധാനമന്ത്രി അദ്വാനി തന്റെ മാനസപുത്രനെ രക്ഷിച്ചെടുത്തു.
മോദിയും അദ്വാനിയും. Photo: Narendra Modi/x.com
പക്ഷെ 2004 ജൂലൈയിൽ എൻ.ഡി.എ തകർന്നടിഞ്ഞപ്പോൾ, തോൽവിക്കൊരു കാരണം ഗുജറാത്ത് വംശഹത്യ ആയിരിക്കാമെന്ന വാചകം ഒരു ഫ്രോയിഡിയൻ സ്ലിപ്പെന്ന പോലെ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി, കാശ്മീരിലായിരുന്ന എ.ബി. വാജ്പേയിയിൽ നാവിൽ നിന്നും വീണു പോയി.
വെറും മൂന്ന് ദിവസമേ ആ ചർച്ച നീണ്ടു നിന്നുള്ളു. ജൂലായ് പതിനഞ്ചിന് രാവിലെ മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയിൽ പത്തൊൻപത് വയസുള്ള ഇസ്രത് ജഹാൻ റാസ എന്ന മുംബൈക്കാരിയായ പെൺകുട്ടി, മലയാളിയായ ജാവേദ് ഗുലാം ഷേഖ് എന്ന് പ്രാണേഷ് പിള്ള, അംജദ് അലി റാണ, സീഷൻ ജോഹർ എന്നീ ‘ഭീകരരെ’ അഹമ്മദാബാദ് പോലീസിന്റെ നേതൃത്വത്തിൽ വെടിവെച്ച് കൊന്ന വാർത്ത പുറത്ത് വന്നു.
ലഷ്‌കർ ഇ തോയ്ബ എന്ന ഭീകരസംഘടനയുടെ ചാവേർ പോരാളിയാണ് ഇസ്രത് ജഹാൻ എന്നും നരേന്ദ്ര മോദിയെ വധിക്കാനായി അഹമ്മദാബാദിനേയ്ക്ക് പോവുകയായിരുന്നു ഇവരെന്നും പോലീസ് പറഞ്ഞു. അതോടെ തിരഞ്ഞെടുപ്പ് പരാജയത്തിലെ മോദിയുടെ പങ്ക് മറച്ചു വയ്ക്കപ്പെട്ടു.
എന്നാൽ പിന്നീട് നടന്ന സി.ബി.ഐ അന്വേഷണത്തിൽ, 19കാരിയായ ഇസ്രത്ത് ജഹാൻ ഒരു തീവ്രവാദിയല്ലെന്നും അവളോടൊപ്പം കൊല്ലപ്പെട്ട മറ്റ് മൂന്ന് പേർക്ക് തീവ്രവാദ ബന്ധമുണ്ടെന്നും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അവളെ മറയായി ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തി.
ഇസ്രത് ജഹാന്‍ എന്‍കൌണ്ടർ. Photo: Wikipedia
ഇസ്രത്തിനൊപ്പം കൊല്ലപ്പെട്ട മൂന്ന് പേർ ലഷ്കർ-ഇ-തൊയ്ബ ഹാൻഡ്‌ലറായ മുസമ്മിലുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. അഹമ്മദാബാദിൽ ഭീകരാക്രമണം നടത്താൻ അവർ പദ്ധതിയിട്ടിരിക്കാം എന്നും പക്ഷേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അവരുടെ ലക്ഷ്യമായിരുന്നില്ല എന്നും സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.
വ്യാജ ഏറ്റുമുട്ടലിൽ അന്നത്തെ ഗുജറാത്ത് എ.ടി.എസ് ഡി.ഐ.ജി ഡി.ജി വൻസാര യുടെ പങ്കും പിന്നീട് പുറത്ത് വന്നു. ശവപ്പെട്ടി കുംഭകോണത്തിലും എൻ.ഡി.എയ്ക്ക് രക്ഷയായത് പാർലമെന്റ് ആക്രമണം നടത്തിയ ഭീകരരായിരുന്നു.
ഒടുവിൽ 2019 നവംബർ ഒൻപതിനു അയോധ്യയിൽ ഹിന്ദുത്വ സംഘം ബാബരി പള്ളി പൊളിച്ചുമാറ്റിയ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തുകൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയത് നിയമവിരുദ്ധമാണെന്ന് പറഞ്ഞുവെങ്കിലും തർക്കഭൂമി കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ഒരു ട്രസ്റ്റിന് കൈമാറാൻ സുപ്രീം കോടതി തീരുമാനിച്ചു, ഈ ട്രസ്റ്റ് രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കും.
കോടതി പള്ളി പണിയാൻ മറ്റൊരു സ്ഥലം ഏറ്റെടുക്കാനും സർക്കാരിനോട് ഉത്തരവിട്ടു. ബാബരി മസ്ജിദിന് കീഴിൽ മറ്റൊരു ആരാധനാലയത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു എന്ന പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലുകളെ വിധിന്യായത്തിൽ ഉദ്ധരിക്കുന്നു.
എന്നാൽ അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി ഒരു തെളിവും ഉണ്ടായിരുന്നില്ല. തർക്കഭൂമി “ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ജന്മസ്ഥലം” ആണെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നുവെന്ന വാദവും വിധിന്യായത്തിന്റെ പ്രധാന ഭാഗത്തിൽ അടങ്ങിയിരിക്കുന്നു.
ഫലത്തിൽ ഭൂരിപക്ഷസമുദായത്തിന്റെ പേരിൽ ഹിന്ദുത്വ തീവ്രവാദികൾ നടത്തിയ ഒരു അക്രമകരമായ പ്രവൃത്തി എൻഡോഴ്സ് ചെയ്യപ്പെട്ടു. 2014 ന് ശേഷം ഉണ്ടായ രാമരാജ്യത്തിൽ നിന്നും മറ്റെന്തു വിധിയാണ് ഉണ്ടാവുക.
ബാബരി മസ്ജിദ് തകർക്കുന്ന കർസേവകർ. Photo: Wikipedia
വിധി പറഞ്ഞ ജസ്റ്റിസ്സുമാർ ഇപ്പോൾ എന്ത് ചെയ്യുന്നു?
അന്നത്തെ ചീഫ് ജസ്റ്റിസ് (സി.ജെ.ഐ) രഞ്ജൻ ഗൊഗോയ്, മുൻ സി.ജെ.ഐ എസ്.എ. ബോബ്‌ഡെ, മുൻ ചീഫ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ (റിട്ടയേർഡ്) അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരടങ്ങിയ അഞ്ച് ജഡ്ജിമാരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് 2019 നവംബർ 17 വിരമിച്ചു. റാഫേൽ യുദ്ധവിമാന ഇടപാടിൽ മോദി സർക്കാരിന് രണ്ടുതവണ ക്ലീൻ ചിറ്റ് നൽകിയ ബെഞ്ചിന് നേതൃത്വം നൽകിയതും ഇദ്ദേഹമായിരുന്നു. വിരമിച്ചു വെറും നാല് മാസങ്ങൾക്ക് ശേഷം, 2020 മാർച്ച് 19 ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു.
2021 ജൂണിൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ജസ്റ്റിസ് അശോക് ഭൂഷൺ 2021 നവംബറിൽ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (NCLAT) ചെയർപേഴ്‌സണായി യൂണിയൻ സർക്കാർ നിയമിച്ചു.
അശോക് ഭൂഷണ്‍. Photo: Wikipedia/Wikimedia Commons
2023 ജനുവരി 4-ന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ജസ്റ്റിസ് എസ്. അബ്ദുൾ നസീർ ആന്ധ്രാ പ്രദേശ് ഗവർണറായി നിയമിതനായി. 2023 ഫെബ്രുവരി 24-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. വിരമിച്ച് വെറും ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ നിയമനം നടന്നത്.
ജസ്റ്റിസ് എസ്. അബ്ദുൾ നസീർ. Photo: Wikipedia
എസ്.എ. ബോബ്‌ഡെയും ഡി.വൈ. ചന്ദ്രചൂഡും പ്രത്യേകിച്ച് സ്ഥാനങ്ങൾ ഒന്നും സ്വീകരിച്ചിട്ടില്ല.
എസ്.എ ബോബ്‌ഡേ | ഡി.വൈ. ചന്ദ്രചൂഡ്. Photo: Wikipedia
‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ? എന്ന് അയോധ്യ വിധിയിൽ എം. സ്വരാജ് പ്രതികരിച്ചിരുന്നു. അതിൽ കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല. ഇന്ത്യയിൽ, സവർക്കർ വിഭാവനം ചെയ്ത, ന്യൂനപക്ഷങ്ങൾ രണ്ടാം തരം പൗരന്മാരായ രാമരാജ്യത്തിന്റെ തുടക്കമാണ് ബാബറി മസ്ജിദ് നിന്ന ഭൂമിയിലെ രാമക്ഷേത്രം.
അവിടെയാണ്, ബാബറി പൊളിച്ചപ്പോൾ കലാപം ഉണ്ടാവാതിരുന്ന,
“ലാമ ലാമ ലാമ ലാമാ ലാമ ലാമ ലാമാ……
ലാമ ലാമ ലാമ ലാമാ ലാമ ലാമ ലാമാ……
പണ്ട് താടിക്കാരനൌലി പാടി വന്നൊരു പാട്ട്
കണ്ടതല്ലേ നമ്മളീ ലാമായണം കഥപ്പാട്ട്
കർക്കിടകം കാത്തുകാത്ത് കുത്തിരിക്കും പാട്ട്
കാതുരണ്ടിലും കൈവിരലിട്ടോരി കൂട്ടും പാട്ട്
(ലാമ ലാമാ……)
മൂന്നു പെണ്ണിനെ ദശരഥൻ നിക്കാഹ് ചെയ്ത പാട്ട്
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മുത്തുള്ള ലാമൻ ചേലുകൂട്ടും പാട്ട്
(ലാമ ലാമാ……)
നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്
കുഞ്ഞുകുട്ടിത്തങ്കമോളെ കൈപിടിച്ച പാട്ട്
ഹാലിളകി താടിലാമൻ വഴി തടഞ്ഞ പാട്ട്
ഹാല് മാറ്റീട്ടന്നു ലാമൻ നാട്ടിലെത്തിയ പാട്ട്
(ലാമ ലാമാ……)
രണ്ട് നാള് മുമ്പറിഞ്ഞ് നമ്മള് സ്വകാര്യം
കുണ്ടകാഞ്ഞ ലാമനോരോ പെണ്ണ് വെച്ച കാര്യം
ചത്ത പയ്യിന്റാല നോക്കി കുത്തിരുന്നിട്ടെന്താ?
കുത്തടങ്ങീട്ടൊത്ത പയ്യിനെ മാറ്റി വാങ്ങി പോറ്റ്
(ലാമ ലാമാ……)
എന്ന് പാടുന്ന, ഇങ്ങനെ ഇന്ക്ലൂസീവ് ആയ, സ്വന്തമായി മാപ്പിള രാമായണം തന്നെയുള്ള നമ്മുടെ നാട് വലുപ്പത്തിൽ ചെറുതെങ്കിലും വലിയൊരു പ്രതീക്ഷയാകുന്നത്.
അത് കൊണ്ടു തന്നെയാവണം ഇവിടം സംഘപരിവാറിന് കിട്ടാക്കനിയാകുന്നതും. ഒരു പക്ഷെ ഹിന്ദുത്വയുടെ വില്ല് കുലച്ച, ടോക്സിക്ക് മസ്കുലിൻ ആയ രാമനാവില്ല, സാകേതമുപേക്ഷിച്ച രാമനാവണം മലയാളിയുടെ ദൈവം.
Content Highlight: Arun Angela writes about Babri Masjid demolition