സാന്റാക്ലോസിനെ തെരുവിലിട്ട് തല്ലുന്ന ഹിന്ദുത്വയും ചേര്‍ത്ത് പുണരുന്ന മുത്തപ്പനും
DISCOURSE
സാന്റാക്ലോസിനെ തെരുവിലിട്ട് തല്ലുന്ന ഹിന്ദുത്വയും ചേര്‍ത്ത് പുണരുന്ന മുത്തപ്പനും
അരുൺ എയ്ഞ്ചല
Monday, 29th December 2025, 7:03 pm
സമ്മാനങ്ങളുമായി വരുന്ന സാന്റയെ തെരുവിലിട്ടു തല്ലുന്ന ഹിന്ദുത്വയുടെ രാമരാജ്യത്ത്, സാന്റാക്‌ളോസിനെ ചേര്‍ത്ത് പിടിക്കുന്ന മുത്തപ്പന്‍ അന്നുമിന്നും വിപ്ലവകാരിയാകുന്നു. ഹിന്ദുത്വ ഭരിക്കുന്ന രാജ്യത്ത് കാലം ആവശ്യപ്പെടുന്ന വിപ്ലവകാരി | അരുണ്‍ ഏയ്ഞ്ചല ഡൂള്‍ന്യൂസിലെഴുതുന്നു

ക്രിസ്മസ് ദിനത്തില്‍ കേരളത്തില്‍ നിന്നും വൈറലായൊരു വീഡിയോയുണ്ട്. സാന്റാക്ലോസ് മുത്തപ്പന്റെയടുത്ത് വരുന്നതും, മുത്തപ്പന്‍ സാന്റയെ ചേര്‍ത്ത് നിര്‍ത്തുന്നതുമായിരുന്നു ആ വീഡിയോ.

ക്രിസ്മസ് ആഘോഷങ്ങള്‍ വിലക്കിക്കൊണ്ട് ഹിന്ദുത്വയുടെ തിട്ടൂരമിറങ്ങുന്ന കാലത്ത്, ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ഒരു മനുഷ്യനെ സംഘപരിവാര്‍ തെരുവില്‍ തല്ലിക്കൊല്ലുന്ന കാലത്ത് ഇതിലും മികച്ച ഒരു ക്രിസ്മസ് സന്ദേശം കേരളത്തില്‍ നിന്നും സാധ്യമല്ലെന്നു തോന്നുന്നു.

സാന്റയും മുത്തപ്പനും തമ്മിലൊരു താരതമ്യം സാധ്യമാണോ?

അതേയെന്നാണ് ഉത്തരം. അതേയെന്നു മാത്രമല്ല പരസ്പരപൂരകമാകുന്ന രണ്ട് സങ്കല്‍പങ്ങളാണ് മുത്തപ്പനും സാന്റയും.

ഗ്രീക്ക് അധീനതയിലായിലുണ്ടായിരുന്ന പുരാതന തുറമുഖ നഗരമായ പതാരയില്‍ ജനിച്ച സെന്റ് നിക്കോളാസിലാണ് സാന്റാക്‌ളോസ് എന്ന സങ്കല്പത്തിന്റെ വേരുകള്‍.

സെന്റ് നിക്കോളാസ്. Photo: St. Nicholas Orthodox Church

യേശുവിന്റെ വാക്കുകള്‍ അനുസരിച്ചുകൊണ്ട്, തന്റെ മുഴുവന്‍ അവകാശവും ദരിദ്രരെയും രോഗികളെയും കഷ്ടപ്പെടുന്നവരെയും സഹായിക്കാന്‍ ഉപയോഗിച്ച മനുഷ്യനായിരുന്നു നിക്കോളാസ്. ഇദ്ദേഹത്തെക്കുറിച്ചുള്ള ഒരു കഥയില്‍ നിന്നാണ് സാന്റ പിറവിയെടുക്കുന്നത്.

മൂന്ന് പെണ്‍മക്കളുള്ള ഒരു ദരിദ്രനെക്കുറിച്ചാണ് ഒരു കഥ പറയുന്നത്. ദാരിദ്ര്യം മൂലം വേശ്യാവൃത്തിയിലേക്ക് പോകുമായിരുന്ന അവസ്ഥയില്‍ അവരുടെ വീട്ടിലേക്ക് ഒരു രാത്രിയില്‍ നിക്കോളാസ്, തനിക്ക് പരമ്പരാഗതമായി ലഭിച്ച സ്വര്‍ണം ചൊരിയുകയും അവര്‍ അവരുടെ ജീവിതം തിരികെപ്പിടിക്കുകയും ചെയ്തു എന്നതാണ് കഥ.

പിന്നീട് അദ്ദേഹം പുരോഹിതനാവുകയും ചെറുപ്പത്തില്‍തന്നെ മൈറയിലെ ബിഷപ്പാവുകയും ചെയ്തു. ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിച്ച റോമന്‍ ചക്രവര്‍ത്തിയായ ഡയോക്ലീഷ്യന്റെകീഴില്‍ ബിഷപ്പ് നിക്കോളാസ് തന്റെ വിശ്വാസത്തിനുവേണ്ടി കഷ്ടപ്പെടുകയും നാടുകടത്തപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു.

സെന്റ് നിക്കോളാസിനെ മൈറയിലെ അദ്ദേഹത്തിന്റെ പള്ളിയിലാണ് അടക്കം ചെയ്തത്. ആറാം നൂറ്റാണ്ടോടെ അവിടെ അദ്ദേഹത്തിന്റെ ആരാധനാലയം പ്രസിദ്ധമായി. സെന്റ് നിക്കോളസിന്റെ തിരുനാള്‍ ന്യൂയോര്‍ക്കിലെ ഡച്ച് കുടിയേറ്റക്കാര്‍ ആചരിക്കുവാന്‍ തുടങ്ങി.

സെന്റ് നിക്കോളാസ് ചര്‍ച്ചിന്റെ ഉള്‍വശം. Photo: Wikipedia

സിന്റര്‍ക്ലാസ് എന്നാണ് അവര്‍ അദ്ദേഹത്തെ വിളിച്ചത്. പിന്നീട് അതിന്റെ ആംഗ്‌ളിക്കന്‍ പേരായ സാന്റാക്ലോസ് ലോകമെങ്ങും പ്രസിദ്ധമായി. എഴുത്തുകാരനായ വാഷിങ്ടണ്‍ ഇര്‍വിംഗ്ങ്ങാണ് ഒരു നോവലില്‍ ആദ്യമായി സാന്റാ കഥാപാത്രത്തെ ചിത്രീകരിച്ചത്.

1822ല്‍ ക്ലെമന്റ് മൂര്‍ ‘എ വിസിറ്റ് ഫ്രം സെന്റ് നിക്കോളാസ്’ എന്ന പേരില്‍ ഒരു കവിത എഴുതി.

1862ല്‍, ആഭ്യന്തരയുദ്ധകാലത്ത് അമേരിക്കന്‍ ജേണലായ ഹാര്‍പേഴ്സ് വീക്കിലിക്ക് വേണ്ടി ആഭ്യന്തരയുദ്ധ കാര്‍ട്ടൂണിസ്റ്റ് തോമസ് നാസ്റ്റ് സാന്റാക്ലോസിനെ വരച്ചു – ഇത് ആഭ്യന്തരയുദ്ധകാലത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ജേണലാണ്.

തോമസ് നാസ്റ്റ് വരച്ച സാന്റാക്ലോസ് ചിത്രം. Photo: Wikipedia

ആദ്യമായി സാന്റാക്ലോസിനെ തടിച്ച, താടിയുള്ള എല്‍ഫ് ആയി സാന്റ ചിത്രീകരിക്കപ്പെട്ടു. അദ്ദേഹമാണ് സാന്റയെ ആദ്യമായി ചുവപ്പ് കുപ്പായം അണിയിക്കുന്നത്. ഒടുവില്‍ നാസ്റ്റ് നോര്‍ത്ത് പോളില്‍ നിന്ന് സമ്മാനങ്ങളുമായി വരുന്ന സാന്റാക്ലോസിനെ ചിത്രീകരിച്ചു.

ഭാര്യയോടൊപ്പം (മിസ്സിസ് ക്ലോസ്) അവിടെ അദ്ദേഹം വര്‍ഷം മുഴുവന്‍ തന്റെ എല്‍ഫുകളുടെ സഹായത്തോടെ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്നു . അവിടെ വച്ച് ക്രിസ്മസ് സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് കുട്ടികളില്‍ നിന്ന് കത്തുകള്‍ ലഭിക്കുന്നു.

സാന്റാക്ലോസും മിസിസ് ക്ലോസും, ഒരു ചിത്രീകരണം. Photo: PublicDomainPictures.net

ക്രിസ്മസ് രാവില്‍ അദ്ദേഹം തന്റെ സഞ്ചിയില്‍ കളിപ്പാട്ടങ്ങള്‍ നിറച്ച് ലോകം ചുറ്റുന്നു. പല കാലങ്ങളിലായി പലരുടെയും സങ്കല്‍പ്പങ്ങളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഒന്നാണ് ഇന്ന് നമ്മള്‍ കാണുന്ന സാന്റ.

സാന്റയൊരു Philanthropist (മനുഷ്യസ്‌നേഹി, പരോപകാരി എന്നൊക്കെ അര്‍ത്ഥം) ആണെങ്കില്‍ മുത്തപ്പനൊരു വിപ്ലവകാരിയാണ്. അയ്യങ്കര ഇല്ലത്തിലെ കുട്ടികളില്ലാതിരുന്ന ബ്രാഹ്‌മണ ദമ്പതികള്‍ക്ക് കിരാതമൂര്‍ത്തിയായ ശിവന്റെ അനുഗ്രഹത്താല്‍ ലഭിച്ച കുട്ടിയാണ് മുത്തപ്പനെന്നാണ് ഒരു കഥ.

മുത്തപ്പന്‍. ഒരു ഡിജിറ്റല്‍ ആര്‍ട്ട്. Photo: Behence/ Lijin PM

ദ്രാവിഡനായഎല്ലാ ഫോക്ലോറിലുമെന്ന പോലെ ഇതും ഒരു പാഠഭേദമാണ്. ജാതിഭേദം നോക്കാതെ ആളുകളുമായി ഇടപെട്ടിരുന്ന കുട്ടി തന്റെ വിശ്വരൂപംകാട്ടി മാതാപിതാക്കളെ ഞെട്ടിക്കുന്നു.

‘നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?”

(നാങ്കളെ കൊത്തിയാലും നീങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര)

എന്ന് പറഞ്ഞു ശങ്കരാചര്യരെ മുട്ടുകുത്തിച്ച പൊട്ടന്‍ തെയ്യത്തിന്റെ രൂപത്തില്‍ വന്ന ദ്രാവിഡ ദൈവമാണ് ശിവന്‍. പക്ഷെ പൊട്ടന്‍ തെയ്യം പോലെയല്ല, മുത്തപ്പനെ ശൈവ-വൈഷ്ണവ സങ്കല്‍പ്പമായിട്ടാണ് ആരാധിക്കുന്നത്.

ജാതി മത, ലിംഗ ഭേദമില്ലാതെ ഏതൊരാള്‍ക്കും കയറിചെന്നു സങ്കടം പറയാവുന്ന അയിത്തമില്ലാത്ത അടിയാളന്റെ ദൈവമാണ് മുത്തപ്പന്‍.

സാന്റാക്ലോസ് സമ്മാനങ്ങളുമായി വരുമ്പോള്‍ ലഭിക്കുന്നത് ഭൗതികമായ, Materialistic ആയ സന്തോഷമാണെങ്കില്‍ നേരിട്ട് സങ്കടം പറയുമ്പോള്‍ ചേര്‍ത്ത് നിര്‍ത്തുന്ന മുത്തപ്പനെന്ന ദൈവം തരുന്നത് മനസ്സിന്റെ സങ്കടങ്ങളെ ഇറക്കി വയ്ക്കാനുള്ള ഇടമാണ്.

മുത്തപ്പന്‍. Photo: parassinimadappurasreemuthappan.com

ഇത് രണ്ടും മനുഷ്യന് അത്രമേല്‍ ആവശ്യമുണ്ട്. വെളിച്ചപ്പാട് പലയിടത്തും ഉണ്ടാകും, എന്നാല്‍ സങ്കടം കേട്ട് ചേര്‍ത്ത് നിര്‍ത്തുന്ന ഇങ്ങനെയൊരു ദൈവം വേറെയുണ്ടോ അറിയില്ല. എത്ര മനോഹരമായ സങ്കല്പമാണത്.

സമ്മാനങ്ങളുമായി വരുന്ന സാന്റയെ തെരുവിലിട്ടു തല്ലുന്ന ഹിന്ദുത്വയുടെ രാമരാജ്യത്ത്, സാന്റാക്‌ളോസിനെ ചേര്‍ത്ത് പിടിക്കുന്ന മുത്തപ്പന്‍ അന്നുമിന്നും വിപ്ലവകാരിയാകുന്നു. ഹിന്ദുത്വ ഭരിക്കുന്ന രാജ്യത്ത് കാലം ആവശ്യപ്പെടുന്ന വിപ്ലവകാരി.

രാജ്യത്തിന്റെ തെക്കേ മുനമ്പിലെ, കേരളത്തിലെ കണ്ണൂര്‍ മട്ടന്നൂരിലെ ചരപ്പുറം മുത്തപ്പന്‍ മടപ്പുര, 2014 മുതല്‍ ഹിന്ദുത്വയുടെ രാമരാജ്യമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍, സ്‌നേഹത്തിന്റെ പ്രതീക്ഷയുടെ വിളക്കുമാടമാകുന്നു.

 

Content Highlight: Arun Angela about Muthappan and Santa Claus

 

അരുൺ എയ്ഞ്ചല
ഫോട്ടോ ജേര്‍ണലിസ്റ്റ്