വൃത്തിക്ക് പോസ്റ്ററുണ്ടാക്കാന്‍ മാത്രമല്ല, വെടിപ്പായി അഭിനയിക്കാനുമറിയാം, ഡീയസ് ഈറേയില്‍ കൈയടി നേടി അരുണ്‍ അജികുമാര്‍
Malayalam Cinema
വൃത്തിക്ക് പോസ്റ്ററുണ്ടാക്കാന്‍ മാത്രമല്ല, വെടിപ്പായി അഭിനയിക്കാനുമറിയാം, ഡീയസ് ഈറേയില്‍ കൈയടി നേടി അരുണ്‍ അജികുമാര്‍
അമര്‍നാഥ് എം.
Saturday, 1st November 2025, 3:43 pm

ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡീയസ് ഈറേ. സംവിധായകന്റെ മുന്‍ സിനിമകളുടെ അതേ പാറ്റേണില്‍ തന്നെയാണ് ഡീയസ് ഈറേയും കഥ പറയുന്നത്. കണ്ടുശീലിച്ച ഒരു കഥയെ ഇതുവരെ കാണാത്ത തരത്തില്‍ അവതരിപ്പിച്ചാണ് രാഹുല്‍ സദാശിവന്‍ കൈയടി നേടുന്നത്. നിശബ്ദതക്കും ഭയപ്പെടുത്താനാകുമെന്ന് ഡീയസ് ഈറേയിലൂടെ രാഹുല്‍ തെളിയിച്ചു.

 

വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. അതില്‍ എല്ലാവരും മനസില്‍ തങ്ങിനില്‍ക്കുന്ന തരത്തിലുള്ള പ്രകടനം തന്നെ കാഴ്ചവെച്ചു. നായകനായ പ്രണവ് മോഹന്‍ലാല്‍ ഞെട്ടിക്കുമെന്ന് ടീസറും ട്രെയ്‌ലറുമെല്ലാം അടിവരയിട്ടതാണ്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രകടനം കാഴ്ചവെച്ചത് മറ്റൊരാളാണ്.

അരുണ്‍ അജികുമാര്‍ അവതരിപ്പിച്ച കിരണ്‍ എന്ന കഥാപാത്രം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മലയാളത്തില്‍ നിലവിലെ ഏറ്റവും മികച്ച പോസ്റ്റര്‍ ഡിസൈനര്‍മാരില്‍ ഒരാളായ ഏസ്‌തെറ്റിക് കുഞ്ഞമ്മയിലെ പ്രധാനിയാണ് അരുണ്‍ അജികുമാര്‍. ക്യാമറക്ക് മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത അരുണ്‍ അജികുമാര്‍ ഈ വര്‍ഷം അഭിനയിച്ച രണ്ട് സിനിമയിലും ഞെട്ടിച്ചു.

പടക്കളത്തില്‍ നായകന്റെ കൂട്ടുകാരിലൊരാളായ നകുലില്‍ നിന്ന് ഡീയസ് ഈറേയിലെ കിരണിലേക്ക് എത്തിയപ്പോള്‍ നടനെന്ന നിലയില്‍ അരുണ്‍ ഞെട്ടിച്ചു. ആകെ മൂന്ന് സീനുകള്‍ മാത്രമേ ഉള്ളൂവെങ്കിലും ഗംഭീര പ്രകടനമാണ് അരുണ്‍ കാഴ്ചവെച്ചത്. സ്വന്തം സഹോദരി മരിച്ചതിന്റെ വിഷമം ഉള്ളില്‍ കൊണ്ട് നടക്കുന്ന കഥാപാത്രമായാണ് അരുണ്‍ ഡീയസ് ഈറേയില്‍ വേഷമിട്ടത്.

തന്റെ അവസ്ഥയെന്താണെന്ന് കിരണ്‍ വിവരിക്കുന്ന രംഗം ഈയടുത്ത് വന്നതില്‍ ഏറ്റവും മികച്ച ഒന്നായാണ് അനുഭവപ്പെട്ടത്. പ്രിയപ്പെട്ടവരുടെ മരണത്തോട് പൊരുത്തപ്പെടാനാകാതെ, അതിന്റെ വിഷമം പുറത്തുകാണിക്കാനാകാതെ നടക്കുന്ന ഒരുപാട് പേരുടെ പ്രതിനിധിയാണ് കിരണ്‍ എന്ന കഥാപാത്രം. ഒന്ന് പാളിയാല്‍ വലിയ രീതിയില്‍ ട്രോള്‍ മെറ്റീരിയലായി മാറുന്ന ഒരു രംഗം ഡീയസ് ഈറേയിലുണ്ട്.

 

ആ രംഗത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ സ്‌പോയിലറായേക്കും. അരുണ്‍ അജികുമാര്‍ എന്ന നടന്റെ മാക്‌സിമം റേഞ്ച് കാണാന്‍ സാധിച്ച സീനായിരുന്നു അത്. ഒ.ടി.ടി റിലീസിന് ശേഷം ഏറ്റവും വാഴ്ത്തപ്പെടാന്‍ പോകുന്നതും ആ ഒരു സീന്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. വരും കാലങ്ങളില്‍ കൂടുതല്‍ സിനിമകളില്‍ അരുണിനെ കാണാനാകുമെന്ന് ഉറപ്പാണ്.

സ്‌കൂള്‍ ബസ്സിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന അരുണ്‍ അജികുമാര്‍ പോസ്റ്റര്‍ ഡിസൈനിങ്ങിലൂടെയാണ് ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധ നേടിയത്. ഏസ്‌തെറ്റിക് കുഞ്ഞമ്മ എന്ന ബ്രാന്‍ഡ് നെയിം മലയാളത്തിന് പുറത്തേക്കും അരുണ്‍ വ്യാപിപ്പിച്ചു. പവന്‍ കല്യാണിന്റെ ദെയ് കോള്‍ ഹിം ഓ.ജിയുടെ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയ കത്തിച്ചവയാണ്.

ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകള്‍ക്ക് ശേഷം രാഹുല്‍ സദാശിവനുമായി ഏസ്‌തെറ്റിക് കുഞ്ഞമ്മ വീണ്ടും കൈകോര്‍ത്ത ചിത്രമാണ് ഡീയസ് ഈറേ. മലയാളത്തില്‍ നിലവിലെ ഏറ്റവും മികച്ച പോസ്റ്റര്‍ ഡിസൈനറെന്ന വിശേഷണത്തോടൊപ്പം ഗംഭീര നടനാണ് താനെന്ന് അരുണ്‍ തെളിയിച്ചു.

Content Highlight: Arun Ajikumar’s performance in Dies Irae movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം