മലയാളസിനിമയില്‍ പ്രേതങ്ങളുടെ സ്ഥിരം ചെണ്ട, സര്‍വം മായയിലും പ്രേതത്തിന്റെ അടികള്‍ ഏറ്റുവാങ്ങി അരുണ്‍ അജികുമാര്‍
Malayalam Cinema
മലയാളസിനിമയില്‍ പ്രേതങ്ങളുടെ സ്ഥിരം ചെണ്ട, സര്‍വം മായയിലും പ്രേതത്തിന്റെ അടികള്‍ ഏറ്റുവാങ്ങി അരുണ്‍ അജികുമാര്‍
അമര്‍നാഥ് എം.
Monday, 29th December 2025, 6:50 pm

പോസ്റ്റര്‍ ഡിസൈനിങ്ങില്‍ ഇന്ന് മലയാളസിനിമയിലെ അവസാന വാക്കാണ് ഏസ്‌തെറ്റിക് കുഞ്ഞമ്മ. ഭൂതകാലം, ഭ്രമയുഗം, 2018, ബസൂക്ക തുടങ്ങി നിരവധി ചിത്രങ്ങളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് ഏസ്‌തെറ്റിക് കുഞ്ഞമ്മയാണ്. അരുണ്‍ അജികുമാറാണ് ഏസ്‌തെറ്റിക് കുഞ്ഞമ്മയുടെ സ്ഥാപകന്‍. പോസ്റ്റര്‍ ഡിസൈനിങ്ങിന് പുറമെ അഭിനയത്തിലും അരുണ്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഈ വര്‍ഷം അരുണ്‍ ഭാഗമായ സിനിമകളെല്ലാം ശ്രദ്ധേയമായിരുന്നു. പടക്കളത്തിലെ നകുല്‍, ഡീയസ് ഈറേയിലെ കിരണ്‍ എന്നീ വേഷങ്ങള്‍ക്ക് ശേഷം സര്‍വം മായയിലെ ശ്രീരാഗും ശ്രദ്ധിക്കപ്പെട്ടു. അരുണിന്റെ അവസാനത്ത രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സാമ്യതയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.

അരുണ്‍ അജികുമാര്‍ ഡീയസ് ഈറേ Photo: Screen grab/ Jio Hotstar

ഡീയസ് ഈറേയിലെ കിരണ്‍ എന്ന കഥാപാത്രവും സര്‍വം മായയിലെ ശ്രീരാഗ് എന്ന കഥാപാത്രവും പ്രേതത്തിന്റെയടുത്ത് നിന്ന് തല്ലുവാങ്ങുന്നുണ്ട്. ഡീയസ് ഈറേയില്‍ പ്രേതം ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിടുകയാണെങ്കില്‍ സര്‍വം മായയിലെ പ്രേതം അരുണിന്റെ കഥാപാത്രത്തെ സ്റ്റാച്യൂവാക്കുകയാണ്. അടുപ്പിച്ച് രണ്ട് സിനിമകളില്‍ പ്രേതത്തിന്റെയടുത്ത് നിന്ന് പണി വാങ്ങുന്ന കഥാപാത്രമാണ് അരുണിന്റേതെന്നാണ് ട്രോളുകളില്‍.

‘പ്രേതങ്ങളുടെ സ്ഥിരം ചെണ്ട, എവിടെപ്പോയാലും സ്വസ്ഥത തരാത്ത പ്രേതങ്ങള്‍’, ‘ഏത് യൂണിവേഴ്‌സില്‍ പോയാലും അവിടത്തെ പ്രേതങ്ങള്‍ക്ക് പുള്ളിയെ ഇഷ്ടമല്ല’ എന്നിങ്ങനെ പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലായിരിക്കുകയാണ്. ഈ ട്രോളുകള്‍ക്ക് ലഭിക്കുന്ന കമന്റുകളും രസകരമാണ്. ‘ഞാനേ, ഭയങ്കര ഹൈയായി പോയി’ എന്ന സര്‍വം മായയിലെ ഡയലോഗ് എല്ലാവരെയും ചിരിപ്പിക്കുന്നുണ്ട്.

അരുണ്‍ അജികുമാര്‍ ട്രോള്‍ Photo: Troll Malayalam/ Facebook

‘കയ്യിലിരുപ്പ് ശരിയല്ലാത്തതുകൊണ്ടാകും പ്രേതങ്ങള്‍ വെറുതേ വിടാത്തത്’, ‘പ്രേതം സ്റ്റാര്‍’, ‘പുള്ളിക്കാരനെ എന്തോ പ്രേതങ്ങള്‍ക്ക് ഇഷ്ടമാകാത്തതുകൊണ്ടാണ്’ എന്നിങ്ങനെ രസകരമായ കമന്റുകള്‍ക്ക് നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്. സിനിമ ഹിറ്റായതിനോടൊപ്പം അതിലെ ഇത്തരം വ്യത്യസ്തമായ കാര്യങ്ങളും പലരും ചൂണ്ടിക്കാണിക്കുകയാണ്.

ഡീയസ് ഈറേയിലെ അരുണിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നവരെയും കമന്റ് ബോക്‌സില്‍ കാണാനാകും. ഒന്ന് പാളിയാല്‍ ട്രോള്‍ മെറ്റീരിയലാകുന്ന കഥാപാത്രമായിരുന്നു കിരണെന്നും അത് ഭംഗിയായി അരുണ്‍ അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന രംഗങ്ങളിലൊന്നായിരുന്നു അരുണിന്റേത്.

അരുണ്‍ അജികുമാര്‍ Phot: Facebook, Jio Hotstar

അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ചിത്രമാണ് സര്‍വം മായ. ഹൊറര്‍ കോമഡി ഴോണറിലെത്തിയ ചിത്രം ക്രിസ്മസ് വിന്നറായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി എന്ന അപൂര്‍വ നേട്ടം ചിത്രം സ്വന്തമാക്കാനൊരുങ്ങുകയാണ്.

Content Highlight: Arun Ajikumar’s character similarities in Sarvam Maya and Dies Irae

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം