കലാകാരന്റെ സ്വാതന്ത്ര്യത്തിന് തെരുവുകളില്‍ സുരക്ഷയൊരുക്കാന്‍ മാത്രം ഈ നാട്ടിലെ സാംസ്‌കാരികത വളര്‍ന്നിട്ടില്ലെന്ന് ചിത്രകാരന്‍ ടി. മുരളി. സത്യം പറയുന്ന ചിത്രങ്ങളെ പേടിക്കുന്നവരാണ് തനിക്കെതിരെ കല്ലെറിയുന്നതെന്നും ജനം ശരിക്കും ജനാധിപത്യത്തിലേക്ക് പ്രവേശിച്ചാല്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന ബ്രാഹ്‌മണിസത്തിന്റെ ദുരഭിമാനം കാറ്റില്‍ പറക്കുമെന്നും ടി. മുരളി പറയുന്നു. ചിത്രങ്ങളിലൂടെ നായര്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് നിയമനടപടി നേരിടുന്നതിനിടെ ഡൂള്‍ന്യൂസിനോട് സംസാരിക്കുകയായിരുന്നു ടി. മുരളി.
ചിത്രകാരൻ ടി. മുരളി
രാഗേന്ദു.പി.ആര്‍: ഒരു ചിത്രകാരന്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെയാണ് ചരിത്രത്തോട് ബന്ധപ്പെട്ടിരിക്കുന്നത്?
ടി. മുരളി: മറ്റുള്ളവര്‍ക്ക് വിഷമമാകുമെന്ന് കരുതി ഞാന്‍ ചിത്രങ്ങള്‍ വരാക്കാതിരുന്നിട്ടില്ല. നമ്മള്‍ ചരിത്രം പഠിക്കുന്നത് തന്നെ ചിലര്‍ക്ക് ഇഷ്ടമല്ല. രാമായണത്തിലെയും മഹാഭാരത്തിലെയും കഥകളാണ് നമ്മുടെ ചരിത്രമെന്ന് വിശ്വസിക്കാനാണ് ചിലര്‍ക്ക് താത്പര്യം. വളരെ സമ്പന്നമായിട്ടുള്ള ചരിത്ര പാരമ്പര്യം നമുക്കുണ്ടായിരുന്നു. അതാണ് ബൗദ്ധ പാരമ്പര്യം. ബി.സി മൂന്നാം നൂറ്റാണ്ട് മുതല്‍ ഈ പാരമ്പര്യം ഇന്ത്യയിലുടനീളവും കേരളത്തിലും ശക്തമായി നിലനിന്നിരുന്നു. പക്ഷെ ആ ചരിത്രം ഇവിടെയാര്‍ക്കും കേള്‍ക്കണ്ട. കേട്ടാല്‍ പിന്നെ നമ്മുടെ നാട്ടില്‍ അടിമകളായി മുദ്രകുത്തപ്പെട്ട മനുഷ്യര്‍ മുഴുവന്‍ സ്വാതന്ത്രരാക്കപ്പെടും. അവര്‍ ആത്മാഭിമാനത്തോടെ സമൂഹത്തിന്റെ മുന്നിലേക്ക് വരും. അങ്ങനെയുണ്ടായാല്‍ ജാതിവിവേചനം നടക്കില്ല. ക്ഷേത്രത്തിലെ പൂജാരി ബ്രഹ്‌മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥയും നിലനില്‍ക്കില്ല. ഞങ്ങള്‍ മനുഷ്യരല്ലേ എന്ന് അവര്‍ ചോദിക്കും. അത് ചോദിക്കാതിരിക്കാന്‍ വേണ്ടിയാണ് നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങള്‍ ചിലര്‍ അടക്കിഭരിക്കുന്നത്.
ഏഴ് ശതമാനത്തില്‍ താഴെ മാത്രമുള്ള ആ മൈനോരിറ്റി ഒരു ഒളിഗാര്‍ക്കി ഭരണകൂടമായിട്ടാണ് തുടരുന്നത്. ജനാധിപത്യത്തിന് പുറത്ത് നിന്നുകൊണ്ടാണ് ഇവര്‍ ഭരിക്കുന്നത്. ഉദാഹരണത്തിന്, കേരളത്തിലെ പഴയ രാജഭരണത്തിന്റെ തലസ്ഥാനം തിരുവിതാംകൂര്‍ ആയിരുന്നു. ഈ തിരുവിതാംകൂര്‍ തന്നെയാണ് ജനാധിപത്യത്തിന്റെയും തലസ്ഥാനം. ഈ രാജഭരണത്തിന്റെ ഗൃഹാതുരത്വത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ മാനവിക ബോധത്തിലേക്ക് ചിലര്‍ക്ക് ഉയരാന്‍ കഴിയുന്നില്ല. ആ സംസ്‌കാരത്തിലേക്ക് ഉയരാന്‍ പറ്റുന്നില്ല എന്നത് ദയനീയമായ അവസ്ഥയാണ്.
ഇത്തരം വിഷയങ്ങളില്‍ സാഹിത്യകാരന്മാരും ചിന്തകരുമെല്ലാമായിരിക്കും ആശങ്കപ്പെടുക. അതായത് അസമത്വത്തെ അവരാണ് തിരിച്ചറിയുക. അധികാരത്തിന്റെ പ്രിവിലേജ് ഉള്ളവര്‍ക്ക് അസമത്വങ്ങള്‍ കാണാന്‍ കഴിയണമെന്നില്ല. അവര്‍ക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നില്ലല്ലോ? ഒരു പാവപ്പെട്ട സ്ത്രീ ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിനിരയായാല്‍ മേല്‍പ്പറഞ്ഞ മനുഷ്യര്‍ ഉടനെ അലേര്‍ട്ടാകും. ഒരു മനുഷ്യസ്ത്രീയാണ് ആക്രമിക്കപ്പെടുന്നതെന്ന തിരിച്ചറിവിലേക്ക് ഈ മനുഷ്യര്‍ പോകും. പക്ഷെ മറ്റുള്ളവര്‍ക്ക് അത് ഉണ്ടാകണമെന്നില്ല. ഇതിലൂടെയാണ് കലാകാരന്മാര്‍ക്ക് നേരെയുള്ള ജാതീയമായ ആക്രമണങ്ങള്‍ നടക്കുന്നത്.
രാഗേന്ദു.പി.ആര്‍: താങ്കള്‍ക്കെതിരെ ഉപയോഗിച്ച നിയമങ്ങള്‍ ഒരു കലാകാരനെ ഏത് രീതിയിലാണ് അടിച്ചമര്‍ത്തുന്നത്?
ടി. മുരളി:ഏറ്റവും താഴെയുള്ള മനുഷ്യരും ഉയര്‍ച്ചയിലേക്ക് വരുമ്പോള്‍ മാത്രമേ സമൂഹത്തില്‍ അനീതിയില്ലെന്ന് നമുക്ക് പറയാന്‍ കഴിയുകയുള്ളു. അപ്പോള്‍ മാത്രമേ ജനാധിപത്യമുണ്ടെന്ന് വിശ്വസിക്കാന്‍ തോന്നുകയുള്ളൂ. ഇത്തരത്തിലൊരു നിലപാടെടുക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ഒരുപാട് ആളുകളുണ്ടാകും. സമൂഹത്തിലെ യാഥാസ്ഥികവാദികളെല്ലാം ശത്രുക്കളായി വരും. എനിക്കെതിരെയുണ്ടായ സൈബര്‍ കേസ് പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇവര്‍ നമ്മളെ ഒതുക്കാന്‍ ശ്രമിക്കുക.
ഒരു ആര്‍ട്ടിസ്റ്റിനെ, ചിന്തകനെ, സാമൂഹിക പ്രവര്‍ത്തകനെ, ചരിത്ര പഠിതാവിനെ നിശബ്ദമാക്കാന്‍ ഇവര്‍ ഈ സൈബര്‍ നിയമങ്ങളെ ഉപയോഗിക്കും. ശരിക്കും കരിനിയമങ്ങളാണിവ. ഇവയെല്ലാം എന്നേ തോട്ടില്‍ വലിച്ചെറിയേണ്ടിയിരുന്നു. മനുഷ്യത്വവിരുദ്ധമായാണ് ഈ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്യാനും ജാമ്യം നല്‍കാതെ പീഡിപ്പിക്കാനും ആത്മവീര്യം ഇല്ലാതാക്കി സമൂഹത്തിന് മുന്നില്‍ ക്രിമിനലുകളായി ചിത്രീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമങ്ങള്‍ അവസരം നല്‍കുന്നു. ജനാധിപത്യ സമൂഹത്തില്‍ ഇത്തരത്തിലൊരു അവസ്ഥ ഉടലെടുക്കരുതായിരുന്നു.
രാഗേന്ദു. പി.ആര്‍: ശാസ്ത്രീയമായ വസ്തുതകളും താങ്കളുടെ ചിത്രങ്ങളും ചരിത്രബോധവുമെല്ലാം എങ്ങനെയാണ് ഒരു കുടക്കീഴില്‍ വരുന്നത്?
ടി. മുരളി: മൂന്ന് ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ ഉദ്ഭവിച്ച ഹോമോസാപിയന്‍ എന്ന ഒറ്റവംശമാണ് ലോകത്ത് മുഴുവനും എല്ലാ രാജ്യങ്ങളിലും പടര്‍ന്നുകിടക്കുന്നത്. ഇതിനിടയില്‍ ജാതിവിവേചനം ഉണ്ടെന്ന് പറയുന്നത് എത്ര മോശമാണ്. എന്തുമാത്രം അറിവില്ലായ്മയാണ് അത്. ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് അവരെ വിഡ്ഢികളായി നിലനിര്‍ത്തികൊണ്ട് ഭരിക്കുക എന്ന സമ്പ്രദായം ജനാധിപത്യത്തില്‍ ശരിവെക്കാന്‍ കഴിയുന്നതല്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന അടിമത്വം കലാകാരന്മാര്‍ക്ക് മനസിലാകും. അത് രേഖപ്പെടുത്തുമ്പോള്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനം ചെയ്തുവെന്ന് ആരോപിച്ച് അടിച്ചമര്‍ത്തുന്നത് ശരിയല്ല.
മണാളർ
2016ലാണ് ബ്രഹ്‌മണ സംബന്ധം വരക്കുന്നത്. ബ്രഹ്‌മണ സംബന്ധവും മണാളരും ഒരുപോലെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ശൂദ്ര സ്ത്രീകളെ വേശ്യാവൃത്തി പരിശീലിപ്പിക്കുന്ന ഒരു കുലീന ജാതിയാണ് മണാളര്‍. അത്തരത്തില്‍ ദയനീയമായ എത്രയോ അവഹേളനങ്ങള്‍ ബ്രഹ്‌മണിസത്തില്‍ നിന്ന് നമ്മുടെ നാട്ടിലെ സ്ത്രീകള്‍ നേരിട്ടുണ്ട്. ബ്രഹ്‌മണിസം എന്നത് ശ്രേഷ്ഠ വംശീയവാദമാണ്, റേസിസമാണ്.
ജനാധിപത്യ കാലത്ത് ആര്‍ക്കും തന്നെ ‘ഞാന്‍ ബ്രാഹ്‌മണിസത്തിന്റെ വക്താവാണ്’ എന്ന് പറഞ്ഞ് ഞെളിഞ്ഞ് നില്‍ക്കാന്‍ അവകാശമില്ല. അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ റേസിസത്തിന്റെ ചരിത്രമാണ് ഉള്ളത്. ഇത്തരത്തിലുള്ള റേസിസത്തിന്റെ ചരിത്രത്തെ ഒളിപ്പിച്ചുവെക്കാന്‍ ചിലര്‍ രാമായണം, മഹാഭാരതം പോലുള്ള പുരാണങ്ങളിലെ കഥകള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച്, ജനങ്ങളെ ബുദ്ധിമാന്ദ്യം സംഭവിച്ചതുപോലെ അടിമകളാക്കും. ഇത്തരത്തിലുള്ള അടിമത്തത്തിലൂടെയാണ് രാജ്യഭരണ വ്യവസ്ഥിതി തുടര്‍ന്നുപോകുന്നത്.
തിരുവനന്തപുരത്ത് ഇപ്പോഴും രാജ്യഭരണമാണെന്ന് കരുതുന്ന, പുരുഷാധിപത്യ-ജാതിദുരഭിമാനത്തിന്റെ ചില ക്രിമിനലുകളാണ് ജനത്തിന്റെ മുന്നില്‍ ആര്‍ട്ടിസ്റ്റായ എന്നെ തേജോവധം ചെയ്യുന്നത്. എനിക്കെതിരെ നടന്നത് മനുഷ്യത്വ-ജനാധിപത്യ-മാനവികസംസ്‌കാരത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നീക്കമാണ്. രണ്ട് ചെറിയ മക്കളാണ് എനിക്ക് ഉള്ളത്. കണ്ണൂരാണ് ഞാന്‍ താമസിക്കുന്നത്. ഈ സാഹചര്യത്തില്‍ എനിക്കെതിരായ കേസില്‍ ജാമ്യം ലഭിക്കണമെങ്കില്‍ തിരുവനന്തപുരം വരെ പോകേണ്ടി വരും. ജാമ്യക്കാരനെ കണ്ടെത്തണം. പൈസ കെട്ടിവെക്കണം. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളു. ക്രിമിനല്‍ ഒഫന്‍സുകളാണ് എനിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്റെ സാംസ്‌കാരിക പ്രവര്‍ത്തനത്തെ ഒരു ക്രിമിനല്‍ ഒഫന്‍സായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനായാണ് സൈബര്‍ നിയമങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്.
സാംസ്‌കാരിക പ്രവര്‍ത്തകരെ തുറങ്കലിലടക്കാനുള്ള അവസരമാണ് ഈ നിയമങ്ങള്‍ നല്‍കുന്നത്. ഇത് നമ്മുടെ രാഷ്ട്രീക്കാരുടെ കുഴപ്പമില്ല. ഉദ്യോഗസ്ഥ ലോബി എന്ന് പറയുന്ന നായരിസം, സവര്‍ണ ജനപക്ഷപാതമാണ് ഇതിന് പിന്നില്‍. ജാതീയത ജനാധിപത്യ കാലത്തും നിലനില്‍ക്കുന്നു എന്ന് പറയുന്നത് നാണക്കേടാണ്.
ടി. മുരളി: 1200 വര്‍ഷം മുമ്പ് ഇന്ത്യയിലെ ജനങ്ങളെ വലിയ രീതിയില്‍ കഷ്ടപ്പെടുത്തിയ ചരിത്രമാണ് ബ്രഹ്‌മണിസത്തിന് ഉള്ളത്. ഒരു വിഭാഗം മനുഷ്യര്‍ക്ക് വഴി നടക്കാനോ, സ്വന്തം കാശുകൊണ്ട് വാങ്ങിയ വസ്ത്രം ധരിക്കാനോ, ബ്ലൗസ് ധരിക്കാനോ അവകാശമുണ്ടായിരുന്നില്ല. പണ്ട് നീതികേടിലും വിവേചനത്തിലും പ്രതിഷേധിച്ചുകൊണ്ട് മുല മുറിച്ചുകൊടുത്ത ഒരു സ്ത്രീയുണ്ട്, നങ്ങേലി. ആ നങ്ങേലിയെ വരച്ചപ്പോഴും എനിക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. നങ്ങേലിയുടെ കാലത്തെ അതേ വിവേചനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അവയെ നിലനിര്‍ത്താന്‍ സൈബര്‍ നിയമത്തിലൂടെ അവസരം നല്‍കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
നങ്ങേലിയുടെ കാലത്തേക്ക് തിരിച്ചുപോകുന്നത് ആത്മഹത്യാപരമാണ്. ഓരോ രാഷ്ട്രീയകക്ഷികളും സാംസ്‌കാരിക ഇടങ്ങളും അതോടെ ശുഷ്‌കിച്ച് പോകും. ബ്രഹ്‌മണിസത്തിന് കീഴിലുള്ള വലതുപക്ഷ, ഗുണ്ടാ രാഷ്ട്രീയമാണ് ഇന്ന് ശക്തിപ്പെട്ടിരിക്കുന്നത്. ഇതെല്ലാം തിരിച്ചറിയുന്നവരാണ് കലാകാരന്മാരും ചരിത്രകാരന്മാരും. ഞാന്‍ അടക്കമുള്ള മനുഷ്യര്‍ വരക്കുന്നതും എഴുതുന്നതും സമൂഹത്തില്‍ നിലനില്‍ക്കുന്ന അടിമത്തങ്ങളെ പുറത്തെത്തിക്കാന്‍ വേണ്ടിയാണ്.
ഞാന്‍ 19 എക്‌സിബിഷനോളം നടത്തിയിട്ടുണ്ട്. ലളിതകല അക്കാദമിയാണ് എന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. അവരുടെ ഗ്യാലറികളിലാണ് എന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ചിത്രത്തോടൊപ്പം ചരിത്ര വിശദീകരണവും നല്‍കാറുണ്ട്. എന്നാല്‍ മാത്രമേ ചിത്രത്തിന് ജീവന്‍ വെക്കുകയുള്ളു. എന്നാല്‍ ആ വിശദീകരണം കേള്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും ഹാലിളകുന്നുണ്ടെങ്കില്‍ അതൊരു രോഗമാണ്. സാംസ്‌കാരികമായ രോഗം. വിദ്യാഭ്യാസത്തിലൂടെ മാത്രമേ അത് പരിഹരിക്കാന്‍ കഴിയുകയുള്ളു. അല്ലാതെ നമ്മുടെ ചരിത്രകാരന്മാരെയും എഴുത്തുകാരെയും കലാകാരന്മാരെയും കുരുതി കൊടുക്കുകയല്ല വേണ്ടത്.
രാഗേന്ദു: പി.ആര്‍: നരവംശശാസ്ത്രത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട വസ്തുതകളെ കുറിച്ചും താങ്കള്‍ ആഴത്തില്‍ സംസാരിക്കാറുണ്ട്. അത്തരം പഠനങ്ങള്‍ക്ക് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ട്?
ടി. മുരളി: ശരിക്കും ശാസ്ത്രീയമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ വിദ്യാഭ്യാസ സമ്പ്രദായമാണ് സമത്വം കൊണ്ടുവരേണ്ടത്. വിദ്യാഭ്യാസത്തില്‍ ചരിത്രം ശരിയായി രേഖപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലെ ഏറ്റവും ജനവിരുദ്ധമായ ഭരണം നടത്തിയിരുന്നത് തിരുവിതാംകൂറിലായിരുന്നു. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും സഹോദരന്‍ അയ്യപ്പനെയും ഈ ഭരണം എന്തുമാത്രം കഷ്ടപ്പെടുത്തിയിട്ടുണ്ട്. ആ രാജ്യഭരണത്തിലേക്ക് നമ്മളെ തിരിച്ചുകൊണ്ടുപോകുന്ന ഷിഫ്റ്റാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഒരു സവര്‍ണ ഒളിഗാര്‍ക്കിയുടെ സംഘടിതമായ നീക്കം. അതൊരു ചെറിയ സംഭവമല്ല. വളരെ ആസൂത്രിതമായ ഒന്നാണ്.
തിരുവിതാംകൂറില്‍ ഇപ്പോഴും പലരും ‘തങ്ങള്‍ പരിചയും വെഞ്ചാമരവുമെല്ലാമായി നടന്നിരുന്നവരാണ്’ എന്നാണ് ചിന്തിക്കുന്നത്. സിനിമ സ്‌റ്റൈലിലുള്ള ആ നടത്തമാണ് അവരുടെ മനസില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. ഇതെല്ലാം കാണുമ്പോള്‍ ‘നിങ്ങള്‍ ഇത്ര മസില്‍ പിടിച്ചുനടക്കേണ്ടതില്ല’ എന്ന് അവരോട് പറയണമെന്നില്ല. എവിടെയെങ്കിലും എഴുതിയാലും മതി. അല്ലെങ്കില്‍ രേഖപ്പെടുത്തിയാലും മതി. ഇനി സമൂഹ മാധ്യമങ്ങളിലാണ് നമ്മളിതെല്ലാം രേഖപ്പെടുത്തുന്നതെങ്കില്‍ അവര്‍ വെട്ടുകിളികളെ പോലെ വരും. നമ്മളെ ക്രിമിനലുകള്‍ ആക്കുന്നതിനായി. നമ്മള്‍ കൊല്ലപ്പെടേണ്ട രാക്ഷസന്മാരാണെന്ന് ചിത്രീകരിക്കാന്‍. പിന്നെ നടക്കുന്നത് തെറിയാധിക്ഷേപങ്ങളാണ്. കുടുംബത്തിലുള്ളവരെ പോലും അധിക്ഷേപിക്കുകയാണ്. എന്തിന് വേണ്ടി എന്റെ സത്യാന്വേഷണത്തെ എതിര്‍ക്കുന്നതിന് വേണ്ടി. സത്യം പറയുന്നവരെ ഇവര്‍ വെച്ചുപൊറുപ്പിക്കില്ല.
നമ്മളെല്ലാം മനുഷ്യരാണ്. മൂന്ന് ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ പരിണാമത്തിലൂടെ രൂപംകൊണ്ട ഹോമോസാപിയന്‍സാണ് ഇന്ന് എല്ലാ രാജ്യങ്ങളിലും ജീവിക്കുന്നത്. അമേരിക്കയിലും റഷ്യയിലും ജപ്പാനിലും കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ഹോമോസാപിയന്‍സാണുള്ളത്. ഇതിന്റെ ഇടയില്‍ ഭുരഭിമാനം കൊണ്ടുവരുന്നവര്‍ക്ക് നമ്മള്‍ എവിടെയാണ് ഇടം കൊടുക്കുക. അവരെ അംഗീകരിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ അംബേദ്കര്‍ വിഭാവനം ചെയ്തിട്ടുള്ള ഭരണഘടനയ്ക്ക് അനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കേണ്ടത്.
ടി. മുരളി: ഹിരണ്‍ദാസ് മുരളി എന്ന വേടന്‍ ഒന്നാന്തരം ചിന്തകനും ദാര്‍ശികനും റാപ്പറുമാണ്. എന്നാല്‍ അദ്ദേഹത്തെ കഞ്ചാവ് കേസിലും പുലിപല്ല് കേസിലും കുടുക്കിയില്ലേ. ഇതെല്ലാം തൊലിയുടെ നിറം നോക്കിയുള്ള നീക്കമായിരുന്നില്ലേ? ഒന്ന് ആക്രമിച്ചാല്‍ നശിപ്പിക്കാവുന്നതേ ഉള്ളു എന്നാണ് വേടനെ കുറിച്ച് പലരും ചിന്തിച്ചിരുന്നത്. പക്ഷെ അത് നടന്നില്ല. വേടന്റെ വിഷയം വന്നപ്പോള്‍ കേരളത്തിലെ സാംസ്‌കാരിക ഇടങ്ങള്‍ മുന്നോട്ടുവന്നില്ലേ?
ജനം ജനാധിപത്യത്തിലേക്ക് ശരിക്കും പ്രവേശിച്ച് കഴിഞ്ഞാല്‍ ബ്രാഹ്‌മണിസത്തിന്റെ ദുരഭിമാനമെല്ലാം കാറ്റില്‍ പറക്കും. ആ പേടിയാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസ് വിവാദത്തില്‍ പ്രവര്‍ത്തിച്ചത്. നീചമായ നീക്കങ്ങളാണ് ഉണ്ടായത്. വേടന്‍ അസാധ്യനായ ഒരു പ്രതിഭയാണ്. ഒരു വജ്രമാണ്. മനുഷ്യരെ മൗനമാക്കാമെന്ന് ചിന്തിക്കുന്നത് ഒരു ചെറിയ രോഗമല്ല, വലിയ പകര്‍ച്ചവ്യാധിയാണ്.
ഈ ബ്രഹ്‌മണിസം നമ്മുടെ സംസ്‌കാരത്തിലെ ഒരു കാന്‍സറാണ്. ഈ കാന്‍സര്‍ ഇന്ത്യയെ പിടിമുറുക്കിയിട്ട് കുറേ കാലങ്ങളായി. സത്യം പറയുന്നവരെ മുഴുവന്‍ നിശബ്ദരാക്കുക എന്ന തന്ത്രമാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്. ഭരണകൂടത്തിന്റെ കണ്ണുകള്‍ മൂടിക്കെട്ടാതെ തന്നെ ചിലര്‍ കെട്ടിക്കളയും. ഭരണകൂടത്തില്‍ കയറി പിന്‍വാതിലിലൂടെ പ്രവര്‍ത്തിക്കും. ഇവിടെയെല്ലാം പ്രവര്‍ത്തിക്കുന്നത് ജാതിയാണ്. എന്നാല്‍ നമുക്ക് വേണ്ടത് മാനവികതയാണ്. ജാതി രാഷ്ട്രീയം കൊണ്ടുനടക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ഒരു സാധാരണ മനുഷ്യന്‍ അനുഭവിക്കുന്ന വേദനകളും ദുരിതങ്ങളും മനസിലാകില്ല. ഒരു സ്ത്രീ താന്‍ അക്രമിക്കപ്പെട്ടുവെന്ന് സമൂഹത്തോട് പറയുമ്പോഴാണ് നമ്മള്‍ ആ വിവരം അറിയുന്നത്. അത് അറിയുമ്പോള്‍ തന്നെ പരിഹാരം കണ്ടുകൊണ്ടാകണം ജനാധിപത്യത്തെ ആരോഗ്യകരമാക്കേണ്ടത്.
രാഗേന്ദു. പി.ആര്‍: വിദ്യാഭ്യാസരംഗവും ചരിത്രവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് താങ്കള്‍ക്ക് തോന്നുന്നത്?
ടി. മുരളി: സിലബസുകളില്‍ പേരിന് ഉപ്പും മുളകും എന്ന് പറയുന്നതുപോലെ ചരിത്രം പഠിപ്പിച്ചിട്ട് കാര്യമില്ല. ആരായിരുന്നു ഇവിടുത്തെ ജനത, ഇവിടെയുള്ള ക്ഷേത്രങ്ങള്‍ എവിടെ നിന്ന് വന്നു തുടങ്ങിയ കാര്യങ്ങളെല്ലാം വ്യക്തമായി പഠിപ്പിക്കണം. കുഴിക്കാട്ടുപച്ച പോലുള്ളവ വളരെ അടുത്ത കാലങ്ങളില്‍ എഴുതപ്പെട്ട തന്ത്രവിധികളാണ്. ബ്രാഹ്‌മണര്‍ യഥാര്‍ത്ഥമായ ഒന്നാണെന്ന് കാണിക്കാന്‍ ചിലര്‍ ആദ്യമേ ചിലതെല്ലാം എഴുതിവെക്കും. അതിലൂടെ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കും. ഈ തന്ത്രങ്ങള്‍ കേള്‍ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ വായ പൊളിച്ച് ബ്രാഹ്‌മണരെ നോക്കിനിക്കും. ബ്രാഹ്‌മണര്‍ വേറെ ആരെയും മനുഷ്യരായി കാണുന്നില്ല. എന്നാല്‍ ബ്രാഹ്‌മണ സംബന്ധത്തിലൂടെ ജീവിച്ചിരുന്ന ഇവര്‍ക്ക് ഉളുപ്പുണ്ടോ? അതും ഇല്ല.
രാഗേന്ദു. പി.ആര്‍: ക്ഷേത്രങ്ങളിലും പൗരോഹിത്യങ്ങളിലും ദളിതര്‍ നേരിടുന്ന അവഗണ, വിവേചനം തുടങ്ങിയവയെ എങ്ങനെയാണ് മനസിലാക്കുന്നത്?
ടി. മുരളി: പൗരോഹിത്യത്തിലൂടെയാണ് നമുക്കിടയിലേക്ക് ബ്രാഹ്‌മണിസം കയറി വന്നത്. എട്ടാം നൂറ്റാണ്ടിലാണ് തമിഴ്‌നാട്ടില്‍ ബ്രാഹ്‌മണിസം ശക്തിപ്പെടുന്നത്. അന്നത്തെ കാലത്ത് രാജാക്കന്മാരുടെ ഭാര്യമാരെയും അമ്മമാരെയും സഹോദരിമാരെയും സ്വാധീനിക്കുക എന്നതായിരുന്നു ഇവരുടെ തന്ത്രം. ഈ തന്ത്രം രാമായണത്തിലും ബ്രാഹ്‌മണന്‍ എഴുതിവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് ബുദ്ധ സന്ന്യാസിമാരെ ഈ തന്ത്രം ഉപയോഗിച്ച് ബ്രാഹ്‌മണിസം കൊന്നുകളഞ്ഞിട്ടുണ്ട്. എന്നിട്ട് കഴുവേറ്റിതിരുവിഴൈ എന്ന ഉത്സവവും അവര്‍ പ്രഖ്യാപിച്ചു. സ്വന്തം ചരിത്രത്തെ കുറിച്ച് അറിയാത്ത ദളിതര്‍ ഉള്‍പ്പെടെയുള്ള മനുഷ്യര്‍ ആ ഉത്സവത്തില്‍ പങ്കെടുക്കുകയും അത് തുടര്‍ന്ന് കൊണ്ടുപോകുകയും ചെയ്യുന്നു.
ബ്രഹ്മണ സംബന്ധം
രാഗേന്ദു: പി.ആര്‍: താങ്കളുടെ ഏതെല്ലാം ചിത്രങ്ങളും എഴുത്തുകളുമായിരിക്കും ഒരു വിഭാഗം മനുഷ്യരെ പ്രകോപിപ്പിച്ചിട്ടുണ്ടാകുക?
ടി. മുരളി: ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എപ്പോള്‍ വരച്ചാലും പ്രകോപനമുണ്ടാകും. പ്രകോപനം എന്ന് പറഞ്ഞാല്‍, എക്‌സിബിഷന്‍ ഹാളുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ കലാബോധം ഉള്ളവര്‍ മാത്രമായിരിക്കും അവിടേക്ക് വരിക. അവര്‍ക്ക് ഞാന്‍ വരച്ചതുപോലെയുള്ള ചിത്രങ്ങളോട് എതിര്‍പ്പ് തോന്നുന്നില്ല. പക്ഷെ റോഡിന്റെ സൈഡിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെങ്കില്‍ അതിനുനേരെ ചിലര്‍ ചാടിവീഴും. ലളിതകല അക്കാദമിയിലാണ് പ്രദര്‍ശനം നടക്കുന്നതെങ്കില്‍ സര്‍ക്കാരിന്റെ സുരക്ഷയും മറ്റും കലാകാരന് ലഭിക്കും. എന്നാല്‍ പുറത്താണെങ്കില്‍ ഈ സുരക്ഷ ലഭിക്കണമെന്നില്ല. ബ്രാഹ്‌മണ സംബന്ധവും മണാളരും കൊണ്ട് ഞാന്‍ റോഡില്‍ നിന്നാല്‍ എന്റെ കാര്യം തീരുമാനത്തിലാകും. കലാകാരന്റെ സ്വാതന്ത്ര്യത്തിന് തെരുവില്‍ സുരക്ഷയൊരുക്കാന്‍ മാത്രം ഇവിടുത്തെ സാംസ്‌കാരികത വളര്‍ന്നിട്ടില്ല. ചരിത്രത്തെ പറയുന്ന ചിത്രങ്ങളെ ചിലര്‍ക്ക് പേടിയുമാണ്.
Content Highlight: Artist T. Murali talks brahmanism