എ പി ഭവിത
എ പി ഭവിത
Focus on Politics
കത്തുവ പ്രതിഷേധ ചിത്രം ചിത്രകാരിക്ക് സംഘപരിവാര്‍ ഭീഷണി, ജീവന് വേണ്ടി യാചിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; പിന്നോട്ടില്ലെന്ന് ദുര്‍ഗ
എ പി ഭവിത
Monday 16th April 2018 2:28pm

കത്തുവയില്‍ പെണ്‍കുട്ടിയെ റേപ്പ് ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികളായ ഹിന്ദുത്വവാദികള്‍ക്കെതിരെ പ്രതിഷേധ ചിത്രം വരച്ച ചിത്രകാരിക്ക് സംഘപരിവാര്‍ ഭീഷണി. ചിത്രകാരിയും അധ്യാപികയുമായ ദുര്‍ഗ മാലതിക്കെതിരെയാണ് സോഷ്യല്‍ മീഡിയയിലൂടെ സംഘടിതാക്രമണം. ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് വിവിധ ഭാഷകളില്‍ നിന്നുള്ളവര്‍ ഭീഷണി മുഴക്കുന്നത്.

ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍..
ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍…
ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍…
അവരുടേതും കൂടിയാണു ഭാരതം..
ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും…

ഈ അഞ്ച് വരികളും ഇതിനോടെപ്പം ചേര്‍ച്ച ചിത്രവും ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ചിത്രം വരച്ച പെണ്‍കുട്ടിക്കെതിരെ സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ കൊലവിളിയും കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിയും നടത്തുകയാണ്. കത്തുവ പെണ്‍കുട്ടിയെ ക്രൂരമായി റേപ്പ് ചെയ്ത് കൊന്ന സംഭവത്തില്‍ കേരളത്തില്‍ ഉള്‍പ്പടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഈ ദാരുണ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദുര്‍ഗ മാലതി വരച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ലിംഗത്തില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ടതായിരുന്നു ചിത്രം. ഹൈന്ദവ ചിഹ്നങ്ങളും ചിത്രത്തിലുണ്ടായിരുന്നു. തുടര്‍ന്നാണ് മലയാളികളുടെ ഭീഷണിയും തെറിവിളിയും ആരംഭിച്ചത്. പിന്നീട് ഉത്തരേന്ത്യന്‍ പേരുകളിലുള്ള പ്രൊഫൈലുകളില്‍ നിന്നും ഭീഷണി തുടങ്ങി. ഇത്തരമൊരു ചിത്രം വരച്ച ദുര്‍ഗ ഇന്ത്യക്കാരിയല്ലെന്നും തീവ്രവാദിയാണെന്നും അധിക്ഷേപിക്കുന്നു. ഒരേ വ്യക്തികള്‍ തന്നെ നിരവധി തവണ കമന്റുകളിടുന്നുണ്ട്.

കൂടാതെ ചിത്രം ഷെയര്‍ ചെയ്തവരെയും കണ്ടെത്തി തെറിവിളിക്കുകയാണ്. ചിത്രം പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്ത് മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. അതിന് തയ്യാറല്ലെന്ന നിലപാടിലാണ് ദുര്‍ഗ. ദുര്‍ഗയുടെ പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രചരണം നടത്തുന്നുണ്ട്.

‘റേപ്പും കൊലപാതകവും ഇവിടെ വാര്‍ത്തയായതിനെത്തുടര്‍ന്നാണ് ഇത്തരമൊരു ചിത്രം വരച്ചത്. ലിംഗത്തിന് പുറത്ത് ഒരു കുട്ടിയെ കെട്ടിയിട്ടിരിക്കുന്നു. അതിന് മുകളില്‍ ഒരു കുറിയുമുണ്ട്. പൂണൂലും ഇട്ടിരുന്നു. അത് നന്നായി ഷെയര്‍ ചെയ്യപ്പെട്ടു. അതിന് തുടര്‍ച്ചയായി ലിംഗമുള്ള ത്രിശൂലം വരച്ചു.നാടോടികളെ ഓടിക്കാന്‍ വേണ്ടി കുട്ടിയെ റേപ്പ് ചെയ്തുവെന്നാണല്ലോ. അത് ഷെയര്‍ ചെയ്ത സുഹൃത്തുക്കള്‍ക്കും തെറി വിളികളാണ്. വളരെ മോശം ഭാഷയിലാണ് ചീത്തവിളിക്കുന്നത്.’ ദുര്‍ഗ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. ട്വിറ്ററിലും ആക്രമണമുണ്ട്. എപ്പോഴും പിന്തുണയ്ക്കാന്‍ ആളുണ്ടാവില്ലെന്നും ജീവനു വേണ്ടി യാചിക്കേണ്ടി വരുമെന്നുമൊക്കെയാണ് ഭീഷണി ദുര്‍ഗ കൂട്ടിച്ചേര്‍ത്തു.

പേഴ്‌സണല്‍ മെസേജുകളായും ഭീഷണി സന്ദേശം തുടരെ ലഭിച്ചതോടെ മെസഞ്ചറിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുയാണ് ദുര്‍ഗ. കൂടാതെ ദുര്‍ഗയ്‌ക്കെതിരെ ഫോട്ടോ വെച്ച് ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് കാണിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിയുണ്ട്. എന്നാല്‍ ഇതിനെയൊന്നും ഭയക്കുന്നില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും ദുര്‍ഗ പ്രതികരിച്ചു.

‘പോസ്റ്റുകള്‍ നീക്കം ചെയ്യില്ല. എത്രകാലം ഇവരെ പേടിച്ച് പോസ്റ്റുകള്‍ നീക്കം ചെയ്യും. അങ്ങനെ സുരക്ഷിതയാവേണ്ട. നിയമപരമായി തന്നെ മുന്നോട്ട് പോകും’. ദുര്‍ഗ പറയുന്നു. ഭീഷണിപ്പെടുത്തിയാല്‍ നിലപാടില്‍ നിന്ന് പിറകോട്ട് പോകുമെന്നത് തെറ്റിദ്ധാരണയാണെന്ന് ദുര്‍ഗ വ്യക്തമാക്കുന്നു. തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടും അത് ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും പ്രതിഷേധമുയരുന്നില്ലെന്നും ദുര്‍ഗ വിമര്‍ശിച്ചു.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.
Advertisement