എഡിറ്റര്‍
എഡിറ്റര്‍
ലക്ഷദ്വീപിലെത്തിയ ‘ഓഖി’: കൂട്ടായ്മയും കരുതലും കൊടുങ്കാറ്റിനെ നേരിട്ട കഥ
എഡിറ്റര്‍
Thursday 7th December 2017 3:09pm


പ്രകൃതി ദുരന്തങ്ങള്‍ക്ക് മുമ്പില്‍ മനുഷ്യന്‍ പലപ്പോഴും നിസ്സഹായനായി നില്‍ക്കേണ്ടി വരാറുണ്ട്. വന്‍കൊടുങ്കാറ്റുകളും ഭൂകമ്പങ്ങളും പേമാരിയും വെള്ളപ്പൊക്കവും ജീവനും സ്വത്തിനും വന്‍തോതില്‍ അപഹരിച്ചുകൊണ്ട് കടന്നുപോകുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ ഏറെ വികസിച്ചുകഴിഞ്ഞിട്ടും മരണങ്ങളുടെ എണ്ണത്തില്‍ കുറവുവരുത്താന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നതിന് സമീപകാല ഉദാഹരണങ്ങള്‍ ധാരാളം. ഗുജറാത്തിലെ കച്ച് മേഖലയില്‍ നടന്ന ഭൂകമ്പവും ഒറീസ്സയിലെ സൂപ്പര്‍ സൈക്ലോണും വിതച്ച നാശനഷ്ടങ്ങള്‍ അത്രയേറെ വലുതായിരുന്നു.

പ്രകൃതി ദുരന്തങ്ങള്‍ താരതമ്യേന കുറവായിരുന്ന കേരളത്തെയും കഴിഞ്ഞ ദിവസങ്ങളില്‍ വീശിയടിച്ച ഓഖി കൊടുങ്കാറ്റ് ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തുകയുണ്ടായി. കൃത്യമായി മുന്നറിയിപ്പു നല്‍കുവാന്‍ സാധിക്കുമായിരുന്നിട്ടും ഔദ്യോഗിക സംവിധാനങ്ങളുടെ പരസ്പര സഹകരണമില്ലായ്മയുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ അഭാവവും കാരണം ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് മരണത്തെ മുഖാമുഖം കാണേണ്ടിവന്നു.

25 ഓളം പേര്‍ കൊടുങ്കാറ്റില്‍ പെട്ട് മരണപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ഇതെഴുതുന്ന വേളയിലും നൂറുകണക്കിനാളുകള്‍ രക്ഷാപ്രവര്‍ത്തനവും കാത്ത് കടലില്‍ കഴിയുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. വിപരീത സാഹചര്യങ്ങളിലും സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി പണിയെടുത്ത എല്ലാവരെയും നമുക്ക് ഹൃദയം തുറന്ന് അഭിനന്ദിക്കാം. അവരുടെ കരുതലിനും സ്‌നേഹത്തിനും ധൈര്യത്തിനും നന്ദി പറയാം.

‘ഓഖി’ കൊടുങ്കാറ്റ് കേരള തീരത്ത് നാശനഷ്ടങ്ങള്‍ വിതക്കുകയും കൂടുതല്‍ രൂക്ഷത പ്രാപിച്ച് ലക്ഷദ്വീപ് സമൂഹങ്ങളെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഉള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത് ലക്ഷദ്വീപിലെ കവറത്തിയില്‍ നിന്നായിരുന്നു.

‘ഓഖി’യുടെ താണ്ഡവം കേരള തീരത്തുണ്ടാക്കിയ നാശനഷ്ടങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കാണുകയും ചെയ്തപ്പോള്‍ ജീവിതത്തില്‍ ഇന്നേവരെ വന്‍പ്രകൃതി ദുരന്തങ്ങളെ നേരിട്ടനുഭവിച്ചിട്ടില്ലാത്ത ഞാന്‍ അല്‍പം ഉത്കണ്ഠാകുലയായിരുന്നു. മണിക്കൂറില്‍ 175-180 കിലോമീറ്റര്‍ വേഗതയിലുള്ള കൊടുങ്കാറ്റ്, 6 കിലോമീറ്റര്‍ മാത്രം നീളവും കഷ്ടി അതില്‍ പകുതിമാത്രം വീതിയുമുള്ള കടലില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു ദ്വീപിനെ എങ്ങിനെയൊക്കെയായിരിക്കും ബാധിക്കുക എന്നതിനെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.

സര്‍ക്കാര്‍ വാഹനം സൈക്ലോളിണിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിക്കൊണ്ടും സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കേണ്ടത് എന്തെല്ലാമെന്നും അറിയിച്ച് രാത്രി ഏറെ വൈകിയും റോഡിലൂടെ ഇടതടവില്ലാതെ കടന്നുപോകുന്നുണ്ടായിരുന്നു.

ഓഖി കേരള തീരത്തുനിന്നും ആദ്യം കടന്നുകയറിയത് മിനിക്കോയ്, കല്‌പേനി ദ്വീപുകളുടെ സമുദ്ര പരിസരങ്ങളിലേക്കായിരുന്നു. മിനിക്കോയ്, കല്‍പേനി എന്നീ ദ്വീപുകള്‍ സൈക്ലോണ്‍ ബെല്‍റ്റില്‍ കിടക്കുന്ന പ്രദേശങ്ങളാണ്. ദ്വീപുകളുടെ കിഴക്ക് ഭാഗത്ത് ഏതാണ്ട് 160 കി.മീറ്റര്‍ ദൂരത്തായാണ് ചുഴലിക്കാറ്റ് വീശിക്കൊണ്ടിരുന്നത്. കനത്തതോതിലുള്ള നാശനഷ്ടങ്ങളാണ് ഓഖി ഈ ദ്വീപുകളില്‍ വിതച്ചുകൊണ്ടിരിക്കുന്നതെന്നും രാത്രിയോടെ കവറത്തിയിലേക്ക് പ്രവേശിക്കുമെന്നും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നുണ്ടായിരുന്നു.

അന്ന് വൈകുന്നേരത്തോടെ തന്നെ കവരത്തിയിലും ആകാശം മേഘാവൃതമാകുകയും രാത്രിയോടെ ഒന്നിടവിട്ട് ശക്തമായി കാറ്റും മഴയും ദ്വീപിനെ ഉലച്ചുകൊണ്ട് കടന്നുവരികയും ചെയ്തു. ഇതിനിടിയെ ബോട്ടുകള്‍ മുങ്ങിയതായും വീടുകള്‍ കാറ്റിന്റെയും കടലിന്റെയും ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണെന്നുമുള്ള വിവരങ്ങള്‍ കല്‌പേനി, മിനിക്കോയ് ദ്വീപുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്നു. പിറ്റേ ദിവസത്തോടുകൂടിയാണ് കാറ്റ് കവരത്തിയുടെ സമുദ്ര തീരങ്ങളിലേക്ക് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് വീശിയടിക്കാന്‍ ആരംഭിച്ചത്. അപ്പോഴേക്കും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി മാറ്റി സജ്ജമാക്കിയിരുന്നു.

ഓഖിയുടെ പ്രഹരം ദ്വീപിന്റെ വടക്കു-കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നായിരുന്നതിനാല്‍ ആ പ്രദേശത്തുള്ള ആളുകളെ മാറ്റിത്താമസിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞിരുന്നു.

കടല്‍ വന്‍തോതില്‍ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നതിന്റെ ഹുങ്കാരം മാത്രം ചുറ്റിലും. തിരമാലകള്‍ കാറ്റിലുയര്‍ന്ന് കരയിലേക്കും വീടുകളിലേക്കും അടിച്ചുകയറിക്കൊണ്ടിരിക്കുന്നു. ഈ സമയത്തെല്ലാം പ്രദേശവാസികളുടെ മുഖത്തുകണ്ട ഭാവം എന്നെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു! വരാനിരിക്കുന്ന മഹാദുരന്തത്തെക്കുറിച്ചുള്ള ഭീതിയോ ആശങ്കകളോ ആയിരുന്നില്ല അവരുടെ മുഖത്ത്. മറിച്ച്, തങ്ങള്‍ക്ക് മേല്‍ നിപതിക്കാനിരിക്കുന്ന ദുരന്തത്തെ കൂട്ടായി നേരിടാനുറച്ച, സ്ഥൈര്യതയാര്‍ന്ന ഭാവമായിരുന്നു.

പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങളോടും ആശങ്കകളോടും ഏറ്റവും ദുര്‍ബ്ബലമായ പാരിസ്ഥിതിക സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്ന ജനത കാണിക്കുന്ന ഐക്യവും ധീരതയും പരസ്പരമുള്ള കരുതലുകളും അത്ഭുതാവഹമാണെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അത്. ഒറ്റയ്‌ക്കൊറ്റക്കുള്ള നിലനില്‍പിനെക്കുറിച്ചല്ല കൂട്ടായ്മയുടെയും സഹകരണത്തിന്റെയും സഹജീവനത്തിന്റെയും വലിയ പാഠങ്ങളാണ് ഈ ചെറു ദ്വീപിലെ ജനങ്ങള്‍ കാണിച്ചുതന്നത്.

കാറ്റിന്റെ തീവ്രതയില്‍ വര്‍ദ്ധനവ് ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു ‘വൃശ്ചികക്കോള്’ കടന്നുപോയതുപോലെ മാത്രമേ ഓഖി കൊടുങ്കാറ്റിനെ കവറത്തിയിലെ മുതിര്‍ന്നയാളുകള്‍ നോക്കിക്കാണുന്നത്!

ദുരന്ത നിവാരണ ഏജന്‍സി അടക്കമുള്ള നിരവധി സംവിധാനങ്ങള്‍ പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ തയ്യാറായി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും അവശ്യഘട്ടങ്ങളില്‍ അവ തികച്ചും യാന്ത്രിക സ്വഭാവത്തോടെ മാത്രമേ പ്രവര്‍ത്തിക്കാറുള്ളൂ എന്നതിന് പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടാന്‍ കഴിയും.

ഓഖി ചുഴലിക്കാറ്റിന്റെ ആക്രമണം ദ്വീപുകളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട് എങ്കിലും ആളപായങ്ങള്‍ ഇല്ല എന്നത് ഏറെ ആശ്വാസമുളവാക്കുന്ന വാര്‍ത്തയാണ്. പക്ഷേ ഇത്തരം ദുരന്തമുഖങ്ങളില്‍ ദ്വീപുകളുടെ സുരക്ഷാസംവിധാനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന കോസ്റ്റ് ഗാര്‍ഡ്, നാവികസേന എന്നിവ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാണിച്ച നിഷ്‌ക്രിയത്വം ദ്വീപുകളില്‍ വലിയ ആക്ഷേപം ഉയര്‍ത്താന്‍ ഇടയാക്കിയിട്ടുണ്ട്.

കവരത്തി ദ്വീപിനടുത്ത് കടലിലകപ്പെട്ടുപോയ ഉരുക്കളിലെ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ഇവര്‍ കാണിച്ച അലംഭാവം ദ്വീപുവാസികളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. ഒരു നാടിന്റെ ദുരിത സമയങ്ങളില്‍ ഉത്തരവാദത്തപ്പെട്ട ഔദ്യോഗിക സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് സമൂഹം അതിന്റെ കൂട്ടായ്മകൊണ്ട് ദുരിതങ്ങളെ നേരിടുകയും അതിജീവിക്കുകയും ചെയ്യുന്നതിന്റെ പ്രസക്തി ഈ സാഹചര്യത്തില്‍ പ്രധാനമാണ്.

ചെറു സമൂഹങ്ങളുടെ കൂട്ടായ്മയും സഹകരണവും മാത്രമാണ് ഒരു സമൂഹത്തിന്റെ നിലനില്‍പിനും കെട്ടുറപ്പിനും സഹായിക്കുക എന്നത് ആശയതലത്തില്‍ ബോദ്ധ്യമുള്ള സംഗതിയാണെങ്കില്‍ കൂടിയും പ്രയോഗതലത്തില്‍, ദൈനംദിന ജീവിതത്തില്‍, ആപത്ഘട്ടങ്ങളില്‍ ഇതെത്രമാത്രം ഫലപ്രദമാണെന്നും പ്രായോഗികമാണെന്നും തിരിച്ചറിയാന്‍ സാധിച്ചു എന്നതാണ് ഓഖി നല്‍കിയ പാഠം. ഞായറാഴ്ചയോടെ കാറ്റും കോളും അടങ്ങി.

ശുദ്ധജല-യാത്രാ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്നു. കാറ്റും കടലും പേമാരിയും ഒട്ടും പുതുമയല്ലാത്ത അനുഭവങ്ങള്‍ ആയതുകൊണ്ടുതന്നെ ഓഖി കടന്നുപോയതിനേക്കാള്‍ ആര്‍ജ്ജവത്തോടെ, അതിലേറെ ലാഘവത്വത്തോടെ ദ്വീപുവാസികള്‍ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഒന്ന് ഉറങ്ങി എഴുന്നേറ്റപോലെ ദ്വീപും.

Advertisement