സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ആദ്യദശകങ്ങളില്‍ ആരോഗ്യമേഖലയില്‍ കേരളത്തിന്റെ പ്രവര്‍ത്തനം സ്തുത്യര്‍ഹമായിരുന്നു. ലോകാരോഗ്യ സംഘടനയും ആരോഗ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അന്തര്‍ദേശീയ സംഘടനകളും ആരോഗ്യ രംഗത്ത് മികവ് പുലര്‍ത്തിയിരുന്ന രാജ്യങ്ങള്‍ക്കൊപ്പം കേരളം എന്ന സംസ്ഥാനത്തെയും ഉയര്‍ത്തിക്കാട്ടിയിരുന്നു. അക്കാലത്ത് ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നെങ്കിലും, ഭൂപരിഷ്‌കരണം പോലുള്ള നയങ്ങള്‍ നടപ്പാക്കിക്കൊണ്ടും ഉയര്‍ന്ന സാക്ഷരതാ നിരക്ക് കൈവരിച്ചുകൊണ്ടും ഉയര്‍ന്ന ജീവിത നിലവാരവും ആരോഗ്യ നിലവാരവും നാം കൈവരിച്ചു.
1951-ല്‍ ആരംഭിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുതല്‍ 1983-ല്‍ ആരംഭിച്ച തൃശൂര്‍ മെഡിക്കല്‍ കോളേജ് വരെയുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നും പഠിച്ചിറങ്ങിയ ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ സേവനത്തിന്റെ ഫലം കൂടിയായിരുന്നു ഈ നേട്ടങ്ങള്‍. അവിടെനിന്നും 2002-നു ശേഷം കേരളത്തില്‍ കൂണുകള്‍പോലെ മെഡിക്കല്‍ കോളേജുകള്‍ പൊട്ടിമുളയ്ക്കാന്‍ തുടങ്ങി. ഇന്നിപ്പോള്‍ കേരളത്തിലെ ബഹുഭൂരിപക്ഷം മെഡിക്കല്‍ കോളജുകളും സ്വകാര്യമേഖലയിലാണ്.
ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ എന്നപോലെ ഒരേസമയം മികച്ച ചികിത്സയും അതോടൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസവും നടക്കുന്ന സ്ഥാപനങ്ങളാവണം മെഡിക്കല്‍ കോളേജുകള്‍. ഈ സൗകര്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ കടമയാണ്. ഇതിനായി കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനകള്‍ നടക്കുന്നുമുണ്ട്. പരിശോധനാ സമയത്ത് അധ്യാപകരായ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്ന വാര്‍ത്തകള്‍ നിരവധി കണ്ടുകഴിഞ്ഞു. പരിശോധനാ സമയത്ത് രോഗികളെ പോലും താല്‍ക്കാലികമായി കൊണ്ടുവരുന്ന ആശുപത്രികളെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ നിലവാരവും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഉന്നത നിലവാരവും ഉറപ്പിക്കുക എന്നതിനൊപ്പം വൈദ്യശാസ്ത്രം പരിശീലിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്റ്റര്‍ തയ്യാറാക്കുക, വിവിധ മെഡിക്കല്‍ കോളേജുകള്‍ക്കും കോഴ്സുകള്‍ക്കും അംഗീകാരം നല്‍കുക, നൈതിക വിരുദ്ധമായ പ്രവൃത്തികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയും മെഡിക്കല്‍ കൗണ്‍സിലിന്റെ കടമകളാണ്.
1933-ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരം 1934 ലാണ് കൗണ്‍സില്‍ സ്ഥാപിക്കപ്പെട്ടത്. ഓരോ സംസ്ഥാനത്തുമുള്ള രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ മാര്‍ക്കിടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍, ഓരോ ആരോഗ്യ സര്‍വകലാശാലകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍മാര്‍, ഓരോ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഡോക്ടര്‍മാര്‍ എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്.
സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ ആധിക്യം ഉണ്ടായകാലത്ത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും നിരവധി ആരോപണങ്ങളില്‍ പെട്ടു. പല സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും, കൈക്കൂലി വാങ്ങി അംഗീകാരം നല്‍കിയെന്ന ആരോപണവും ശക്തമായിരുന്നു. ഇത്തരം ആരോപണങ്ങളെ തുടര്‍ന്നുണ്ടായ അന്വേഷണങ്ങള്‍ക്കൊടുവില്‍ 2010 ഏപ്രില്‍ മാസത്തില്‍ അന്നത്തെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ഡോ. കേതന്‍ ദേശായി അഴിമതിനിരോധന നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ടു. തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പിരിച്ചുവിടപ്പെട്ടു. കിലോകണക്കിന് സ്വര്‍ണ്ണവും വെള്ളിയും ലക്ഷക്കണക്കിന് രൂപയും കേതന്‍ ദേശായിയുടെ പക്കല്‍നിന്നും സി.ബി.ഐ പിടിച്ചെടുത്തിരുന്നു.
(ഇതേ കേതന്‍ ദേശായി ഇന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്റെ അധ്യക്ഷനാണ് എന്നുള്ളത് ലജ്ജാവഹമാണ്.)
തുടര്‍ന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും അരവിന്ദ് പനഗേരിയ കമ്മിറ്റിയും ജസ്റ്റിസ് ലോധ കമ്മിറ്റിയും വിശദമായ അന്വേഷണങ്ങള്‍ നടത്തി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം സ്വയംഭരണാവകാശമുള്ള പുതിയൊരു ഉന്നതാധികാരസമിതി സൃഷ്ടിക്കണമെന്ന് അഭിപ്രായം രൂപീകരിക്കപ്പെട്ടു.
തുടര്‍ന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ അവതരിപ്പിക്കപ്പെട്ടു. 25 അംഗങ്ങളുള്ള സമിതിയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍. കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന വിവിധ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ അവരുടെ പ്രതിനിധികള്‍, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന സേര്‍ച്ച് കമ്മറ്റി തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ടതാണ് ഈ സമിതി. ഒരു പ്രൊഫഷണല്‍ മേലധികാര സമിതി എന്ന നിലയില്‍ അവര്‍ക്കിടയില്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഇല്ല എന്നൊരു പോരായ്മയുണ്ട്. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന വ്യക്തികള്‍ മാത്രമാകുമ്പോള്‍ “ഞാനും അപ്പനും, പിന്നെ സുഭദ്രയും” എന്ന് പറഞ്ഞതുപോലെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മാത്രമേ നടപ്പാവുകയുള്ളൂ എന്ന വലിയ പോരായ്മയുമുണ്ട്. കമ്മീഷന്റെ കീഴിലുള്ള അഡൈ്വസറി കൗണ്‍സിലിന്റെ തെരഞ്ഞെടുപ്പും ഇതുപോലെതന്നെ.
ജനാധിപത്യപരമായി ഇടപഴകാനുള്ള സ്ഥലങ്ങള്‍ ഇല്ലാതാവുന്നു എന്നുള്ളത് ഒരു പോരായ്മ തന്നെയാണ്. ഫലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാന്‍ ഉള്ള ഒരു സിമിതി മാത്രമായി ചുരുങ്ങും. ഒരു പ്രൊഫഷണല്‍ ഉന്നതാധികാര സമിതി എന്ന നിലയില്‍ പണ്ടു നടന്ന അപചയങ്ങള്‍ ഇല്ലാതാക്കുന്നതിനായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിനോട് യോജിക്കുന്നു, എന്നാല്‍ അവര്‍ക്കിടയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ സമിതിയില്‍ ഇല്ലാതിരിക്കുന്നതിനോട് വിയോജിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നവരും ഉള്‍പ്പെട്ട ഒരു ഉന്നതാധികാര സമിതി ആവും ഏറ്റവും അഭികാമ്യം.
ബില്ലിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് നീറ്റ് പരീക്ഷ. ഇന്ത്യയില്‍ എം.ബി.ബി.എസ് കഴിയുന്ന എല്ലാവര്‍ക്കും ഒരു ലൈസന്‍സ് പരീക്ഷ ഉണ്ടാകുമെന്നും ആ പരീക്ഷയിലെ വിജയികള്‍ക്കാണ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രവേശനത്തിന് യോഗ്യത ലഭിക്കുക എന്നുമാണ് വ്യവസ്ഥ. വിവിധ വിഷയങ്ങളിലെ തിയറി, പ്രായോഗിക പരിശീലനം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള കരിക്കുലമാണ് എം.ബി.ബി.എസ് പഠനത്തിനുള്ളത്. തിയറിയോടൊപ്പമോ അതില്‍ കൂടുതലോ പ്രാധാന്യം ഉള്ളതാണ് പ്രായോഗിക ചികിത്സ.
നിലവിലുള്ളതുപോലെ ഒരു മള്‍ട്ടിപ്പിള്‍ ചോയിസ് പരീക്ഷയില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരുടെ പ്രായോഗിക പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നില്ല. അഭിരുചിയടക്കം പരീക്ഷിക്കപ്പെടാത്ത ലൈസന്‍സ് പരീക്ഷയ്ക്ക് കാര്യമായ അര്‍ത്ഥമൊന്നുമില്ല. പകരം ഓരോ മെഡിക്കല്‍ കോളജുകളിലെയും പഠന പാഠ്യേതര സൗകര്യങ്ങള്‍ ഉറപ്പാക്കുകയും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുകയുമാണ് ചെയ്യേണ്ടത്. ആകെയുള്ള സീറ്റുകളുടെ പതിന്മടങ്ങ് ആള്‍ക്കാര്‍ എഴുതുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ നിന്നും കുറച്ചുപേരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷയാണ് നീറ്റ് എന്ന മള്‍ട്ടിപ്പിള്‍ ചോയിസ് പരീക്ഷ. എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി അവരുടെ മിനിമം നിലവാരം അളക്കാന്‍ ഇത്തരമൊരു പരീക്ഷ കൊണ്ട് സാധിക്കില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം.
സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 40 ശതമാനം വരെയുള്ള സീറ്റുകളില്‍ ഫീസ് നിശ്ചയിക്കാനുള്ള അവകാശം കമ്മീഷനുണ്ട് എന്നുള്ളതാണ് മറ്റൊരു നിര്‍ദേശം. ഓരോ മെഡിക്കല്‍ വിദ്യാര്‍ഥിയെയും പഠിപ്പിക്കാന്‍ ആവശ്യമായതിന്റെ പലമടങ്ങ് ഫീസാണ് നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്. ഒരേസമയം വിദ്യാര്‍ഥികളില്‍ നിന്നുള്ള ഫീസും രോഗികളില്‍ നിന്നുള്ള ചികിത്സയുടെ ബില്ലും മാനേജ്മെന്റുകള്‍ ഈടാക്കുന്നു. ഓരോ മെഡിക്കല്‍ വിദ്യാര്‍ഥിയെയും പഠിപ്പിക്കാന്‍ എത്ര തുക ചെലവാക്കുന്നത് എന്ന കണക്കാക്കാന്‍ പോലും ഇവര്‍ തയ്യാറാകുന്നില്ല. രോഗി പരിചരണത്തില്‍ ആവശ്യമായ സൗകര്യങ്ങളുടെയും കെട്ടിട സമുച്ചയത്തിന്റെയും അടക്കമുള്ള ചിലവുകള്‍ വിദ്യാര്‍ഥികളുടെ ചുമലിലേറ്റിക്കൊണ്ട് ഉയര്‍ന്ന ഫീസ് വാങ്ങുന്നു.
സര്‍ക്കാരുകള്‍ ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ കോടതികളിലേക്ക് വ്യവഹാരം കൊണ്ടുപോവുകയും വിജയിക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. 40% സീറ്റുകളിലേക്ക് മാത്രം ഫീസ് നിശ്ചയിച്ച് നിയമപരമായി മുന്നോട്ട് പോകാന്‍ സാധിക്കുമോ എന്നുള്ളത് സംശയം ആണ്. മാത്രമല്ല 60% കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തിന്മേലുള്ള വെല്ലുവിളി കൂടിയാണിത്. ഓരോ മെഡിക്കല്‍ വിദ്യാര്‍ഥിയെയും പഠിപ്പിക്കാന്‍ എത്ര തുക ചെലവാകും എന്ന് കണ്ടുപിടിച്ച്, 100% സീറ്റുകളിലേക്കും ഫീസ് നിശ്ചയിക്കാനുള്ള ധൈര്യമാണ് കമ്മീഷന്‍ കാണിക്കേണ്ടത്.
മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുമ്പോള്‍ അഴിമതി ഉണ്ടാകരുത് എന്നുള്ളതാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ പ്രധാനം. എന്നാല്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അംഗീകാരമുള്ള മെഡിക്കല്‍ കോളജുകള്‍ക്ക് ഇളവുകള്‍ നല്‍കാമെന്ന് ബില്ലില്‍ തന്നെ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇത് കമ്മീഷന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്. അഴിമതി ഇല്ലാതാക്കാന്‍ വേണ്ടി ജന്മമെടുത്ത കമ്മീഷന്‍ തുടക്കത്തില്‍ തന്നെ അഴിമതിക്ക് ഇരയാക്കുന്ന ലക്ഷണമാണ് കാണുന്നത്.
ഓരോ വര്‍ഷവും ആയുഷ് വിഭാഗം കൗണ്‍സിലുകളുമായി ചേര്‍ന്ന് മീറ്റിങ്ങുകള്‍ കൂടണമെന്നും ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോ വിഭാഗങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് ചെറിയ ബ്രിഡ്ജ് കോഴ്സ് ചെയ്യുന്നതിലൂടെ ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കാനുള്ള അര്‍ഹത നല്‍കണം എന്നുള്ളതാണ് മറ്റൊരു പ്രധാന നിര്‍ദേശം. തെളിവുകളുടെയും പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അവയുടെ ഫലങ്ങളുടെയും അടിസ്ഥാനത്തില്‍ സയന്റിഫിക്കായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കാന്‍ ആ രീതിയില്‍ പരിശീലനം നല്‍കാത്ത വിഭാഗത്തിലുള്ള വരെ അനുവദിക്കുന്നത് പ്രയോജനം ചെയ്യില്ല.
അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി, ഫാര്‍മക്കോളജി, പതോളജി, മൈക്രോബയോളജി, ഫോറന്‍സിക് മെഡിസിന്‍ തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളിലെ തിയറി പ്രായോഗിക പഠനങ്ങള്‍ക്കു ശേഷം വിവിധങ്ങളായ ക്ലിനിക്കല്‍ വിഭാഗങ്ങളില്‍ തിയറി പ്രായോഗിക പഠനങ്ങള്‍ ഉള്‍പ്പെടുന്നതാണ് എം.ബി.ബി.എസ് സിലബസ്. അഞ്ചുവര്‍ഷം പഠന കാലാവധിയുള്ള സിലബസില്‍ നാലുവര്‍ഷവും ആശുപത്രിയിലെ വാര്‍ഡുകളില്‍ രോഗികളെ പരിശോധിച്ചും ചികിത്സയുടെ ഭാഗമായി കൊണ്ടുമാണ് ആധുനിക വൈദ്യശാസ്ത്രത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. ഈ അടിസ്ഥാന വിഭാഗങ്ങളില്‍ ഒന്നും ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതികള്‍ പിന്തുടരാതെ, കുറച്ച് അസുഖങ്ങള്‍ക്ക് കൊടുക്കുന്ന മരുന്നുകള്‍ മാത്രം പഠിക്കുന്നതുകൊണ്ട് എവിഡന്‍സ് ബെയ്സ്ഡ് മെഡിസിന്‍ പരിശോധിക്കാനാവില്ല.
ഗ്രാമീണമേഖലയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ട് എന്നൊരു ധാരണ സൃഷ്ടിച്ചുകൊണ്ടാണ് ഈ ബ്രിഡ്ജ് കോഴ്സ് എന്ന ആശയം മുന്നോട്ടുവെക്കുന്നത്. കേരളത്തില്‍ ഇല്ലെങ്കിലും ഇന്ത്യയുടെ പൊതുവായ അവസ്ഥയില്‍ ഗ്രാമീണമേഖലയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്. ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന അറുപത്തിയൊന്നായിരത്തോളം എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ എന്തുകൊണ്ട് ഗ്രാമീണ മേഖലയില്‍ ജോലിചെയ്യുന്നില്ല എന്നുള്ളത് പരിശോധിക്കപ്പെടണം.
സൗകര്യമുള്ള ആശുപത്രികളുടെയും പൊതുവെയുള്ള സൗകര്യങ്ങളുടെയും അഭാവമാണ് ഇതിന് കാരണം. ഗ്രാമീണ മേഖലയെക്കാള്‍ ബുദ്ധിമുട്ടേറിയ സ്ഥലങ്ങളില്‍ ആര്‍മിയുടെ ഭാഗമായി ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയാറാവുന്നുണ്ട് എന്നുള്ളത് മറക്കരുത്. ബോണ്ട് അടിസ്ഥാനത്തിലുള്ള താല്‍ക്കാലിക നിയമനങ്ങള്‍ ഇല്ലാതായതോടെ കേരളത്തില്‍ പൊതു ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തപ്പെട്ടു എന്നുള്ളത് പാഠമാവണം.
ഗ്രാമീണമേഖലയില്‍ ബ്രിഡ്ജ് കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന ഡോക്ടര്‍മാര്‍ മതി എന്നു പറയുന്നത് രണ്ട് രീതിയില്‍ മനുഷ്യാവകാശ ലംഘനമാണ്. ഗ്രാമവാസികളെ ചികിത്സയ്ക്കായി ബ്രിഡ്ജ് കോഴ്സ് എന്ന കുറച്ചു മാസങ്ങള്‍ മാത്രം ആധുനിക വൈദ്യശാസ്ത്രത്തില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ മതി എന്നു പറയുന്നത് അനീതിയാണ്. അതുപോലെതന്നെ ബ്രിഡ്ജ് കോഴ്‌സ് കഴിഞ്ഞ് ഇറങ്ങുന്നവര്‍ ഗ്രാമീണ മേഖലയില്‍ തന്നെ ജോലി ചെയ്യണം എന്നു പറയുന്നതും അനീതിയാണ്. മുന്‍പ് മറ്റു പലരാജ്യങ്ങളിലും നടന്നിരുന്ന ഒന്നാണ് ബ്രിഡ്ജ് കോഴ്‌സ്. ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാരുടെ കുറവ് ഉള്ളതുകൊണ്ടുതന്നെ ആവിഷ്‌കരിച്ചതാണ് എങ്കിലും അവിടങ്ങളില്‍ പഠിച്ചിറങ്ങുന്നവരില്‍ ബഹുഭൂരിപക്ഷവും നഗരങ്ങളില്‍ ജോലി ചെയ്യുന്നതായാണ് കണ്ടുവരുന്നത്.
സായുധ വിഭാഗത്തിന്റെ ഗവേഷണവും ഉന്നമനവും ആണ് ലക്ഷ്യമെങ്കില്‍ അതാതു വിഭാഗങ്ങള്‍ക്കുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പൗരാണികതയില്‍ ഊന്നിയ ചികിത്സാ രീതി ഉയര്‍ത്തിപ്പിടിക്കുന്നതിനോടും നേര്‍പ്പിച്ചാല്‍ വീര്യം കൂടും എന്ന തത്വത്തില്‍ വിശ്വസിച്ചു കൊണ്ടുള്ള ചികിത്സയോടും ലേഖകന് വിയോജിപ്പുണ്ട്. ഒരു വിഭാഗത്തെയും മോശമായി ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ അതാത് വിഭാഗങ്ങളില്‍ പഠനങ്ങളും ഗവേഷണങ്ങളും ഊര്‍ജ്ജിതമാക്കി ഫലം തെളിയിക്കേണ്ടതുണ്ട്.
ജ്യോതിഷവും പൗരാണികതയും പോലുള്ള അശാസ്ത്രീയതകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഭരിക്കുമ്പോള്‍ പൗരന്റെ അവകാശമായ സൈന്റിഫിക്കായ ചികിത്സ ഇല്ലാതാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് ഏവരുടെയും കടമയാണ്.