| Saturday, 21st February 2026, 8:59 pm

മി. പിണറായി വിജയന്‍, മൂന്നാമൂഴത്തിന് വേണ്ടി നിങ്ങള്‍ കേരളത്തെ ഒറ്റു കൊടുക്കരുത്

സകരിയ എം.കെ. പാലത്തുങ്കര

കേരളത്തിനൊരു ഭൂതകാലമുണ്ടായിരുന്നു. ജാതി മേല്‍ക്കോയ്മയുടെ ക്രൂരമായ ധ്രംഷ്ടകള്‍ അടിത്തട്ട് സാമൂഹികതയെ അടിമപ്പെടുത്തിയിരുന്ന ഇരുണ്ട കാലം.

വര്‍ണാശ്രമ ധര്‍മത്തിന്റെ ഭാഗമായി മനുഷ്യരെ വര്‍ഗീകരിക്കുന്നതിലൂടെ സവര്‍ണാധികാര ബ്രാഹ്‌മണിക്കല്‍ തിയോളജി സമൂഹത്തില്‍ പരമാധികാരം നേടുകയും കീഴ്ജാതി എന്ന സ്വത്വത്തെ പ്രതിഷ്ഠിക്കുന്നതിലൂടെ അനേകം മനുഷ്യരെ മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തിരുന്ന കാലം.

‘നെല്ലിച്ചുവട്ടില്‍ മുളയ്ക്കും കാട്ടുപുല്ലല്ല സാധു പുലയന്‍’ എന്ന് ആശാനും ‘പാമ്പിനെയും കാവില്‍ വെച്ച് പൂജിക്കുന്നു കേരളീയന്‍, പാമ്പിനേക്കാള്‍ പഥിതരോ പാവം മനുഷ്യന്‍’ എന്ന് ഉള്ളൂരിനും എഴുതേണ്ടി വന്നത് കേരളീയ സാമൂഹിക പരിസരത്തെ മാനവിക വിരുദ്ധമായ സ്ഥിതി വിശേഷങ്ങള്‍ കാരണമായിരുന്നു.

അയിത്തത്തിനും അസ്പ്രശ്യതയ്ക്കും ജാതി മേല്‍ക്കോയ്മയ്ക്കുമെതിരെയുള്ള വലിയൊരു മുന്നേറ്റമായിരുന്നു 1917 മെയ് 19ന് എറണാകുളത്തെ ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍ സംഘടിപ്പിച്ച മിശ്ര ഭോജനം. ജാതി ശ്രേണിയില്‍ അടിത്തട്ടില്‍ നില്‍ക്കുന്ന പുലയരെയും അല്പം മുകളിലുള്ള ഈഴവരെയും ഒരേ ഇരിപ്പിടത്തിലിരുത്തിയത് സമത്വ സുന്ദര ലോകത്തെ കെട്ടിപ്പടുക്കാന്‍ ജാതി വ്യവസ്ഥയെ പൊളിച്ചേ മതിയാവൂ എന്ന ബോധ്യത്തില്‍ നിന്നായിരുന്നു.

ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയുമടക്കമുള്ള നവോത്ഥാന നായകന്മാരും അംബേദ്കര്‍, ആസാദ് തുടങ്ങിയ സ്വാതന്ത്ര്യസമര കാലഘട്ടങ്ങളിലെ വിമോചന പോരാളികളും നടത്തിയ ആത്മാര്‍ത്ഥമായ ശ്രമത്തിന്റെ ഫലമാണ് ജാതീയ ഉച്ചനീചത്വങ്ങളില്‍ നിന്ന് ഇന്ത്യാ മഹാരാജ്യത്തിന് അല്‍പമെങ്കിലും സ്വാതന്ത്ര്യം നേടാനായത്.

പൊയ്കയില്‍ അപ്പച്ചന്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ഇടപെടലുകള്‍ കേരളീയ പരിസരത്തെ സംസ്‌കരിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തുടര്‍ന്നിങ്ങോട്ട് കേരളപ്പിറവിയാനന്തരം രൂപം കൊണ്ട ഇ.എം.എസ് സര്‍ക്കാരും മാറിമാറി വന്ന ഭരണകൂടങ്ങളും പുരോഗമനാത്മകമായ വലിയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത് കാണാം.

സാമൂഹിക സമതുലനാവസ്ഥയ്ക്ക് വിഘാതം സൃഷ്ടിച്ചിരുന്ന ജന്മിത്വ അടിയാന്‍ വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്നതില്‍ ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ട് വന്ന ഭൂപരിഷ്‌കരണ നിയമം, ആദിവാസികളോട് നീതി പുലര്‍ത്തിയില്ലെങ്കിലും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങളുടെ ജനവിരുദ്ധമായ നടപടികളോടും സമൂഹത്തിലെ അനീതികളോടും നിരന്തരമായി പ്രതിപക്ഷം കലഹിച്ചത് കൊണ്ടായിരുന്നു പ്രബുദ്ധ കേരളമെന്നതില്‍ നിന്ന് കേരളാ മോഡല്‍ എന്ന പദവിയിലേക്ക് നാം ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെട്ടത്.

കേരളത്തിലെ മാറിമാറി വരുന്ന ഭരണക്രമം വിശാലമായ വികസന സങ്കല്പങ്ങള്‍ക്ക് വിലങ്ങു തടിയായി നിന്നിരുന്നെങ്കിലും സൂക്ഷ്മമായി ഭരണം നിര്‍വഹിക്കുന്നതില്‍ ഭരണ കൂടങ്ങളെ ജാഗ്രത്താക്കിയിരുന്നു. വര്‍ഗീയതയോട് ഒരു പരിധി വരെ അകലം പാലിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രാപ്തരാക്കിയത് ഈയൊരു ഭരണക്രമമാണെന്ന് ബോധ്യപ്പെടും.

പിണറായി വിജയന്‍ – Photo: Pinarayi Vijayan/ Facebook

തലശേരി കലാപത്തില്‍ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസുകാരില്‍ നിന്ന് അവ സംരക്ഷിക്കാന്‍ വേണ്ടി കാവല്‍ നിന്ന പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റുകാരനെയും പെരുവമ്പായി പള്ളിക്ക് കാവല്‍ നിന്ന യു.കെ. കുഞ്ഞിരാമനെയും ചരിത്രങ്ങളില്‍ നിന്ന് വായിക്കാം. വെള്ളാപ്പള്ളി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് തൊഗാഡിയയോട് ഉപമിക്കാന്‍ കെല്പുള്ള പിണറായി എന്ന രാഷ്ട്രീയ നേതൃത്വം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഉണ്ടായിരുന്നു. പിണറായിയെ കൂടുതല്‍ ഉപമിക്കേണ്ടി വന്നത് നിലവിലെ മുഖ്യമന്ത്രിയാണെന്നതുകൊണ്ടും അദ്ദേഹത്തിന്റെ നിലപാടുകളില്‍ സംഭവിച്ച വ്യതിയാനങ്ങളെയും അപഗ്രഥിക്കുക എന്ന ആലോചനയില്‍ നിന്നാണ്.

കേരള ചരിത്രത്തിലെ പുതിയൊരു അദ്ധ്യായമായിരുന്നു രണ്ടാം പിണറായി സര്‍ക്കാര്‍. അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് മാറി വരുന്ന ഭരണ ക്രമമായിരുന്നു മലയാളിക്ക് പരിചയം. അവിടെയാണ് പുതിയ പരീക്ഷണത്തിന് മലയാളി തയ്യാറായത്. കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിച്ച പ്രളയവും കൊറോണയും മനുഷ്യരെ ശ്വാസം മുട്ടിച്ചപ്പോള്‍ കൈത്താങ്ങാവാന്‍ പിണറായി സര്‍ക്കാറിന് സാധ്യമായിട്ടുണ്ട് എന്നത് വസ്തുതയാണ്.

പിണറായി വിജയന്‍ – Photo: Pinarayi Vijayan/ Facebook

ആ ഇടപെടലുകളാണ് പിണറായിയെ വീണ്ടും അധികാരക്കസേരയിലേക്ക് ആനയിച്ചത്. ഈ പത്ത് വര്‍ഷക്കാലയളവിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ കേരളം വലിയ മുന്നേറ്റം സാധ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് നീതി ആയോഗിന്റെ റിപ്പോര്‍ട്ടുകളില്‍ കേരളം പലപ്പോഴും ഒന്നാമതെത്തിയിരുന്നത്.

കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും ഗവ: ആശുപത്രികള്‍ക്കും പുതിയ മുഖം വന്നു. തീരദേശ ഹൈവെയും മലയോര ഹൈവെയും കൂടുതല്‍ ഗതാഗത സൗകര്യ പ്രദമായി. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തിലധികം മനുഷ്യര്‍ക്കാണ് പാര്‍പ്പിടമെന്ന സ്വപ്നം സാക്ഷാല്‍കരിച്ച് കൊടുക്കാന്‍ സാധ്യമായത്. കേന്ദ്ര സര്‍ക്കാരിന്റെ ‘സാമ്പത്തിക ഉപരോധ’ത്തെ മറികടന്ന്, 64 ലക്ഷത്തിലധികം ആളുകള്‍ക്ക്, 2000 രൂപ വെച്ച് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സാധ്യമാകുന്നു എന്നത് വലിയ നേട്ടമാണ്.

വ്യാവസായിക രംഗത്ത് നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതിന് ചരിത്രത്തില്‍ ആദ്യമായി കേരളത്തിന് അംഗീകാരം ലഭിച്ചത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സമയത്താണ്. വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി. കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ സാധ്യമായത് വലിയ മുന്നേറ്റമാണ്. ഈ വികസനങ്ങളുടെ ക്രഡിറ്റ് ഇരട്ടച്ചങ്കന് മേല്‍ മാത്രം വന്നു ഭവിക്കുമ്പോള്‍ സംഭവിക്കുന്ന രാഷ്ട്രീയ അരക്ഷിതത്വം സി.പി.എം എന്ന പാര്‍ട്ടിക്കപ്പുറം കേരള ജനത ഇന്നനുഭവിക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്.

അധികാരം മനുഷ്യനെ അന്ധനാക്കും എന്നത് വസ്തുതയാണ്. അധികാരക്കസേരയില്‍ പിടിമുറുക്കാന്‍ മനുഷ്യരെ കൂട്ടക്കുരുതിയിലേക്ക് തള്ളിവിടാനും ഭരണ നേതൃത്വം വൈമനസ്യം കാണിക്കുകയില്ല എന്ന സത്യം ചരിത്രത്തില്‍ നിന്ന് ബോധ്യപ്പെടും. ഫലസ്തീന്‍ ജനതയെ അതി ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കി ഭരണത്തിലെ കെടുകാര്യസ്ഥതയെ മറച്ച് വെച്ചുകൊണ്ട് ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബെഞ്ചമിന്‍ നെതന്യാഹു ഇതിന് വലിയ ഉദാഹരണമാണ്.

ഇന്ത്യയുടെ സമകാലിക ചിത്രവും വിപരീതമല്ല. വര്‍ഗീയതയിലൂടെ ഭരണം നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരമായ വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ ഒരു വിഭാഗത്തെ അപരവത്കരിക്കപ്പെടുകയും ആ അപരവത്കരണത്തിലൂടെ വോട്ട് ബാങ്ക് സാധ്യതയെ വിപുലപ്പെടുത്തുകയും ചെയ്യുന്നു. വോട്ട് ബാങ്ക് ലക്ഷ്യം കണ്ട് വര്‍ഗീയതയെ ആയുധമാക്കുന്ന ആര്‍.എസ്.എസിന്റെ നയം കേരളത്തില്‍ പ്രായോഗികവല്‍കരിക്കാന്‍ ഇടതു പക്ഷവും ശ്രമിക്കുന്നു എന്ന ആരോപണത്തിന് കൂടുതല്‍ ബലം വരുന്നത് കാണാം.

പിണറായി വിജയനും വെള്ളാപ്പളി നടേശനും

കേരളം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ്. മൂന്നാമൂഴത്തെ ആര്‍ത്തിയോടെ കാത്തിരിക്കുകയാണ് ഇടതു പക്ഷം. അതിന് വേണ്ടിയുള്ള കോപ്പു കൂട്ടലുകള്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. മുന്‍ കാലങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ആദര്‍ശ വിശുദ്ധിക്ക് കളങ്കം സംഭവിക്കുന്നതായി കാണാം. ഇരട്ടച്ചങ്കിന്റെ പേശികള്‍ക്ക് ബലം കുറയുന്നോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

അത് പ്രായക്കൂടുതല്‍ കൊണ്ടോ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്ന കാരണത്താലോ ഉത്തരവാദിത്വത്തിന്റെ ഭാരക്കൂടുതല്‍ കൊണ്ടോ ഒക്കെയായിരിക്കും. കാരണം മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര മന്ത്രി സ്ഥാനാവുമെല്ലാം ആ ചങ്കിലാണല്ലോ തൂങ്ങിക്കിടക്കുന്നത്. കേരളത്തിന്റെ സാമൂഹിക കെട്ടുറപ്പിന്റെ കാതല്‍ എന്നത് വര്‍ഗീയ വിഷം തുപ്പുന്നവര്‍ക്ക് സ്ഥാനം കൊടുക്കാറില്ല എന്നതായിരുന്നു. ഒറ്റക്കെട്ടായി നിയമപരമായും അല്ലാതെയും അവര്‍ക്ക് മറുപടി കൊടുക്കാറുണ്ട്.

ഇന്നിപ്പോള്‍ പി.സി. ജോര്‍ജ്, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ സമൂഹത്തില്‍ വര്‍ഗീയ വിഷം ഇഞ്ചെക്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് മോഡിയും അമിത് ഷായും വിസര്‍ജിച്ച അതേ ഡോസില്‍ തന്നെയാണ് പി.സി. ജോര്‍ജും വെള്ളാപ്പള്ളിയും കൂടെ സജി ചെറിയാനും വിസര്‍ജിക്കുന്നത്. സജി ചെറിയാന്‍ ഇടതു മന്ത്രിയാണെന്ന് കൂടി ഓര്‍ക്കണം.

ബി.ജെ.പിയില്‍ ചോര്‍ന്ന പി.സി. ജോര്‍ജിനെ സ്വാഗതം ജെയ്യുന്ന പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ – Photo: Rediff.com

മലപ്പുറത്ത് നിന്നും കാസര്‍ഗോഡ് നിന്നും വിജയിച്ചവരുടെ പേര് നോക്കാനായിരുന്നു അദ്ദേഹത്തിന്റെ കല്പന. മുമ്പ് മോദി, പ്രതിഷേധിക്കുന്നവരുടെ വേഷം നോക്കിയാല്‍ ആരാണെന്ന് ബോധ്യപ്പെടും എന്ന് പറഞ്ഞിരുന്നു. അതിന്റെ മറ്റൊരു പകര്‍പ്പാണ് സജി ചെറിയാനിലൂടെ പ്രകടമാകുന്നത്.

രേവതി ലോളിന്റെ പ്രശസ്തമായ പുസ്തകമാണ് ദി അനാട്ടമി ഓഫ് ഹേറ്റ്. പുസ്തകത്തില്‍ എങ്ങനെ മുസ്‌ലിമിനെ തിരിച്ചറിയാം എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നത് ‘തൊപ്പി വെച്ചവര്‍, മാംസം ആഹരിക്കുന്നവര്‍, കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിക്കുന്നവര്‍, കൂടുതല്‍ വിവാഹം കഴിക്കുന്നവര്‍’ തുടങ്ങിയ സങ്കല്‍പ്പങ്ങളിലൂടെയാണ് എന്ന് പറയുന്നുണ്ട്. ഈ വര്‍ഗീകരണ പ്രക്രിയയാണ് സജി ചെറിയാനിലും പ്രവര്‍ത്തിക്കുന്നത്.

വെള്ളാപ്പള്ളി നടേശന്‍ വിദ്വേഷ പ്രസംഗങ്ങളുടെ പരമ്പര തന്നെ നടത്തിയപ്പോഴും മുഖ്യമന്ത്രി പരോക്ഷമായ പിന്തുണ നല്‍കി എന്നത് ഭാവി കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തെ ചോദ്യം ചെയ്യുന്നതാണ്. കേരളീയം വെബ് ഡസ്‌ക് വെള്ളാപ്പള്ളിയുടെ അറുപത് വിദ്വേഷ പ്രസ്താവനകള്‍ എന്ന തലവാചകത്തില്‍ ഒരു റിപ്പോര്‍ട്ട് തന്നെ പുറത്തു വിട്ടിരുന്നു.

മലപ്പുറം മതാധിപത്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അമുസ്‌ലിങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ പ്രയാസമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുമ്പോള്‍ അതിനുത്തരം നല്‍കേണ്ടത് പിണറായി വിജയന്റെ ബാധ്യതയാണ്. കാരണം പിണറായി വിജയന്‍ മലപ്പുറത്തിന്റെ കൂടി മുഖ്യമന്ത്രിയാണ്. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ വെള്ള പൂശാന്‍ ശ്രമിക്കുന്ന ശൈലജ ടീച്ചറുടെ ശ്രമം കേരളം കണ്ടില്ലെന്ന് നടിക്കരുത്. ഈഴവ സമുദായത്തിന്റെ വോട്ട് ബാങ്കില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ കേരളത്തിലെ മനുഷ്യര്‍ക്കിടയില്‍ വലിയ മതില്‍ക്കെട്ടുകള്‍ രൂപപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനാവില്ല.

വെള്ളാപ്പളി നടേശന്‍

മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം എന്നതായിരുന്നു സി.പി.എമ്മിന്റെ മുന്‍കാല നിലപാട്. മത മൗലിക വാദങ്ങള്‍ക്കപ്പുറം പുരോഗമനാത്മക നയം രൂപപ്പെടുത്തിയതിന്റെ ഫലമായാണല്ലോ ശബരിമല യുവതീ പ്രവേശനത്തെ ഇടത് സര്‍ക്കാര്‍ സ്വാഗതം ചെയ്തിരുന്നത്. ആ നിലപാട് ഇലക്ഷനില്‍ കൃത്യമായി പ്രതിഫലിച്ചത് കാണാം.

അതിന്റെ മുറിവുകളെ ഉണക്കാനാണ് പുരോഗമന ചിന്തകള്‍ക്ക് ഫുള്‍ സ്റ്റോപ്പിട്ട് കൊണ്ട് ആഗോള അയ്യപ്പ സംഗമത്തിന് സര്‍ക്കാര്‍ നേതൃ പദവി അലങ്കരിക്കുന്നത്. നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റുകയില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന വെള്ളത്തില്‍ അലിഞ്ഞില്ലാതാവുന്നത് കാണാം. കാലങ്ങള്‍ക്കിപ്പുറം സി.പി.എമ്മിന്റ പ്രശ്‌നവും മതമായി മാറിയിരിക്കുന്നു.

കേരളത്തിന്റെയും ഇന്ത്യയുടെയും പൊതു ശത്രു ആര്‍.എസ്.എസാണെന്ന ബോധ്യം മനപൂര്‍വം സി.പി.എം മറച്ച് പിടിക്കുന്നത് അപകടകരമാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ലാഭത്തിന് വേണ്ടി ആര്‍.എസ്.എസിന്റെ അജണ്ടകളെ പ്രായോഗികവല്‍കരിക്കുന്നതിലേക്ക് വഴി എളുപ്പമാക്കുകയാണ് സി.പി.എം ചെയ്തുകൊണ്ടിരിക്കുന്നത്. ദി ഹിന്ദു പത്രത്തോട് മുഖ്യമന്ത്രി നല്‍കിയ അഭിമുഖം അതാണ് സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പെറ്റുകൂട്ടുന്നവര്‍ ലാഭം കൊയ്യുമെന്ന മോദിയുടെ പ്രസ്താവനയും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമാഅതെ ഇസ്‌ലാമി ഭരിക്കുമെന്ന എ.കെ. ബാലന്റെ പ്രസ്താവനയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്.പിണറായി വിജയന്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതു യോഗത്തില്‍ – Photo: Pinarayi Vijayan/ Facebook

2026ലെ കേരളത്തിലെ തെരഞ്ഞെടുപ്പിനെ അതീവ ജാഗ്രതയോടെയാണ് ബി.ജെ.പി വരവേല്‍ക്കുന്നത് എന്ന യാഥാര്‍ത്ഥ്യം മുന്നിലുണ്ട്. മോദിയുടെയും അമിത്ഷായുടെയും നിരന്തരമായ സന്ദര്‍ശനങ്ങള്‍ കേരളത്തില്‍ നടക്കുന്നു. അതീവ ജാഗ്രതയോടെയാണ് ബി.ജെ.പി സൈബര്‍ വിങ് പ്രവര്‍ത്തിക്കുന്നത്. അപകടകരമായ രാഷ്ട്രീയ സാഹചര്യത്തില്‍ അപക്വമായ ഇടപെടലുകള്‍ നേതൃത്വങ്ങളില്‍ നിന്നുണ്ടാവുന്നത് ഭാവി രാഷ്ട്രീയത്തിന്റെ സന്തുലിതാവസ്ഥയെ ചോദ്യം ചെയ്യുന്നതാണ്.

ചരിത്രപരമായ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വികസനം സാധ്യമായെങ്കിലും കേരളം നൂറ്റാണ്ടുകളുടെ ശ്രമ ഫലമായി രൂപപ്പെടുത്തിയെടുത്ത സാമുദായിക ഐക്യത്തെ വലിയ രീതിയില്‍ മുറിപ്പെടുത്തി എന്നത് യഥാര്‍ത്ഥ്യമാണ്. ജമാഅതെ ഇസ്‌ലാമിക്ക് അനാവശ്യമായ സാമൂഹിക ശ്രദ്ധ പതിപ്പിച്ചു നല്‍കുകയും സംഘ പരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രായോഗിക പ്രതലം സൃഷ്ടിക്കുകയും ചെയ്യുന്നതോടെ നവീകരിച്ച പാലങ്ങളിലൂടെ സഞ്ചരിക്കുന്നത് മൈത്രിയുടെ മനോഹര സംജ്ഞകള്‍ക്ക് പകരം വര്‍ഗീയതയുടെ ക്രൂരമായ പാദങ്ങളായിരിക്കുമെന്ന നഗ്‌ന സത്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ബഹുമാനപുരസരം ഓര്‍മിപ്പിക്കുന്നു. നാം ജാതിക്രൂരതയെ ഒരു പരിധി വരെ തുടച്ചു നീക്കിയതാണ്. അതിന്റെ മറു പകര്‍പ്പുകളെ ഇനിയും മാടി വിളിക്കരുത്.

Content Highlight: Article by Zakaria M.K. Palathungara on the changes in the stance of Chief Minister Pinarayi Vijayan

സകരിയ എം.കെ. പാലത്തുങ്കര

എം.എ ജേര്‍ണലിസം വിദ്യാര്‍ത്ഥി

We use cookies to give you the best possible experience. Learn more