അധിനിവേശത്തിലമര്‍ന്ന മുസ്‌ലിം ജീവിതകഥ പറഞ്ഞ് നോബലിലേക്ക് അബ്ദുല്‍റസാഖ് ഗുര്‍ന
Book Review
അധിനിവേശത്തിലമര്‍ന്ന മുസ്‌ലിം ജീവിതകഥ പറഞ്ഞ് നോബലിലേക്ക് അബ്ദുല്‍റസാഖ് ഗുര്‍ന
എം. ലുഖ്മാന്‍
Saturday, 9th October 2021, 12:46 pm
അധിനിവേശത്തിന്റെ മാരകമായ മുഖം ഇത്ര മനോഹരമായി വരച്ചിടുന്ന എഴുത്തുകാരെ അധികം കണ്ടിട്ടില്ല. ഗംഭീരമായ ഇംഗ്ലീഷ് രചനാ രീതിയാണ് ഗുര്‍നയുടേത്. കൂടുതല്‍ സങ്കീര്‍ണ്ണതയില്ലാത്ത ലളിതമായ വാക്യങ്ങള്‍. വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്ക്, പിന്നെ, ചരിത്രത്തില്‍ വര്‍ത്തമാനത്തിലേക്കും വരുന്ന കഥപറച്ചില്‍ രീതി. ഏറെയെയൊന്നും പ്രസിദ്ധനല്ലാത്ത, ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത എന്നാല്‍, കരുത്തുറ്റ സൃഷ്ടികള്‍ രൂപപ്പെടുത്തിയ ഈ എഴുത്തുകാരന്‍ സാഹിത്യ പുരസ്‌കാരം നല്‍കിയത് നോബല്‍ സമ്മാനത്തിന്റെ മാറ്റ് കൂട്ടുന്നു.

മലബാറുമായി പലതരത്തില്‍ സാംസ്‌കാരിക സാമ്യമുള്ള ദേശമാണ് ആഫ്രിക്കയിലെ ടാന്‍സാനിയയിലെ പല ദേശങ്ങളും. ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ലഭിച്ച ടാന്‍സാനിയക്കാരനായ അബ്ദുല്‍റസാഖ് ഗുര്‍നയുടെ രചനകളിലൂടെ കടന്നുപോയപ്പോള്‍, ഒരു മലബാറുകാരനായ, ഇസ്‌ലാമിക വിശ്വായിയായ ഒരാള്‍ എന്ന നിലയില്‍ നമ്മുടെ തന്നെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതിയായിരുന്നു ഉള്ളില്‍ നിരന്തരം.

മലബാറില്‍ നടന്ന തീക്ഷ്ണമായ പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടത്തെയോ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെയോ അടയാളപ്പെടുത്തുന്ന നല്ലൊരു നോവല്‍, മലയാളത്തില്‍ പോലും വന്നില്ലല്ലോ എന്ന ആലോചന ഇടയ്ക്കിടെ നിരാശപ്പെടുത്തി. 18, 19 നൂറ്റാണ്ടുകളിലെ ജര്‍മന്‍, ബ്രിട്ടീഷ് അധിനിവേശം ടാന്‍സാനിയയിലെ സ്വദേശികള്‍ക്ക് മേല്‍ രൂപപ്പെടുത്തിയ സാംസ്‌കാരികവും രാഷ്ട്രീയവുമായ ആഘാതങ്ങളെയാണ് ആഫ്റ്റര്‍ലൈവ്‌സ് എന്ന നോവലില്‍ ഗുര്‍ന വരച്ചിടുന്നത്.

ആഫ്റ്റര്‍ലൈവ്‌സ് എന്ന നോവല്‍

മുസ്‌ലിം ജീവിതവും സംസ്‌കാരവും ആഴത്തില്‍ പതിഞ്ഞ ദേശമായതിനാല്‍, നോവല്‍ വിവരണത്തിന്റെ ഓരോ അടരുകളിലും അത് വ്യക്തമാവുന്നുണ്ട്. മുഖ്യമായും അഞ്ചു മനുഷ്യരുടെ കഥയാണ് ഈ നോവലില്‍. ഗുജറാത്തിയായ ഒരു ഇന്ത്യന്‍ കച്ചവടക്കാരന്‍ സിന്‍സിബാര്‍ സ്ത്രീയുമായുള്ള വിവാഹത്തില്‍ ജനിച്ച ഖലീഫ, കൊളോണിയലിസം തീര്‍ത്ത ദുരിതം കാരണം തീരാ പട്ടിണിയിലായ രണ്ടു കുടുംബങ്ങളില്‍ നിന്ന് ചെറു പ്രായത്തിലെ നാട് വിട്ടു രക്ഷപ്പെടുന്ന ഇല്യാസ്, ഹംസ, ഖലീഫയുടെ ഭാര്യ ആയിഷ, ഹംസയുടെ ഭാര്യ ആഫിയ എന്നിവരുടെ കഥകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്.

ആഫ്രിക്കന്‍ മുസ്‌ലിം ജീവിതത്തിന്റെ തനിമയാര്‍ന്ന രംഗചിത്രങ്ങള്‍ ഒട്ടേറെ വരുന്നു നോവലില്‍. നബിദിനത്തിന് മൗലിദ് കഴിക്കുന്ന കുടുംബങ്ങളെ, പള്ളിയെയും അവിടത്തെ ഇമാമിനെയും ചുറ്റി നില്‍ക്കുന്ന സാധാരണ വിശ്വാസികളുടെ ജീവിതം. അസുഖം വരുമ്പോള്‍ ഇമാമിനെ പോയി കണ്ടു, പത്രത്തിലെ ഖുര്‍ആന്‍ അക്ഷരങ്ങള്‍ എഴുതി കലര്‍ത്തിയ വെള്ളം കുടിച്ചു അസുഖം ഭേദമാകാനുള്ള ശ്രമങ്ങള്‍, ചെറുപ്പത്തിലേ ഖുര്‍ആന്‍ പറയണം ശീലിച്ചും, മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും ചരിത്ര കഥകള്‍ വാമൊഴിയായി വന്നത് സ്ത്രീകള്‍ പുതിയ തലമുറയില്‍ വരുന്നവര്‍ക്ക് പരിചയപ്പെടുത്തുന്നത്, എല്ലാ സംഘര്‍ഷങ്ങളില്‍ നിന്നും വിമോചനം തേടി പള്ളിയിലെ ജനക്കൂട്ടത്തില്‍  അലിയുമ്പോള്‍ കിട്ടുന്ന ഏകാന്തതകള്‍, അങ്ങനെയുള്ള നോവലിലെ നിരവധി ചിത്രീകരണങ്ങള്‍ ഒരു വിശ്വാസിക്ക് കൂടുതല്‍ അഴകോടെ അനുഭവിക്കാന്‍ പറ്റുമെന്ന് തോന്നുന്നു.

ജര്‍മ്മന്‍ അധിനിവേശം സൃഷ്ടിച്ച സാംസ്‌കാരികമായ ശിഥിലീകരണം അഥവാ, ആഫ്രിക്കന്‍ മണ്ണിന്റെ നനവില്‍ നിന്ന്- അത് അപരിഷ്‌കൃതമാണ് എന്ന മിഥ്യാധാരണയില്‍- യൂറോപ്യന്‍ ആകാന്‍ പോകുന്ന ഇല്യാസിന്റെ കഥ ലേശമെങ്കിലും കുറ്റാന്വേഷണ നോവലിന്റെ സ്വഭാവത്തിലൂടെ വായനക്കാരനെ മുന്നോട്ടു കൊണ്ടുപോകുന്നു. വീട്ടിലെ പട്ടിണിയും ഉപ്പയുടെ മാറാരോഗവും കാരണം ഏഴാം വയസ്സില്‍ വീടുവിട്ടുപോകുന്ന ഇല്യാസ് ക്രമേണ എത്തിപ്പെടുന്നത് ടാന്‍സാനിയയില്‍, ക്രൂരമായ അക്രമങ്ങളിലൂടെ അധിനിവേശം നടത്തുന്ന ജര്‍മന്‍ പട്ടാളക്കരുടെ ഇടയിലേക്ക് ആണ്.

ക്രമേണ അയാള്‍ ജര്‍മന്‍ ആരാധകനാകുന്നു. അവരെ പോലെ വിദ്യാഭ്യസവും ആസൂത്രണവും, യാന്ത്രിക മനസ്സും ഉണ്ടെങ്കിലേ മനുഷ്യനാകൂ എന്ന ബോധത്തിലേക്ക് എത്തുന്നു. തന്റെ സംസ്‌കാരവും ജനങ്ങളും അപരിഷ്‌കൃതരാണ് എന്നയാള്‍ വിചാരിക്കുന്നു. സാമാന്യേന ജര്‍മന്‍ എഴുതാനും വായിക്കാനും പഠിക്കുന്നു. ടാന്‍സാനിയയില്‍ അധിനിവേശത്തിനെതിരെ വരുന്ന തദ്ദേശീയ സമരങ്ങളെ അടിച്ചമര്‍ത്തുവാനും, അവയുടെ വീര്യം കുറക്കുവാനും വേണ്ടി ആധുനികവല്‍കരണം എന്ന പ്രേതീതിയോടെ റോഡുകളും ഹോസ്പിറ്റലുകളും വിദ്യാലയങ്ങളും ഒക്കെ ഉണ്ടാക്കാന്‍ ജര്‍മന്‍ സേന ശ്രമിക്കുന്നുണ്ട്.

എന്നാല്‍, ആഫ്രിക്കന്‍ ജനതയുടെ ഉയിര്‍പ്പായിരുന്നില്ല അവരുടെ ലക്ഷ്യം, അധിനിവേശത്തിന്റെ നൈരന്തര്യമായിരുന്നു എന്ന് ഗുര്‍ന അടയാളപ്പെടുത്തുന്നു.

അബ്ദുല്‍റസാഖ് ഗുര്‍ന

കൊളോണിയലിസത്തിന്റെ മറവില്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനം തകൃതിയായി നടക്കുന്നതും നോവലിലെ വിവരങ്ങളിലുണ്ട്. ഇല്യാസ് വര്‍ഷങ്ങള്‍ കഴിഞ്ഞു തന്റെ വീട് തേടി വന്നപ്പോള്‍ അറിയുന്നത്, ഉപ്പയും ഉമ്മയും മരിച്ചുവെന്ന വാര്‍ത്തയാണ്. സഹോദരി ഒരു വീട്ടില്‍ കഷ്ടപ്പെട്ട് കഴിയുന്നുവെന്നും. സഹോദരിയെ ചേര്‍ത്തുപിടിച്ചു തന്റെ കഥകള്‍ പറയുന്നതിനിടെ ചമ്മലോടെ വിവരിക്കുന്നുണ്ട്, ക്രിസ്ത്യന്‍ ആരാധനകളില്‍ ചേരേണ്ടി വന്ന അവസ്ഥ.

മറ്റൊരു കഥാപാത്രമായ ഹംസക്ക്, ജര്‍മന്‍ പട്ടാളക്കാരനില്‍ നിന്ന് ഒരു ജര്‍മന്‍ സൈനിക കമാന്‍ഡറില്‍ നിന്ന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നപ്പോള്‍ അയാളെ ശുശ്രൂഷിക്കുന്ന ജര്‍മ്മന്‍ പാസ്റ്ററും മിഷിനറി പ്രവര്‍ത്തകനാണ്. എന്ത് ദൗത്യമാണ് താങ്കള്‍ നടത്തുന്നത് എന്ന ഹംസയുടെ ചോദ്യത്തിന് പാസ്റ്റര്‍ വിവരിക്കുന്നത്, ഇതൊരു Zivilisierungmission- ജര്‍മന്‍ ഭാഷയില്‍ നാഗരികവല്‍ക്കരണ പദ്ധതി- ആണെന്നാണ്.

സ്വന്തം ജനതയുടെ സാംസ്‌കാരിക അടിത്തറയില്‍ മാറി ജര്‍മന്‍ അധിനിവേശത്തിന്റെ കൂടെ ചേരുന്ന ആളുകള്‍ക്ക് സംഭവിക്കുന്നത് മാരക നാശമാണ് എന്ന് പല സംഭവങ്ങളിലൂടെ ഗുര്‍ന വിവരിക്കുന്നു. ജര്‍മ്മന്‍ പട്ടാള കമാണ്ടറുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴിപ്പെടേണ്ട അവസ്ഥ വരുന്നുണ്ട് ഹംസക്ക്. ഹംസയെ അയാള്‍ ജര്‍മന്‍ പഠിപ്പിക്കുന്നത് പോലും, ഒരു ആസ്വാദനം എന്ന നിലയിലാണ്. ജര്‍മനിയില്‍ നിന്ന് ടാന്‍സാനിയ പിടിച്ചടക്കാന്‍ ബ്രിട്ടണ്‍ വരുമ്പോള്‍, ആഫ്രിക്കന്‍ പട്ടാളക്കാരെ മുന്‍നിര്‍ത്തിയാണ് ജര്‍മന്‍ സൈന്യം പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ വരുമ്പോഴും അവസ്ഥ മാറുന്നില്ല.

ജര്‍മന്‍ പട്ടാളക്കാരെ കൂടെ ചേര്‍ന്നാല്‍, സാംസ്‌കാരിക പ്രബുദ്ധനാകും എന്ന പ്രതീതിയില്‍ സ്വന്തം സഹോദരിയോട് തിരിച്ചു വരാം എന്ന വാക്കുനല്‍കി പോകുന്ന ഇല്യാസ് പിന്നെ തിരിച്ചു വരുന്നില്ല. സഹോദരി പിന്നീട് വിവാഹം കഴിക്കുന്നത്, ജര്‍മന്‍ ദുരിത പര്‍വ്വത്തില്‍ നിന്ന് രക്ഷപ്പെടുന്ന ഹംസയെയാണ്.

പിന്നീട് ഇല്യാസിനെ കണ്ടെത്താനുള്ള അവരുടെ അന്വേഷണം അവസാനിക്കുന്നതോടെയാണ് പുസ്തകത്തിന്റെ വിരാമം. ജര്‍മന്‍കാര്‍ ടാന്‍സാനിയ ഉപേക്ഷിച്ചു പോയപ്പോള്‍ അയാള്‍ ജര്‍മന്‍ പട്ടാളത്തോടൊപ്പം പോയി. എന്നാല്‍, ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതോടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അന്ത്യം വരിക്കാനായിരുന്നു വിധി.

അധിനിവേശത്തിന്റെ മാരകമായ മുഖം ഇത്ര മനോഹരമായി വരച്ചിടുന്ന എഴുത്തുകാരെ അധികം കണ്ടിട്ടില്ല. ഗംഭീരമായ ഇംഗ്ലീഷ് രചനാ രീതിയാണ് ഗുര്‍നയുടേത്. കൂടുതല്‍ സങ്കീര്‍ണ്ണതയില്ലാത്ത ലളിതമായ വാക്യങ്ങള്‍. വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്ക്, പിന്നെ, ചരിത്രത്തില്‍ വര്‍ത്തമാനത്തിലേക്കും വരുന്ന കഥപറച്ചില്‍ രീതി. ഏറെയെയൊന്നും പ്രസിദ്ധനല്ലാത്ത, ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത എന്നാല്‍, കരുത്തുറ്റ സൃഷ്ടികള്‍ രൂപപ്പെടുത്തിയ ഈ എഴുത്തുകാരന്‍ സാഹിത്യ പുരസ്‌കാരം നല്‍കിയത് നോബല്‍ സമ്മാനത്തിന്റെ മാറ്റ് കൂട്ടുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Article about the nobel prize winner Abdulrazak Gurnah and his work afterlives

എം. ലുഖ്മാന്‍
എഴുത്തുകാരന്‍