രാജ്യത്തെ മുസ് ലിം വംശഹത്യകള്‍ക്ക് ശേഷം സംഘപരിവാറിന്റെ മഴു നീളുന്നത് രണ്ടാമത്തെ ആന്തരിക ഭീഷണിയായ ക്രിസ്ത്യാനികളിലേക്കാണ്. അപ്പോളും മുന്നൂറ് രൂപ വിലയിട്ട് സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്ന പിതാവ് അശ്ലീലകാഴ്ചയാകുന്നു. ഇപ്പോളും സംഘപരിവാറിനെ തള്ളിപറയാത്ത ബിഷപ്പ് പാംപ്ലാനിയെപ്പോലുള്ള ഒറ്റുകാരെയും ഹിന്ദുത്വ ഭീകരരെയും ഒന്നിച്ചു നേരിടേണ്ടി വരുന്നു എന്നതാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍ നേരിടുന്ന വെല്ലുവിളി | അരുണ്‍ എയ്ഞ്ചല എഴുതുന്നു
2025 ജൂലൈ 25 ന് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് സ്ത്രീകളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ASMI) ലെ രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളും ഒരു ആദിവാസി യുവാവും അറസ്റ്റ് ചെയ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള കന്യസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരും, നാരായണ്‍പൂര്‍ സ്വദേശിയായ ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡയുമാണ് അറസ്റ്റിലായത്.
കന്യാസ്ത്രീകള്‍ക്കും യുവാവിനുമെതിരെ മനുഷ്യക്കടത്ത് വകുപ്പ് 143 ബി.എന്‍.എസ് പ്രകാരവും, ഇമ്മോറല്‍ ട്രാഫിക് പ്രീവെന്‍ഷന്‍ ആക്ട് പ്രകാരവും, 1968 ലെ ഛത്തീസ്ഗഡ് ലെ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ വകുപ്പ് 4 പ്രകാരവുമാണ് പൊലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്നും മനുഷ്യ കടത്ത് സംശയിക്കുന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ചത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍
അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആഗ്രയിലെ കോണ്‍വെന്റുകളില്‍ ഗാര്‍ഹിക ജോലികള്‍ക്കായി സ്ത്രീകളെ നിയമിക്കുന്നതിനായി കന്യാസ്ത്രീകള്‍ സ്ത്രീകളെ അനുഗമിക്കുകയായിരുന്നുവെന്ന് റായ്പൂര്‍ അതിരൂപതയുടെ വികാരി ജനറല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ പൂമറ്റം പറയുന്നു.
18 വയസ്സിന് മുകളിലുള്ള ഈ സ്ത്രീകള്‍ക്ക് 8,000 മുതല്‍ 10,000 രൂപ വരെ പ്രതിമാസ ശമ്പളമുള്ള ഗാര്‍ഹിക ജോലി വാഗ്ദാനം ചെയ്തിരുന്നു. അവരുടെ മാതാപിതാക്കളുടെ സമ്മതപത്രങ്ങളും അവരുടെ കൈവശം ഉണ്ടായിരുന്നു. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് സ്ത്രീകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി കടത്തിയെന്ന് ആരോപിച്ച് ഒരു പ്രാദേശിക ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ജൂലൈ 25 ന് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ വെച്ച് കന്യാസ്ത്രീകളെ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. ഹിന്ദു മതത്തില്‍പെട്ട കുട്ടികളായതിനാലാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്നും ഈ കുട്ടികളെ മതപരിവര്‍ത്തനത്തിനായി കൊണ്ടുപോകുകയാണെന്നുമായിരുന്നു ബജ്റംഗ്ദളിന്റെ ആരോപണം.
മതപരിവര്‍ത്തനം ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലുടനീളം ‘ജയ് ശ്രീറാം’ മുഴക്കി പ്രതിഷേധിച്ചു. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നതിനുവേണ്ടി ആഗ്രയിലേക്ക് കൊണ്ടുപോകുകയാണെന്നും ഇവര്‍ ആരോപിച്ചു.
എന്നാല്‍ ജൂലൈ 28 ന് രണ്ട് സ്ത്രീകളുടെ സഹോദരിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ആരോപണങ്ങള്‍ നിരസിക്കുകയും, അവര്‍ കുടുംബാംഗങ്ങളുടെ അറിവോടെ സ്വന്തം ഇഷ്ടപ്രകാരം ജോലിക്കായി ആഗ്രയിലേക്ക് കന്യസ്ത്രീകളുടെ ഒപ്പം പോവുകയായിരുന്നെന്നും പറഞ്ഞു.
അറസ്റ്റിനുശേഷം, സ്ത്രീകളെ ജോലിക്കായി കൊണ്ടുപോകുന്നുണ്ടെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് മൂന്ന് കുടുംബങ്ങളും ജൂലൈ 26 ന് നാരായണ്‍പൂര്‍ പൊലീസിന് രേഖാമൂലം സബ്മിഷന്‍ നല്‍കിയതായി നാരായണ്‍പൂര്‍ പൊലീസ് സൂപ്രണ്ട് റോബിന്‍സണ്‍ ഗുരിയയും പറയുന്നു.
ഇത്രയും ശക്തമായ തെളിവുകള്‍ കന്യസ്ത്രീകള്‍ക്കനുകൂലമായി നില്‍ക്കുമ്പോളും, ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ‘നാരായണ്‍പൂരിലെ മൂന്ന് പെണ്‍മക്കള്‍ക്ക് നഴ്‌സിംഗ് പരിശീലനവും തുടര്‍ന്നുള്ള ജോലി നിയമനങ്ങളും’ വാഗ്ദാനം ചെയ്തു.
‘പെണ്‍കുട്ടികളെ ആഗ്രയിലേക്ക് കൊണ്ടുപോകുകയായിരുന്ന നാരായണ്‍പൂരില്‍ നിന്നുള്ള ഒരാള്‍ അവരെ ദുര്‍ഗ് സ്റ്റേഷനിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൈമാറി. പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തിലും മതപരിവര്‍ത്തനത്തിലും ഏര്‍പ്പെടാന്‍ ശ്രമം നടന്നിരുന്നു,’ എന്നും ‘സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയമാണിതെന്നും അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും വിഷയം ജുഡീഷ്യല്‍ അവലോകനത്തിലാണ്, നിയമം അതിന്റെ വഴിക്ക് പോകും,‘ എന്നുമുള്ള പ്രസ്താവനകളുമായി രംഗത്തെത്തി.
ഇതൊന്നും പോരാഞ്ഞിട്ട് ‘ഛത്തീസ്ഗഢ് എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകള്‍ ഐക്യത്തോടെ ജീവിക്കുന്ന ഒരു സമാധാനപരമായ സംസ്ഥാനമാണ്. നമ്മുടെ ബസ്തര്‍ പെണ്‍മക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്,’ എന്ന് എക്സിലും എഴുതി.
കന്യാസ്ത്രീകളുടെയും നാരായണ്‍പൂര്‍ നിവാസിയുടെയും ജാമ്യാപേക്ഷകള്‍ ജൂലൈ 30ന് ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ ഒരു സെഷന്‍സ് കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 143 പ്രതിക്കെതിരെ ചുമത്തിയതിനാല്‍, ‘ഈ കോടതിക്ക് ജാമ്യാപേക്ഷ കേള്‍ക്കാന്‍ അധികാരമില്ല’ എന്ന് പറഞ്ഞാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യത്തെ എതിര്‍ത്തത്.
ഈ വിഷയം കേള്‍ക്കാന്‍ തങ്ങള്‍ക്ക് അധികാരപരിധിയില്ലെന്ന് കോടതി നിരീക്ഷിച്ചു. 2008 ലെ ദേശീയ അന്വേഷണ ഏജന്‍സി നിയമത്തിലെ 11-ാം വകുപ്പ് ഉദ്ധരിച്ച് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനീഷ് ദുബെ തന്റെ ഉത്തരവില്‍, അധികാരപരിധി പ്രശ്‌നം ചൂണ്ടിക്കാണിക്കുകയും – കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ്, സുക്മാന്‍ മാണ്ഡവി എന്നിവരോട് പ്രത്യേക കോടതിയെ സമീപിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഫലത്തില്‍ കേസ് എന്‍.ഐ.എ കോടതിയിലെത്തി.
2014 മുതലുള്ള മോഡിഫൈഡ് ഇന്ത്യയില്‍ സാധാരണയായിക്കഴിഞ്ഞിരിക്കുന്ന ഒരു സംഭവത്തിന്റെ നേര്‍ക്കാഴ്ചയാണിത്. ഇവിടെ രണ്ട് മലയാളി കന്യാസ്ത്രീകള്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ കേരളത്തില്‍ ഇത് വലിയ വാര്‍ത്തയായി.
കേരളത്തില്‍ നിന്നുള്ള എല്‍.ഡി.എഫ്, യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഈ വിഷയത്തില്‍ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു.
ബുധനാഴ്ച യു.ഡി.എഫ് നേതാക്കളും, എല്‍.ഡി.എഫ് എം.പിമാരും ബൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കളും കന്യാസ്ത്രീകളെ സന്ദര്‍ശിച്ചു. വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്ക് വച്ചു. ഇത്രയുമായതോടെ വിഷയം ദേശീയ ശ്രദ്ധയിലേക്കെത്തി.
എന്ന് മുതലാണ് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട് തുടങ്ങിയത് ?
ഉത്തരം വളരെ ലളിതമാണ്. തൊണ്ണൂറുകളുടെ അവസാനം ബി.ജെ.പി ഭരണത്തിലെത്തുന്നതോടെയാണ് അക്രമം ആരംഭിച്ചത്. യുണൈറ്റെഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കുകളനുസരിച്ചു ഇന്ത്യയില്‍ 1964 മുതല്‍ 1996 വരെ, 28 വര്‍ഷത്തിനിടയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങളുടെ എണ്ണം 38 ആണ്.
1998 ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ രാജ്യത്ത് ആദ്യമായി 182 സീറ്റ് നേടി സംഘപരിവാറിന്റെ രാഷ്ട്രീയമുഖമായ ബി.ജെ.പി നയിക്കുന്ന മുന്നണി, വാജ്പേയി പ്രധാനമന്ത്രിയായി മാര്‍ച്ചില്‍ അധികാരത്തില്‍ വന്നു. അതോടെ രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചു.
1999ലെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് പ്രകാരം, ആദിവാസി, ദലിത് സമൂഹങ്ങളിലെ അംഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം, നല്ല ആരോഗ്യം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ കാരണമാണ് ക്രിസ്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും അക്രമത്തിന് ഇരയായത്
അതേ വര്‍ഷം മോദി തന്റെ രാഷ്ട്രീയ ഗുരുവായി കണ്ടിരുന്ന കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണത്തിലെത്തിയ ഗുജറാത്തിലായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളും നടന്നത്.
ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 1998 മുതല്‍ 1999 ഫെബ്രുവരി വരെയുള്ള കാലയളവില്‍, രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കെതിരെ 116 ആക്രമണ സംഭവങ്ങള്‍ നടന്നതായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ വെച്ച കണക്കുകള്‍ പറയുന്നു.
ഇത്തരം 94 സംഭവങ്ങള്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് ഒന്നാമതെത്തി. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ ഒരു സര്‍വേയില്‍ 1997-ല്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ 27 ആക്രമണങ്ങളും, 1998-ല്‍ 86 ആക്രമണങ്ങളും, 1999-ല്‍ 120 ആക്രമണങ്ങളും, 2000-ല്‍ 216 ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
1998-ല്‍ ബി ജെ പി അധികാരത്തില്‍ വന്നതിനുശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനം വര്‍ദ്ധിച്ചതായി കമ്മീഷന്‍ പറയുന്നു. 2001-ല്‍, ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ ഓരോ 36 മണിക്കൂറിലും ആക്രമിക്കപ്പെടുന്നുണ്ടെന്നാണ്.
1999ലെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് പ്രകാരം, ആദിവാസി, ദലിത് സമൂഹങ്ങളിലെ അംഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം, നല്ല ആരോഗ്യം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ കാരണമാണ് ക്രിസ്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും അക്രമത്തിന് ഇരയായത്.
ക്രിസ്ത്യന്‍ വിരുദ്ധ പ്രചാരണങ്ങളുടെയും അക്രമ പ്രവര്‍ത്തനങ്ങളുടെയും പ്രചാരണത്തിനും ഒരു പ്രധാന കാരണം ഈ സമൂഹങ്ങളെ സാമ്പത്തിക ആശ്രിതത്വത്തില്‍ നിലനിര്‍ത്താനുള്ള ആക്രമികളുടെ, അതായത് സംഘപരിവാറിന്റെ നിക്ഷിപ്ത താല്‍പ്പര്യമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് പറയുന്നു.
1999 ല്‍ ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച ഒരു സംഭവമുണ്ടായി. 1999 ജനുവരിയില്‍ ഒഡീഷയില്‍ വെച്ച് വാനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനെയും കുഞ്ഞുങ്ങളെയും ബജ്റംഗ്ദള്‍ നേതാവായ ധാരാസിങ്ങിന്റെ നേതൃത്വത്തിലെ ഹിന്ദു തീവ്രവാദികള്‍ വാനിന് തീ കൊളുത്തി കൊന്നു.
ഇവാഞ്ചലിക്കല്‍ സൊസൈറ്റിയുടെ ഭാഗമായ ‘Mayurbhanj Leprosy Home’ ലൂടെ 1965 മുതല്‍ ഒഡീഷയില്‍ കുഷ്ഠരോഗബാധിതരെ പരിചരിക്കുകയും, ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന സ്റ്റെയിന്‍സും ഭാര്യ ഗ്ലാഡിസും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നതായിരുന്നു ഹിന്ദു തീവ്രവാദികളുടെ ആരോപണം.
ബജ്റംഗ്ദളിന്റെ അന്നത്തെ ഒറീസ മേധാവി 2019 ല്‍ കേന്ദ്ര മന്ത്രിയായ ഒഡീഷാ മോദി എന്നറിയപ്പെട്ടിരുന്ന പ്രതാപ് ചന്ദ്ര സാരംഗിയായിരുന്നു. കുടിലില്‍ താമസിക്കുന്ന, സൈക്കിളില്‍ സഞ്ചരിക്കുന്ന ലളിത ജീവിതത്തിനുടമയായ ഹിന്ദുത്വ തീവ്രവാദിയെ ഗോഡി മീഡിയ പി.ആറിലൂടെ വിശുദ്ധനാക്കി.
മോഡിഫൈഡ് ഇന്ത്യയില്‍, മുഖ്യപ്രതികളിലൊരാളായ മഹേന്ദ്ര ഹെമ്ബ്രാഹ്‌മിനെ 2025 ഏപ്രിലില്‍ നല്ല നടപ്പ് പരിഗണിച്ചു ശിക്ഷ ഇളവ് ചെയ്തു. ധാരാസിങ്ങിനെ പുറത്തിറക്കാന്‍ ക്യാമ്പയിന്‍ നടക്കുന്നു.
പിന്നീട് 2008 ഓഗസ്റ്റ് 23 ന് ഒഡീഷയിലെ കാന്ധമാല്‍ ജില്ലയില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടു. മാവോയിസ്റ്റുകള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും സംഘപരിവാറിന് അതൊരു ‘സുവര്‍ണാവസരമായിരുന്നു’.
അവര്‍ ഒറീസ വിടണം എന്ന് വിഎച്ച്പി നേതാവ് തൊഗാഡിയ പറഞ്ഞു. കലാപത്തില്‍ 600 ഗ്രാമങ്ങളും 5,600 വീടുകളും കൊള്ളയടിക്കപ്പെട്ടു. 54,000 പേര്‍ ഭവനരഹിതരായി, 295 പള്ളികളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു, 13 സ്‌കൂളുകളും കോളേജുകളും അനാഥാലയങ്ങളും തകര്‍ന്നു.
ഔദ്യോഗിക മരണസംഖ്യ 39 ആയിരുന്നു, അനൗദ്യോഗികമായി ഈ കണക്ക് 100 ന് മുകളിലാണെന്നു പറയുന്നു. ഒട്ടേറെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. അക്രമ ഭീഷണിയെ തുടര്‍ന്ന് ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിതരായി.
ഗുജറാത്തിലെ ബില്‍കീസ് ബാനുവിനെപ്പോലെ, കാന്ധമാലില്‍ പരിവാര്‍ തെമ്മാടിക്കൂട്ടം കൂട്ടബലാത്സംഗത്തിനിരയാക്കിയ കന്യാസ്ത്രീയാണ് സിസ്റ്റര്‍ മീന ലളിത ബറുവ. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലെ ദിവ്യ ജ്യോതി പാസ്റ്ററല്‍ സെന്ററിലെ സാമൂഹിക പ്രവര്‍ത്തകയായിരുന്നു ബറുവ.
2008 ഓഗസ്റ്റ് 24, അവര്‍ താമസിച്ചിരുന്ന ദിവ്യ ജ്യോതി കേന്ദ്രത്തിന് മുന്നില്‍ അക്രമികള്‍ എത്തി, അവര്‍ പിന്‍വാതിലിലൂടെ മറ്റ് ചിലരോടൊപ്പം കാട്ടിലേക്ക് ഓടിക്കയറി ഒരു ഹിന്ദുവിന്റെ വീട്ടില്‍ രാത്രി തങ്ങാന്‍ അഭയം പ്രാപിച്ചു.
പിന്നീട് ജനക്കൂട്ടം ദിവ്യ ജ്യോതി കേന്ദ്രത്തിന് തീയിട്ടു. ആഗസ്റ്റ് 25 ന് ഉച്ചയോട് കൂടി വീടിനടുത്ത് തടിച്ചുകൂടിയ 2000 പേരടങ്ങുന്ന ഒരു ജനക്കൂട്ടം ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ചു പറഞ്ഞു മഴുവടക്കമുള്ള മാരകായുധങ്ങളുമായി വീടാക്രമിച്ചു, അവിടെ അഭയം പ്രാപിച്ച തോമസ് എന്ന പുരോഹിതനെ പുറത്തിറക്കി മര്‍ദ്ദിച്ചു.
സിസ്റ്ററെ മേല്‍വസ്ത്രമില്ലാതെ നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. 2014 മാര്‍ച്ചില്‍ പ്രധാന പ്രതിയായ സന്തോഷ് പട്നായിക് എന്ന മിതു ഉള്‍പ്പെടെ മൂന്ന് പേരെ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിക്കുകയും ആറു പേരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയും ചെയ്തു.
2014 മുതല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ മൊത്തം അക്രമ സംഭവങ്ങളുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചുവരികയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പറയുന്നു.
ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍
2014-ല്‍ 147
2015-ല്‍ 177
2016-ല്‍ 208
2017-ല്‍ 240
2018-ല്‍ 292
2019-ല്‍ 328
2020-ല്‍ 279
2021-ല്‍ 505
2022-ല്‍ 599
2023 ല്‍ 733
2024 ല്‍ 834
മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ ഗണ്യമായി വര്‍ധിച്ചു. ഈ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ ഒരു ദിവസം ശരാശരി രണ്ടിന് മുകളില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നു എന്ന് യു.സി.എഫ് പറയുന്നു. 2014 മുതല്‍ അതിക്രമങ്ങള്‍ കൂടി വരികയാണ്. കൊവിഡ് ലോക്ഡൗണ്‍ സമയത്ത് 2020 ല്‍ മാത്രമാണ് ഇതിനൊര് കുറവുണ്ടായത്.
ദക്ഷിണേന്ത്യയില്‍, വടക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവെങ്കിലും അക്രമങ്ങളുടെ തോത് വര്‍ധിച്ചു വന്നു. 2007 ല്‍ ആദ്യമായി കര്‍ണാടകയില്‍ ബി.എസ്. യദിയൂരപ്പ മുഖ്യമന്ത്രിയായി ആദ്യ ബി.ജെ.പി സര്‍ക്കാര്‍ നിലവില്‍ വന്നു.
2008 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ബജ്രംഗ്ദള്‍ , ശ്രീരാമസേന തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി വ്യാപകമായ അക്രമമുണ്ടായി.
2008ല്‍ ഒറീസയില്‍ നടന്ന ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ കര്‍ണാടകയിലെ ക്രിസ്ത്യാനികള്‍ പ്രതികരിച്ചിരുന്നു. ഓഗസ്റ്റ് 29 ന്, ഒറീസയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ വിരുദ്ധ അക്രമങ്ങള്‍ക്ക് മറുപടിയായി ഇന്ത്യയിലുടനീളമുള്ള നിരവധി ഗ്രൂപ്പുകള്‍ ‘സമാധാനത്തിനും സാമുദായിക ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍’ പങ്കെടുത്തു.
ഓഗസ്റ്റ് 29 ഒരു പതിവ് പ്രവൃത്തി ദിവസമാക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവിനെ ലംഘിച്ചു കൊണ്ട് ഒറീസയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സെന്റ് അലോഷ്യസ് കോളേജും കര്‍ണാടകയിലെ ഏകദേശം 2,000 ക്രിസ്ത്യന്‍ സ്‌കൂളുകളും ഓഗസ്റ്റ് 29 ന് പണിമുടക്കി.
സെപ്റ്റംബര്‍ 14 ന് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹമ്പന്‍കട്ടയിലെ മിലാഗ്രസ് പള്ളിക്ക് സമീപമുള്ള സെന്റ് ക്ലെയറിന്റെ സിസ്റ്റേഴ്സിന്റെ അഡോറേഷന്‍ മൊണാസ്ട്രിയുടെ ചാപ്പലില്‍ കയറി അക്രമത്തിന് തുടക്കമിട്ടു.
ഇരുപതോളം പള്ളികള്‍ ആക്രമിക്കപ്പെട്ടു. തുടര്‍ന്ന് ക്രിസ്ത്യാനികള്‍ സെപ്റ്റംബര്‍ 15 ന് നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി. 150 പേര്‍ അറസ്റ്റിലായി. സെപ്റ്റംബര്‍ 15 നും ഒക്ടോബര്‍ 10 നും ഇടയില്‍, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കെതിരെയും മുസ്ലീം സമൂഹങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ ആരംഭിച്ചു. കാസര്‍ഗോഡും അക്രമസംഭവങ്ങളുണ്ടായി.
2011 ഫെബ്രുവരിയില്‍, ബോംബെ ഹൈക്കോടതിയിലെ വിരമിച്ച മൈക്കല്‍ എഫ്. സല്‍ദാനയുടെ റിപ്പോര്‍ട്ട് പ്രകാരം, 2008 സെപ്റ്റംബറില്‍ കര്‍ണാടകയില്‍ പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും തുടര്‍ന്ന് നടന്ന മറ്റുള്ളവയും ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ‘മുന്‍കൂട്ടി ആസൂത്രണം ചെയ്തതും’ ‘സംസ്ഥാന സ്‌പോണ്‍സര്‍ ചെയ്തതുമാണ്‘.
പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യ (ടി.ഐ.ഐ) കര്‍ണാടകയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഫലമായിരുന്നു ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധങ്ങളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 338 ക്രിമിനല്‍ കേസുകള്‍ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു.
കേരളം ക്രിസ്ത്യാനികള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്ക് പൊതുവിലും, താരതമ്യേന ഏറ്റവും സുരക്ഷിത സ്ഥലമായി നില നിന്നിരുന്നു. പല വര്‍ഷങ്ങളിലും ഒരു അക്രമസംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
2011 ഡിസംബറില്‍, ക്രിസ്ത്യാനികള്‍ക്കെതിരായ 23 കേസുകള്‍ കൂടി പിന്‍വലിച്ചു. ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ആക്രമിക്കുന്ന ‘വര്‍ഗീയ ശക്തികള്‍’ ഇന്ത്യയുടെ തീരദേശ മേഖലയിലെ ഇസ്ലാം വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും സല്‍ദാന പറയുന്നു .
ഇതിനെ പിന്തുണച്ചു കാത്തലിക് സെക്കുലര്‍ ഫോറത്തിലെ ജോസഫ് ഡയസ് രംഗത്തു വരികയും, കര്‍ണാടക കലാപം ‘മുസ്ലീം സമുദായത്തിന് ശേഷം ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ചുള്ള തീവ്ര ഹിന്ദുത്വ ഘടകങ്ങളുടെ വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു’ എന്നും അഭിപ്രായപ്പെട്ടു.
വിചാരധാരയിലെ രണ്ടാമത്തെ ആഭ്യന്തര ഭീഷണിയായ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുക എന്ന സംഘപരിവാര്‍ പദ്ധതിയുടെ ദക്ഷിണേന്ത്യയിലെ പരീക്ഷണശാലയായിരുന്നു കര്‍ണാടകയിലെ കലാപം.
കേന്ദ്രത്തിലും ഭരണത്തില്‍ എത്തിയതിന് ശേഷം, 2021 സെപ്റ്റംബറില്‍ ബി.ജെ.പി മതപരിവര്‍ത്തനം തടയുന്നതിനായി സംസ്ഥാനത്ത് മതപരിവര്‍ത്തന വിരുദ്ധ ബില്‍ അവതരിപ്പിക്കുമെന്ന് പ്രഖാപിച്ചു.
മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) ന്റെ കണക്കനുസരിച്ചു 2021 ജനുവരി മുതല്‍ നവംബര്‍ വരെ കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന 39 അക്രമ സംഭവങ്ങള്‍ ഉണ്ടായി, ഇവയെല്ലാം ആര്‍.എസ്.എസ്, ഹിന്ദു ജാഗ്രത വേദികെ, ബജ്രംഗ്ദള്‍, ബഞ്ചാര നിഗമ തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് നടത്തിയത്.
ശാരീരിക ആക്രമണങ്ങള്‍ , സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ , പള്ളി നശിപ്പിക്കല്‍ , ആക്രമണങ്ങളുടെ ചിത്രീകരണം , പിന്നീട് ആഘോഷിക്കാന്‍ വീഡിയോകള്‍ പ്രചരിപ്പിക്കല്‍ എന്നിവ അക്രമത്തില്‍ ഉള്‍പ്പെട്ടിരുന്നു. ബി.ജെ.പി മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കി.
അക്രമങ്ങള്‍ തമിഴ്‌നാട്ടിലേക്കും ബാധിച്ചിരുന്നു. 2018ല്‍ തമിഴ്നാട്ടില്‍ 48 സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും 2019ല്‍ 56 സംഭവങ്ങളുമായി അത് ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും യു.സി.എഫ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2019ല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ തമിഴ്നാട് ഉത്തര്‍പ്രദേശിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. യു.സി.എഫ് പ്രകാരം, 2014 നും 2022നും ഇടയില്‍ തമിഴ്നാട്ടില്‍ 227 വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്.
അപ്പോഴും കേരളം ക്രിസ്ത്യാനികള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്ക് പൊതുവിലും, താരതമ്യേന ഏറ്റവും സുരക്ഷിത സ്ഥലമായി നില നിന്നിരുന്നു. പല വര്‍ഷങ്ങളിലും ഒരു അക്രമസംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
തമിഴ്നാട്ടില്‍ ജനിച്ച സ്റ്റാനിസ്ലോസ് ലൂര്‍ദുസ്വാമി എന്ന പുരോഹിതനെ, 2018 ലെ ഭീമ കൊറേഗാവ് അക്രമത്തില്‍ പങ്കുണ്ടെന്നും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ബന്ധവും ആരോപിച്ച് 2020 ഒക്ടോബര്‍ 8 ന് എന്‍.ഐ.എ Unlawful Activities (Prevention) Act അനുസരിച്ച് അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു.
അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ 83 വയസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. പിന്നീടദ്ദേഹം ജീവനോടെ ജയിലില്‍ നിന്ന് തിരികെ വന്നില്ല. മൂന്ന് പതിറ്റാണ്ടിലേറെ മധ്യേന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യന്‍ ജയിലുകളിലെ തദ്ദേശീയ ജനതയ്ക്കുവേണ്ടി വാദിച്ചതിനുള്ള പ്രതികാരമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ തന്നെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു സാമൂഹ്യശാസ്ത്രജ്ഞനും റോമന്‍ കത്തോലിക്കാ പുരോഹിതനുമായ സ്വാമി നിരോധിത മാവോയിസ്റ്റ് ഗ്രൂപ്പുകളില്‍ അംഗങ്ങളായതിന് ജയിലിലടച്ച 3,000 പേരുടെ ഒരു പഠനം പ്രസിദ്ധീകരിച്ചു .
അവരില്‍ 97% പേര്‍ക്കും അത്തരമൊരു ബന്ധമില്ലെന്നും അവരുടെ പല വിചാരണകളും അഭിഭാഷകരില്ലാതെയാണ് നടന്നതെന്നും അവര്‍ക്ക് മനസിലാകാത്ത ഭാഷയില്‍ അദ്ദേഹം കണ്ടെത്തി.
അദ്ദേഹം താമസിച്ചിരുന്ന ജാര്‍ഖണ്ഡ് സംസ്ഥാന കോടതിയില്‍ അവര്‍ക്കുവേണ്ടി ഒരു കേസ് ഫയല്‍ ചെയ്തു. ഇതെല്ലാം സര്‍ക്കാരിനെ നാണക്കേടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇതായിരിക്കണം ഹിന്ദുത്വ, സ്റ്റാന്‍ സ്വാമിയെ വേട്ടയാടിയതിന് കാരണം.
‘എനിക്ക് സംഭവിക്കുന്നത് എനിക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. രാജ്യമെമ്പാടും നടക്കുന്ന വിശാലമായ ഒരു പ്രക്രിയയാണിത്. ഇന്ത്യയിലെ ഭരണശക്തികളെക്കുറിച്ച് വിയോജിപ്പ് പ്രകടിപ്പിച്ചതിനാലോ ചോദ്യങ്ങള്‍ ഉന്നയിച്ചതിനാലോ പ്രമുഖ ബുദ്ധിജീവികള്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, കവികള്‍, ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍, നേതാക്കള്‍ എന്നിവരെയെല്ലാം ജയിലിലടയ്ക്കുന്നത് നമുക്കെല്ലാവര്‍ക്കും അറിയാം.
ഞങ്ങള്‍ ഈ പ്രക്രിയയുടെ ഭാഗമാണ്. ഒരു തരത്തില്‍ ഈ പ്രക്രിയയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ ഒരു നിശബ്ദ കാഴ്ചക്കാരനല്ല, മറിച്ച് കളിയുടെ ഭാഗമാണ്, എന്തുതന്നെയായാലും വില നല്‍കാന്‍ തയ്യാറാണ്,’ അദ്ദേഹം പറയുന്നു.
രാജ്യത്തെ മുസ് ലിം വംശഹത്യകള്‍ക്ക് ശേഷം സംഘപരിവാറിന്റെ മഴു നീളുന്നത് രണ്ടാമത്തെ ആന്തരിക ഭീഷണിയായ ക്രിസ്ത്യാനികളിലേക്കാണ്.
പാര്‍ക്കിന്‍സണ്‍സ് കാരണം തനിക്ക് ഒരു ഗ്ലാസ് പോലും പിടിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി 2020 നവംബര്‍ ആറിന്, സ്വാമി പ്രത്യേക കോടതിയില്‍ ഒരു സ്ട്രോയും സിപ്പറും ആവശ്യപ്പെട്ട് ഒരു അപേക്ഷ സമര്‍പ്പിച്ചു.
ഇത് പോലും ഹിന്ദുത്വ തീവ്രവാദികളുടെ ഭരണകൂടം നിഷേധിച്ചു. ഇതേ എന്‍.ഐ.എ കോടതിയിലേക്കാണ് കന്യാസ്ത്രീകളുടെ കേസും പോകുന്നത്. മലയാളി കന്യാസ്ത്രീകള്‍ളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ്, ആദിവാസി യുവാവ് സുഖ്മാന്‍, എന്നിവര്‍ക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് 143 ബി.എന്‍.എസ് പ്രകാരവും, ഇമ്മോറല്‍ ട്രാഫിക് പ്രീവെന്‍ഷന്‍ ആക്ട് പ്രകാരവും, 1968 ലെ ഛത്തീസ്ഗഡ് ലെ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ വകുപ്പ് 4 പ്രകാരവുമാണ് പൊലീസ് കുറ്റം ചുമത്തിയിരിക്കുന്നത്.
BNS 143 മാത്രം തന്നെ പത്ത് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണ്. രാജ്യത്തെ മുസ് ലിം വംശഹത്യകള്‍ക്ക് ശേഷം സംഘപരിവാറിന്റെ മഴു നീളുന്നത് രണ്ടാമത്തെ ആന്തരിക ഭീഷണിയായ ക്രിസ്ത്യാനികളിലേക്കാണ്.
അപ്പോളും മുന്നൂറ് രൂപ വിലയിട്ട് സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്ന പിതാവ് അശ്ലീലകാഴ്ചയാകുന്നു. ഇപ്പോളും സംഘപരിവാറിനെ തള്ളിപറയാത്ത ബിഷപ്പ് പാംപ്ലാനിയെപ്പോലുള്ള ഒറ്റുകാരെയും ഹിന്ദുത്വ ഭീകരരെയും ഒന്നിച്ചു നേരിടേണ്ടി വരുന്നു എന്നതാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍ നേരിടുന്ന വെല്ലുവിളി.
ഇപ്പോള്‍ പ്രതിരോധമെന്നത് കേവലം രണ്ട് കന്യസ്ത്രീകളടക്കം മൂന്ന് മനുഷ്യര്‍ക്ക് വേണ്ടിയുള്ളതല്ല. സംഘപരിവാര്‍, ജനാധിപത്യത്തെ ഹിന്ദുത്വ രാഷ്ട്രത്തിലേക്കും ഭരണഘടനയെ മനുസ്മൃതിയിലേക്കും മാറ്റിതീര്‍ക്കുന്ന കാലത്ത് ഒരു ചെറിയ പ്രതിഷേധത്തിന്, ചെറിയ പ്രതിരോധത്തിന് പോലും ജീവന്റെ വിലയുണ്ട്. 2014 ന് ശേഷം വലിയ തടവറയായി മാറിയ രാജ്യത്തിരുന്നു സ്റ്റാന്‍ സ്വാമി ഇങ്ങനെ എഴുതിയിരുന്നു,
‘എന്നാല്‍ നമ്മള്‍ ഇപ്പോഴും ഒരുമിച്ച് പാടും. കൂട്ടിലടച്ച പക്ഷിക്ക് ഇപ്പോഴും പാടാന്‍ കഴിയും’
Content Highlight: Article about malayali Nuns arrested in Chattisgarh