നൗഷാദ് മൂസ; 97ലെ നെഹ്‌റു കപ്പില്‍ ഇറാഖിനെ വിറപ്പിച്ച മലയാളി, ഇന്ന് ഇന്ത്യ അണ്ടര്‍ 23 ഫുട്‌ബോള്‍ ടീം കോച്ച്
DISCOURSE
നൗഷാദ് മൂസ; 97ലെ നെഹ്‌റു കപ്പില്‍ ഇറാഖിനെ വിറപ്പിച്ച മലയാളി, ഇന്ന് ഇന്ത്യ അണ്ടര്‍ 23 ഫുട്‌ബോള്‍ ടീം കോച്ച്
എം.എം.ജാഫർ ഖാൻ
Thursday, 18th September 2025, 8:23 pm
28 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ ഖത്തര്‍, ബഹ്റൈന്‍, ബ്രൂണെ ടീമുകളെ ഞെട്ടിച്ച ഇന്ത്യന്‍ ടീമിന്റെ കോച്ചും ആ നീളന്‍ ത്രോ എറിഞ്ഞ നൗഷാദ് മൂസയായിരുന്നു. ജോലിക്കായി മുംബൈയിലേക്ക് പോയ കണ്ണൂര്‍ തലശ്ശേരിക്കാരായ ഉമ്മക്കും ഉപ്പക്കും ജനിച്ച മകന്‍ നൗഷാദ് മൂസയെ പക്ഷെ, മലയാളം മീഡിയക്ക് ഇന്നും അത്ര പരിചയം പോരെന്ന് തോന്നുന്നു. മലയാളിയെ ആര് തിരിച്ചറിയും?

പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന സമയത്താണ് 1997ലെ നെഹ്റു കപ്പ് ഫുട്‌ബോളിന് കൊച്ചി വേദിയാവുന്നത്. കെ. കരുണാകാരന്റെ തീവ്രതാത്പര്യത്തില്‍ അതിവേഗം പണിപൂര്‍ത്തിയാക്കിയ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ശങ്കര്‍ദയാല്‍ ശര്‍മ്മ. ലോകത്തെ ഏറ്റവും മികച്ച10 രാജ്യാന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായി ഫിഫ പരിഗണിച്ച നെഹ്റു കപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് 1997ല്‍ കലൂര്‍ സ്റ്റേഡിയം വേദിയായത്.

ശങ്കര്‍ ദയാല്‍ ശര്‍മ്മ | കെ. കരുണാകരന്‍

1997 ഏപ്രില്‍ 10, ഉറുഗ്വെ, അര്‍ജന്റീന, ഇറ്റലി, യൂഗോസ്ലാവിയ, സോവിയറ്റ് യൂണിയന്‍, റുമാനിയ, ഹങ്കറി… തുടങ്ങിയ ലാറ്റിന്‍/ യൂറോപ്യന്‍ ഫുട്‌ബോള്‍ കരുത്തര്‍ പടയോട്ടം നടത്തിയിട്ടുള്ള നെഹ്റു കപ്പിന്റെ സെമി ഫൈനല്‍ കളിക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ആദ്യമായി ഇറങ്ങുന്നു. എതിരാളികള്‍ ഇറാഖ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഘാന, ചൈന, ഉസ്ബക്കിസ്താന്‍ ടീമുകളെ സമനിലയില്‍ പിടിച്ചാണ് ഇന്ത്യ അവസാന നാലില്‍ ഇടം നേടുന്നത്.

പാടവരമ്പത്തും കമുങ്ങ് ഗ്യാലറിയിലും ഇരുന്ന് സെവന്‍സ് ഫുട്‌ബോള്‍ മാത്രം ആസ്വദിച്ചിട്ടുള്ള ഞാന്‍ ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ മത്സരം കാണാന്‍ പോകുന്നു. പത്തോ പന്ത്രണ്ടോ വലിയവര്‍ ഉണ്ടായിരുന്നു അന്ന് നാട്ടില്‍ നിന്ന് മത്സരം കാണാന്‍ പുറപ്പെട്ട മഹീന്ദ്ര ജീപ്പില്‍. ഞങ്ങള്‍ മൂന്നു കുട്ടികള്‍ ജീപ്പിന്റെ പ്ലാറ്റ്‌ഫോമില്‍ അച്ചടക്കത്തോടെ ഇരുന്നു.

noushad moosa

നൗഷാദ് മൂസ

കൂടെ വന്ന ഫൈസല്‍ നാലോ അഞ്ചോ വട്ടം ശര്‍ദ്ദിച്ചു. ശര്‍ദ്ദി വന്നപ്പോഴെല്ലാം ഞാന്‍ അത് ഉള്ളിലേക്ക് തന്നെ വിഴുങ്ങി. കളി കാണാതെ ഒരു തിരിച്ചുപോക്കില്ല! ചെറുനാരങ്ങ മണത്താല്‍ ശര്‍ദ്ദി നില്‍ക്കുമോ? എനിക്ക് ഇന്നും അറിയില്ല. ജീപ്പ് ഡ്രൈവര്‍ ഗഫൂര്‍ക്ക അന്ന് ശര്‍ദ്ദി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്ന മരുന്ന് ചെറുനാരങ്ങ മണക്കുക എന്നതായിരുന്നു.

പോക്കുവെയിലിന്റെ തിളക്കത്തില്‍ കൊച്ചി സ്റ്റേഡിയത്തിന് മുന്നിലെത്തി. മുന്‍ഭാഗത്തെ കര്‍വ് കണ്ടപ്പോള്‍ സെവന്‍സ് ഗ്രൗണ്ട് മാത്രം പരിചയമുള്ള ഞങ്ങള്‍ ഞെട്ടി. അന്നേരം ചിന്തിച്ചത് ഈ വലിയ കെട്ടിനുള്ളില്‍ എത്ര ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ ഉണ്ടാവും എന്നായിരുന്നു.

പത്താം ക്ലാസില്‍ തോറ്റാലും കുഴപ്പമില്ല പടച്ചോനെ, ഈ കളിയില്‍ ഇന്ത്യയെ ജയിപ്പിക്കണേയെന്ന എന്റെ പ്രാര്‍ത്ഥന ആരും കേട്ടില്ല.

മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ടിക്കറ്റ് വരുന്നില്ല. ടിക്കറ്റ് വാങ്ങാന്‍ പോയവരെ കാണാനുമില്ല. അതിനിടെ ശങ്കരേട്ടന്‍ രണ്ട് നിറത്തിലുള്ള കോല്‍ ഐസ് ഞങ്ങള്‍ക്ക് വാങ്ങിത്തന്നിരുന്നു. മുന്തിരി ഐസും സേമിയന്‍ ഐസും മുന്തിയതായി കണ്ടിരുന്ന ഞങ്ങള്‍ക്ക് രണ്ട് നിറത്തിലുള്ള ഐസ് മനസും പള്ളയും നിറച്ചു.

മഞ്ചേരി ശ്രീദേവി തീയേറ്ററില്‍ ഫസ്റ്റിനും സെക്കന്‍ഡിനുമെല്ലാം നാട്ടുകാര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയിരുന്ന ഓട്ടോ ഡ്രൈവര്‍ സത്താര്‍ക്ക കിതയ്‌ച്ചെത്തി. കുറെ ടിക്കറ്റും നോട്ടുകളും അദ്ദേഹം കൈയ്യിയില്‍ ചുരുട്ടിപ്പിടിച്ചിരിന്നു. വേഗം വരീ…ഇരുള്‍ ഗുഹയിലൂടെ നടന്ന് ഗ്യാലറിയിലേക്ക് കയറുമ്പോള്‍ അവിടെ ഇരിക്കാന്‍ ഒരിഞ്ച് സ്ഥലമില്ല. പോലീസിനൊപ്പം ഗ്രൗണ്ടിലേക്ക് വരിവരിയായി നടന്നു. അവരുടെ നിര്‍ദേശം അനുസരിച്ച് ടച്ച് ലൈനിന് ഒപ്പം പുല്ലില്‍ പടിഞ്ഞിരുന്നു.

1997ലെ നെഹ്‌റു കപ്പ് സെമിഫൈനലില്‍ കളിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. നില്‍ക്കുന്നവരില്‍ വലത്ത് നിന്ന് രണ്ടാമതുള്ള ആളാണ് നൗഷാദ് മൂസ

കളി തുടങ്ങുന്നു. വെള്ളയും ചുവപ്പും കിറ്റിലാണ് ഇന്ത്യ. വിജയനും അഞ്ചേരിയും ഫിറോസ് ഷെരീഫും ജിജു ജേക്കബും ബ്രൂണോ കുടിഞ്ഞോയും കാല്‍ട്ടണ്‍ ചാപ്മാനും ബൈച്ചുങ് ബൂട്ടിയയും ഗോഡ്‌ഫ്രേ പരേരയുമെല്ലാം ടീമിലുണ്ട്. ഇറാഖിന്റെ ആക്രമണങ്ങളില്‍ പതറുന്ന ഇന്ത്യന്‍ ടീമിനെ രക്ഷിക്കുന്നത് പ്രതിരോധത്തില്‍ കളിക്കുന്ന ആറടിക്കു മേലെ ഉയരമുള്ള ഒരു കളിക്കാരനാണ്. ഹൈദര്‍ മഹ്‌മൂദും ഹുസന്‍ ഫവാസിയുമെല്ലാം നയിക്കുന്ന ഇറാഖി ആക്രമണങ്ങളെ കാര്യമായി തന്നെ ഈ ചുരുളന്‍ മുടിക്കാരന്‍ കൈകാര്യം ചെയ്യുന്നു. അതിനിടെ സാദിഖ് സാദൂന്‍ ഇന്ത്യന്‍ പോസ്റ്റില്‍ പന്തെത്തിച്ചു. ഇറാഖ്-1 ഇന്ത്യ-0.

പിന്നെ കണ്ടതായിരുന്നു കളി. ഒന്നേക്കാല്‍ ലക്ഷത്തോളം ഫുട്‌ബോള്‍ പ്രേമികള്‍ ഇന്ത്യന്‍ വിജയത്തിനായി പന്തില്‍ പ്രാര്‍ഥനകള്‍ ഊതിനിറയ്ക്കുന്നു. നിരന്തരം ആക്രമണം നടക്കുന്നത് ഇറാഖിന്റെ ഏരിയയില്‍. ത്രോ ഇന്‍ ലഭിക്കുമ്പോഴെല്ലാം ആ ആറടിക്കാരന്‍ ഡിഫണ്ടര്‍ ഓടിയെത്തും. എറിയുന്ന പന്ത് മുഴുവന്‍ ഇറാഖിന്റെ പോസ്റ്റില്‍ ചെന്ന് വീഴുന്നു. ഓരോ ത്രോയിലും ഗോള്‍ ഭീഷണി.

ഇന്ത്യ ഗോള്‍ മടക്കണമെങ്കില്‍ ഇനി ഇങ്ങേരുടെ ത്രോ മാത്രം രക്ഷ. ത്രോ ലഭിക്കുമ്പോഴെല്ലാം കാണികള്‍ക്ക് ആവേശം. ഗ്രൗണ്ടിലെ നനവ് പന്തിലും പറ്റുന്നതിനാല്‍ നീട്ടിയെറിയാന്‍ പ്രയാസം. ആ കളിക്കാരന്‍ പന്ത് ജഴ്‌സിയില്‍ തുടയ്ക്കാന്‍ തുടങ്ങി. സാഹചര്യം മനസ്സിലാക്കി ഓരോ ത്രോയും ലഭിക്കുമ്പോള്‍ ടച്ച് ലൈനില്‍ ഇരിക്കുന്ന കാണികള്‍ കുപ്പായവും മുണ്ടും പന്ത് തുടക്കാന്‍ ഊരി നല്‍കുന്നു. അങ്ങിനെയൊരു ത്രോയില്‍ നിന്ന് വന്ന ചാപ്പ്മാന്റെ ഗോളില്‍ ഇന്ത്യ സമനില പിടിച്ചു. ഗ്യാലറി കൊടുങ്കാറ്റില്‍ പെട്ട കപ്പല്‍ പോലെ ആടിയുലഞ്ഞു. മത്സരം ഷൂട്ടൗട്ടിലേക്ക്. പക്ഷെ, ഇന്ത്യ തോറ്റു (4-2)

പത്താം ക്ലാസില്‍ തോറ്റാലും കുഴപ്പമില്ല പടച്ചോനെ, ഈ കളിയില്‍ ഇന്ത്യയെ ജയിപ്പിക്കണേയെന്ന എന്റെ പ്രാര്‍ത്ഥന ആരും കേട്ടില്ല. അന്ന് ആ മത്സരത്തില്‍ പ്രതിരോധിച്ചും ത്രോ എറിഞ്ഞും ഇറാഖിനെ ഞെട്ടിച്ച കളിക്കാരന്‍ നൗഷാദ് മൂസയായിരുന്നു. നയീമുദ്ധീന്‍, ഗബ്രിയേല്‍ ജോസഫ് എന്നിവര്‍ പരിശീലിപ്പിച്ച ആ ഇന്ത്യന്‍ ടീമില്‍ കളിച്ച മലയാളി കളിക്കാരെ കുറിച്ച് വന്ന പത്രവാര്‍ത്ത ഇന്നും ഓര്‍മ്മയുണ്ട്.

വിജയന്‍, അഞ്ചേരി, ജിജു ജേക്കബ്, ഫിറോസ് ശരീഫ്, ആന്‍സന്‍ എന്നിവരായിരുന്നു വാര്‍ത്തയിലെ മലയാളികള്‍. അവരൊന്നിച്ചുള്ള ഫോട്ടോ ഇന്നുമുണ്ട് കൈയ്യില്‍.

28 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ ഖത്തര്‍, ബഹ്റൈന്‍, ബ്രൂണെ ടീമുകളെ ഞെട്ടിച്ച ഇന്ത്യന്‍ ടീമിന്റെ കോച്ചും ആ നീളന്‍ ത്രോ എറിഞ്ഞ നൗഷാദ് മൂസയായിരുന്നു. ജോലിക്കായി മുംബൈയിലേക്ക് പോയ കണ്ണൂര്‍ തലശ്ശേരിക്കാരായ ഉമ്മക്കും ഉപ്പക്കും ജനിച്ച മകന്‍ നൗഷാദ് മൂസയെ പക്ഷെ, മലയാളം മീഡിയക്ക് ഇന്നും അത്ര പരിചയം പോരെന്ന് തോന്നുന്നു. മലയാളിയെ ആര് തിരിച്ചറിയും?

content highlights: article about India under 23 football team coach Noushad moosa