എക്കോയില്‍ മിക്കതും സെറ്റാണെന്ന് അറിഞ്ഞപ്പോള്‍ പലരും വിളിച്ച് അഭിനന്ദിച്ചു; ആര്‍ട്ട് ഡയറക്ടര്‍ സജീഷ്
Malayalam Cinema
എക്കോയില്‍ മിക്കതും സെറ്റാണെന്ന് അറിഞ്ഞപ്പോള്‍ പലരും വിളിച്ച് അഭിനന്ദിച്ചു; ആര്‍ട്ട് ഡയറക്ടര്‍ സജീഷ്
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 18th January 2026, 8:39 am

സമാനതകളില്ലാത്ത വിധം മലയാള സിനിമയില്‍ പിറവിയെടുത്ത ചിത്രമാണ് ബാഹുല്‍ രമേശ്-ദിന്‍ജിത്ത് അയ്യത്താന്‍ കൂട്ടുകെട്ടില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എക്കോ. ‘ഫ്രം ദ ഇന്‍ഫിനിറ്റ് ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്‍’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചിത്രം അതിന്റെ എല്ലാ മേഖലയിലും പ്രേക്ഷകനെ പിടിച്ചിരുത്തിയിരുന്നു.

കഥ നടക്കുന്ന കാലഘട്ടം ചിത്രത്തിലെവിടെയും നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും എക്കോയുടെ ഒ.ടി.ടി റിലീസിന് ശേഷം 1980കളിലായിരുന്നുവെന്ന അനുമാനങ്ങള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിരുന്നു. സിനിമയുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ച വസ്തുക്കളില്‍ നിന്നും സെറ്റില്‍ നിന്നുമായിരുന്നു പ്രേക്ഷകര്‍ ഇത്തരത്തിലൊരു അനുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

Photo: screengrab/ Netflix

 

50 വര്‍ഷം മുമ്പ് നടക്കുന്ന കഥയുടെ ഒഴുക്കിനെ മികച്ചതാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ഫാക്ടറായിരുന്നു എക്കോയുടെ കലാസംവിധാനം. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാ കാണ്ഡത്തില്‍ കലാസംവിധാനം നിര്‍വഹിച്ച സജീഷ് താമരശ്ശേരി തന്നെയായിരുന്നു എക്കോയിലും ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നത്.

എക്കോയില്‍ കലാസംവിധാനം നിര്‍വഹിച്ച അനുഭവത്തെക്കുറിച്ചും ഒരു ആര്‍ട്ട് ഡയറക്ടര്‍ എന്ന നിലയിലുള്ള വെല്ലുവിളികളെക്കുറിച്ചും സജീഷ് കഴിഞ്ഞ ദിവസം ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ഒരു ആര്‍ട്ട് ഡയറക്ടര്‍ ഒരു സാധനം മേക്ക് ചെയ്ത് വെച്ചാല്‍ അത് ഉണ്ടാക്കി വെച്ചതാണെന്ന് ഒരിക്കല്‍ പോലും തോന്നാത്ത വിധത്തിലായിരിക്കണം വര്‍ക്കുകളെന്ന് നിര്‍ബന്ധം തനിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു.

‘എക്കോയിലെ മ്ലാത്തിച്ചേട്ടത്തിയുടെ വീടായാലും പോസ്റ്റ് ഓഫീസായാലും,മലേഷ്യയിലെ വീടായാലും പിയൂസ് കയറി നില്‍ക്കുന്ന മരം പോലും സെറ്റിന്റെ ഭാഗമാണ്. സെറ്റില്‍ വരുന്ന ഓരോ സാധനങ്ങളും പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്നുണ്ടോ എന്ന് എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. കാരണം സിനിമയില്‍ വരുമ്പോള്‍ ഓരോ ചെറിയ കാര്യങ്ങള്‍ക്കും അത്രയും ഡീറ്റെയില്‍സ് വേണം,’ സജീഷ് പറയുന്നു.

Photo: screengrab/ Netflix

ചിത്രം കണ്ട് കഴിഞ്ഞതിനു ശേഷം പലരും തന്നെ വിളിച്ചിട്ട് അത് സെറ്റായിരുന്നോ എന്ന് ചോദിച്ചിട്ടുണ്ടെന്നും അങ്ങനെ കേട്ടപ്പോള്‍ ഒരുപാട് സന്തോഷമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ദീപ് പ്രദീപ്, അശോകന്‍, വിനീത്, ബിനു പപ്പു, നരെന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് ഒ.ടി.ടി റിലീസായത്.

Content Highlight: Art director Sajeesh talks about his experience in working for Eko

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.