മലയാളത്തിലെ മികച്ച കലാസംവിധായകരിലൊരാളാണ് ബോബന്‍. പോസ്റ്റ് ബോക്‌സ് നമ്പര്‍ 27 എന്ന ചിത്രത്തിലൂടെയാണ് ബോബന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. 34 വര്‍ഷത്തിനിടെ 100നടുത്ത് സിനിമകളില്‍ ബോബന്‍ ഭാഗമായിട്ടുണ്ട്. ഏകലവ്യന്‍, മാഫിയ, ദി കിങ് തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വഹിച്ചത് ബോബനായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാജമാണിക്യം. ചിത്രത്തില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചത് ബോബനായിരുന്നു. രാജമാണിക്യത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബോബന്‍. ചിത്രത്തിലെ ‘പാണ്ടിമേളം പാട്ടും കൂത്തും’ എന്ന പാട്ടിന്റെ ഷൂട്ടിന് മമ്മൂട്ടി ഒരുദിവസം മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് സംവിധായകന്‍ തന്നെ അറിയിച്ചെന്ന് ബോബന്‍ പറഞ്ഞു.
മൂന്ന് ദിവസമെങ്കിലും പാട്ട് പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുമെന്നും മമ്മൂട്ടിയില്ലാതെ എങ്ങനെ അത് ഷൂട്ട് ചെയ്യുമെന്ന് പലരും ചിന്തിച്ചെന്നും ബോബന്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഫ്‌ളക്‌സ് വെച്ച് പാട്ട് ഷൂട്ട് ചെയ്യാമെന്ന നിര്‍ദേശം താന്‍ മുന്നോട്ട് വെച്ചെന്ന് ബോബന്‍ പറയുന്നു. എന്നാല്‍ എല്ലാവരും അത് കേട്ട് ചിരിച്ചെന്നും താന്‍ പറഞ്ഞത് അവര്‍ക്ക് മനസിലായില്ലെന്നും ബോബന്‍ പറഞ്ഞു.
പിന്നീട് ആ നിര്‍ദേശം എല്ലാവര്‍ക്കും മനസിലായെന്നും പാട്ട് ഷൂട്ട് ചെയ്യുന്നിടത്ത് മമ്മൂട്ടിയുടെ വലിയൊരു ഫ്‌ളക്‌സ് വെച്ചെന്നും ബോബന്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി തൊഴുതുനില്‍ക്കുന്ന ഒരു ഫോട്ടോ എന്‍ലാര്‍ജ് ചെയ്ത് ഫ്‌ളക്‌സടിച്ച് കൊണ്ടുവെച്ചെന്നും ആ പാട്ടില്‍ ആദ്യാവസാനം മമ്മൂട്ടിയടെ സാന്നിധ്യം തോന്നിയെന്നും ബോബന്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു ബോബന്‍.
‘രാജമാണിക്യത്തിലെ ആ പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് മമ്മൂക്കക്ക് ആകെ ഒരുദിവസത്തെ ഡേറ്റ് മാത്രമേയുള്ളൂവെന്ന് ഡയറക്ടര്‍ പറഞ്ഞു. പക്ഷേ, ഈ പാട്ടിനാണെങ്കില്‍ മമ്മൂക്ക മസ്റ്റാണ്. എല്ലാവരും ഇരുന്ന് ചര്‍ച്ച ചെയ്യുന്ന സമയത്ത് ഞാന്‍ മമ്മൂക്കയുടെ ഫ്‌ളക്‌സ് വെക്കാമെന്ന് പറഞ്ഞ് ഒരു സജഷന്‍ വെച്ചു. അത് കേട്ടപ്പോള്‍ എല്ലാവരും ചിരിച്ചു.
ഞാന്‍ സീരിയസായി പറയുകയാണെന്ന് എല്ലാവരെയും പറഞ്ഞ് മനസിലാക്കി. അന്നത്തെ കാലത്ത് ഫ്‌ളെക്‌സ് അത്ര സജീവമല്ല. അപ്പോള്‍ മമ്മൂക്കയുടെ ഒരു വലിയ ഫ്‌ളക്‌സ് പാട്ട് നടക്കുന്ന സ്ഥലത്ത് വെച്ചാല്‍ ആദ്യം തൊട്ട് അവസാനം വരെ അദ്ദേഹത്തിന്റെ പ്രസന്‍സ് ഉണ്ടെന്ന് തോന്നും. അങ്ങനെ മമ്മൂക്ക തൊഴുതുകൊണ്ട് നില്‍ക്കുന്ന ഒരു ഫോട്ടോ എടുത്ത് ഫള്കസടിച്ച് പാട്ട് ഷൂട്ട് ചെയ്ത സ്ഥലത്ത് കൊണ്ടുവച്ചു. ഒറ്റദിവസം കൊണ്ട് മമ്മൂക്കയുടെ പോര്‍ഷന്‍സ് ഷൂട്ട് ചെയ്തു,’ ബോബന്‍ പറയുന്നു.
Content Highlight: Art Director Boban shares the shooting experience of Rajamanikyam movie