ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ ആതിഥേയര്‍ 4-1ന്റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 150 റണ്‍സിന്റെ വിജയമാണ് ഇന്ത്യ വിജയിച്ചത്.
സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ് അവസാന മത്സരത്തില്‍ ടീമിന്റെ ഭാഗമായിരുന്നില്ല. താരത്തിന് വിശ്രമം അനുവദിച്ച മത്സരത്തില്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയാണ് പകരക്കാരനായി എത്തിയത്.
വാംഖഡെയില്‍ നടന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ ടീമിന്റെ ഭാഗമാകാന്‍ സാധിക്കാതെ പോയതോടെ ഒരു ചരിത്ര നേട്ടം കുറിക്കാന്‍ അര്‍ഷ്ദീപ് സിങ്ങിന് സാധിച്ചിരുന്നില്ല. അന്താരാഷ്ട്ര ടി-20യില്‍ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അര്‍ഷ്ദീപിന് നേടാന്‍ സാധിക്കാതെ പോയത്.
ഇതിനോടകം തന്നെ 99 ടി-20ഐ വിക്കറ്റുകള്‍ നേടിയ അര്‍ഷ്ദീപിന് വെറും ഒറ്റ വിക്കറ്റ് സ്വന്തമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാനും സാധിക്കുമായിരുന്നു.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – ഇന്നിങ്സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
അര്‍ഷ്ദീപ് സിങ് – 63 – 99
യൂസ്വേന്ദ്ര ചഹല്‍ – 79 – 96
ഹര്‍ദിക് പാണ്ഡ്യ – 102 – 94
ഭുവനേശ്വര്‍ കുമാര്‍ – 86 – 90
ജസ്പ്രീത് ബുംറ – 69 – 89
ആര്‍. അശ്വിന്‍ – 65 – 72
ഏറെ കാലങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇന്ത്യ മറ്റൊരു ടി-20ഐ മത്സരം കളിക്കുക. ഐ.പി.എല്ലും ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനും ശേഷമായിരിക്കും ഇത്.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയും ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുമാണ് ഇനി അര്‍ഷ്ദീപിന് മുമ്പിലുള്ളത്. ഏതെങ്കിലും സാഹചര്യങ്ങളാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യയുടെ ഏതെങ്കിലും മത്സരം 2013 ഫൈനലിലേതിന് സമാനമായി ടി-20 ഫോര്‍മാറ്റില്‍ നടത്തുകയാണെങ്കില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ അര്‍ഷ്ദീപിന് അവസരമൊരുങ്ങിയേക്കും.
ഫെബ്രുവരി ആറിനാണ് ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. വി.സി.എ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.