| Thursday, 16th April 2026, 11:50 pm

ഏതൊരു ബൗളറും തന്റെ ടീമിനായി നേടണമെന്നാഗ്രഹിച്ച നേട്ടം; നൂറ് വിക്കറ്റ് വീഴ്ത്തിയവര്‍ 31 ഈ നേട്ടം ഇവര്‍ ഒമ്പത് പേര്‍ക്ക്

ആദര്‍ശ് എം.കെ.

ഐ.പി.എല്ലില്‍ നൂറ് വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി കുതിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ സ്റ്റാര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമിനെതിരെ ഒരു വിക്കറ്റ് നേടിയതോടെയാണ് അര്‍ഷ്ദീപ് ഈ നേട്ടത്തിലെത്തിയത്.

മുംബൈ ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലാണ് അര്‍ഷ്ദീപ് മത്സരത്തിലെ ആദ്യ വിക്കറ്റും തന്റെ ഐ.പി.എല്‍ കരിയറിലെ നൂറാം വിക്കറ്റും സ്വന്തമാക്കിയത്. ഓപ്പണര്‍ റിയാന്‍ റിക്കല്‍ടണിനെ ശശാങ്ക് സിങ്ങിന്റെ കൈകളിലെത്തിച്ചായിരുന്നു അര്‍ഷ്ദീപിന്റെ നൂറാം വിക്കറ്റ് നേട്ടം. എട്ട് പന്ത് നേരിട്ട റിക്കല്‍ടണ്‍ വെറും രണ്ട് റണ്‍സുമായി തിരിച്ചുനടന്നു.

ഇതോടെ ഐ.പി.എല്ലില്‍ നൂറ് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയതിന് പുറമെ മറ്റൊരു എലീറ്റ് ലിസ്റ്റിലും അര്‍ഷ്ദീപ് തന്റെ പേരെഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ടീമിനായി നൂറ് വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണിത്. ഇതിന് മുമ്പ് വെറും എട്ട് താരങ്ങള്‍ മാത്രം സ്വന്തമാക്കിയ നേട്ടമാണിത്.

ഐ.പി.എല്ലില്‍ ഒരു ടീമിന് വേണ്ടി നൂറ് വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍

(താരം -ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)

സുനില്‍ നരെയ്ന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 195

ജസ്പ്രീത് ബുംറ – മുംബൈ ഇന്ത്യന്‍സ് – 183

ലസിത് മലിംഗ – മുംബൈ ഇന്ത്യന്‍സ് – 170

ഭുവനേശ്വര്‍ കുമാര്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 157

രവീന്ദ്ര ജഡേജ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 143

ഡ്വെയ്ന്‍ ബ്രാവോ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 140

യൂസ്വേന്ദ്ര ചഹല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 139

ഹര്‍ഭജന്‍ സിങ് – മുംബൈ ഇന്ത്യന്‍സ് – 127

അര്‍ഷ്ദീപ് സിങ് – പഞ്ചാബ് കിങ്‌സ് – 102*

അതേസമയം, മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് അനായാസ ജയം സ്വന്തമാക്കിയിരുന്നു. മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം 21 പന്ത് ശേഷിക്കവെയാണ് പഞ്ചാബ് മറികടന്നത്.

പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെയും വെടിക്കെട്ട് അര്‍ധ സെഞ്ച്വറികളാണ് ടീമിന് വിജയം സമ്മാനിച്ചത്.

പ്രഭ്‌സിമ്രാന്‍ 39 പന്തില്‍ പുറത്താകാതെ 80 റണ്‍സ് നേടി. 11 ഫോറും രണ്ട് സിക്‌സറുമടക്കം 205.13 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

35 പന്തില്‍ 66 റണ്‍സാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ സമ്പാദ്യം. അഞ്ച് ഫോറും നാല് സിക്‌സറുമാണ് സര്‍പഞ്ചിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഈ വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെയും റോയല്‍ ചലഞ്ചേഴ്‌സിനെയും മറികടന്ന് പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് മത്സരത്തില്‍ നിന്നും ഒമ്പത് പോയിന്റാണ് ടീമിനുള്ളത്.

ഞായറാഴ്ചയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. സ്വന്തം മണ്ണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

Content Highlight: Arshdeep  Singh becomes 9th bowler to complete 100 wickets for a single team in IPL

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more