| Sunday, 15th March 2026, 9:00 am

16ാം വയസില്‍ ഗോള്‍; ചരിത്രം കുറിച്ച് കുട്ടി ഗണ്ണര്‍!

ഫസീഹ പി.സി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ആഴ്സണല്‍. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ടീമിന്റെ വിജയം. ഇതോടെ പോയിന്റ് ടേബിള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒമ്പത് ഉയര്‍ത്താന്‍ ഗണ്ണേഴ്‌സിന് സാധിച്ചു.

ആഴ്‌സണലിനായി രണ്ടാം ഗോള്‍ നേടിയത് യുവതാരം മാക്‌സ് ഡൗമാനാണ്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലെ ഏഴാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. എവർട്ടണിന്റെ കോർണർ ഗബ്രിയേൽ മാർട്ടിനെല്ലി ഹെഡ് ചെയ്ത് തട്ടിയകറ്റിയ പന്തെടുത്ത് കുതിച്ച് താരം വല കുലുക്കുകയായിരുന്നു.

ഗോളടിച്ചതോടെ ഒരു സൂപ്പര്‍ നേട്ടവും ഡൗമാന്‍ തന്റെ പേരില്‍ എഴുതി കുറിച്ചു. പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് ഇംഗ്ലീഷ് വിങ്ങര്‍ തന്റെ പേരിലാക്കിയത്. 16 വയസും 74 ദിവസവുമുള്ളപ്പോഴായാണ് താരം ഗോളടിച്ച് തലപ്പത്തെത്തിയത്.

മുന്‍ എവര്‍ട്ടണ്‍ താരം ജെയിംസ് വോണിനെ മറികടന്നാണ് താരത്തിന്റെ നേട്ടം. 16 വയസും 270 ദിവസവും പ്രായമുള്ളപ്പോളായിരുന്നു ഫോര്‍വേഡ് ഗോളടിച്ച് റെക്കോഡ് കുറിച്ചത്.

പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍

(താരം – ടീം – പ്രായം എന്നീ ക്രമത്തില്‍)

മാക്‌സ് ഡൗമാന്‍ – ആഴ്സണല്‍ – 16 വയസും 74 ദിവസവും

ജെയിംസ് വോണ്‍ – എവര്‍ട്ടണ്‍ – 16 വയസും 270 ദിവസവും

ജെയിംസ് മില്‍നര്‍ – ലീഡ്‌സ് യുണൈറ്റഡ് – 16 വയസും 356 ദിവസവും

വെയ്ന്‍ റൂണി – എവര്‍ട്ടണ്‍ – 16 വയസും 360 ദിവസവും

റിയോ എന്‍ഗുമോഹ – ലിവര്‍പൂള്‍ – 16 വയസും 361 ദിവസവും

മത്സരത്തില്‍ വിക്റ്റര്‍ ഗ്യോക്കെറസും ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തു. താരമായിരുന്നു ടീമിനായി ആദ്യം ഗോള്‍ നേടിയത്. 89ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. പിയേറോ ഹിന്‍കാപ്പിയാണ് ഈ ഗോളിന് അസിസ്റ്റ് നല്‍കിയത്.

Content Highlight: Arsenal’s Max Dowman became youngest goal scorer in Premier League history

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more