ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആഴ്സണല്‍ ആസ്റ്റണ്‍ വില്ലയോട് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു വില്ലന്‍സിന്റെ വിജയം. അവസാന മിനിട്ടിലെ ഗോളാണ് വില്ലന്‍സിന്റെയും വിജയത്തിനും ഗണ്ണേഴ്‌സിന്റെ തോല്‍വിയിലേക്കും നയിച്ചത്.
ഇതോടെ പ്രീമിയര്‍ ലീഗിന്റെ ഗണ്ണേഴ്‌സിന്റെ തോല്‍വിയറിയാത്ത കുതിപ്പിന് കൂടിയാണ് വിരാമമായത്. ലീഗില്‍ ആഴ്സണല്‍ തോല്‍വിയറിയാതെ കുതിച്ചത് 11 മത്സരങ്ങളായിരുന്നു. ഇതിനാണ് ആസ്റ്റണ്‍ വില്ല അന്ത്യം കുറിച്ചത്.
ഇതിന് മുമ്പ് ആഴ്സണല്‍ തോറ്റത് ആഗസ്റ്റിലാണ്. അന്ന് ലിവര്‍പൂളിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടീമിന്റെ തോല്‍വി. പിന്നീട് നടന്ന 11 മത്സരങ്ങളില്‍ എട്ട് മത്സരത്തില്‍ ടീം വിജയിച്ചു. നോട്ടിങ്ഹാം ഫോറസ്റ്റ്, ന്യൂകാസ്റ്റില്‍ യുണൈറ്റഡ്, വെസ്റ്റ് ഹാം, ഫുള്‍ഹാം, ക്രിസ്റ്റല്‍ പാലസ്, ബേണ്‍ലി, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, ബ്രെന്റ്‌ഫോഡ് എന്നിവരെയാണ് ഈ സീസണില്‍ തോല്‍പ്പിച്ചത്.
മൂന്ന് മത്സരങ്ങളില്‍ സമനിലയിലായിരുന്നു ഫലം. മാഞ്ചസ്റ്റര്‍ സിറ്റി, സണ്ടര്‍ലാന്‍ഡ്, ചെല്‍സി എന്നിവരാണ് ആഴ്‌സണലിനെ സമനിലയില്‍ തളച്ചത്.
ആഴ്‌സണൽ – ആസ്റ്റൺ വില്ല മത്സരത്തിൽ നിന്നും Photo: Arsenal News Channel/x.com
അതേസമയം, മത്സരത്തില്‍ ആദ്യം ഗോളടിച്ചത് വില്ലന്‍സായിരുന്നു. 36ാം മിനിട്ടില്‍ മാറ്റി കാശാണ് ടീമിനായി പന്ത് വലയിലെത്തിച്ചത്. ഗോള്‍ വന്നതിന് പിന്നാലെ ഗണ്ണേഴ്സ് തിരിച്ചടിക്കാന്‍ ശ്രമം നടത്തി. ഇവയൊന്നും ഫലം കാണാതായതോടെ ആദ്യ പകുതി ഈ സ്‌കോറില്‍ അവസാനിച്ചു.
എന്നാല്‍, ആദ്യ പകുതിയുടെ തുടക്കം തന്നെ ഗണ്ണേഴ്സ് തിരിച്ചടിച്ചു. ലിയാന്‍ഡ്രോ ട്രോസാഡായിരുന്നു ഗോള്‍ സ്‌കോറര്‍. 52ാം മിനിറ്റിലായിരുന്നു താരം ഈ സമനില ഗോള്‍ നേടിയത്.
വിജയം ആഘോഷിക്കുന്ന ആസ്റ്റൺ വില്ല താരങ്ങൾ Photo: PrimierLeague/x.com
പിന്നീട് ഇരുടീമിലെയും താരങ്ങള്‍ ഗോള്‍ നേടാന്‍ മുന്നേറ്റങ്ങളുമായി ഗ്രൗണ്ടില്‍ കുതിച്ചു. എന്നാല്‍, അവയൊന്നും ഫലം കണ്ടില്ല. അതോടെ ഈ സ്‌കോറില്‍ തന്നെ കളി അവസാനിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരിക്കെയാണ് ആഴ്‌സണലിനെ ഞെട്ടിച്ച് വില്ലന്‍സ് വിജയ ഗോള്‍ നേടിയത്.