'കളിച്ചിട്ടും' തോറ്റ് യുണൈറ്റഡ്; ആഴ്സണലിന് വിജയത്തുടക്കം
Football
'കളിച്ചിട്ടും' തോറ്റ് യുണൈറ്റഡ്; ആഴ്സണലിന് വിജയത്തുടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th August 2025, 8:57 am

പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ആഴ്സണല്‍. മാഞ്ചസ്റ്ററിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സിന്റെ വിജയം. ഗോളി ഡേവിഡ് റയയുടെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ആഴ്സണല്‍ പുതിയ സീസണില്‍ ആദ്യ പോയിന്റ് നേടിയത്.

കഴിഞ്ഞ സീസണിലെ ടീമില്‍ വമ്പന്‍ അഴിച്ചുപണി നടത്തിയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍, മത്സരത്തില്‍ 62% പന്ത് കൈവശമുണ്ടായിട്ടും യുണൈറ്റഡ് തോല്‍വി വഴങ്ങുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ഇരു ടീമുകളും വിജയമെന്ന ലക്ഷ്യത്തോടെ പന്തുമായി കുതിച്ചു. പുതിയ താരങ്ങളുമായി ഇറങ്ങിയ യുണൈറ്റഡ് തന്നെയായിരുന്നു സ്വന്തം തട്ടകത്തില്‍ മുന്നിട്ട് നിന്നത്. എന്നാല്‍, ഏവരെയും ഞെട്ടിച്ച് ആഴ്സണല്‍ പന്ത് വലയിലെത്തിച്ചു.

13ാം മിനിട്ടില്‍ ഡിഫന്‍ഡര്‍ റിക്കാര്‍ഡോ കലഫിയോറിയാണ് ഗോള്‍ നേടിയത്. യുവതാരം ഡെക്‌ളാന്‍ റൈസെടുത്ത കോര്‍ണര്‍ താരം ഹെഡ് ചെയ്ത് പോസ്റ്റിലെത്തിക്കുകയായിരുന്നു. ഗോള്‍ വന്നതോടെ അതുവരെ ആര്‍പ്പുവിളികളുയര്‍ന്ന ഗാലറി നിശബ്ദമായി.

പ്രതീക്ഷിക്കാതെ എത്തിയ ഗോളില്‍ ഒന്ന് പതറിയെങ്കിലും റെഡ് ഡെവിള്‍സ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഈ സീസണില്‍ ടീമിനൊപ്പം ചേര്‍ന്ന മാതിയസ് കുനിയയും ബ്രയാന്‍ എംബുമോയും പന്തുമായി പലതവണ ആഴ്സണല്‍ ബോക്‌സിലെത്തി. എന്നാല്‍ ഇരുവരുടെയും ശ്രമങ്ങള്‍ ഗണ്ണേഴ്‌സിന്റെ കാവല്‍ക്കാരന്‍ ഡേവിഡ് റയയുടെ മിന്നും ഫോമില്‍ തകരുകയായിരുന്നു.

ഗോള്‍ തിരിച്ചിടിക്കാനും സമനിലനേടാനും യുണൈറ്റഡ് നടത്തിയ ഏഴ് ഷോട്ടുകളയെയാണ് റയ തട്ടിയകറ്റിയത്. റെഡ് ഡെവിള്‍സ് പന്ത് കൈവശം വെച്ച് പലപ്പോഴും ആഴ്‌സണലിന്റെ പോസ്റ്റിന് മുന്നിലെത്തിയെങ്കിലും ഒരു പഴുതുപോലും നല്‍കാതെ റയ ടീമിന്റെ ലീഡ് കാത്തു.

അയാളുടെ ഉറച്ച ചെറുത്ത്‌നില്‍പ്പിന് മുന്നില്‍ യുണൈറ്റഡ് അവസാനം വരെ നടത്തിയ ഓരോ മുന്നേറ്റവും തകര്‍ന്നടിഞ്ഞു. അതോടെ, ഫൈനല്‍ വിസിലെത്തിയപ്പോള്‍ വിജയം പ്രതീക്ഷിച്ച് കാത്തിരുന്ന തങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ ടീമിന് തോല്‍വി വാങ്ങേണ്ടിവന്നു.

മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് കൈവശം വെച്ച യുണൈറ്റഡ് 22 ഷോട്ടുകളാണ് ആഴ്‌സണലിന്റെ പോസ്റ്റിലേക്ക് പായിച്ചത്. കൂടാതെ, ടീമിന് മൂന്ന് കോര്‍ണറുകളും ലഭിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും ഗോയലായി മാറ്റാന്‍ ടീമിനായില്ല.

അതേസമയം, മത്സരത്തില്‍ ആഴ്സണല്‍ ഒമ്പത് ഷോട്ടുകള്‍ മാത്രമാണ് എടുത്തത്. അവര്‍ക്ക് വെറും 38 ശതമാനമായിരുന്നു പന്തടക്കം. എന്നാല്‍, ടീമിന് ലഭിച്ച നാല് കോര്‍ണറില്‍ ഒന്ന് വലയില്‍ എത്തിച്ചതോടെ ഗണ്ണേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു.

 

Content Highlight: Arsenal defeated Manchester United in English Premier League