ട്രംപിന്റെ കൈകളില്‍ ഇറാനികളുടെ രക്തം പുരണ്ടിരിക്കുന്നു; അഹങ്കാരിയായ ട്രംപിനെ പുറത്താക്കണം: ആയത്തുള്ള അലി ഖമേനി
Iran
ട്രംപിന്റെ കൈകളില്‍ ഇറാനികളുടെ രക്തം പുരണ്ടിരിക്കുന്നു; അഹങ്കാരിയായ ട്രംപിനെ പുറത്താക്കണം: ആയത്തുള്ള അലി ഖമേനി
ശ്രീലക്ഷ്മി എ.വി.
Friday, 9th January 2026, 6:12 pm

ടെഹ്‌റാൻ: ഇറാനിൽ സർക്കാരിനെതിരെ ഉയരുന്ന പ്രതിഷേധത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇറാന്റെ നേതാവ് ആയത്തുള്ള അലി ഖമേനി. അഹങ്കാരിയായ ട്രംപിനെ പുറത്താക്കണമെന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു.

ട്രംപ് തലകീഴായി പെരുമാറുന്നുവെന്നും സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് പേരുടെ രക്ത സമര്‍പ്പര്‍ണത്തിലൂടെയാണ് ഇസ്‌ലാമിക് റിപ്പബ്ലിക് അധികാരത്തില്‍ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ കൈകളില്‍ ഇറാനികളുടെ രക്തം പുരണ്ടിരിക്കുന്നെന്നും കീഴടങ്ങാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു രാജ്യത്തെ പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ പ്രതിഷേധക്കാർ സ്വന്തം രാജ്യത്തെ തെരുവുകൾ നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ പ്രതിഷേധക്കാർക്കെതിരായി നടപടികൾ സ്വീകരിച്ചാൽ ഇറാനെതിരെ രംഗത്തെത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

‘പ്രതിഷേധം നടത്തിയാൽ അവർക്ക് കഠിന ശിക്ഷ അനുഭവിക്കേണ്ടിവരും. ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്നതിനേക്കാൾ ശക്തമായിരിക്കുമത്,’ ഇറാനോട് ട്രംപ് പറഞ്ഞിരുന്നു.

സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഇറാനിലെ പ്രതിഷേധങ്ങൾ ഇപ്പോൾ രൂക്ഷമാവുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാൻ സർക്കാർ രാജ്യത്ത് ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തുകയും അന്താരാഷ്ട്ര ടെലിഫോൺ ബന്ധം വിച്ഛേദിക്കുകയും ചെയ്തതായി എ.പി റിപ്പോർട്ട് ചെയ്തു

രാജ്യത്തെ അക്രമത്തിന് കാരണക്കാരായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ അമേരിക്കയിലെയും ഇസ്രായേലിലെയും തീവ്രവാദ ഏജന്റുമാരെ കുറ്റപ്പെടുത്തിയെന്നും എ.പി റിപ്പോർട്ട് ചെയ്തു.

Content Highlight: Arrogant Donald Trump should be removed: Ayatollah Ali Khamenei

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.