ന്യൂദല്‍ഹി: ചണ്ഡീഗഡ് മന്ത്രിയുടെ സെക്‌സ് വീഡിയോ സ്റ്റിങ് ഓപ്പറേഷനിലൂടെ നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മ.
തന്റെ അറസ്റ്റിന് പിന്നില്‍ ഒത്തുകളിയാണെന്ന ആരോപണമാണ് വിനോദ് വര്‍മ ഉന്നയിക്കുന്നത്. എനിക്ക് ഒന്നും അറിയില്ല. എന്നെ കുടുക്കുകയായിരുന്നു. അവര്‍ പറയുന്ന തരത്തില്‍ ഒരു സിഡിയും എന്റെ കൈവശമില്ല. അതുമായി എനിക്ക് ഒരു ബന്ധവുമില്ല-കോടതിയില്‍ നിന്നും പുറത്തിറങ്ങി പൊലീസ് വാഹനത്തിലേക്ക് കയറ്റവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിനോദ്.
ചണ്ഡീഗഡ് സര്‍ക്കാര്‍ എനിക്കെതിരായിരുന്നു. എന്റെ കയ്യില്‍ വീഡിയോ ഉണ്ടെന്ന് കരുതിയായിരുന്നു അത്. എന്റെ കയ്യില്‍ ഒരു പെന്‍ഡ്രൈവ് മാത്രമാണ് ഉണ്ടായിരുന്നത്. സിഡിയില്‍ ഞാന്‍ ഒന്നും റെക്കോര്‍ഡ് ചെയ്തിട്ടില്ല. സിഡി പകര്‍പ്പവകാശമില്ലാത്തതാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഫ്രെയിം ചെയ്യപ്പെടുകയായിരുന്നു. ” വിനോദ് പറയുന്നു.
ചണ്ഡീഗഡ് ബി.ജെ.പി നേതാവായ പ്രകാശ് ബജാജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
ഹിന്ദി പത്രമായ അമര്‍ഉജാല എഡിറ്ററും ബി.ബി.സി മുന്‍മാധ്യമപ്രവര്‍ത്തകനുമായ വിനോദ് വര്‍മയെ ഛത്തീസ്ഗഢ് പൊലീസ് ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലീസിന്റെ നടപടി മാധ്യമപ്രവര്‍ത്തനത്തിനെതിരായ ആക്രമണമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പറഞ്ഞു. നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്ല്യമാണെന്ന് മാധ്യമപ്രവര്‍ത്തകനായ ഉര്‍മിലേഷ് പറഞ്ഞു.
ബി.ബി.സി ഹിന്ദി മാധ്യമപ്രവര്‍ത്തകനായ വിനോദ് വര്‍മ അമര്‍ ഉജാലയില്‍ ഡിജിറ്റല്‍ എഡിറ്ററായി ചുമതലയേറ്റിരുന്നു. നേരത്തെ എഡിറ്റേഴ്സ് ഗില്‍ഡിനെ പ്രതിനിധീകരിച്ച് ഛത്തീസ്ഗഢിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പഠിക്കാന്‍ വിനോദ് വര്‍മ ഛത്തീസ്ഗഢിലെത്തിയിരുന്നു.