സായുധ ചെറുത്തുനില്‍പ്പ് തന്നെയാണ് ഫലസ്തീന്‍ വിമോചനത്തിന്റെ പാത
Discourse
സായുധ ചെറുത്തുനില്‍പ്പ് തന്നെയാണ് ഫലസ്തീന്‍ വിമോചനത്തിന്റെ പാത
സി.പി. ജിഷാദ്
Tuesday, 7th October 2025, 4:04 pm
ഇത്ര ചെറിയൊരു പ്രദേശത്ത്, സയണിസ്റ്റ് പട്ടാളത്തിന്റെയും നിരീക്ഷണ ക്യാമറകളുടെയും മൊസാദ് അടക്കമുള്ള പലതരത്തിലുള്ള ചാര പ്രവര്‍ത്തനങ്ങളുടെയും അകത്ത് നിന്നുകൊണ്ട് അയ്യായിരത്തോളം മിസൈലുകള്‍ ഉണ്ടാക്കുകയും, അത് കൃത്യമായി ഇസ്രഈിലേക്ക് അയക്കുകയും ചെയ്തു. ഇത്രയും അധികം മിസൈലുകള്‍ ഒരുമിച്ച് ഒരു സ്ഥലത്തല്ല ഉണ്ടാക്കിയത്. ഇത്രക്ക് വലിയ ഒരു നിര്‍മാണം നടത്താന്‍ തക്കതായ ആയുധ നിര്‍മാണശാലകള്‍ ഫലസ്തീനികള്‍ക്കില്ല. എന്നിട്ടും ഇത് നടത്തിയെടുക്കാന്‍ കഴിഞ്ഞു എന്നത് ജനങ്ങളുടെ ഇച്ഛാശക്തിയുടെയും ആത്മാഭിമാനബോധത്തിന്റെയും ഒരു വലിയ ഉദാഹരണമായി തന്നെ ചരിത്രം അടയാളപ്പെടുത്തി.

2023 ഒക്ടോബര്‍ 7ന് നടന്ന ആക്രമണമുണ്ടാക്കിയ ഭയത്തില്‍ നിന്നും സയണിസ്റ്റുകള്‍ക്ക് ഇനിയും പുറത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്ര ശക്തമല്ലെങ്കിലും ഹമാസ്, പി.എഫ്.എല്‍.പി അടക്കമുള്ള സായുധ സംഘടനകള്‍ പലതവണ കനത്ത പ്രഹരങ്ങള്‍ സയണിസ്റ്റുകള്‍ക്ക് ഉണ്ടാക്കിയിട്ടുണ്ട്.

ഇതില്‍ നിന്നെല്ലാം ഒക്ടോബര്‍ 7ന്റെ മിസൈല്‍ ആക്രമണത്തെ വ്യത്യസ്തമാക്കുന്നത്, സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന വിവിധ സായുധ സംഘടനകള്‍ ഒരുമിച്ചുനിന്ന് പോരാടാന്‍ തീരുമാനിച്ചു എന്നതാണ്.

ഈ തീരുമാനം ലോക ജനതയെ അറിയിച്ചത് അയ്യായിരത്തോളം മിസൈലുകള്‍ ഇസ്രഈലിലേക്ക് അയച്ചുകൊണ്ടായിരുന്നു.

ഇത്ര ചെറിയൊരു പ്രദേശത്ത്, സയണിസ്റ്റ് പട്ടാളത്തിന്റെയും നിരീക്ഷണ ക്യാമറകളുടെയും മൊസാദ് അടക്കമുള്ള പലതരത്തിലുള്ള ചാര പ്രവര്‍ത്തനങ്ങളുടെയും അകത്ത് നിന്നുകൊണ്ട് അയ്യായിരത്തോളം മിസൈലുകള്‍ ഉണ്ടാക്കുകയും, അത് കൃത്യമായി ഇസ്രഈിലേക്ക് അയക്കുകയും ചെയ്തു. ഇത്രയും അധികം മിസൈലുകള്‍ ഒരുമിച്ച് ഒരു സ്ഥലത്തല്ല ഉണ്ടാക്കിയത്.

ഇത്രക്ക് വലിയ ഒരു നിര്‍മാണം നടത്താന്‍ തക്കതായ ആയുധ നിര്‍മാണശാലകള്‍ ഫലസ്തീനികള്‍ക്കില്ല. എന്നിട്ടും ഇത് നടത്തിയെടുക്കാന്‍ കഴിഞ്ഞു എന്നത് ജനങ്ങളുടെ ഇച്ഛാശക്തിയുടെയും ആത്മാഭിമാനബോധത്തിന്റെയും ഒരു വലിയ ഉദാഹരണമായി തന്നെ ചരിത്രം അടയാളപ്പെടുത്തി. ജനങ്ങളുടെ സൃഷ്ടിപരമായ കഴിവിന്റെയും കൂടിച്ചേരലിന്റെയും മുന്നില്‍ എല്ലാ പിന്തിരിപ്പന്മാരും വെറും കടലാസ് പുലികള്‍ മാത്രമാണ് എന്ന ചരിത്രവസ്തുത വീണ്ടും ഉറപ്പിക്കപ്പെട്ടു.

കഴിഞ്ഞ 75 വര്‍ഷമായി തങ്ങള്‍ അടിച്ചമര്‍ത്തി വെച്ചിട്ടുള്ള ഒരു ജനവിഭാഗത്തിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു വമ്പന്‍ ആക്രമണം സയണിസ്റ്റുകള്‍ പ്രതീക്ഷിച്ചില്ല. ഇതിന്റെ കാരണം അവര്‍ക്ക് ജനങ്ങളോടുള്ള പുച്ഛമാണ്. ഈ പുച്ഛം സയണിസ്റ്റുകള്‍ക്ക് മാത്രമുള്ള ഒരു കാര്യമല്ല, എല്ലാ പിന്തിരിപ്പന്‍ ഭരണകൂടങ്ങള്‍ക്കും പൊതുവായുള്ള ഒരു സവിശേഷതയാണ്.

അത് അവരുടെ വര്‍ഗസ്വഭാവത്തില്‍ നിന്നും ഉണ്ടാവുന്നതുമാണ്. ഈ ആക്രമണം സയണിസ്റ്റുകളുടെ അഹങ്കാരത്തിന് കൂടിയായിരുന്നു ക്ഷതം ഏല്‍പ്പിച്ചത്. ലോകത്തിന് മുന്നില്‍ തങ്ങള്‍ പെരുപ്പിച്ചു കാണിച്ച സായുധശക്തിയെയും അയണ്‍ ഡോം പോലുള്ള സംരക്ഷണകവചങ്ങളെയും മറ്റും അയ്യായിരത്തോളം മിസൈലുകള്‍ തകര്‍ത്തു തരിപ്പണമാക്കി.

സയണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു അപമാനം തന്നെയാണ്. എന്നാല്‍, ഇതാണ് ഇപ്പോഴത്തെ യുദ്ധത്തിന് കാരണം എന്ന നിലയ്ക്കുള്ള പ്രചരണങ്ങള്‍ തികച്ചും വസ്തുതാവിരുദ്ധമാണ്.

കുട്ടികളെ കൊലപ്പെടുത്തുക, ആശുപത്രികളും സ്‌കൂളുകളും ബോംബിട്ട് നശിപ്പിക്കുക, ഭക്ഷണത്തിനും വെള്ളത്തിനും മറ്റു പലതിനും വിലക്ക് ഏര്‍പ്പെടുത്തുക, ഭക്ഷണം വാങ്ങിക്കാന്‍ പോകുന്ന മനുഷ്യരെ വെടിവെച്ചു കൊല്ലുക പോലുള്ള ഇന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന തികച്ചും വംശീയമായ ഈ യുദ്ധത്തെ ഒക്ടോബര്‍ 7ന്റെ പശ്ചാത്തലത്തില്‍ നിന്ന് മാത്രമായി നോക്കി കാണാന്‍ കഴിയില്ല.

77 വര്‍ഷങ്ങളായി തുടരുന്ന ഈ അധിനിവേശത്തിന്റെ തുടക്കം മുതല്‍ തന്നെ ഏറിയും കുറഞ്ഞും ഇത്തരത്തില്‍ തന്നെയാണ് സയണിസ്റ്റുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഒക്ടോബര്‍ ഏഴിന് ശേഷം ഇതില്‍ അളവില്‍ വ്യത്യാസം ഉണ്ടായി എന്നത് ശരിയാകുമ്പോള്‍ തന്നെയും ഗുണത്തില്‍ പഴയതിന്റെ തുടര്‍ച്ചയാണ്. ഇസ്രഈല്‍ ഭരണകൂടത്തിന്റെ നടത്തിപ്പുകാര്‍ യൂറോപ്പില്‍ നിന്നും കുടിയേറി വന്ന വെള്ളക്കാരായ യഹൂദരാണ്. ജനസംഖ്യയില്‍ വലിയൊരു ശതമാനവും അവര്‍ തന്നെ. ഈ വെള്ള ഭീകരതയുടെ വംശീയത കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ.

നിലവില്‍ ഒക്ടോബര്‍ 7ന്റെ ആക്രമണത്തിന് ശേഷം സയണിസ്റ്റുകള്‍ പ്രഖ്യാപിച്ച അവരുടെ രണ്ട് ലക്ഷ്യങ്ങള്‍: ഒന്ന്, ഹമാസിനെ തുടച്ചുനീക്കും; രണ്ട്, ഹമാസ് ബന്ദികളാക്കിയ ഇസ്രഈലി തടവുകാരെ മോചിപ്പിക്കും രണ്ടും ഇതുവരെയും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഫലസ്തീന്‍ വിമോചന പോരാളികളെ സംബന്ധിച്ചിടത്തോളം അത് വലിയ നേട്ടം തന്നെയാണ്.

ബന്ദികളെ മോചിപ്പിക്കുന്ന കാര്യമെടുത്താല്‍, ഇസ്രഈല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ യുദ്ധതടവുകാരുടെ മോചനത്തിന് പകരമായി ചിലരെ ഹമാസ് വിട്ടുനല്‍കി എന്നല്ലാതെ ഒരാളെ പോലും മോചിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. പതിറ്റാണ്ടുകളായി തുരങ്കങ്ങളും മറ്റും ഉണ്ടാക്കിക്കൊണ്ട് ഹമാസ് നടത്തിയ ചെറുത്തുനില്‍പ്പ് യുദ്ധത്തിന്റെ മികവ് തന്നെയാണ് ഇത് കാണിച്ചു തരുന്നത്.Increase in the number of universities severing ties with Israel

ബന്ദികളെ വിട്ടുനില്‍കുന്ന വീഡിയോ ദൃശ്യങ്ങളില്‍ ലോകം മുഴുവന്‍ കണ്ടത് നൂറുകണക്കിന് ഹമാസ് പോരാളികളെയായിരുന്നു. സയണിസ്റ്റുകളെ വെല്ലുവിളിച്ചുകൊണ്ട് വലിയ ആഹ്ലാദത്തോടെയാണ് ജനങ്ങള്‍ അവരെ സ്വീകരിച്ചത്.

ഹമാസിനെ തുടച്ചുനീക്കുന്ന കാര്യമെടുത്താല്‍, ഹമാസിന്റെ പ്രധാനപ്പെട്ട ചില നേതാക്കളെ അവര്‍ക്ക് കൊലപ്പെടുത്താന്‍ സാധിച്ചു എന്നത് ശരി തന്നെ. അപ്പോഴും ശക്തമായ രാഷ്ട്രീയ നേതൃത്വങ്ങള്‍ തുടര്‍ച്ചയായി ഫലസ്തീനില്‍ നിന്നും ഉണ്ടായിക്കൊണ്ടേയിരിക്കുകയും ഫലസ്തീന്‍ വിമോചന പോരാട്ടം ഇവര്‍ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഏതൊരു ജനകീയ യുദ്ധവും അതിന്റെ നേതൃത്വത്തെ അതിനകത്ത് തന്നെ ഉണ്ടാക്കും എന്ന ചരിത്ര വസ്തുത ഫലസ്തീന്‍ വീണ്ടും വീണ്ടും ഉറപ്പിച്ചു കൊണ്ടിരിക്കുന്നു.

ഫലസ്തീന്‍ വിമോചന പോരാളികളെ സംബന്ധിച്ചിടത്തോളം കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അവര്‍ക്കുണ്ട്. പുഴ മുതല്‍ കടല്‍ വരെ സ്വതന്ത്ര ഫലസ്തീന്‍ സ്ഥാപിക്കുക എന്നതാണ് ആ ലക്ഷ്യം. സയണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഈ ഭൂപ്രദേശം പിടിച്ചെടുക്കുക, അവരുടെ സര്‍വാധിപത്യം സ്ഥാപിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം അവരും മുന്നോട്ടു വെക്കുന്നുണ്ട്.

കഴിഞ്ഞ 77 വര്‍ഷമായി നടത്തി വരുന്ന അധിനിവേശ യുദ്ധവും അതുവഴി പശ്ചിമ ഏഷ്യയിലെ സാമ്രാജ്യത്വത്തിന്റെ താത്പര്യങ്ങളുടെ നടത്തിപ്പുകാരായി നിലകൊള്ളുക എന്നതും അവരുടെ രാഷ്രിയ ലക്ഷ്യങ്ങളാണ്.

ഒരേ ഭൂപ്രദേശം പിടിച്ചെടുക്കുക രാഷ്ട്രീയ അധികാരം ഉറപ്പിക്കുക എന്നത് രണ്ട് കൂട്ടരുടെയും ലക്ഷ്യമാകുമ്പോള്‍ ഓരോരുത്തരുടെയും താത്പര്യമെന്താണ്, ഏതു വര്‍ഗത്തെയാണ് ഇവര്‍ സേവിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ആരുടെ പക്ഷത്താണ് നീതി എന്നതും ആരുടെ പക്ഷത്ത് നിലകൊള്ളണം എന്നതിലും ഉറച്ച നിലപാട് സ്വീകരിക്കാന്‍ കഴിയു.

ഉറപ്പായും സാമ്രാജ്യത്വവിരുദ്ധ, അധിനിവേശവിരുദ്ധ നിലപാടുള്ള ഫലസ്തീനികളുടെ സായുധ ചെറുത്തുനില്‍പ്പ് യുദ്ധം തന്നെയാണ് ശരി.

‘രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് യുദ്ധം’
എന്ന ആശയം കൃത്യമായി അവതരിപ്പിച്ചതില്‍ ഒരാള്‍ ക്ലോസ്വിറ്റ്‌സ് എന്ന ജര്‍മന്‍ ബൂര്‍ഷാ സൈനിക ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ ‘ഓണ്‍ വാര്‍’ (യുദ്ധത്തെക്കുറിച്ച്) എന്ന പുസ്തകത്തില്‍. ഈ കൃതി സൈനികശാസ്ത്ര പഠനത്തില്‍ ക്ലാസിക്കായി പരിഗണിക്കപ്പെടുന്ന ഒന്നാണ്.

തന്ത്രവും അടവും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ വളരെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഓരോ യുദ്ധത്തിനും ഉണ്ടായിരിക്കണം എന്നും ആ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഏതൊരു സൈന്യത്തിനും യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റൂ എന്നും ക്ലോസ്വിറ്റ്‌സ് ചൂണ്ടിക്കാണിക്കുന്നു. യുദ്ധം രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് എന്നത് മാര്‍ക്‌സിസ്റ്റുകള്‍ക്ക് മാത്രമുള്ള അഭിപ്രായമല്ല, മൊതലാളിത്തത്തിന്റെ അഭിപ്രായവും അതുതന്നെ.

അപ്പോ രാഷ്ട്രീയമോ?, ‘രാഷ്ട്രീയം സാമ്പത്തികശാസ്ത്രത്തിന്റെ സാന്ദ്രീകൃത രൂപമാണ് എന്ന് ലെനിന്‍ പഠിപ്പിച്ചു. അതായത്, നിലനില്പിനെയും അതിന്റെ അടിസ്ഥാനപരമായ വിഷയങ്ങളെയും സംബന്ധിച്ചത്. സമ്പത്ത് കൈകാര്യം ചെയ്യപ്പെടുമ്പോള്‍ അതിനെക്കൊണ്ട് ആര്‍ക്കാണ് ഗുണം കിട്ടേണ്ടത്, അത് ആരെ സേവിക്കണം എന്നീ വിഷയങ്ങള്‍ നിര്‍ണയിക്കുന്നതാണ് രാഷ്ട്രീയം.

ഏതു വര്‍ഗ താത്പര്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് പരിശോധിക്കുമ്പോഴാണ് അതിന്റെ രാഷ്ട്രീയം വ്യക്തമാവുന്നത്. ചുരുക്കത്തില്‍ രാഷ്ട്രീയം വര്‍ഗങ്ങളെയും വര്‍ഗ താത്പര്യത്തെയും സംബന്ധിച്ച കാര്യമാണ്. അതുകൊണ്ടുതന്നെ ഇത് അധികാരവുമായി ബന്ധപ്പെട്ട് കിടക്കുന്നു മാര്‍ക്‌സിസ്റ്റുകള്‍ ‘രാഷ്ട്രീയ അധികാരം’ എന്നത് പറയുന്നത് ഇതുകൊണ്ടാണ്.

സാമ്രാജ്യത്വവും അതിന്റെ അനുകൂലികളായ അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു വശത്തും, ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ച സാമ്രാജ്യത്വ വിരുദ്ധരായ ലോക ജനത മറുവശത്തും എന്ന ഒരു വേര്‍തിരിവ് ശക്തമായി തന്നെ നമുക്ക് ഇന്ന് കാണാന്‍ കഴിയും. ഇത് മുമ്പുള്ളതാണെങ്കിലും ഇതിനെ ഒന്നുകൂടി ശക്തിപ്പെടുത്താന്‍ സാധിച്ചു എന്നത് ഈ വിമോചന പോരാട്ടം ലോകത്തിന് തന്ന കനത്ത സംഭാവന തന്നെയാണ്.

ലോകത്തിന്റെ പല ഭാഗങ്ങളിലും തെരുവുകളില്‍ ശക്തമായ ഫലസ്തീന്‍ അനുകൂല സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. തികച്ചും ജനവിരുദ്ധമായി തന്നെ ഈ സമരങ്ങളെ അടിച്ചമര്‍ത്തുന്ന പിന്തിരിപ്പന്‍ ഭരണകൂടങ്ങളെ നമുക്ക് കാണാന്‍ കഴിയും. ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ പോലുള്ള പല പശ്ചാത്യ സാമ്രാജ്യത്ത ശക്തികളും ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ നിരോധിക്കുകയും അത് വിളിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു.Thousands take to the streets of New York to protest Netanyahu during UN speech

ഒക്ടോബര്‍ അഞ്ചാം തീയതിയും ഫലസ്തീന്‍ അനുകൂലികളായ 500ലധികം യുവാക്കള്‍ ലണ്ടനില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ സംഘി ഭരണകൂടവും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് അവരുടെ സാമ്രാജ്യത്വ വിധേയത്വമല്ലാതെ മറ്റൊന്നുമല്ല. ചില പാശ്ചാത്യ രാജ്യങ്ങള്‍ ദ്വിരാഷ്ട്രവാദം എന്ന പരിഹാരം മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ഈ വഞ്ചനകരമായ നിലപാടിനെ ഫലസ്തീന്‍ ജനത അംഗീകരിച്ചിട്ടില്ല, അംഗീകരിക്കാനും പോകുന്നില്ല. പുഴ മുതല്‍ കടല്‍ വരെ വിമോചിപ്പിക്കുന്നതുവരെ പൊരുതും എന്ന് തന്നെയാണ് എക്കാലവും അവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

മുകളില്‍ പറഞ്ഞത് പോലെ, ഫലസ്തീന്‍ അനുകൂലമായ സമരങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകവ്യാപകമായി അലകള്‍ക്കുമേല്‍ അലകളായി ആളിപടരുകയാണ്. ഇത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനും അതിന്റെ അനുകൂലികള്‍ക്കും മുകളില്‍ കടുത്ത സമ്മര്‍ദം ഉണ്ടാക്കുന്നുണ്ട്.

ഇതിന്റെ പ്രത്യാഘാതങ്ങള്‍ തങ്ങളുടെ നാശത്തിലേക്ക് എത്തിക്കുമോ എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഇതില്‍ ഇടപെട്ടു എന്നെങ്കിലും വരുത്തിത്തീര്‍ക്കേണ്ട ആവശ്യകത ഒരു വിഷയമായിത്തന്നെ സാമ്രാജ്യത്വത്തിന്റെ കണ്ണില്‍ കുത്തുന്നു.

Donald Trump And Benjimin Netanyahu

നിലവില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ‘സമാധാനം’ എന്ന് പറയപ്പെടുന്ന പദ്ധതി ഭാഗികമായി ഹമാസ് അംഗീകരിച്ചു. ഫലസ്തീന്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രഈലി ബന്ധികളെ വിട്ടുനല്‍ക്കാമെന്നും, അധികാരത്തില്‍ നിന്നും മാറിനില്‍ക്കാമെന്നും അറിയിച്ചു. ഇത് മുമ്പും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ്.

എന്നാല്‍, ആയുധം വെച്ച് കീഴടങ്ങുക പോലുള്ള വ്യവസ്ഥകളോട് പ്രതികരിച്ചിട്ടില്ല. ഹമാസിന് അകത്തും മറ്റു സംഘടനകളുമായും നടത്തിയ ചര്‍ച്ചകളില്‍ നിന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത് എന്ന് മധ്യസ്ഥര്‍ക്ക് കൈമാറിയ വിവരത്തില്‍ പറയുന്നു. ട്രംപിന്റെ മുന്‍കൈയില്‍ തിങ്കളാഴ്ച ഈജിപ്തില്‍ വെച്ച് നടന്ന ഈ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പോലും സയണിസ്റ്റ് ആക്രമണം ഗസയില്‍ തുടരുകയാണ്.

ഇത് എഴുതുന്ന സമയത്ത് പോലും ഏതാണ്ട് എഴുപതിലധികം മനുഷ്യര്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നു. ഇങ്ങനൊരു സാഹചര്യത്തില്‍ എന്തുതരം ചര്‍ച്ചയാണ് ചെയ്യാന്‍ കഴിയുക എന്നത് കണ്ടറിയേണ്ടതുണ്ട്. എന്തുതന്നെയായാലും, വെടിനിര്‍ത്തലുകള്‍ക്കും സമാധാനചര്‍ച്ചകള്‍ക്കും വേണ്ടിയുള്ള ഇത്തരം ശ്രമങ്ങളും ജനകീയ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രചരണത്തിന്റെ ആയുധമായി ഉപയോഗിക്കാവുന്ന ഒന്നാണ്.

ശത്രുപക്ഷത്ത് നിന്നുള്ള ഇത്തരം ശ്രമങ്ങളെയും ആ രീതിയില്‍ ഉപയോഗപ്പെടുത്തുകയും വേണം.
ജനങ്ങളുടെ രാഷ്ട്രീയ നേതൃത്വം എന്ന അര്‍ത്ഥത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്, ജനങ്ങളോടുള്ള പ്രതിബദ്ധതയും കൂറും പ്രദര്‍ശിപ്പിക്കുക എന്നത് പ്രധാന വിഷയമാണ്.

ഇവിടെ യുദ്ധം മാത്രമാണ് ഒരു പോംവഴി, അല്ലാതെ ഫാസിസ്റ്റുകളുടെ മനംമാറ്റം കൊണ്ട് ഒന്നും നടക്കാന്‍ പോവുന്നില്ല എന്ന ഉറച്ച നിലപാടും, യുദ്ധത്തില്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന തിരിച്ചറിവും, വില നല്‍കാനുള്ള രാഷ്ട്രീയമായ സന്നദ്ധതയും ആണ് നമ്മള്‍ നിലവില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ആയുധം വെച്ച് കീഴടങ്ങില്ല എന്നത് പലതവണ ഹമാസ് വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. അധിനിവേശത്തിന്റെ അന്ത്യം വരെ പോരാട്ടം തുടരും എന്ന് ഫലസ്തീന്‍ വിമോചന പോരാളികള്‍ പലതവണ ആവര്‍ത്തിച്ചിട്ടുമുണ്ട്.

ലോകത്ത് എവിടെ നടന്ന ജനകീയ യുദ്ധം പരിശോധിച്ചാലും നമുക്ക് മനസിലാക്കാന്‍ പറ്റുന്ന ഒരു കാര്യം, സാമ്രാജ്യത്വത്തിന്റെയും പിന്തിരിപ്പന്‍ ഭരണകൂടങ്ങളുടെയും സൈനികവും സാങ്കേതികവുമായ സംവിധാനങ്ങള്‍ ജനകീയ സേനകളെക്കാളും ഒരുപാട് മുന്നിട്ട് തന്നെയായിരുന്നു നിന്നിട്ടുള്ളത്. വലിയതോതിലുള്ള ജനങ്ങളുടെ കൂടിച്ചേരലുകളാണ് ശത്രുവിന്റെ ഈ ശക്തിയെ എന്നും മറികടന്നിട്ടുള്ളത്.

അതുകൊണ്ടുതന്നെ ഏതൊരു സാഹചര്യത്തെയും തന്ത്രപരമായി ഉപയോഗിച്ച് ജനകീയ അടിത്തറ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത നിര്‍ണായകമാണ്. അത്തരം ഒരു തന്ത്രം ആയിത്തന്നെ ഈ ചര്‍ച്ചയെയും കാണേണ്ടതുണ്ട്. ഒരിക്കലും കീഴങ്ങാത്ത ചരിത്രമാണ് ഫലസ്തീനികള്‍ക്കുള്ളത്. ഇത് തന്നെയാണ് ഉത്തരം. തുടക്കത്തില്‍ പറഞ്ഞ സയണിസ്റ്റുകളുടെ ഭയം, ഒക്ടോബര്‍ 7ന് നടന്ന പോലൊരു ആക്രമണം ഇനിയും ഉണ്ടാകുമോ എന്നതാണ്. ആ ഭയം അവരെ വേട്ടയാടികൊണ്ടേയിരിക്കും. ഒക്ടോബര്‍ 7ന്റെ കടന്നാക്രമണം തന്നെയാണ് മാതൃക.

 

Reference

(1) Sections 23, War is always a serious means for a serious object, its more particular definition & 24, War is a mere continuation of policy by other means; Vom Kriege (On War), Carl von Clausewitz, 1816 നും 1830 നും ഇടയില്‍ നെപ്പോളിയന്‍ യുദ്ധങ്ങള്‍ക്ക് ശേഷം എഴുതിയതും മരണാനന്തരം 1832 ല്‍ അദ്ദേഹത്തിന്റെ ഭാര്യ മേരി വോണ്‍ ബ്രൂല്‍ പ്രസിദ്ധീകരിച്ചതുമായ പ്രഷ്യന്‍ ജനറല്‍ കാള്‍ വോണ്‍ ക്ലോസ്വിറ്റ്‌സിന്റെ യുദ്ധത്തെയും സൈനിക തന്ത്രത്തെയും കുറിച്ചുള്ള ഒരു പുസ്തകമാണ് വോം ക്രീജ്-ഓണ്‍ വാര്‍(യുദ്ധത്തെക്കുറിച്ച്)
(2) ഇന്ത്യന്‍ ജനാധിപത്യവും മാവോയിസവും, കെ. മുരളി (28 ഫെബ്രുവരി 2021)
https://www.facebook.com/share/1Frv6CUcLj/
(3) സമാധാന ചര്‍ച്ചയും വെടിനിര്‍ത്തലും, എന്‍ വേണുഗോപാല്‍
https://ajithspage.in/wp/pages/veekshanam-viewpoint/

 

 

Content Highlight: Armed resistance is the path to Palestinian liberation