ഒരിക്കലും ഉണങ്ങാത്ത 'പാട്' തലവരയിൽ വേദനിപ്പിച്ച അർജുൻ
Thalavara Movie
ഒരിക്കലും ഉണങ്ങാത്ത 'പാട്' തലവരയിൽ വേദനിപ്പിച്ച അർജുൻ
ശരണ്യ ശശിധരൻ
Wednesday, 27th August 2025, 3:05 pm
കൂട്ടുകാർക്കൊപ്പം വീട്ടുകാർ കൂടി കളിയാക്കുമ്പോൾ ആ വെള്ളപ്പാട് മായ്ക്കുന്നതിന് വേണ്ടി ശരീരത്തെ മുറിവേൽപ്പിക്കുന്ന ജ്യോതിഷിന് മുറിവേറ്റത് ശരീരത്തിൽ മാത്രമായിരിക്കില്ല മനസിന് കൂടിയായിരിക്കും. എല്ലാ 'തമാശ' കളും ആസ്വാദനം അല്ല.

ഒരു മനുഷ്യന് മറ്റുമനുഷ്യരിൽ നിന്ന് വിട്ടുനിൽക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാകും. പരിപാടികൾക്ക് പോകാൻ, ഫോട്ടോയെടുക്കാൻ, പ്രണയിക്കാൻ അങ്ങനെ പല കാര്യങ്ങൾക്കും വിമുഖത കാണിക്കുന്ന പലരിലും ഒരു വേദനയുടെ കഥയുണ്ടാകും. ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുണ്ടാകും. വെള്ളപ്പാണ്ട് അധവാ വിറ്റിലിഗോ എന്ന അവസ്ഥയും അത്തരത്തിലൊന്നാണ്.

മുഖത്തും ശരീരത്തിലും വെള്ളപ്പാണ്ടുള്ള, അത് മറയ്ക്കുന്നതിന് വേണ്ടി നിരന്തരം ശ്രമിക്കുന്ന ഒരുപറ്റം ആളുകൾക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന സിനിമയാണ് തലവര. ‘പാണ്ടേ’ എന്ന് ഇരട്ടപ്പേരിട്ട് കൂട്ടുകാർ വിളിക്കുമ്പോൾ അസ്വസ്ഥമാകുന്ന അർജുൻ അശോകന്റെ പെർഫോമൻസ് കാണുമ്പോൾ മനസിലാക്കാം അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന ഓരോ ആളും അനുഭവിച്ച കാര്യങ്ങൾ. ജ്യോതിഷ് എന്ന കഥാപാത്രത്തെ അത്രമേൽ മനോഹരമാക്കിയിട്ടുണ്ട് അർജുൻ.

അതിന് ഉദാഹരണമാണ് സിനിമ കണ്ടിറങ്ങിയ വിറ്റിലിഗോ മോഡൽ ബെൻസി ജോയ് പറഞ്ഞ വാക്കുകൾ,

‘ഇങ്ങനെയൊരു ചിത്രം ഹോളിവുഡിലോ മോളിവുഡിലോ വന്നിട്ടില്ല. എന്നെ പോലെയൊരു വ്യക്തി എങ്ങനെയാണോ കടന്നുവന്നത് അതാണ് സിനിമയിലുള്ളത്. ശരിക്കും കരഞ്ഞുപോയി. സിനിമയുടെ അണിയറപ്രവർത്തകരോട് നന്ദിയുണ്ട് ‘എന്നാണ് അവർ പറഞ്ഞത്.

വലിയ സാമൂഹിക ചുറ്റുപാടൊന്നും അവകാശപ്പെടാനില്ലാത്ത ഒരു യുവാവ് തന്റെ സ്വപ്നത്തിലേക്ക് എത്തിച്ചരാൻ കടക്കുന്ന കടമ്പകൾ, നേരിടേണ്ടി വന്ന പ്രതിസന്ധികൾ എന്നിവയാണ് തലവര ചർച്ച ചെയ്യുന്നത്.

എന്താണ് വെള്ളപ്പാണ്ട് എന്ന അവസ്ഥ, അത് പകരുമോ എന്ന സംശയങ്ങൾ എല്ലാവർക്കുമുണ്ട്.

വെള്ളപ്പാണ്ട് ഒരു പകർച്ചവ്യാധിയല്ലെന്ന തിരിച്ചറിവ് നാമെല്ലാവർക്കും ഉണ്ടാവേണ്ടതുണ്ട്. ചില ജനിതക ഘടകങ്ങൾ വെള്ളപ്പാണ്ടിന് കാരണമായി പറയാറുണ്ടെങ്കിലും വെറും അഞ്ച് ശതമാനം മാത്രമാണ് പാണ്ടിന് പാരമ്പര്യ സാധ്യതയുള്ളത്.

ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴാണ് പാണ്ടുകൾ ഉണ്ടാവുന്നത്. കേടുപാടുകൾ സംഭവിക്കുന്ന ഭാഗത്ത് മാത്രമായി വെള്ളനിറം പ്രത്യക്ഷപ്പെടും.

തുടക്കത്തിൽ ചികിത്സ നേടിയാൽ ഒരു പരിധിവരെ വെള്ളപ്പാണ്ട് നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. തന്നെയുമല്ല, വെള്ളനിറത്തിൽ കാണുന്ന എല്ലാപാടും വെള്ളപ്പാണ്ട് അല്ല.

ഇതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തിയ മനുഷ്യരെ നാം ചേർത്ത് പിടിക്കേണ്ടതുണ്ട്. കളിയാക്കലുകൾ നിർത്തേണ്ടതുണ്ട്. നാം പ്രിയപ്പെട്ടവർ എന്നുവിചാരിക്കുന്നവർ തന്നെ നമ്മെ കളിയാക്കുമ്പോഴുണ്ടാകുന്ന ആഘാതം അർജുൻ അശോകൻ സിനിമയിൽ കാണിച്ചുതരുന്നുണ്ട്.

കൂട്ടുകാർക്കൊപ്പം വീട്ടുകാർ കൂടി കളിയാക്കുമ്പോൾ ആ വെള്ളപ്പാട് മായ്ക്കുന്നതിന് വേണ്ടി ശരീരത്തെ മുറിവേൽപ്പിക്കുന്ന ജ്യോതിഷിന് മുറിവേറ്റത് ശരീരത്തിൽ മാത്രമായിരിക്കില്ല മനസിന് കൂടിയായിരിക്കും. എല്ലാ ‘തമാശ’ കളും ആസ്വാദനം അല്ല.

എന്നാൽ ഇതൊരു രോഗമല്ലെന്ന തിരിച്ചറിവിൽ തന്റെ സ്വപ്നങ്ങളെ വെട്ടിപ്പിടിക്കുന്ന തലവരയിലെ ജ്യോതിഷ് ഇത്തരം അവസ്ഥ നേരിടുന്ന എല്ലാവർക്കും പ്രചോദനമാണ്. പക്ഷെ, അത് എത്ര മനുഷ്യർ മനസിലാക്കുന്നുവെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. അവർക്ക് അതിനുള്ള വഴി തെളിയിക്കേണ്ടത് നമ്മളെല്ലാവരുമാണ്.

Contet Highlight: Arjun, who was hurt in the Movie Thalavara

ശരണ്യ ശശിധരൻ
ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം