മലയാളികള്‍ക്ക് പരിചിതനായ നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. 2017ല്‍ ശ്രീലാന്‍സര്‍ എന്ന ഹിന്ദി – ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് സോണിലിവില്‍ എത്തിയ റോക്കറ്റ് ബോയ്‌സ് എന്ന വെബ് സീരീസിലും അര്‍ജുന്‍ അഭിനയിച്ചു.
ആ സീരീസില്‍ എ.പി.ജെ അബ്ദുള്‍ കലാമിനെ അവതരിപ്പിച്ച് അദ്ദേഹം ഏറെ ശ്രദ്ധ നേടി. ശേഷം 2022ല്‍ അമിതാഭ് ബച്ചന്‍ നായകനായ ഝുണ്ട് എന്ന ചിത്രത്തിലും അര്‍ജുന്‍ അഭിനയിച്ചു. മലയാളത്തില്‍ പട, ഡിയര്‍ ഫ്രണ്ട്, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക്, ഐഡന്റിറ്റി എന്നീ സിനിമകളിലും അഭിനയിക്കാന്‍ നടന് സാധിച്ചു.
ഈയിടെ ഇറങ്ങിയ കേരള ക്രൈം ഫയല്‍സ് 2വില്‍ നായകനായതും അര്‍ജുന്‍ രാധാകൃഷ്ണന്‍ ആയിരുന്നു. നോബിള്‍ എന്ന പൊലീസ് കഥാപാത്രത്തെ ആയിരുന്നു നടന്‍ അവതരിപ്പിച്ചത്. ആ വേഷവും ഏറെ പ്രശംസ നേടിയിരുന്നു.
ഇപ്പോള്‍ കേരള ക്രൈം ഫയല്‍സ് സീരീസിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് അര്‍ജുന്‍. നോബിള്‍ എന്ന കഥാപാത്രത്തിന് റെഫറന്‍സ് ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണന്‍.
‘കേരള ക്രൈം ഫയല്‍സ് സീരീസിലെ നോബിള്‍ എന്ന കഥാപാത്രത്തിന് റെഫറന്‍സ് ഉണ്ടായിരുന്നില്ല. സിനിമയില്‍ കാണിക്കുന്നത് പോലെയല്ല ഈ സീരീസില്‍ കാണിക്കാന്‍ പോകുന്നത് എന്നായിരുന്നു ബാഹുലും (ബാഹുല്‍ രമേശ്) അഹമ്മദും (അഹമ്മദ് കബീര്‍) പറഞ്ഞത്.
പൊലീസ് യൂണിഫോം ഇടുമ്പോള്‍ ആ ബോഡി ലാംഗ്വേജ് വേണ്ടെന്നും അവര്‍ പറഞ്ഞു. ഒരു നോര്‍മല്‍ ബോയ് ആയിട്ട് തന്നെ നില്‍ക്കാനാണ് എന്നോട് പറഞ്ഞത്. അതുമാത്രമല്ല, സീരീസും സിനിമയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടല്ലോ.
അതുകൊണ്ട് തന്നെ അവര്‍ക്ക് റിലേറ്റബിളായിട്ട് ആറ് എപ്പിസോഡില്‍ ഈ സീരീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. എനിക്ക് വളരെ വ്യക്തമായിട്ട് എല്ലാം പറഞ്ഞു തന്നിരുന്നു. പൊലീസ് യൂണിഫോമില്‍ വരുമ്പോള്‍ വളരെ നോര്‍മലായി തന്നെ നില്‍ക്കണമെന്ന് പറഞ്ഞു.
എസ്.ഐ നോബിള്‍ ഒരു വോളിബോള്‍ പ്ലയറാണ്. സ്‌പോര്‍ട്‌സ് കോട്ടയിലാണ് അയാള്‍ പൊലീസില്‍ ജോയിന്‍ ചെയ്യുന്നത്. അപ്പോള്‍ തീര്‍ച്ചയായും ഒരു പക്കാ പൊലീസായി നില്‍ക്കേണ്ട. സല്യൂട്ടും സാര്‍ വിളിയുമില്ല. തൊപ്പി വെച്ചിട്ട് വരുന്ന സീന്‍ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഓപ്പണിങ് സീനിലായിരുന്നു. പിന്നെ പോസ്റ്ററിലാണ് തൊപ്പി വെച്ചത് കാണിക്കുന്നത്,’ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറയുന്നു.
Content Highlight: Arjun Radhakrishnan Talks About SI Noble In Kerala Crime Files2