പട, ഡിയര്‍ ഫ്രണ്ട്, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക്, ഐഡന്റിറ്റി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. ശ്രീലാന്‍സര്‍ (2017) എന്ന ഹിന്ദി – ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.
റോക്കറ്റ് ബോയ്സ് എന്ന വെബ് സീരീസില്‍ എ.പി.ജെ അബ്ദുള്‍ കലാമിനെ അവതരിപ്പിക്കുകയും 2022ല്‍ അമിതാഭ് ബച്ചന്‍ നായകനായ ഝുണ്ട് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. ഉള്ളൊഴുക്ക്, കണ്ണൂര്‍ സ്‌ക്വാഡ് സിനിമകളിലെല്ലാം നെഗറ്റീവ് കഥാപാത്രമായിട്ടാണ് അര്‍ജുന്‍ എത്തിയത്.
ഈയിടെ ഇറങ്ങിയ കേരള ക്രൈം ഫയല്‍സ് 2വില്‍ നായകനായ നോബിള്‍ എന്ന പൊലീസ് കഥാപാത്രത്തെ ആയിരുന്നു നടന്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ തുടര്‍ച്ചയായി നെഗറ്റീവ് റോളുകള്‍ ചെയ്യുന്നതിനെ കുറിച്ച് പറയുകയാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉള്ളൊഴുക്ക്, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ സിനിമകള്‍ക്കൊക്കെ ശേഷമാണ് കേരള ക്രൈം ഫയല്‍സ് സീരീസിലേക്ക് എത്തുന്നത്. ഉള്ളൊഴുക്ക് സിനിമ കണ്ടിട്ട് പ്രേക്ഷകര്‍ പറഞ്ഞത് അവര്‍ക്ക് എന്റെ കഥാപാത്രം വളരെ നെഗറ്റീവായിട്ടാണ് തോന്നിയത് എന്നാണ്.
കേരള ക്രൈം ഫയല്‍സ് വന്നപ്പോള്‍ കുറച്ചൊരു ആശ്വാസം ഉണ്ടായിരുന്നു. ഇത്രയും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ കഴിഞ്ഞിട്ട് വന്ന അവസരമായിരുന്നല്ലോ ഈ സീരീസിന്റേത്. അതും വളരെ പോസിറ്റീവായ ഒരു ലീഡ് റോളാണ് കിട്ടിയത്.
കേരള ക്രൈം ഫയല്‍സ് വന്നപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു. നെഗറ്റീവ് ഷേയ്ഡില്‍ വരുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് എതിര്‍പ്പൊന്നുമില്ല കേട്ടോ. കണ്ണൂര്‍ സ്‌ക്വാഡ്, ഐഡന്റിറ്റി എന്നീ സിനിമകള്‍ കഴിഞ്ഞിട്ട് എനിക്ക് കുറേ കോളുകള്‍ വന്നിരുന്നു.
നമ്മള്‍ ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ രണ്ടോ മൂന്നോ തവണ ചെയ്താല്‍ പിന്നെ അടുത്തത് അതില്‍ നിന്ന് എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യണമല്ലോ. കുറച്ചൊരു വ്യത്യാസമുള്ള കഥാപാത്രമാകണം,’ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറയുന്നു.
Content Highlight: Arjun Radhakrishnan Talks About Negative Shade Role