| Tuesday, 24th June 2025, 12:45 pm

എനിക്ക് തന്നെ കുറ്റബോധം തോന്നുന്ന രീതിയിലാണ് അവരെന്നെ സഹായിച്ചത്: അര്‍ജുന്‍ രാധാകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോക്കറ്റ് ബോയ്സ് എന്ന സീരീസില്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് എ.പി.ജെ അബ്ദുള്‍ കലാമിനെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. അമിതാഭ് ബച്ചന്‍ നായകനായ ഝുണ്ട്, മലയാളത്തില്‍ പട, ഡിയര്‍ ഫ്രണ്ട്, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക് തുടങ്ങിയ ചിത്രങ്ങളിലും അര്‍ജുന്‍ അഭിനയിച്ചിരുന്നു.

കഴിഞ്ഞ ദിവസമിറങ്ങിയ കേരള ക്രൈം ഫയല്‍സ് 2 വില്‍ നായകനായെത്തിയത് അര്‍ജുന്‍ രാധാകൃഷ്ണനാണ്. നോബിള്‍ എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് അദ്ദേഹം സീരീസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ തന്റെ കൂടെ ഇതുവരെ പ്രവര്‍ത്തിച്ച സിനിമയിലെ അണിയറപ്രവര്‍ത്തകരെ കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍.

താന്‍ കേരളത്തിലല്ല വളര്‍ന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ താന്‍ ഇതുവരെ പ്രവര്‍ത്തിച്ച സിനിമയിലെ അണിയറപ്രവര്‍ത്തകരെല്ലാം തന്നെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണന്‍.

‘എനിക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞ ആളുകളുടെ കാര്യത്തില്‍ ഞാന്‍ തികച്ചും ഭാഗ്യവാനാണ്. പട, ഡിയര്‍ ഫ്രണ്ട് മുതല്‍ കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക് വരെയുള്ള സിനിമകളില്‍ എനിക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള ക്രൈം ഫയല്‍സും. ഞാന്‍ പുറത്തുനിന്നാണ് വന്നതെന്ന് എല്ലാവര്‍ക്കും അറിയാം.

ഞാന്‍ ഇവിടെ വളര്‍ന്നിട്ടില്ല. പക്ഷേ ഞാന്‍ ജോലി ചെയ്തിട്ടുള്ള ആളുകള്‍ ശരിക്കും എനിക്ക് പിന്തുണയും അവരുടെ ക്ഷമയും നല്‍കിയിട്ടുണ്ട്. ചിലപ്പോള്‍ എനിക്ക് കുറ്റബോധം തോന്നുന്ന തരത്തില്‍ അവരെന്നെ സഹായിച്ചു. കേരള ക്രൈം ഫയല്‍സ് 2 വിന്റെ പോലും എന്നെ കൂടെയുള്ളവര്‍ സഹായിച്ചു. ഷൂട്ടിങ് മുതല്‍ ഡബ്ബ് വരെ അഹമ്മദും ബാഹുലും എന്നോടൊപ്പം ചെലവഴിച്ച സമയം വളരെ വലുതാണ്. ഞാന്‍ ജോലി ചെയ്തിട്ടുള്ള എല്ലാ സംവിധായകനും എനിക്ക് വേണ്ടി ഇത് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ വളരെ ഭാഗ്യവാനാണെന്ന് എനിക്ക് തോന്നുന്നു,’ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറയുന്നു.

Content Highlight: Arjun Radhakrishnan Talks About His Supports In Movies

We use cookies to give you the best possible experience. Learn more