| Monday, 30th June 2025, 8:46 am

ഇറ്റ്‌സ് ഓക്കേ, ചവിട്ടിക്കോ എന്ന് മമ്മൂക്ക പറഞ്ഞെങ്കിലും ആ സീനില്‍ ഞാന്‍ കുറച്ച് പേടിച്ചിരുന്നു: അര്‍ജുന്‍ രാധാകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോക്കറ്റ് ബോയ്‌സ് എന്ന സീരീസില്‍ അബ്ദുള്‍ കലാമിനെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. കമല്‍ സംവിധാനം ചെയ്ത പട എന്ന ചിത്രത്തിലൂടെ മലയാളത്തിലും അര്‍ജുന്‍ തന്റെ സാന്നിധ്യമറിയിച്ചു. ഡിയര്‍ ഫ്രണ്ട്, ഉള്ളൊഴുക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ഐഡന്റിറ്റി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം താരം കൈകാര്യം ചെയ്തു.

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തില്‍ അമീര്‍ എന്ന വില്ലനായാണ് അര്‍ജുന്‍ വേഷമിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. ക്ലൈമാക്‌സില്‍ മമ്മൂട്ടിയുമായുള്ള ഫൈറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് കുറച്ചധികം നെര്‍വസ്സായിരുന്നു താനെന്ന് അര്‍ജുന്‍ പറഞ്ഞു.

മമ്മൂട്ടിയെപ്പോലൊരു സീനിയര്‍ നടനെ ചവിട്ടണമെന്ന് പറഞ്ഞപ്പോള്‍ ചെറുതായി പേടിച്ചെന്നും എന്നാല്‍ മമ്മൂട്ടി തന്നെ കൂളാക്കി നിര്‍ത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്നെപ്പോലൊരു പുതുമുഖത്തെ പരമാവധി കംഫര്‍ട്ടാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചെന്നും എന്നിരുന്നാലും തന്റെ ടെന്‍ഷന്‍ മാറിയില്ലെന്നും അര്‍ജുന്‍ രാധാകൃഷ്ണന്‍ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കണ്ണൂര്‍ സ്‌ക്വാഡ് വലിയൊരു എക്‌സ്പീരിയന്‍സായിരുന്നു. ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തപ്പോള്‍ ഞാന്‍ വല്ലാതെ നെര്‍വസ്സായിരുന്നു. കാരണം, മമ്മൂക്കയെപ്പോലൊരു വലിയ നടനുമായിട്ടാണ് ഫൈറ്റ്. അതും കട്ടക്ക് പിടിച്ചു നില്‍ക്കണം. മമ്മൂക്കയെ ചവിട്ടേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ ചെറുതായിട്ട് പേടിച്ചു. കാരണം, എന്നെപ്പോലെ പുതിയൊരു നടന്‍ അദ്ദേഹത്ത എങ്ങനെ ചവിട്ടുമെന്ന് ആലോചിച്ച് ടെന്‍ഷനായി.

എന്റെ അവസ്ഥ മനസിലാക്കി മമ്മൂക്ക അടുത്ത് വന്ന് എന്നോട് കുറച്ച് നേരം സംസാരിച്ചു. ‘ഇറ്റ്‌സ് ഓക്കേ, ചവിട്ടിക്കോ’ എന്ന് അദ്ദേഹം പറഞ്ഞു. എന്നെ പരമാവധി കംഫര്‍ട്ടാക്കി. പക്ഷേ, എത്ര തന്നെ കംഫര്‍ട്ടാക്കിയാലും സീനിന്റെ സമയത്ത് ഒരു പേടി വരുമല്ലോ. ആ പേടിയില്‍ തന്നെയാണ് ഫൈറ്റ് ചെയ്തത്. പുതിയ പയ്യനായതുകൊണ്ട് മമ്മൂക്കയും എന്നോട് സൂക്ഷിച്ചാണ് പെരുമാറിയത്,’ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറയുന്നു.

2017ല്‍ കാസര്‍ഗോഡ് നടന്ന സംഭവത്തെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടിക്ക് പുറമെ ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്, ധ്രുവന്‍, കിഷോര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. മമ്മൂട്ടിക്കമ്പനി നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം സ്വന്തമാക്കിയിരുന്നു.

Content Highlight: Arjun Radhakrishnan about the shooting experience with Mammootty in Kannur Squad movie

We use cookies to give you the best possible experience. Learn more