| Tuesday, 3rd July 2018, 7:38 pm

'എന്റെ അഭിമന്യുവിന് എങ്ങനെ ഉണ്ട്?'; കണ്ണ് തുറന്നപ്പോള്‍ മകന്‍ ചോദിച്ചത് അഭിമന്യുവിനെക്കുറിച്ചെന്ന് അര്‍ജുന്റെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം മഹാരാജാസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന അര്‍ജുന്‍, കൂട്ടുകാരന്‍ അഭിമന്യുവിനെക്കുറിച്ച് ചോദിച്ചെന്ന് അര്‍ജുന്റെ അമ്മ. മാതൃഭൂമി ന്യൂസിനോടാണ് അര്‍ജുന്റെ അമ്മ ഇക്കാര്യം പറഞ്ഞത്.

രണ്ട് ദിവസത്തെ അബോധാവസ്ഥയില്‍ നിന്ന് ഇന്നാണ് അര്‍ജുന്‍ കണ്ണ് തുറന്നത്. ബോധം വന്നതിനുശേഷം അമ്മയെ കാണണമെന്ന് അര്‍ജ്ജുന്‍ പറഞ്ഞിരുന്നു. തന്നോട് അഭിമന്യുവിന് എങ്ങനെ ഉണ്ടെന്ന് ചോദിച്ചെന്നും മഹാരാജാസില്‍ നിന്ന് തന്നെ മാറ്റരുതെന്ന് പറഞ്ഞെന്നും അര്‍ജുന്റെ അമ്മ പറയുന്നു.

” ഈ കോളേജില്‍ തന്നെ അവനെ പഠിക്കാനനുവദിക്കണം. കുറെ ചോദ്യങ്ങള്‍ ആലോചിച്ചുവെച്ച അവനെന്നോട് ചോദിച്ചതാണ്. ആദ്യം കോളേജ് കണ്ടിന്യൂ ചെയ്യണം, അടുത്തത് എന്റെ അടുത്ത് ചോദിച്ചു അഭിമന്യുവിന് എങ്ങനെ ഉണ്ട്. ഞാന്‍ പറഞ്ഞു മോനേ പോലെ അടുത്ത ഐ.സി.യുവില്‍ ഉണ്ടെന്ന്.”

ALSO READ: കാമ്പസ് ഫ്രണ്ട് ആരുടെ ഉത്തരവാദിത്വം?

അര്‍ജുന്റെ ആരോഗ്യനില വേഗത്തില്‍ മെച്ചപ്പെടുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. തന്റെ മകനെ ദൈവം തിരിച്ചു തന്നല്ലോ എന്ന ആശ്വാസത്തിലാണ് ഈ കുടുംബം.

കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്.  കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്.

ALSO READ: ഇതായിരുന്നു അഭിമന്യുവിന്റെ രാഷ്ട്രീയം; ജാര്‍ഖണ്ഡിലെ മുസ്‌ലിം ജനതയ്‌ക്കെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് കൊണ്ടുള്ള പോസ്റ്റ് വൈറലാകുന്നു

കൂടെയുണ്ടായിരുന്ന അര്‍ജുനെയും സംഘം ആക്രമിച്ചിരുന്നു. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘം കോളേജിലേക്ക് അതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായിട്ടുണ്ട്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ നേരത്തെ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. എസ്.ഡി.പിഐ പ്രവര്‍ത്തകരായ കോട്ടയം സ്വദേശി ബിലാല്‍ (19), പത്തനംതിട്ട സ്വദേശി ഫാറൂഖ് (19), ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് (37) എന്നിവരെയാണ് പൊലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

ALSO READ: അഭിമന്യു വധം: രണ്ട് പേര്‍ കൂടി പിടിയില്‍: പ്രതികള്‍ എസ്.ഡി.പി.ഐ ഓഫീസിനു നേരെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

മുഹമ്മദാണ് കേസില്‍ മുഖ്യ പ്രതി. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അക്രമത്തില്‍ പങ്കാളികളായവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പുറത്തുനിന്ന് എത്തിയവരാണ്. ഇവര്‍ എങ്ങനെ കാമ്പസില്‍ എത്തി എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിയായ പ്രതിയുടെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ കാമ്പസില്‍ എത്തിയതെന്നാണ് നിഗമനം.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more