| Friday, 24th May 2024, 3:49 pm

അന്ന് മമ്മൂക്ക വിളിപ്പിച്ചതോടെ ടെന്‍ഷനായി; ഇക്ക എന്നെ ജീവിതത്തില്‍ ഇതുപോലെ വിളിച്ചിട്ടില്ല: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടര്‍ബോയില്‍ പാടിയതിന് ശേഷം മമ്മൂട്ടി തന്നെ വിളിപ്പിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍. പ്രൊമോ വീഡിയോ ഷൂട്ടിനിടയില്‍ ആന്റോ ജോസഫ് വഴിയായിരുന്നു മമ്മൂട്ടി വിളിപ്പിച്ചതെന്നും അദ്ദേഹം വേഗം വരാന്‍ പറഞ്ഞ കാര്യം അറിഞ്ഞതോടെ താന്‍ ടെന്‍ഷനായെന്നുമാണ് താരം പറയുന്നത്.

മമ്മൂട്ടി തന്നെ ജീവിതത്തില്‍ ഇതുപോലെ വിളിപ്പിച്ചിട്ടില്ലെന്നും അതായിരുന്നു ടെന്‍ഷനാകാന്‍ കാരണമെന്നും അര്‍ജുന്‍ അശോകന്‍ കൂട്ടിച്ചേര്‍ത്തു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘മമ്മൂക്ക ഒരു ദിവസം എന്നെ വിളിച്ചിരുന്നു. പ്രൊമോ വീഡിയോ ഷൂട്ടിന്റെ ഇടയില്‍ എന്നെ ആന്റോ ചേട്ടന്‍ വിളിച്ചു. മമ്മൂക്ക നിന്നെ വിളിക്കുന്നുണ്ട് വേഗം വരാന്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് ടെന്‍ഷനായി. കാരണം മമ്മൂക്ക എന്നെ ഇതുപോലെ ജീവിതത്തില്‍ വിളിച്ചിട്ടില്ല.

ഞാന്‍ പെട്ടെന്ന് ഓടിച്ചെന്നു. നീ പാടിയിട്ടുണ്ടല്ലേയെന്നാണ് ആദ്യം ചോദിച്ചത്. ഏത് ഭാഗമാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അത് പറഞ്ഞു കൊടുത്തു. അതിന് മമ്മൂക്ക കൊള്ളാമെന്ന മറുപടി നല്‍കി. പിന്നെ അവിടെ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നിന്നോളാമെന്ന് പറഞ്ഞു. മമ്മൂക്ക വിളിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എന്നെ നോട്ട് ചെയ്തല്ലോയെന്ന് ഓര്‍ത്താണ് സന്തോഷമായത്,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത സിനിമയാണ് ടര്‍ബോ. ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്‌റ്റോ സേവ്യറായിരുന്നു. താന്‍ ടര്‍ബോയിലെ പാട്ട് പാടാന്‍ എത്തുന്നത് എങ്ങനെയാണെന്നും അര്‍ജുന്‍ അഭിമുഖത്തില്‍ പറയുന്നു.

‘ക്രിസ്റ്റോയും ഞാനും നല്ല ഫ്രണ്ട്‌സാണ്. ഞങ്ങള്‍ വളരെ ക്ലോസാണ്. ഭ്രമയുഗം മുതലാണ് ഞങ്ങള്‍ക്കിടയില്‍ ആ ഫ്രണ്ട്ഷിപ്പ് ഉണ്ടാകുന്നത്. ആ ലൊക്കേഷനില്‍ ക്രിസ്റ്റോ ഇടക്ക് വരാറുണ്ടായിരുന്നു. ചില ട്രാക്കുകളും സൗണ്ട്‌സും കേള്‍പ്പിക്കാറുണ്ടായിരുന്നു.

ഇവന്‍ ചെയ്യുന്ന പരിപാടികളൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇവന്റെ സൗണ്ടിങ്ങൊക്കെ വളരെ ഡിഫ്രന്റാണ്. ഞാന്‍ ക്രിസ്റ്റോയുടെ വലിയ ഒരു ഫാനാണ്. ഭ്രമയുഗത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഇടക്കുള്ള സംസാരത്തില്‍ ഞാന്‍ പാടിയ പാട്ടുകളൊക്കെ ഇവന് കേള്‍പ്പിച്ചു കൊടുത്തിരുന്നു.

ചിലപ്പോള്‍ അങ്ങനെയാവാം അവന്‍ എന്നെ നോട്ട് ചെയ്തത്. പിന്നീട് ഒരു ദിവസം ക്രിസ്‌റ്റോ എന്നെ വിളിച്ച് ഒരു ട്രാക്കുണ്ട്, അടിപൊളിയായിരിക്കും എന്നൊക്കെ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഈ പാട്ടിലേക്ക് എത്തുന്നത്,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.


Content Highlight: Arjun Ashokan Talks About Mammootty

Latest Stories

We use cookies to give you the best possible experience. Learn more