മലയാളത്തിലെ പ്രോമിസിങ്ങ് ആയിട്ടുള്ള യുവനടന്മാരിലൊരാളാണ് അര്‍ജുന്‍ അശോകന്‍. 2012 ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തലൂടെ അഭിനയരംഗത്തേക്ക് അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചു. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെ ശ്രദ്ധേയമായ വേഷം ചെയ്ത താരം പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു.
നായകനെന്നോ വില്ലനെന്നോ സഹനടനെന്നോ വ്യത്യസമില്ലാതെ കിട്ടുന്ന വേഷങ്ങളെല്ലാം മികച്ചതാക്കുന്ന താരം അമല്‍ നീരദ് ചിത്രം വരത്തനില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത് അഭിനേതാവെന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു.
നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം ചത്താ പച്ചയാണ് അര്‍ജുന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. മലയാള സിനിമയില്‍ കാണാത്ത വിധത്തിലുള്ള ആക്ഷന്‍ രംഗങ്ങളടങ്ങിയ ചിത്രം പ്രശസ്ത വ്രെസലിങ്ങ് ഷോയായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ യെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി ഹിറ്റടിച്ച ഉണ്ണിമുകുന്ദന്‍ ചിത്രം മാര്‍ക്കോയിലെ ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്ത കലൈ കിങ്‌സനാണ് ചത്താ പച്ചയിലും സംഘട്ടനം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിനിടെ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍ രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍.
‘എന്നെ സംബന്ധിച്ച് ചത്താ പച്ച വലിയ ഒരു പരിപാടിയാണ്, സുമതിവളവിന്റെ ഷൂട്ടിനിടയില്‍ തന്നെ ചിത്രത്തിനു വേണ്ടിയുള്ള പരിശീലനം ആരംഭിച്ചിരുന്നു. ജൂണിലാണ് ചത്താ പച്ചയുടെ ഷൂട്ടിങ്ങ് തുടങ്ങിയത്, കാരവാനില്‍ നിന്ന് ഐശ്വര്യമായി ഷൂട്ടിന് ഇറങ്ങിയതാണ്, ആദ്യം തന്നെ പറഞ്ഞത് സര്‍ ഹാര്‍നെസ്സ് പോടുങ്കോ എന്നാണ്.
അര്‍ജുന്‍ അശോകന്‍ ചത്താ പച്ചയില്‍. Photo: IMDB
ഫസ്റ്റ് ഷോട്ട് മുതല്‍ തൂക്കിയിട്ടതാണ് എന്നെ. അന്നെനിക്ക് മനസ്സിലായി ഇത് തീരുന്നതുവരെ ഹാര്‍നെസ്സില്‍ തൂങ്ങി ആകാശത്തായിരിക്കും എന്ന്, സിനിമയില്‍ എല്ലാവര്‍ക്കും ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത് ഒടിവും ചതവും നീരും ഉണ്ടായിരുന്നു. ഒരു സീന്‍ കഴിഞ്ഞ് എന്റെ കൈ നോക്കിയപ്പോള്‍ ‘എസ്’ പോലെയുണ്ടായിരുന്നു. ആദ്യം വിചാരിച്ചത് എന്റെ കണ്ണിന്റെ പ്രശ്‌നമാണെന്നാണ്. പിന്നെയാണ് നീരാണെന്ന് മനസ്സിലായത്,’ അര്‍ജുന്‍ പറയുന്നു.
പ്രേമം, ആനന്ദം, ഭീഷ്മ പര്‍വ്വം തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഛായാഗ്രഹണം നിര്‍വഹിച്ച ആനന്ദ്.സി.ചന്ദ്രനാണ് ചത്താ പച്ചക്കായും ക്യാമറ ചലിപ്പിക്കുന്നത്. അര്‍ജുന്‍ അശോകന് പുറമെ റോഷന്‍ മാത്യൂ, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Arjun Ashokan talks about challenges he faced while acting in chatha pacha movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.