മലയാളികളെ കുടുകുടാ ചിരിപ്പിച്ച നടൻ ഹരിശ്രീ അശോകന്റെ മകൻ എന്ന പേരിൽ സിനിമയിലേക്കെത്തിയെങ്കിലും, ഇന്ന് സ്വന്തം അഭിനയമികവിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് അർജുൻ അശോകൻ.
ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അർജുന്റെ സിനിമാ അരങ്ങേറ്റം. തുടർന്ന് ടു ലെറ്റ് അമ്പാടി ടാക്കീസ്, പറവ, ബി.ടെക്ക്, ബ്രഹ്മയുഗം, തലവര തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച്ച വെക്കുകയും ചെയ്തു.
ഒരുഘട്ടത്തിൽ അഭിനയമാണ് തന്റെ വഴിയല്ലെന്നുപോലും തോന്നിയിരുന്നുവെന്ന് അർജുൻ തുറന്നുപറയുന്നു. എന്നാൽ പറവ എന്ന ചിത്രം തന്റെ കരിയറിലെ നിർണായക വഴിത്തിരിവായിരുന്നുവെന്നും നടൻ സൗബിൻ ഷാഹിതരാണ് സിനിമയിലേക്കു കൈ പിടിച്ച കൊണ്ടുവന്നതെന്നും പറയുകയാണ് അർജുൻ. രേഖ മേനോനുമായുള്ള അഭിമുഖത്തിലാണ് അർജുൻ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചത്.
‘ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്, ടു ലെറ്റ് അമ്പാടി ടാക്കീസ് ഇനീ സിനിമകൾ കഴിഞ്ഞപ്പോൾ പണി പാളിയെന്ന് തോന്നി. ഇതല്ല എന്റെ പാതയെന്ന് കരുതി. എന്നാൽ അത് തന്നെയായിരുന്നെന്റെ പാത. പറവ സിനിമയുടെ പോസ്റ്റർ കണ്ടപ്പോൾ അച്ഛനോട് സൗബിൻക്കയെ വിളിച്ച് അന്വേഷിക്കാൻ പറഞ്ഞു.
അച്ഛൻ സൗബിൻക്കയെ വിളിച്ചു. അവിടെ ചെന്നപ്പോൾ ദുൽഖറിന്റെ കൂട്ടുകാരനായി ഒരു റോളുണ്ടെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ ഞെട്ടി. പറവയിൽ സൗബിൻക്ക പിടിച്ചുകയറ്റിയത് കൊണ്ടാണ് ഞാൻ ഇവിടെവരെ എത്തിയത്,’ അർജുൻ പറഞ്ഞു.
സൗബിൻ ഷാഹിറിന്റെയും ആസിഫ് അലിയുടെയും സ്നേഹവും പിന്തുണയും തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയതായും താരം പറയുന്നു.
‘സൗബിൻക്കയുടെയും ആസിഫ്ക്കയുടെയും കൂടെ പരിപാടികൾക്കൊക്കെ പോകുമ്പോൾ, ഞാൻ ഒന്നുമല്ലാതിരുന്നിട്ടും എന്നെ സ്റ്റേജിലേക്ക് കയറ്റി ഇരുത്തിയ ആളാണ് സൗബിൻക്ക,’അർജുൻ അശോകൻ പറഞ്ഞു.
ബി.ടെക് എന്ന സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും അപ്രതീക്ഷിതമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
അർജുൻ അശോകൻ, ആസിഫ് അലി, Photo: IMDb
‘ഞാൻ അറിയാതെ ഒരു ഓഡിഷൻ നടന്നിരുന്നു. പിന്നീടാണ് അത് ഒരു ഓഡിഷനാണെന്ന് പോലും അറിയുന്നത്. ആസിഫ് അലിയാണ് ആദ്യം സൗബിൻക്കയെ വിളിച്ച് ‘ഡാ, നിന്റെ ചെക്കനെ ബി.ടെക്കിൽ എടുത്തിട്ടുണ്ട്’ എന്ന് പറഞ്ഞത്. അതാണ് ഏറ്റവും മനോഹരമായി തോന്നിയ ഒരു കാര്യം,’ അർജുൻ പറഞ്ഞു.
തനിക്കൊരു സഹോദരൻ ഇല്ലെന്നും, സൗബിൻ ഷാഹിറിന്റെയും ആസിഫ് അലിയുടെയും അടുത്തുനിന്നാണ് ആ ഒരു ഏട്ടൻ സ്നേഹം ലഭിച്ചതെന്നും അർജുൻ അശോകൻ കൂട്ടിച്ചേർത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.