| Friday, 17th January 2025, 9:06 am

സിനിമയില്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നറിയാതെ നിന്നപ്പോള്‍ പുണ്യാളനെപ്പോലെ വന്നത് ആ നടന്‍: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അര്‍ജുന്‍ അശോകന്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ പറവയിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധേയനായത്. പിന്നീട് മികച്ച നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

സിനിമയില്‍ താന്‍ ഇന്ന് നില്‍ക്കാന്‍ കാരണക്കാരനായ നടനെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍. സിനിമ തന്റെ കരിയറായി മാറ്റണം എന്ന് ആഗ്രഹിച്ച സമയത്ത് വീട്ടിലെ അവസ്ഥ കുറച്ച് മോശമായിരുന്നെന്ന് അര്‍ജുന്‍ അശോകന്‍ പറഞ്ഞു. അച്ഛന് പോലും സിനിമയില്ലാതെ നില്‍ക്കുന്ന സമയമായിരുന്നെന്നും തനിക്ക് ആ സമയം കുറച്ച് സപ്ലിയുണ്ടായിരുന്നെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ മുന്നോട്ട് പോകണമെങ്കില്‍ എന്തെങ്കിലും ബാക്കപ്പ് വേണമെന്ന് അച്ഛന്‍ തന്നെ ഉപദേശിച്ചെന്നും എം.ബി.എ ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു. എന്നാല്‍ അതിനോട് തനിക്ക് താത്പര്യമില്ലായിരുന്നെന്നും പകരം ഒരു കാര്‍ വാഷ് സെന്റര്‍ ആരംഭിച്ചെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സിനിമയില്‍ എങ്ങനെ പിടിച്ചു നില്‍ക്കണമെന്ന് ആ സമയത്ത് അറിയില്ലായിരുന്നെന്നും ആ സമയത്താണ് പറവ എന്ന സിനിമയിലേക്ക് വിളിച്ചതെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. സൗബിന്‍ ഷാഹിര്‍ തന്റെ ജീവിതത്തില്‍ പുണ്യാളനെപ്പോലെ പ്രത്യക്ഷപ്പെട്ടെന്നും ഇന്നും സിനിമയില്‍ നില്‍ക്കുന്നതിന്റെ കാരണം അദ്ദേഹമാണെന്നും അര്‍ജുന്‍ പറഞ്ഞു. എന്ന് സ്വന്തം പുണ്യാളന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അര്‍ജുന്‍ അശോകന്‍.

‘സിനിമ ഒരു കരിയറായിട്ട് മുന്നോട്ട് കൊണ്ടുപോകാമെന്ന് തീരുമാനിച്ച സമയത്ത് ആരെയും പരിചയമില്ലായിരുന്നു. അച്ഛന്റെ പരിചയത്തിലൂടെ കേറാമെന്നുള്ള ചിന്ത ഉണ്ടായിരുന്നില്ല. കാരണം, അച്ഛന് പോലും ആ സമയത്ത് പടങ്ങള്‍ ഉണ്ടായിരുന്നില്ല. ആ കാര്യം പറഞ്ഞപ്പോള്‍ ‘സിനിമ കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റില്ല. എന്തെങ്കിലും സൈഡായിട്ട് നോക്കിക്കോ’ എന്നായിരുന്നു അച്ഛന്റെ മറുപടി.

കാരണം, അച്ഛന് ഒന്നും ഉണ്ടാക്കാന്‍ പറ്റിയില്ലായിരുന്നു. അതാണ് ഞങ്ങളോട് അങ്ങനെ പറഞ്ഞത്. ഞാനാണെങ്കില്‍ ആ സമയത്ത് ബി.കോം എഴുതി സപ്ലിയൊക്കെ ആയി നില്‍ക്കുകയായിരുന്നു. എം.ബി.എ ചെയ്യാന്‍ അച്ഛന്‍ പറഞ്ഞെങ്കിലും ആ പൈസയും കൂടി വെറുതേ പോവണ്ടല്ലോ എന്ന് വിചാരിച്ച് എം.ബി.എ. ചെയ്തില്ല.

ആ പൈസക്ക് കാര്‍ വാഷ് സെന്റര്‍ തുടങ്ങി. ആ സമയത്താണ് പുണ്യാളനെപ്പോലെ സൗബിക്ക വിളിക്കുന്നത്. പറവ എന്നൊരു പടം ചെയ്യുന്നുണ്ട്. അതില്‍ ഒരു റോളുണ്ടെന്ന് സൗബിക്ക പറഞ്ഞു. കരിയര്‍ മാറ്റിമറിച്ച സിനിമയായിരുന്നു അത്,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

Content Highlight: Arjun Ashokan says Soubin Shahir and Parava movie changed his career

We use cookies to give you the best possible experience. Learn more