കസേരയിലിരിക്കുന്ന വാള്‍ട്ടറിന് പകരം അടിക്കാനിറങ്ങിയ അനിയന്‍ കുട്ടന്‍, ചത്താ പച്ചയില്‍ ഞെട്ടിച്ച അര്‍ജുന്‍ അശോകന്‍
Malayalam Cinema
കസേരയിലിരിക്കുന്ന വാള്‍ട്ടറിന് പകരം അടിക്കാനിറങ്ങിയ അനിയന്‍ കുട്ടന്‍, ചത്താ പച്ചയില്‍ ഞെട്ടിച്ച അര്‍ജുന്‍ അശോകന്‍
അമര്‍നാഥ് എം.
Friday, 23rd January 2026, 10:27 am

മട്ടാഞ്ചേരിയിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറഞ്ഞ സിനിമയായിരുന്നു 2017ല്‍ റിലീസായ പറവ. സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞപ്പോള്‍ നായകനായെത്തിയത് ഷെയ്ന്‍ നിഗമായിരുന്നു. ദുല്‍ഖറിന്റെ അതിഥിവേഷം ചിത്രത്തെ ഗംഭീരമാക്കിയപ്പോള്‍ ചെറിയ കഥാപാത്രങ്ങള്‍ പോലും ശ്രദ്ധിക്കപ്പെട്ടു. അത്തരത്തിലൊരു കഥാപാത്രമായിരുന്നു ഹക്കീം.

പറവ Photo: Jio Hotstar

അര്‍ജുന്‍ അശോകനായിരുന്നു ഹക്കീമായി വേഷമിട്ടത്. പറവക്ക് മുമ്പ് രണ്ട് സിനിമകള്‍ ചെയ്‌തെങ്കിലും പറവക്ക് ശേഷമാണ് അര്‍ജുന്റെ ‘തലവര’ തെളിഞ്ഞത്. നായകന്റെ ടീമിലെ ആളുകളെല്ലാം ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ ആരാധകരായിരിക്കുമെന്ന ക്ലീഷേ ഹക്കീം തകര്‍ത്തു. ഇംഗ്ലണ്ട് താരം മൊയീന്‍ അലി സെഞ്ച്വറിയടിക്കുമ്പോള്‍ മുഖത്ത് ചിരിവരുത്തുന്ന ഹക്കീം പുതിയൊരു കാഴ്ചയായിരുന്നു.

പറവക്ക് ശേഷം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ അര്‍ജുന് സാധിച്ചു. കോമഡിയായാലും വില്ലനിസമായാലും ഇമോഷണല്‍ കഥാപാത്രമായാലും തന്നില്‍ ഭദ്രമാണെന്ന് അര്‍ജുന്‍ അശോകന്‍ തെളിയിച്ചുകൊണ്ടേയിരുന്നു. സേഫ് സോണിന് പുറത്ത് കിട്ടിയ ഭ്രമയുഗത്തിലെ കഥാപാത്രവും താരം ഗംഭീരമാക്കി.

എന്നാല്‍ ഏതൊരു നടനെയും സ്റ്റാര്‍ മെറ്റീരിയലായി മാറ്റുന്നത് അയാളുടെ ആക്ഷന്‍ സീനുകളാണ്. അത്തരത്തില്‍ അര്‍ജുന്‍ അശോകന് സ്റ്റാറാകാന്‍ ലഭിച്ച അവസരമാണ് ചത്താ പച്ച. ചിത്രത്തിലെ സാവിയോ എന്ന കഥാപാത്രം അര്‍ജുന്‍ അശോകന്‍ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. പറവക്ക് ശേഷം അര്‍ജുന് ലഭിച്ച മട്ടാഞ്ചേരിക്കാരനായ കഥാപാത്രം അക്ഷരാര്‍ത്ഥത്തില്‍ ഗംഭീരമാക്കി.

ശരീരഘടന കൊണ്ടും മാനറിസം കൊണ്ടും ഒരു ഗുസ്തിക്കാരനായി മാറിയ അര്‍ജുനെയാണ് ചത്താ പച്ചയില്‍ കാണാന്‍ സാധിച്ചത്. റെസ്‌ലിങ് റിങ്ങില്‍ ലോക്കോ ലോബോയായിട്ടുള്ള അര്‍ജുന്റെ ഗ്രാന്‍ഡ് എന്‍ട്രിയും തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. ഒരേസമയം ഇമോഷണലായ, അതുപോലെ മാസ്സ് രംഗങ്ങളുള്ള കഥാപാത്രം അര്‍ജുനില്‍ ഭദ്രമായിരുന്നു. അടുത്ത ലീഗിലേക്കുള്ള അര്‍ജുന്റെ എന്‍ട്രിയായി ചത്താ പച്ച മാറിയിരിക്കുകയാണ്.

അര്‍ജുന്‍ അശോകന്‍ Photo: Screen Grab/ T Series

ക്ലൈമാക്‌സില്‍ റോഷനും വിശാഖിനൊപ്പമുള്ള ഫൈറ്റ് സീനിലെല്ലാം അര്‍ജുനാണ് കൈയടി നേടിയത്. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വാള്‍ട്ടര്‍ എന്ന കഥാപാത്രം കസേരയില്‍ മാത്രം ഒതുങ്ങിയപ്പോള്‍ റിങ്ങിലേക്ക് കയറി അടിക്കാനുള്ള അനിയന്‍കുട്ടന്‍ കഥാപാത്രമായത് അര്‍ജുന്‍ അശോകനായിരുന്നു. വില്ലനെ മലര്‍ത്തിയടിക്കുന്ന രംഗത്തിന് തിയേറ്റര്‍ മുഴുവന്‍ കൈയടിയായിരുന്നു.

കരിയറില്‍ നടനെന്ന  നിലയില്‍ അടയാളപ്പെടുത്തിയത് മട്ടാഞ്ചേരിക്കാരന്‍ ഹക്കീമാണെങ്കില്‍ സ്റ്റാറെന്ന രീതിയിലേക്ക് എന്‍ട്രി കൊടുത്തത് മറ്റൊരു മട്ടാഞ്ചേരിക്കാരനായ സാവിയോയാണ്. കരിയറിലെ ഈ ആകസ്മികത അര്‍ജുന്‍ അശോകന് ഗുണം ചെയ്യുമെന്ന് തന്നെയാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

Content Highlight: Arjun Ashokan’s film journey from Parava to Chatha Pacha

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം