നീറ്റിനെതിരെ; പൊലീസ് അതിക്രമത്തിനെതിരെ; ചെന്നൈയില്‍ പ്രതിഷേധവുമായി അറിവ്‌
India
നീറ്റിനെതിരെ; പൊലീസ് അതിക്രമത്തിനെതിരെ; ചെന്നൈയില്‍ പ്രതിഷേധവുമായി അറിവ്‌
റെന്വര്‍ പി
Tuesday, 21st July 2026, 10:54 pm

ചെന്നൈ: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധവുമായി റാപ്പര്‍ തിരുക്കുറല്‍ അറിവ്. ചെന്നൈയില്‍ സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു അറിവ് പ്രതിഷേധിച്ചത്.

നീറ്റ് പരീക്ഷ ഇല്ലാതാക്കണമെന്ന ആവശ്യം കൂടി ഉന്നയിച്ചായിരുന്നു അറിവിന്റെ പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് അറിവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പീന്നിട് വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അറിവിനെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു.

അറിവിനെ കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയെ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു. നീറ്റ് പരീക്ഷക്കെതിരെ പ്രതിഷേധിച്ച റാപ് ഗായകന്‍ അറിവിനെ അറസ്റ്റ് ചെയ്തതിന് വിജയ് നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാറിനെ താന്‍ ശക്തമായി അപലപിക്കുകയാണെന്ന് ഉദയനിധി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അറിവിന്റെ ശബ്ദം തമിഴ്‌നാട്ടിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ദശലക്ഷക്കണക്കിന് ജനത്തിന്റെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണെന്നും ഉദയനിധി പറഞ്ഞു.

രാജ്യത്ത് നീറ്റ് പരീക്ഷക്കെതിരെ സി.ജെ.പി നേതൃത്വം നല്‍കുന്ന റാലികളും പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടെ അറിവിനെ അറസ്റ്റ് ചെയ്യാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് നീറ്റിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്നവരോട് ഐക്യപ്പെടുന്ന തമിഴ്‌നാട്ടിലെ യുവാക്കള്‍ക്ക് പ്രയാസകരമായ സന്ദേശമാണ് നല്‍കുകയെന്നും ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

നീറ്റ് പൊരുത്തക്കേടുകള്‍ കാരണം കുഴഞ്ഞുമറിഞ്ഞ ഒരു പ്രശ്‌നം മാത്രമല്ല. അത് ഒരു അഴിമതി കൂടിയാണ്. നീറ്റിനെതിരായി ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കെപ്പെടേണ്ടവയാണ്. അല്ലാതെ നിശബ്ദമാക്കപ്പെടേണ്ടവയല്ലെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.

അറിവും ഒരു സംഘം പ്രതിഷേധക്കാരും സെക്രട്ടറിയേറ്റിന് മുന്നില്‍ ഒത്തുചേരുകയായിരുന്നെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നീറ്റ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെയും അറിവും ഒപ്പമുള്ളവരും മുദ്രാവാക്യം വിളിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിറകെ അറിവിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മന്ത്രി ആദവ് അര്‍ജുനയുടെ ഓഫീസില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് ക്ഷണം ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെക്രട്ടറിയേറ്റില്‍ ഒരു പൊലീസ് വാനില്‍ എത്തിയ ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ അറിവിനെ കൊണ്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Ariv Protest Against NEET, Detained by Police, released

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.