മെസിയെ സബ്സ്റ്റ്യൂട്ട് ചെയ്യരുത്, അദ്ദേഹത്തെ ബെഞ്ചിലിരുത്തരുത്, കളിപ്പിക്കണം; പി.എസ്.ജി കോച്ചിനോട് അര്‍ജന്റൈന്‍ സൂപ്പര്‍ താരം
Football
മെസിയെ സബ്സ്റ്റ്യൂട്ട് ചെയ്യരുത്, അദ്ദേഹത്തെ ബെഞ്ചിലിരുത്തരുത്, കളിപ്പിക്കണം; പി.എസ്.ജി കോച്ചിനോട് അര്‍ജന്റൈന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th September 2022, 9:24 pm

പാരീസ് സെന്റ് ഷെര്‍മാങ് സൂപ്പര്‍ താരം ലയണല്‍ മെസിയെ മുഴുവന്‍ സമയം കളിപ്പിക്കണമെന്ന് പി.എസ്.ജി കോച്ച് ക്രിസ്റ്റഫെ ഗാള്‍ട്ടിയറിനോടാവശ്യപ്പെട്ട് അര്‍ജന്റീന ഇന്റര്‍നാഷണല്‍ താരം അലെക്‌സിസ് മാക് അല്ലിസ്റ്റര്‍. മെസിയെ 90 മിനിട്ടും കളിക്കാന്‍ അനുവദിക്കണമെന്നും സബ്സ്റ്റ്യൂട്ട് ചെയ്യരുതെന്നുമാണ് അല്ലിസ്റ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമായിരുന്നു മെസി കറ്റാലന്‍മാരുടെ പടക്കളം വിട്ട് പാരീസിലേക്ക് തട്ടകം മാറ്റിയത്. ലീഗ് വണ്ണില്‍ കഴിഞ്ഞ സീസണ്‍ മെസിയെ സംബന്ധിച്ച് മോശം കാലമായിരുന്നെങ്കിലും പുതിയ സീസണില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

പോച്ചെറ്റിനോക്ക് പകരം ക്രിസ്റ്റഫെ ഗാള്‍ട്ടിയര്‍ പി.എസ്.ജിയുടെ സ്ട്രാറ്റജിസ്റ്റായി എത്തിയതോടെയാണ് ടീമില്‍ മെസിയുടെ പ്രകടനം മെച്ചപ്പെട്ടത്. സീസണില്‍ എട്ട് മത്സരം കളിച്ച താരം ഇതിനോടകം നാല് ഗോളും ആറ് അസിസ്റ്റുമാണ് സ്വന്തം പേരിലാക്കിയത്.

സൂപ്പര്‍ താരങ്ങളുടെ അതിപ്രസരമാണ് പി.എസ്.ജിയുടെ ശക്തിയും പ്രതിസന്ധിയും. മെസി, നെയ്മര്‍, എംബാപ്പെ എന്നിവരെ ഒരേ സമയം കളത്തിലിറക്കാന്‍ സാധിക്കില്ലെന്ന് ഗാള്‍ട്ടിയര്‍ നേരത്തെ പറഞ്ഞിരുന്നു. എല്ലാവരേയും 90 മിനിട്ടും കളത്തിലിറക്കാന്‍ സാധിക്കില്ലെന്നും റൊട്ടേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഗാള്‍ട്ടിയര്‍ വ്യക്തമാക്കിയിരുന്നു.

പി.എസ്.ജിയുടെ അവസാന നാല് മത്സരത്തില്‍ ഒന്നില്‍ മാത്രമാണ് മെസിക്ക് 90 മിനിട്ടും കളിക്കാന്‍ സാധിച്ചത്. ഇതിന് പിന്നാലെയാണ് അല്ലിസ്റ്റര്‍ ഗാള്‍ട്ടിയറോട് പുതിയ ആവശ്യവുമായി എത്തിയത്.

ഇ.എസ്.പി.എന്നിനോടായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘അദ്ദേഹം (ക്രിസ്റ്റഫെ ഗാള്‍ട്ടിയര്‍) അവനെ (മെസിയെ) സബ്സ്റ്റ്യൂട്ട് ചെയ്യുന്നത് നിര്‍ത്തി മുഴുവന്‍ സമയവും കളത്തിലിറങ്ങാന്‍ അനുവദിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അദ്ദേഹത്തിന്റെ കളി കാണാനാണ് ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ വലിക്കുമ്പോള്‍ മെസിയുടെ ചൂട് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും,’ അല്ലിസ്റ്റര്‍ പറഞ്ഞു.

2019ലാണ് അലിസ്റ്റര്‍ അര്‍ജന്റൈന്‍ ദേശീയ ടീമിന് വേണ്ടി അരങ്ങേറിയത്. അന്നുതൊട്ടിന്നുവരെ അഞ്ച് മത്സരത്തിലാണ് താരം വൈറ്റ് ആന്‍ഡ് ബ്ലൂസിന് വേണ്ടി ബൂട്ടുകെട്ടിയത്, അതില്‍ മൂന്ന് തവണ മെസിക്കൊപ്പം കളിക്കാനും താരത്തിനായി.

വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ അല്ലിസ്റ്റര്‍ കൂടുതല്‍ മത്സരങ്ങള്‍ മെസിക്കൊപ്പം കളിക്കുമെന്നാണ് കരുതുന്നത്. നവംബര്‍ അവസാനം ആരംഭിക്കുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പ് മെസിയുടെ അവസാന ലോകകപ്പായാണ് വിലയിരുത്തപ്പെടുന്നത്.

 

Content highlight: Argentine star Alexis Mac Allister requests Galtier to not substitute  Lionel Messi