'സീസണിലെ ഏറ്റവും വലിയ ഭാഗ്യവാന്‍'; അല്‍വാരസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഒത്തുകൂടി ഫുട്‌ബോള്‍ ലോകം
football news
'സീസണിലെ ഏറ്റവും വലിയ ഭാഗ്യവാന്‍'; അല്‍വാരസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഒത്തുകൂടി ഫുട്‌ബോള്‍ ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd June 2023, 4:20 pm

ഫുട്‌ബോള്‍ ലോകത്ത് കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, അത് അര്‍ജന്റീനയുടെ മാഞ്ചസ്റ്റര്‍ സിറ്റി താരം ജൂലിയന്‍ അല്‍വാരസാണ്. 2022- 23 സീസണോടെ ക്ലബ്ബ്- ഇന്റര്‍നാഷണല്‍ കരിയറില്‍
ഒരു ഫുട്‌ബോളര്‍ക്ക് നേടാന്‍ കഴിയുന്ന ട്രോഫികളെല്ലാം 23കാരനായ അല്‍വാരസ് സ്വന്തമാക്കിയിട്ടുണ്ട്.

അതില്‍ ഏറ്റവും പ്രധാനം അര്‍ജന്റീനക്ക് വേണ്ടി ലോകകപ്പ് നേടിയതാണ്. തന്റെ ആദ്യ ലോകകപ്പില്‍ തന്നെ ഏഴ് ഗോളുകളാണ് താരം നേടിയത്. ഇതുകൂടാതെ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമുള്ള കഴിഞ്ഞ സീസണും അല്‍വാരസിന് ചാകരയായിരുന്നു.
കഴിഞ്ഞ സീസണില്‍ സിറ്റി പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നീ
ട്രിപ്പില്‍ കിരീടം നേടുമ്പോഴും അല്‍വാരസ് ടീമിന്റെ ഭാഗമായിരുന്നു.

View this post on Instagram

A post shared by Julián Alvarez🕷 (@juliaanalvarez)

ഈ നാല് ടൂര്‍ണമെന്റിലും ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിച്ച മെഡല്‍ അണിഞ്ഞ ഒരു ചിത്രവും നാല് ടൂര്‍ണമെന്റിലേയും ട്രോഫി പിടിച്ച് വിജയം ആഘോഷിക്കുന്ന ചിത്രങ്ങളും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ അല്‍വാരസ്.

‘വ്യക്തിപരമായതും കൂട്ടായ്മകളിലൂടെയുമുള്ള പരിശ്രമഫലമായി നേടിയെടുക്കാന്‍ സാധിച്ച ലക്ഷ്യങ്ങളിലും സ്വപ്‌നങ്ങളിലും അതിയായ സന്തോഷമുണ്ട്. പുതിയ അനുഭവങ്ങളോടെ ഒരുപാട് പാഠങ്ങളും വളര്‍ച്ചയും ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ
ശ്രദ്ധേയമായ വര്‍ഷമായിരുന്നു കഴിഞ്ഞത്.

പിന്തുണക്കും സ്‌നേഹത്തിനും എല്ലാവര്‍ക്കും ഒരുപാട് നന്ദി. ഇനി അല്‍പ്പം വിശ്രമിക്കും, വേഗം മടങ്ങിവരും,’ അല്‍വാരസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഫുട്‌ബോള്‍ രംഗത്തെ നിരവധി പേരാണ് ഈ ഫോട്ടോക്ക് കമന്റുമായി എത്തിയത്.

അര്‍ജന്റൈന്‍ സഹതാരങ്ങളായ മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍, ഗെറോ റുല്ലി,
തിയാഗോ എസെക്വല്‍ അല്‍മാഡ എന്നിവരും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും അഡിഡാസ് ഫുട്‌ബോളിന്റെ ഒഫീഷ്യല്‍ അക്കൗണ്ടുകളും പോസ്റ്റിന് താഴെ അല്‍വാരസിനെ പുകഴ്ത്തി കമന്റ് ചെയ്തിട്ടുണ്ട്. ജൂലിയന്‍ അല്‍വാരസാണ് കഴിഞ്ഞ സീസണിലെ ഫുട്‌ബോളിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Argentina’s Manchester City star Julián Álvarez viral Instagram post