'സെലിബ്രിറ്റികള്‍ ഈ വീഡിയോ കാണണം, മെസിയെ കണ്ടുപടിക്കണം'; ഫുട്‌ബോള്‍ ഇതിഹാസത്തെ വാനോളം പുകഴ്ത്തി ആരാധകര്‍
Football
'സെലിബ്രിറ്റികള്‍ ഈ വീഡിയോ കാണണം, മെസിയെ കണ്ടുപടിക്കണം'; ഫുട്‌ബോള്‍ ഇതിഹാസത്തെ വാനോളം പുകഴ്ത്തി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st March 2023, 7:55 pm

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി നയിച്ച അര്‍ജന്റൈന്‍ ദേശീയ ടീം ലോകചാമ്പ്യന്‍ഷിപ്പ് നേടിയിട്ട് മൂന്ന് മാസം കടന്നിരിക്കുകയാണ്. എന്നാല്‍ മൂന്ന് മാസമല്ല മുപ്പത് വര്‍ഷം കഴിഞ്ഞാലും തങ്ങളുടെ ഫുട്‌ബോള്‍ ദൈവത്തെ പ്രശംസിക്കുന്നതിന് ഒരു കുറവും വരുത്തില്ലെന്ന മട്ടിലാണ് അര്‍ജന്റൈന്‍ ആരാധകര്‍. കഴിഞ്ഞ ദിവസം മെസി അര്‍ജന്റീനയിലെ ഡോണ്‍ ജൂലിയോയിലുള്ള ഒരു റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മെസി ഡിന്നര്‍ കഴിച്ച് റസ്റ്ററന്റ് വിടുമ്പോള്‍ ആരാധകര്‍ വാഴ്ത്തുപാട്ടുകള്‍ പാടി താരത്തിന് ചുറ്റും തടിച്ചുകൂടുന്നതും മെസി അതെല്ലാം ആസ്വദിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നടന്നുനീങ്ങുന്നതുമാണ് ദൃശ്യങ്ങളില്‍. ഒന്ന് ശ്വാസമെടുക്കാന്‍ പോലും സ്‌പേസ് ഇല്ലാത്തിടത്ത് യാതൊരു താര ജാഡയുമില്ലാതെ സകല മനുഷ്യരെയും നിറഞ്ഞ ചിരിയോടെ വരവേല്‍ക്കുന്ന മെസിയുടെ പെരുമാറ്റമാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ക്ക് താഴെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരമെന്നതിലുപരി മെസിയുടെ സ്വഭാവ സവിശേഷതകളാണ് മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും ചെറിയ രീതിയില്‍ പ്രസിദ്ധി നേടിയാല്‍ പോലും അഹങ്കാരത്തോടെ പെരുമാറുന്ന സെലിബ്രിറ്റികള്‍ ഇതുകാണണമെന്നുമാണ് ആരാധകരില്‍ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം, ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് ലോകകിരീടം ചൂടിയ ശേഷം വീണ്ടും മെസി രാജ്യാന്തര ജേഴ്‌സിയണിയുകയാണ്. പനാമക്കും കുറക്കാവോക്കുമെതിരെയുള്ള മത്സരങ്ങളിലാണ് മെസി വീണ്ടും രാജ്യാന്തര മത്സരങ്ങളില്‍ അര്‍ജന്റീനക്കായി മത്സരിക്കുന്നത്.

മാര്‍ച്ച് 24നാണ് പനാമക്കെതിരെയുള്ള അര്‍ജന്റീനയുടെ ആദ്യ സൗഹൃദമത്സരം. മാര്‍ച്ച് 24ന് ഇന്ത്യന്‍ സമയം രാവിലെ 5:30നാണ് മത്സരം നടക്കുക. തുടര്‍ന്ന് മാര്‍ച്ച് 28ന് കുറക്കാവോക്കെതിരെ മെസിയും സംഘവും കളിക്കും.

Content Highlights: Argentina fans praise Lionel Messi