We Are Not Horses. We Are Humans. Humans Are……
ആ വാക്കുകള്‍ പൂര്‍ത്തിയാക്കാതെ ഗി-ഹുന്‍ സ്വയം ജീവനൊടുക്കുകയാണ്. മരണക്കളിയിലെ അവസാന ഗെയിമില്‍ ഉയരത്തില്‍ നിന്ന് അയാള്‍ താഴേക്ക് കുതിക്കുകയാണ്.
എന്നാല്‍ ഈ എന്‍ഡിങ് കണ്ടതോടെ പലര്‍ക്കും നിരാശയായിരുന്നു. ഒന്നാമത്തെ സീസണില്‍ തന്നെ സീരീസ് അവസാനിപ്പിക്കാമായിരുന്നുവെന്നും അവസാന സീസണ്‍ ഒരു ദുരന്തമാണെന്നും പലരും പറഞ്ഞു.
നായകന്‍ അവിടെ സ്വയം ജീവനൊടുക്കിയതാണോ നിങ്ങളുടെ നിരാശയുടെ കാരണം? അതോ ഈ മരണക്കളി തുടങ്ങി വെച്ച വി.ഐ.പികളെയും ഫ്രന്റ്മാനെയുമൊക്കെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പറ്റാതെ പോയതാണോ ഈ നിരാശയുടെ കാരണം? ഇതായിരുന്നോ നിങ്ങള്‍ ഈ മരണത്തിന്റെ കണവ കളിയില്‍ നിന്ന് പ്രതീക്ഷിച്ചത്?
സ്‌ക്വിഡ് ഗെയിമിന്റെ അവസാന സീസണ്‍ കണ്ട് നിരാശയില്‍ ആയവരോടാണ് ചോദ്യം. ഇനി അങ്ങോട്ട് പറയുന്നത് ഈ സീസണ്‍ ഇതുവരെ കാണാത്തവര്‍ക്ക് തികച്ചും സ്‌പോയിലര്‍ ആയേക്കാവുന്ന കാര്യങ്ങളാകാം.
സ്‌പോയിലര്‍……
ഒന്നാം സീസണില്‍ ആറ് ഗെയിമുകള്‍ മുഴുവന്‍ വിജയിച്ച് പുറത്തേക്ക് വരുന്ന ഗി-ഹുനിനെയാണ് നമ്മള്‍ കണ്ടത്. രണ്ടാമത്തെ സീസണില്‍ അയാള്‍ വീണ്ടും ആ ഗെയിമിലേക്ക് തിരിച്ചു വരികയാണ്. ഈ ഗെയിം തുടങ്ങി വെച്ച ആളിനെ കണ്ടെത്താന്‍.
ഗെയിം അവസാനിപ്പിക്കാനുള്ള ശ്രമത്തിനിടെ അയാളുടെ കൂടെ ഉണ്ടായിരുന്ന പലരുടെയും ജീവന്‍ നഷ്ടപ്പെടുകയാണ്. ഇതിനിടയില്‍ ഗെയിം കളിക്കാനെന്നോണം അവര്‍ക്ക് ഇടയിലേക്ക് എത്തിയ ഫ്രന്റ്മാനും (പ്ലെയര്‍ 001) ഉണ്ടായിരുന്നു.
ഈ മൂന്ന് സീസണുകള്‍ പൂര്‍ണമായും മുന്നോട്ട് കൊണ്ടുപോയത് നായകനായ ഗി-ഹുന്‍ ആണ്. അയാളുടെ ഹീറോയിസവും അയാളുടെ നഷ്ടങ്ങളും അയാളുടെ വേദനയും അയാളുടെ പ്രതികാരവും തന്നെയാണ് പറയുന്നത്.
കയ്യില്‍ നിറയെ പണമുള്ള വി.ഐ.പികള്‍ക്ക് കണ്ട് രസിക്കാനും പരസ്പരം ബെറ്റ് വെക്കാനുമാണ് അവര്‍ സ്‌ക്വിഡ് ഗെയിം ആരംഭിക്കുന്നത്. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ വരുന്നവരൊക്കെ ജീവിത സാഹചര്യം കൊണ്ട് എത്തിയവരാണ്. അവര്‍ക്ക് വേണ്ടത് ജീവിക്കാനുള്ള പണമായിരുന്നു.
സ്വന്തം പേരിലുള്ള കടം വീട്ടാനും പ്രിയപ്പെട്ടവരുടെ ചികിത്സക്കുള്ള പണത്തിനും മറ്റ് നിരവധി ആവശ്യങ്ങള്‍ക്കുമാണ് അവര്‍ അവിടെ എത്തുന്നത്. പലരും തങ്ങള്‍ക്ക് ആവശ്യമുള്ള പണം കിട്ടിയാല്‍ തിരികെ പോകാമെന്ന് കരുതി തന്നെയാണ് ഗെയിം കളിച്ചു തുടങ്ങുന്നത്.
എന്നാല്‍ കൈ നിറയെ പണം കിട്ടുമെന്ന സാഹചര്യം വരുമ്പോള്‍ കൂടുതല്‍ പണത്തിന് വേണ്ടി അവര്‍ ആ ഗെയിമില്‍ തുടരുകയാണ്. പണത്തിനോടുള്ള മനുഷ്യന്റെ ആര്‍ത്തിയാണ് അവിടെ കാണിച്ചത്. വി.ഐ.പികളുടെ പണ കൊഴുപ്പും ഗെയിം കളിക്കാന്‍ എത്തിയവരുടെ പണത്തിനോടുള്ള ആര്‍ത്തിയും ഒരുപോലെ സീരീസില്‍ കാണിച്ചു.
ആദ്യ സീസണില്‍ അലി ഉള്‍പ്പെടെയുള്ളവരെ കൂടെയുള്ളവര്‍ ചതിച്ചതില്‍ നമുക്ക് വേദന തോന്നി. രണ്ടാം സീസണിലും അത്തരം ചതികള്‍ കാണാം. അതുകൊണ്ട് തന്നെയാണ് രണ്ടാമത്തെ സീസണില്‍ ഫ്രന്റ്മാന്‍ നായകനോട് ‘നിങ്ങള്‍ക്ക് ഇപ്പോഴും ആളുകളില്‍ വിശ്വാസമുണ്ടോ?’ എന്ന് ചോദിക്കുന്നത്.
ഈ ചതിയും വഞ്ചനയും പണത്തിനോടുള്ള ആര്‍ത്തിയുമൊക്കെ കണ്ടിട്ട് നിങ്ങള്‍ക്ക് ഇപ്പോഴും ആളുകളില്‍ വിശ്വാസം തോന്നുന്നുണ്ടോ എന്നാണ് ചോദ്യം. ഫ്രന്റ്മാന്‍ അങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ കാരണമുണ്ട്. മുമ്പ് അയാളും ആ ഗെയിമുകളുടെ ഭാഗമായിരുന്നു.
ഒടുവില്‍ തനിക്ക് ജയിച്ച് അവിടുന്ന് ജീവനോടെ പുറത്തുപോകാന്‍ കൂടെയുള്ളവരെയെല്ലാം ഇല്ലാതാക്കണമെന്ന് അയാള്‍ മനസിലാക്കുകയായിരുന്നു. അങ്ങനെ ഗെയിമില്‍ അവശേഷിച്ചവരെയെല്ലാം ഇല്ലാതാക്കിയാണ് ഫ്രന്റ്മാന്‍ അന്ന് ആ ഗെയിം ജയിച്ചത്.
തന്റെ കയ്യിലെ കുഞ്ഞിന്റെ അച്ഛനാണ് അതെന്ന് അറിയുമ്പോള്‍ നായകന്‍ അയാളെ വിശ്വസിക്കുകയാണ്. എങ്കിലും ഗെയിമിന് ഇടയില്‍ എപ്പോഴോ ഒരിക്കല്‍ അയാളും മറ്റുള്ളവരെ പോലെ സ്വാര്‍ത്ഥന്‍ ആകാന്‍ ശ്രമിക്കുന്നുണ്ട്.
തന്നെ കാണാന്‍ വന്ന ഗി-ഹുനിന് ഫ്രന്റ്മാന്‍ ഒരു കത്തി നല്‍കിയിരുന്നു. മറ്റുള്ളവരെ ഇല്ലാതാക്കി ഗെയിം അവസാനിപ്പിക്കാനാണ് നായകനോട് അയാള്‍ ആവശ്യപ്പെട്ടത്. അപ്പോഴും അയാള്‍ ചോദിക്കുന്നത് ഒരു ചോദ്യം മാത്രമാണ് ‘നിങ്ങള്‍ക്ക് ഇപ്പോഴും ആളുകളില്‍ വിശ്വാസമുണ്ടോ?‘.
അവസാന ഗെയിമിന് മുമ്പ് ഭക്ഷണം കഴിച്ചുറങ്ങുന്ന ആളുകളെ കൊല്ലാന്‍ വേണ്ടി ആ കത്തിയുമായി നായകന്‍ പോകുന്നതും നമ്മള്‍ കണ്ടു. എന്നാല്‍ അവിടെ ആദ്യ സീസണിലെ ക്യാങ് സെ-ബ്യോക്കിനെ (പ്ലെയര്‍ 067) കാണാം. ‘അത് ചെയ്യരുത്. നിങ്ങള്‍ ഇങ്ങനെ ചെയ്യുന്ന ആളല്ല’ എന്ന് അവള്‍ പറയുകയാണ്.
അതോടെ നായകന്‍ ആ കത്തിയുമായി തിരികെ പോകും. ഇതൊക്കെ സ്‌ക്രീനിലൂടെ കാണുന്ന ഫ്രന്റ്മാന്റെ കണ്ണുകള്‍ നിറയുന്നുണ്ട്. തനിക്ക് നഷ്ടമായ ‘ആളുകളോടുള്ള വിശ്വാസം‘ ഗി-ഹുനില്‍ ഇപ്പോഴും ബാക്കിയുണ്ടെന്ന് അയാള്‍ മനസിലാക്കുകയാണ്.
അതിന് ശേഷം തന്റെ കയ്യിലെ കുഞ്ഞിന് വേണ്ടിയാണ് ഗി-ഹുന്‍ ഗെയിം കളിക്കുന്നത്. ആ കുഞ്ഞിന്റെ അച്ഛന്‍ പണത്തിന് മുന്നില്‍ സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാന്‍ തയ്യാറാകുന്നു. എന്നാല്‍ നായകന്‍ അതിന് തയ്യാറാവുന്നില്ല.
എന്നാല്‍ തന്റെ ജീവന്‍ നല്‍കി ആ കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ഗി-ഹുനിന്റെ തീരുമാനം മനസിലാക്കുന്നതോടെ അത്രയും നേരം മരണക്കളി ആസ്വദിച്ചു നിന്ന വി.ഐ.പികള്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നതും കാണാം.
ഒരുപക്ഷെ നായകന് അയാളുടെ പ്രതികാരം വീട്ടാന്‍ പറ്റാത്തതും വി.ഐ.പികളില്‍ ഒരാള്‍ പോലും കൊല്ലപ്പെടാതെ ആ ദ്വീപില്‍ നിന്നും രക്ഷപ്പെട്ടതുമാകാം നിങ്ങളുടെ നിരാശയുടെ കാരണം. ‘ഹീറോ’ ക്രൂരയായ ആളുകളെ കൊന്ന് തനിക്ക് ചുറ്റുമുള്ളവരെ രക്ഷിക്കണമായിരുന്നോ?
അത് കഥയില്‍ മാത്രം നടക്കുന്ന കാര്യമല്ലോ? ഒന്നുകൂടെ ചിന്തിച്ചു നോക്കൂ… എല്ലായിടത്തും നന്മ മാത്രമാണോ വിജയിക്കുന്നത്? പണവും അധികാരവും ഉള്ളവര്‍ അതുപയോഗിച്ച് രക്ഷപ്പെടുന്നത് നമ്മള്‍ കാണുന്നതല്ലേ. അത് തന്നെയാണ് ഇവിടെയും കാണിച്ചത്. കൈ നിറയെ പണമുള്ള വി.ഐ.പികള്‍ അവിടുന്ന് രക്ഷപ്പെട്ടു.
അപ്പോഴും നായകന്‍ സ്വന്തം ജീവന്‍ വേണ്ടെന്ന് വെച്ചത് മണ്ടത്തരമായി എങ്ങനെ കരുതാനാകും? അയാള്‍ ചെയ്ത പ്രവര്‍ത്തിയില്‍ നമുക്ക് എങ്ങനെ നിരാശപ്പെടാനാകും?
സീരീസ് കാണുന്നതിന് ഇടയില്‍ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോയെന്ന് അറിയില്ല. ഗി-ഹുന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ സ്വയം ഇല്ലാതാകാന്‍ തീരുമാനിക്കുന്ന സമയത്ത് കാങ് നോ-യൂള്‍ (പിങ്ക് ഗാര്‍ഡ്) ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
അതുവരെ തനിക്ക് മറ്റുള്ളവരില്‍ വിശ്വാസമില്ലെന്ന് പറഞ്ഞിരുന്ന ഫ്രന്റ്മാന്‍ അവസാനം സ്വയം മാറുന്നില്ലേ? നായകന്റെ മകളെ കണ്ടെത്തി അച്ഛന്‍ മരിച്ചുവെന്ന് അറിയിക്കുകയും അവള്‍ക്ക് അച്ഛന്‍ ഗെയിമില്‍ ധരിച്ച ആ പച്ച വസ്ത്രവും എ.ടി.എം കാര്‍ഡും നല്‍കുന്നില്ലേ?
ഒരുപക്ഷെ ആ വി.ഐ.പികളിലും ഇതേ മാറ്റം ഉണ്ടായിട്ടുണ്ടാകില്ലേ? ഇനിയൊരിക്കലും അവര്‍ ഈ മരണക്കളിയുമായി മുന്നോട്ട് പോകില്ലായിരിക്കാമെന്ന് പ്രതീക്ഷിക്കാം.
പണത്തിന് വേണ്ടി പരസ്പരം കൊല്ലുന്ന ആളുകള്‍ക്കിടയിലും നന്മയുള്ള കുറേയാളുകളെ ഈ സീസണിലും കണ്ടിരുന്നില്ലേ. രക്ഷപ്പെടാന്‍ അവസരം ഉണ്ടായിട്ടും കൂടെയുള്ളവരെ കൂടി രക്ഷിക്കാന്‍ ശ്രമിച്ച് അവസാനം മരിക്കേണ്ടി വന്ന ഒരു ട്രാന്‍സ് വുമണ്‍.
കൈ കുഞ്ഞുമായി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം മകനെ കൊന്ന് ആത്മഹത്യ ചെയ്യുന്ന ഒരു അമ്മ. സ്വന്തം കൈകുഞ്ഞിനെ ഈ മരണക്കളിയില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി സ്വയം ഇല്ലാതാകുന്ന ഒരു പെണ്‍കുട്ടി.
സീസണിന്റെ ഇടയില്‍ വൃദ്ധയായ സ്ത്രീ (പ്ലെയര്‍ 149) ഗി-ഹുനിനോട് പറയുന്നത് കേള്‍ക്കാം ‘മോശം ആളുകള്‍, മോശം കാര്യങ്ങള്‍ ചെയ്യുന്നു. പക്ഷേ അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തി സമാധാനത്തോടെ ജീവിക്കുന്നു. മറുവശത്ത്, നല്ല ആളുകള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും സ്വയം പീഡിപ്പിക്കുന്നു’ എന്ന്. അത് തന്നെയാണ് സ്‌ക്വിഡ് ഗെയിമിലൂടെയും പറയുന്നത്.
We Are Not Horses. We Are Humans. Humans Are… ഞങ്ങള്‍ കുതിരകളല്ല. ഞങ്ങള്‍ മനുഷ്യരാണ്. മനുഷ്യര്‍…..
അവിടെ മനുഷ്യന്‍ പിന്നെ എന്താണെന്ന് ഗി-ഹുന്‍ പറയുന്നില്ല. അങ്ങനെ കുറഞ്ഞ വാക്കുകള്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കാവുന്ന ഒന്നല്ല ‘മനുഷ്യന്‍ ആരാണെന്ന്’. അയാള്‍ അയാളുടെ പ്രവര്‍ത്തിയിലൂടെ എന്താണ് മനുഷ്യനെന്ന് കാണിക്കുകയാണ്. അവിടെയാണ് സ്‌ക്വിഡ് ഗെയിം അവസാനിക്കുന്നത്. എന്താണ് മനുഷ്യനെന്ന് നിങ്ങള്‍ തന്നെ ചിന്തിക്കണം…
Content Highlight: Are you disappointed with ending of Squid Game season3