| Monday, 12th May 2025, 11:04 am

സഹായം ലഭിക്കുന്നവരെല്ലാം വ്യാജന്മാരാണോ? സര്‍ക്കാര്‍ പരസ്യത്തിനെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സര്‍ക്കാര്‍ പദ്ധതികളെ പ്രകീര്‍ത്തിച്ചുകൊണ്ട് പുറത്തിറക്കിയ പരസ്യത്തിനെതിരെ വിമര്‍ശനം. അഭിനേതാക്കളായ ആര്യയും നന്ദുവും അഭിനയിച്ച വ്യാജനായ അന്ധനെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്ന പരസ്യത്തിനെതിരെയാണ് വിമര്‍ശനം. അര്‍ഹതയില്ലാത്തവരാണോ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അര്‍ഹമാവുന്നതെന്ന വിമര്‍ശനങ്ങളാണ് പരസ്യത്തിനെതിരെ ഉയരുന്നത്.

പരസ്യത്തിന്റെ കേന്ദ്രഭാഗത്ത് സഹായം ലഭിക്കുന്നത് കാണിക്കാന്‍ എന്തിനാണ് വ്യാജ അന്ധനെ അവതരിപ്പിച്ചതെന്നാണ് ഉയരുന്ന വിമര്‍ശനങ്ങളിലൊന്ന്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നവരെല്ലാം ഇത്തരത്തില്‍ ഉഡായിപ്പുകളാണോയെന്നടക്കമുള്ള ചോദ്യങ്ങളുമുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്കെന്ന പരസ്യത്തില്‍ സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയ റോഡുകളെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയുമാണ് പരാമര്‍ശിക്കുന്നത്.

റോഡിന്റെ സവിശേഷതകള്‍ പറഞ്ഞ് കൊണ്ട് അന്ധനായ വ്യക്തിയെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്ന യുവതിയുമാണ് പരസ്യത്തിലെ കഥാപാത്രങ്ങള്‍. എന്നാല്‍ അവസാനത്തില്‍ അന്ധനാണെന്ന് കരുതിയ വ്യക്തി കണ്ണട അഴിക്കുകയും പിന്നാലെ അയാള്‍ അന്ധനല്ലെന്നും കാണിക്കുന്നുണ്ട്. ഈ രംഗത്തിനെതിരെയാണ് വിമര്‍ശനങ്ങളുയരുന്നത്.

ഉള്ളില്‍ നന്മയുള്ളവര്‍ ഒപ്പമുള്ളവരെ എപ്പോഴും സംരക്ഷിച്ചുകൊണ്ടേയിരിക്കുമെന്നും അവര്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ നാട് നന്നാവണം, നമ്മുടെ സര്‍ക്കാര്‍ ചിന്തിക്കുന്നത് പോലെയെന്നും പരസ്യത്തിന്റെ അവസാന ഭാഗത്ത് വ്യാജ അന്ധനായി അഭിനയിച്ച വ്യക്തി പറയുന്നുമുണ്ട്.

Content Highlight: Are all those receiving aid fake?; Criticism against government advertisement

We use cookies to give you the best possible experience. Learn more