| Saturday, 11th January 2025, 8:29 am

കോസ്റ്റ്യൂമിനെ കുറിച്ചോര്‍ത്ത് ടെന്‍ഷനാവേണ്ട, ഞങ്ങള്‍ വൃത്തിക്ക് മാത്രമേ എടുക്കുകയുള്ളൂവെന്ന് എം.ടി സാര്‍ പറഞ്ഞു: അര്‍ച്ചന കവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി. വാസുദേവന്‍ നായര്‍ എഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നീലത്താമര. എം.ടി. തന്നെ തിരക്കഥയെഴുതി യൂസഫ് അലി കേച്ചേരി സംവിധാനം ചെയ്ത അതേ പേരില്‍ 1979ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്കാണ് ഇത്.

കൈലാഷ് നായകനായ നീലത്താമരയില്‍ നായികയായത് അര്‍ച്ചന കവിയായിരുന്നു. നടിയുടെ ആദ്യ സിനിമയായിരുന്നു നീലത്താമര. ഇപ്പോള്‍ എം.ടിയുമായുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് അര്‍ച്ചന കവി. ലൈഫ് നെറ്റ് ടി.വി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എം.ടി. സാറിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാല്‍, സാര്‍ നമ്മളെ ശ്രദ്ധിക്കുന്നുണ്ടാവില്ല എന്നാണ് നമ്മള്‍ ചിന്തിക്കുക. സാര്‍ ഇടക്ക് സെറ്റില്‍ വരുമായിരുന്നു. ലാല്‍ (ലാല്‍ ജോസ്) സാറിനോട് സംസാരിക്കും, പിന്നെ സെറ്റിലെ ചില ആളുകളോടും സംസാരിക്കും. ശേഷം അവിടെ എവിടെയെങ്കിലും ഇരിക്കും.

ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് കൂടെ പോകാറുണ്ട്. പക്ഷെ സാര്‍ നമ്മളെ ശ്രദ്ധിക്കുന്നുണ്ടെന്നോ നമ്മള്‍ പറയുന്നത് കേള്‍ക്കുമെന്നോ ചിന്തിക്കാറില്ല. മാത്രമല്ല, എം.ടി. സാര്‍ ലൊക്കേഷനിലേക്ക് വരുമ്പോള്‍ എന്നെ എല്ലാവരും മാറ്റുമായിരുന്നു. കാരണം ഞാന്‍ അപ്പോള്‍ മണ്ടത്തരങ്ങള്‍ മാത്രം പറയുന്ന ആളായിരുന്നു.

എന്റെ സംസാരത്തില്‍ ഫില്‍ട്ടര്‍ ഉണ്ടായിരുന്നില്ല. ഒപ്പം മലയാളവും അറിയില്ലായിരുന്നു. സാറിനെ ശല്യപ്പെടുത്താതിരിക്കാന്‍ വേണ്ടിയായിരുന്നു എന്നെ അവിടുന്ന് മാറ്റിയിരുന്നത്. അങ്ങനെ ഒരു ദിവസം ഞാന്‍ എവിടെയോ മാറിയിരിക്കുകയായിരുന്നു. അപ്പോള്‍ സാര്‍ എന്നോട് ഇങ്ങോട്ട് വരൂവെന്ന് പറഞ്ഞ് കൈ കാട്ടി വിളിച്ചു.

ഞാന്‍ ആണെങ്കില്‍ അപ്പോള്‍ ‘എന്നെയാണോ’ എന്ന ഭാവത്തില്‍ ചുറ്റും നോക്കി. അങ്ങനെ ഞാന്‍ ചെന്ന് സാറിന്റെ അടുത്ത് പോയി ഇരുന്നു. ഞങ്ങള്‍ അന്ന് സംസാരിച്ചതിന്റെ ഫോട്ടോ ഞാന്‍ ഈയിടെ പോസ്റ്റ് ചെയ്തിരുന്നു. അന്ന് സാര്‍ എന്നോട് പറഞ്ഞത് ‘കോസ്റ്റ്യൂമിനെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷനടിക്കേണ്ട’ എന്നായിരുന്നു.

ആദ്യം ഞാന്‍ എന്റെ ഡ്രസിന്റെ കാര്യത്തില്‍ അത്ര കോണ്‍ഷ്യസ് ആയിരുന്നില്ല. പക്ഷെ ആ സമയത്ത് രണ്ടുമൂന്ന് വള്‍ഗര്‍ ആയ എഴുത്തുകള്‍ വന്നു. ഇങ്ങനെയുള്ള സിനിമകള്‍ ആവശ്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു അത്. ആ എഴുത്ത് ഏതോ മഹാനായ വ്യക്തി എന്നെ വായിച്ച് കേള്‍പ്പിച്ചിരുന്നു.

അങ്ങനെയാണ് എന്റെ മുണ്ട് കയറി കയറി നെഞ്ച് വരെ വന്നത്. ‘ഞങ്ങള്‍ അത് വളരെ വൃത്തിക്ക് മാത്രമേ എടുക്കുകയുള്ളൂ. അതോര്‍ത്ത് നീ ടെന്‍ഷന്‍ ആകണ്ട’ എന്നായിരുന്നു എം.ടി. സാര്‍ അന്ന് പറഞ്ഞത്. ഞാന്‍ അദ്ദേഹത്തോട് എനിക്ക് അറിയാവുന്ന മലയാളത്തിലാണ് സംസാരിച്ചത്. അദ്ദേഹം എന്നോട് ഇംഗ്ലീഷിലാണ് സംസാരിച്ചത്,’ അര്‍ച്ചന കവി പറഞ്ഞു.

Content Highlight: Archana Kavi Talks About Neelathamara Movie And MT Vasudevan Nair

We use cookies to give you the best possible experience. Learn more