| Wednesday, 15th January 2025, 9:38 pm

തിയേറ്ററില്‍ ആളെ കയറ്റാന്‍ മോശം രീതിയില്‍ വസ്ത്രം ധരിച്ചാണ് ആ സിനിമ ഷൂട്ട് ചെയ്യുന്നതെന്ന് അന്നൊരു മാസികയില്‍ വന്നു: അര്‍ച്ചന കവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ചയാളാണ് അര്‍ച്ചന കവി. എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് അര്‍ച്ചന സിനിമാലോകത്തേക്കെത്തിയത്. കുഞ്ഞിമാളു എന്ന കഥാപാത്രമായാണ് നീലത്താമരയില്‍ അര്‍ച്ചന എത്തിയത്. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ടുതന്നെ അര്‍ച്ചന ശ്രദ്ധേയയായി.

നീലത്താമര സിനിമയുടെ ഷൂട്ടിങ് സമയത്തെ കുറിച്ച് സംസാരിക്കുകയാണ് അര്‍ച്ചന കവി. നീലത്താമരയുടെ ഷൂട്ടിങ് സമയത്ത് താന്‍ കുഞ്ഞിമാളുവായി നില്‍ക്കുന്ന ഒരു ഫോട്ടോ വെച്ച് ഒരു മാഗസിനില്‍ ലേഖനം വന്നെന്നും തിയേറ്ററില്‍ ആളെ കയറ്റാന്‍ മോശം രീതിയില്‍ വസ്ത്രം ധരിച്ചാണ് സിനിമ ഷൂട്ട് ചെയ്യുന്നതെന്ന് അതില്‍ എഴുതിയതെന്നും അര്‍ച്ചന കവി പറയുന്നു.

അത് വായിച്ചതോടെ തനിക്ക് ആ വേഷം കംഫര്‍ട്ടബിള്‍ അല്ലാതായെന്നും നടി പറഞ്ഞു. അത് മനസിലാക്കിയ എം.ടി. വാസുദേവന്‍ നായര്‍ തന്നെ വിളിച്ച് ലാല്‍ ജോസ് ഒരിക്കലും മോശമായ രീതിയില്‍ അത് കാണിക്കില്ലെന്ന് പറഞ്ഞെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മി മാസികയോട് സംസാരിക്കുകയായിരുന്നു അര്‍ച്ചന കവി.

‘നീലത്താമരയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഞാന്‍ കുഞ്ഞിമാളു ആയി നില്‍ക്കുന്ന ഫോട്ടോ വെച്ച് ഒരു മാഗസിനില്‍ ലേഖനം വന്നു. തിയേറ്ററില്‍ ആളെ കയറ്റാന്‍ മോശം രീതിയില്‍ വസ്ത്രം ധരിച്ചാണ് സിനിമ ഷൂട്ട് ചെയ്യുന്നതെന്നൊക്കെയാണ് അതില്‍ പറഞ്ഞത്. അതോടെ ആ വേഷം എനിക്ക് കംഫര്‍ട്ടബിള്‍ അല്ലാതായി.

അത് മനസിലാക്കിയ എം.ടി സാര്‍ എന്നെ വിളിച്ചിരുത്തി ‘ അര്‍ച്ചന കോസ്റ്റിയൂമിന്റെ കാര്യം ഓര്‍ത്ത് ടെന്‍ഷനടിക്കേണ്ട. ലാല്‍ ജോസ് അത് നല്ല രീതിയില്‍ മാത്രമേ ഷൂട്ട് ചെയ്യുകയുള്ളൂ. ഒരു തരത്തിലും മറ്റൊരു രീതിയില്‍ ചെയ്യില്ല’ എന്ന് പറഞ്ഞു. അതെനിക്ക് വലിയ ആശ്വാസമായിരുന്നു. സാറിനെ വീട്ടില്‍ ചെന്ന് കാണണമെന്നും എന്റെ ഒരു വര്‍ക്ക് കാണിക്കണമെന്നും ഉണ്ടായിരുന്നു. പക്ഷേ, അത് നടന്നില്ല,’ അര്‍ച്ചന കവി പറയുന്നു.

Content Highlight: Archana Kavi talks about Neelathamara movie

We use cookies to give you the best possible experience. Learn more