ന്യൂദല്‍ഹി: അരാവല്ലി മലനിരകളുമായി ബന്ധപ്പെട്ട ആശങ്കകളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. അരാവല്ലിയുമായി ബന്ധപ്പെട്ട പുതിയ നിര്‍വചനങ്ങളില്‍ ആശങ്കകള്‍ നിലനില്‍ക്കെയാണ് സുപ്രീം കോടതിയുടെ നീക്കം.
പുതിയ നിര്‍വചനം അനിയന്ത്രിതമായ ഖനനത്തിനും പാരിസ്ഥിതിക തകര്‍ച്ചയ്ക്കും കാരണമായേക്കും എന്ന ആശങ്കകള്‍ നിലനിന്നിരുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.കെ. മഹേശ്വരി, ജസ്റ്റിസ് എ.ജി. മസീഹ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റെതാണ് നടപടി. നാളെ (തിങ്കള്‍) വിഷയം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സുപ്രീം കോടതിയുടെ തന്നെ പുതിയ നിര്‍വചനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ നവംബറിലായിരുന്നു അരാവല്ലിയുടെ നിര്‍വചനം പുതുക്കിയ വിധി പുറപ്പെടുവിപ്പിച്ചത്.
പരിസ്ഥിതി-വന-കാലാവസ്ഥ വകുപ്പിന്റെ കമ്മിറ്റി ശുപാര്‍ശ ചെയ്ത നിര്‍വചനം അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, എന്‍.വി അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
700 കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മലനിരകളാണ് അരാവല്ലി മലനിരകള്‍. ഇത് തെക്കുപടിഞ്ഞാറന്‍ ഗുജാറാത്ത് മുതല്‍ രാജസ്ഥാന്‍, ദല്‍ഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു.
എന്നാല്‍ സുപ്രീം കോടതി അംഗീകരിച്ച സര്‍ക്കാരിന്റെ പുതിയ നിര്‍വചനം അനുസരിച്ച്, ഭൂനിരപ്പില്‍ നിന്ന് നൂറ് മീറ്ററോ അതില്‍ കൂടുതലോ ഉയരത്തിലുള്ളതോ 500 മീറ്ററിനുളളില്‍ അകലം വരുന്ന രണ്ടോ അതില്‍ കൂടുതലോ കുന്നുകളും അവയ്ക്കിടയില്‍ വരുന്ന ഭൂപ്രദേശവുമാണ് അരവല്ലി കുന്നുകളായി കണക്കാക്കിയിരിക്കുന്നത്.
ഈ നിര്‍വചനത്തില്‍പ്പെടാത്തവയെ ആരവല്ലി കുന്നുകളായി കണക്കാക്കില്ല. ഇത് 90 ശതമാനത്തിന്റെയും സംരക്ഷണ പദവി നഷ്ടപ്പെടുത്തും.
എന്നാല്‍ അരാവല്ലികളെ അതിന്റെ ഉയരം കൊണ്ട് മാത്രം നിര്‍വചിക്കുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. കുറ്റിച്ചെടികള്‍ നിറഞ്ഞതും എന്നാല്‍ പാരിസ്ഥിതികമായി പ്രാധാന്യമുള്ളതുമായ മേഖലകളെ ഖനനത്തിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇരയാക്കപ്പെടുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കയറിയിച്ചിരുന്നു.
ഡെസേര്‍ട്ടിഫിക്കേഷന്‍, ഭൂഗര്‍ഭജലത്തിന്റെ റീചാര്‍ജിങ്, പ്രാദേശിക ഉപജീവനമാര്‍ഗം തുടങ്ങിയവയ്‌ക്കെല്ലാം ഇത്തരത്തിലുളള കുന്നുകള്‍ അത്യാവശ്യമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു.
എന്നാല്‍ ഈ വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് നിലനിൽക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അരാവല്ലി കുന്നുകളില്‍ പുതിയ ഖനനാനുമതി നല്‍കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഭൂപ്രകൃതിയുടെ സമഗ്രത സംരക്ഷിക്കുന്നതിനാണ് പുതിയ ഖനന പാട്ടങ്ങള്‍ക്കുള്ള നിരോധനമെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ഇത് വ്യാജ സംരക്ഷണമാണെന്നും ആളുകളെ കബളിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. അപകടകരമായ 100 മീറ്റര്‍ പുനര്‍നിര്‍വചനം നിലനില്‍ക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
സുപ്രീം കോടതിയിലെ വിദഗ്ധരുടെയും ഉപദേഷ്ടാക്കളുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് ഗുരുതര പിഴവുകളുള്ള ആരവല്ലിയുടെ പുതിയ നിര്‍വചനം എന്തിനാണ് മുന്നോട്ട് കൊണ്ടുപോവുന്നതെന്നും കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.
എന്നാല്‍ പുനര്‍ നിര്‍വചനം പരിസ്ഥിതി സംരക്ഷണത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന വാദം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു.
Content Highlight : Aravalli: Supreme Court takes suo motu cognizance of case
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.