| Saturday, 10th May 2025, 2:16 pm

ആ മലയാളം പാട്ട് ഒരുക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്തവര്‍ ഇന്ന് ആ ഈണം മൂളുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം: എ.ആര്‍. റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ മാന്ത്രികനാണ് എ.ആര്‍. റഹ്‌മാന്‍. മണിരത്നം സംവിധാനം ചെയ്ത റോജയിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി മാറിയ റഹ്‌മാന്‍ 32 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നേടാത്ത നേട്ടങ്ങളില്ല. തന്റെ മാസ്മരികസംഗീതത്തിലൂടെ ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച മദ്രാസിന്റെ മൊസാര്‍ട്ട് ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡിലും മികച്ച പശ്ചാത്തലസംഗീതത്തിനുള്ള അവാര്‍ഡ് നേടി സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു.

എ.ആര്‍. റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച മലയാളം സിനിമയായിരുന്നു സംഗീത് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ യോദ്ധ. ഇപ്പോള്‍ ചിത്രത്തിലെ ‘പടകാളിപ്പാട്ട്’ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് എ.ആര്‍. റഹ്‌മാന്‍. ആ പാട്ട് ഒരുക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്തവര്‍ ഇന്ന് ആ ഈണം മൂളുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് എ.ആര്‍. റഹ്‌മാന്‍ പറയുന്നു.

സംഗീത് ശിവനില്‍ നിന്നാണ് ‘യോദ്ധ’യുടെ കഥാസന്ദര്‍ഭം കേട്ടതെന്നും ഏറ്റുമുട്ടലിന്റെ വേഗവും താളവുമായിരുന്നു വരികള്‍ക്ക് ആവശ്യമെന്നും കേരളത്തിലെ നാടന്‍പാട്ടുകളിലൂടെയെല്ലാം സഞ്ചരിച്ചാണ് പാട്ട് ചിട്ടപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി പാട്ട് കേട്ടവരില്‍ ഒരാള്‍ അര്‍ജുനന്‍ മാസ്റ്ററായിരുന്നുവെന്നും തന്നോട് പാട്ടിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും എ.ആര്‍. റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യങ്ങളാണ്. ആ പാട്ട് ഒരുക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്തവര്‍ ഇന്ന് ആ ഈണം മൂളുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം. സംഗീത് ശിവനില്‍ നിന്നാണ് ‘യോദ്ധ’യുടെ കഥാസന്ദര്‍ഭം കേള്‍ക്കുന്നത്. ഏറ്റുമുട്ടലിന്റെ വേഗവും താളവുമായിരുന്നു വരികള്‍ക്ക് ആവശ്യം. കേരളത്തിലെ നാടന്‍പാട്ടുകളിലൂടെയെല്ലാം സഞ്ചരിച്ചാണ് പാട്ട് ചിട്ടപ്പെടുത്തിയത്.

ആദ്യമായി പാട്ട് കേട്ടവരില്‍ ഒരാള്‍ അര്‍ജുനന്‍ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം ഇന്നും മനസിലുണ്ട്, ‘എന്താണ് മോനേ നീ ചെയ്തു വച്ചത്, എന്തൊരു വേഗത്തിലാണ് പാട്ട് പോകുന്നത്, വേഗം അല്‍പ്പം കുറച്ചുകൂടെ’ എന്ന്. അങ്ങനെയുള്ള കമന്റുകളാണ് അദ്ദേഹം അന്ന് പങ്കുവെച്ചത്. പടകാളിപ്പാട്ട് ആ വേഗത്തില്‍ത്തന്നെ വേണമെന്നത് സംവിധായകന്റെ താത്പര്യമായിരുന്നു,’ എ.ആര്‍. റഹ്‌മാന്‍ പറയുന്നു.

Content Highlight: AR Rahman Talks About The Song In Yodha Movie

We use cookies to give you the best possible experience. Learn more