| Tuesday, 20th May 2025, 11:23 am

ഞാന്‍ എന്താ ഇറച്ചിവെട്ടുകാരനാണോ? ആ പേര് കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമല്ല: എ.ആര്‍. റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ മാന്ത്രികനാണ് എ.ആര്‍. റഹ്‌മാന്‍. മണിരത്നം സംവിധാനം ചെയ്ത റോജയിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി മാറിയ റഹ്‌മാന്‍ 32 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നേടാത്ത നേട്ടങ്ങളില്ല. തന്റെ മാസ്മരികസംഗീതത്തിലൂടെ ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച മദ്രാസിന്റെ മൊസാര്‍ട്ട് ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്ന ഗാനങ്ങള്‍ ഒരുക്കുന്നതില്‍ പിന്നോട്ട് പോയിട്ടില്ല.

കഴിഞ്ഞദിവസം എ.ആര്‍ റഹ്‌മാന്‍ നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അഭിമുഖത്തിനിടെ അവതാരക എ.ആര്‍. റഹ്‌മാനെ പെരിയ ഭായ് എന്ന് അഭിസംബോധന ചെയ്തിരുന്നു. തമിഴ് സോഷ്യല്‍ മീഡിയ പേജുകളില്‍ അടുത്തിടെ പലരും എ.ആര്‍ റഹ്‌മാനെ പെരിയ ഭായ് എന്ന് അഭിസംബോധന ചെയ്യാറുണ്ട്.

എന്നാല്‍ അവതാരക ‘പെരിയ ഭായ്’ എന്ന് വിളിച്ചപ്പോള്‍ എ.ആര്‍. റഹ്‌മാന് ആദ്യം അത് എന്താണെന്ന് മനസിലായിരുന്നില്ല. പിന്നീട് അവതാരക പറഞ്ഞപ്പോഴാണ് അത് സോഷ്യല്‍ മീഡിയയിലെ തന്റെ വിളിപ്പേരാണെന്ന് അദ്ദേഹത്തിന് മനസിലായത്. ആ പേര് തനിക്ക് ഇഷ്ടമല്ലെന്നും അങ്ങനെ കേള്‍ക്കാന്‍ താത്പര്യമില്ലെന്നും എ.ആര്‍. റഹ്‌മാന്‍ പറഞ്ഞു.

‘പെരിയ ഭായ്’ അല്ലെങ്കില്‍ ‘ചിന്ന ഭായ്’ എന്നൊക്കെ വിളിക്കാന്‍ താന്‍ കശാപ്പ് കട നടത്തുകയാണോ എന്ന് തമാശരൂപത്തില്‍ എ.ആര്‍. റഹ്‌മാന്‍ ചോദിക്കുന്നുണ്ട്. ലെ മസ്‌ക് എന്ന വി.ആര്‍. ആല്‍ബത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളും എ.ആര്‍. റഹ്‌മാന്‍ പങ്കുവെച്ചു. 12 ദിവസത്തെ ഷൂട്ടായിരുന്നു അതിന് പ്ലാന്‍ ചെയ്തതെന്നും പറഞ്ഞ ദിവസത്തില്‍ തീര്‍ക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

വെര്‍ച്വല്‍ റിയാലിറ്റി ഫോര്‍മാറ്റില്‍ 145ലധികം ഷോട്ടുകളാണ് ആ ആല്‍ബത്തിലുണ്ടായിരുന്നതെന്നും സാധാരണ ആല്‍ബങ്ങളുടെ ഫോര്‍മാറ്റിലുള്ള സ്‌ക്രിപ്റ്റ് ആയിരുന്നില്ല അതിനെന്നും എ.ആര്‍. റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. തന്നെക്കൊണ്ട് സാധിക്കില്ലെന്ന് പലരും ആദ്യം അഭിപ്രായപ്പെട്ടെന്നും എന്നാല്‍ താന്‍ അത് പൂര്‍ത്തിയാക്കിയെന്നും എ.ആര്‍. റഹ്‌മാന്‍ പറയുന്നു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അതെന്താണ് ഈ പെരിയ ഭായ്? എനിക്ക് ഇങ്ങനെയൊരു വിളിപ്പേരുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. എനിക്ക് അത് ഇഷ്ടമാകുന്നില്ല. ദയവായി ഇനി ആ പേര് വിളിക്കരുത്. പെരിയ ഭായ്, ചിന്ന ഭായ്… ഞാനെന്താ ഇറച്ചിവെട്ട് കടയാണോ വെച്ചിരിക്കുന്നത് (ചിരിക്കുന്നു).

ഈ വി.ആര്‍. മ്യൂസിക് വീഡിയോ ഉണ്ടാക്കാന്‍ കുറച്ച് പ്രയാസമായിരുന്നു. 12 ദിവസത്തെ ഷൂട്ടായിരുന്നു പ്ലാന്‍ ചെയ്തത്. പറഞ്ഞ സമയത്ത് തന്നെ തീര്‍ക്കാന്‍ സാധിച്ചു. 145 ഷോട്ടുകളാണ് ഉണ്ടായിരുന്നത്. സാധാരണ ഫോര്‍മാറ്റിലുള്ള സ്‌ക്രിപ്റ്റല്ല. അതുകൊണ്ട് തന്നെ അതിന്റേതായ കോംപ്ലിക്കേഷനുകളുണ്ടായിരുന്നു. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലെന്ന് പലരും പറഞ്ഞെങ്കിലും ഞാന്‍ അത് കംപ്ലീറ്റാക്കി,’ എ.ആര്‍. റഹ്‌മാന്‍ പറയുന്നു.

Content Highlight: AR Rahman saying don’t call him Periya Bhai and he didn’t like that name

We use cookies to give you the best possible experience. Learn more